മുആവിയുമായി ഇബ്നു അബ്ബാസ് പല തവണ സന്ധിച്ചിട്ടുണ്ട്. ഒരിക്കൽ ചെന്നപ്പോൾ പ്രമുഖരായ ആളുകൾ ഇരിപ്പുണ്ട്. അധികവും ഖുറൈശികൾ തന്നെ. സഈദ്ബ്ൻആസ്വ്, മുആവിയയുടെ വലതുഭാഗത്താണിരിക്കുന്നത്. ഇബ്നു അബ്ബാസ് കടന്നുവരുന്നത് കണ്ട മുആവിയ പറഞ്ഞു: "ഇന്ന് ഞാൻ ഇബ്നു അബ്ബാസിനോട് ചില ചോദ്യങ്ങൾ ചോദിക്കും. അദ്ദേഹത്തിന് പ്രതികരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല." പക്ഷേ സഈദ് പറഞ്ഞു: "ഇബ്നു അബ്ബാസിനെ പോലെയുള്ള ഒരാളെ താങ്കളുടെ ചോദ്യങ്ങൾക്ക് തളർത്താൻ സാധ്യമല്ല." ഇബ്നു അബ്ബാസ് കടന്നുവന്നു. ഇരിപ്പുറപ്പിച്ചു. മുആവിയയുടെ ചോദ്യം വന്നു: "അബൂബക്കറിനെ കുറിച്ച് താങ്കൾ എന്തു പറയുന്നു?" ഇബ്നു അബ്ബാസ് വാചാലനായി. "അല്ലാഹു അബൂബക്കറിന് കരുണ ചൊരിയട്ടെ. അല്ലാഹുവിനെ തന്നെ സത്യം. ധാരാളമായി ഖുർആൻ ഓതുന്നവരായിരുന്നു അബൂബക്കർ. തെറ്റുകളിൽ നിന്ന് അകന്നുനിന്നു. മോശപ്പെട്ട കാര്യങ്ങളെ പാടെ വെടിഞ്ഞു. സ്വന്തം മതത്തെപ്പറ്റി ആത്മജ്ഞാനം കൊണ്ടു. അല്ലാഹുവിനെ ഭയന്നു. രാത്രി നിന്ന് നിസ്കരിച്ചു. പകൽ മുഴുവനും നോമ്പ് അനുഷ്ഠിച്ചു. ഭൗതികതയിൽ നിന്ന് രക്ഷ പ്രാപിച്ചവനായി. നീതിബോധത്തിൽ ഉറച്ചുനിന്നു. നല്ല കാര്യങ്ങൾ കൽപ്പിച്ചു. നന്മയിൽ സ്വയം പുൽകി. എല്ലാ അവസ്ഥകളിലും നന്ദി പ്രകടിപ്പിച്ചു. പ്രഭാത പ്രദോഷങ്ങളിൽ അല്ലാഹുവിനെ പ്രകീർത്തിച്ചു. സ്വന്തം ജീവിതത്തിൽ നിർബന്ധബുദ്ധ്യാ നന്മ പുലർത്തി. സമശീർഷരെ സൂക്ഷ്മതകൊണ്ടും ഭൗതിക വിരക്തികൊണ്ടും ചാരിത്ര്യശുദ്ധികൊണ്ടും മികച്ചു നിന്നു. അബൂബക്കറിനെ ഇഷ്ടപ്പെടാത്തവന് അന്ത്യദിനം വരെ അല്ലാഹുവിന്റെ ശാപം."
ഇബ്നു അബ്ബാസിന്റെ നിർത്താതെയുള്ള വിശദീകരണം മുആവിയയുടെ മിഴികളെ വിശാലമാക്കി. അദ്ദേഹം അടുത്ത ചോദ്യത്തിലേക്ക് കടന്നു. "ഉമറുബ്നു ഖത്താബിനെപ്പറ്റി താങ്കൾ എന്തു പറയുന്നു?." ഇബ്നു അബ്ബാസ് പറഞ്ഞു: "അബൂഹഫ്സിന് അല്ലാഹു കരുണ ചെയ്യട്ടെ. ഇസ്ലാമിൻ്റെ യശസ്സായിരുന്നു അദ്ദേഹം. അനാഥകളുടെ അഭയ കേന്ദ്രം, വിശ്വാസത്തിൻ്റെ ഉറവിടം. ദുർബലരുടെ അത്താണി. നന്മ തേടുന്നവരുടെ ആശാകേന്ദ്രം. പടപ്പുകൾക്ക് സംരക്ഷണം. ജനങ്ങളുടെ സഹായി. അല്ലാഹുവിനുവേണ്ടി സഹിച്ചും പ്രതിഫലം പ്രതീക്ഷിച്ചും നിലകൊണ്ട മഹാൻ. ഈ മതത്തെ അദ്ദേഹം വഴി അല്ലാഹു പ്രകാശമാനമാക്കി. പല നാടുകളും ജയിച്ചടക്കിയ ജേതാവ്. ഗ്രാമങ്ങളിലും നഗരങ്ങളിലും മരു പ്രദേശങ്ങളിലും മലകളിലും കുന്നുകളിലുമൊക്കെ അല്ലാഹുവിൻ്റെ കീർത്തി ഉയർത്തിയ നായകൻ. ഏത് സമയത്തും സ്ഥലത്തും അല്ലാഹുവിനെ നന്നായി ഓർത്തു. പ്രയാസഘട്ടത്തിൽ നന്ദി കാണിച്ചു. സുഭിക്ഷ സമയത്ത് ഗാംഭീരത കാണിച്ചു. അദ്ദേഹത്തെ വെറുക്കുന്നവർക്ക് അന്ത്യദിനം വരെ അല്ലാഹു ശാപം വിധിച്ചിരിക്കുന്നു."
മുആവിയയുടെ അടുത്ത ചോദ്യം. മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാനപ്പറ്റി എന്തുപറയുന്നു എന്നായിരുന്നു. ഇബ്നു അബ്ബാസ് പറഞ്ഞു: "അല്ലാഹു അബു അംറിന് കരുണ ചൊരിയട്ടെ. സമാദരണീയനായിരുന്നു അദ്ദേഹം. കുടുംബ ബന്ധം ചേർക്കാൻ മിടുക്കൻ. യുദ്ധക്കളങ്ങളിൽ സഹന ശീലൻ. അല്ലാഹുവിനെ ഓർത്ത് ഏറ്റവും കൂടുതൽ കണ്ണീർ കണങ്ങൾ പൊഴിച്ചവൻ. രാപകൽ ഭേദമന്യേ ആത്മീയ ചിന്തകളിൽ മുഴുകി. എല്ലാ നല്ല കാര്യങ്ങൾക്കും ഉണർന്നെണീറ്റ് മുന്നിൽ നിന്നു. പരലോക രക്ഷയ്ക്കുതകുന്ന സർവ്വ വിഷയങ്ങളിലേക്കും ഓടി അടുക്കുന്നവൻ. പരലോക ശിക്ഷയ്ക്ക് നിമിത്തമാകുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഓടി അകലുന്നവൻ. മുസ്ലിം സൈന്യത്തിന്റെ സഹായി. പ്രസിദ്ധ കിണറിന്റെ നിർമാണമേറ്റവൻ. തിരുനബിയുടെ രണ്ടു പുത്രിമാരെ വിവാഹം കഴിക്കാൻ കഴിഞ്ഞ മരുമകൻ. അദ്ദേഹത്തെ വെറുക്കുന്നവന് അന്ത്യദിനം വരെ ഖേദമല്ലാതെ മറ്റൊന്നുമില്ല."
മുആവിയ തുടർന്ന് ചോദിച്ചതിങ്ങനെ : "അലിയ്യുബ്നു അബീത്വാലിബിനെ പറ്റി താങ്കൾ എന്തു പറയുന്നു?" ഇബ്നു അബ്ബാസ് പറഞ്ഞു: "അബുൽഹസന് അല്ലാഹു കരുണ ചൊരിയട്ടെ. അല്ലാഹു തന്നെ സത്യം. സന്മാർഗത്തിന്റെ കൊടിക്കൂറയാണ് അദ്ദേഹം. ഭക്തിയുടെ ആവാസ കേന്ദ്രം, ബുദ്ധിയുടെ ഉറവിടം. ഗാംഭീര്യതയുടെ പോർമുഖം. കട്ട കുത്തി നിൽക്കുന്ന ഇരുട്ടിൽ നീതിയുടെ പ്രകാശം. ഉന്നത മതത്തിലേക്ക് ക്ഷണിക്കുന്ന ഏറ്റവും നല്ല പ്രബോധകൻ. വിജ്ഞാനത്തിന്റെ ഏടുകളിൽ അഗാധ പണ്ഡിതൻ. ഖുർആൻ വ്യാഖ്യാനവും വിശദീകരണവും നൽകാൻ പോന്ന ആർജ്ജവം. നല്ല നടപടിയുടെ എല്ലാ നിമിത്തങ്ങളിലും ഉണർന്നു നിന്നവൻ. തെറ്റുകുറ്റങ്ങളെ പാടെ വെടിഞ്ഞു. അധർമത്തിന്റെ വഴികളിൽ നിന്ന് പറ്റെ അകന്നു." "ത്വൽഹയെയും സുബൈറിനെപറ്റിയും പറയാനുള്ളത്?" മുആവിയയുടെ തുടർന്നുള്ള ചോദ്യം ഇതായിരുന്നു. ഇബ്നു അബ്ബാസ് പറഞ്ഞു: "അല്ലാഹു രണ്ടുപേർക്കും കരുണ ചൊരിയട്ടെ. രണ്ടുപേരും പരിശുദ്ധരായിരുന്നു. പുണ്യവാന്മാരായിരുന്നു. നന്മയ്ക്ക് കീഴൊതുങ്ങുന്ന പ്രകൃതം. രക്തസാക്ഷികൾ, തികഞ്ഞ പണ്ഡിതർ, വല്ലവീഴ്ചയും സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു പൊറുത്തുകൊടുക്കട്ടെ. കാരണം അവർ ദീനിനെ സഹായിച്ചവരും തിരുനബിയുമായി സഹവസിച്ചവരും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തുവരുമാണ്."
"അബ്ബാസിനെ പറ്റിയുള്ള വീക്ഷണം?" ഇബ്നു അബ്ബാസ് പറഞ്ഞു: "അബുൽ ഫള്ലിന് അല്ലാഹു കരുണ ചൊരിയട്ടെ. തിരുനബിയുടെ സഹോദരനാണ് അദ്ദേഹം. അല്ലാഹു തിരഞ്ഞെടുത്ത് നൽകിയ മുത്ത്. ജനങ്ങളുടെ ആവാസ കേന്ദ്രം. നബി പിതൃവ്യന്മാരുടെ നായകൻ. എല്ലാ കാര്യങ്ങളിലും ഉയർന്നുനിന്ന പ്രതിഭ. ദീർഘവീക്ഷണമുള്ള നേതാവ്. അറിവുകൊണ്ട് അലംകൃതൻ. അദ്ദേഹത്തിൻ്റെ മഹത്വം പറയുന്നിടത്ത് കുലമഹിമകൾ നിഷ്പ്രഭമാകുന്നു. അദ്ദേഹത്തിൻ്റെ കുടുംബാന്തസ്സിന് മുമ്പിൽ മറ്റു ബന്ധങ്ങൾ വിദൂരമാകുന്നു. എങ്ങനെ അദ്ദേഹം അങ്ങനെ ആകാതിരിക്കും? ഖുറൈശികളിലെ അഭിമാനഗോപുരം അബ്ദുൽ മുത്തലിബിൻ്റെ പാരമ്പര്യമല്ലേ അദ്ദേഹത്തെ രൂപപ്പെടുത്തിയത്."
ഹസൻ്റെ വിയോഗാനന്തരം ഇബ്നു അബ്ബാസ് മുആവിയക്കരികിൽ എത്തുന്നുണ്ട്. മുആവിയ പുത്രൻ യസീദിനോട് ഇബ്നു അബ്ബാസിനെ സ്വീകരിക്കാൻ പറഞ്ഞു. വളരെ ആദരവോടെ അദ്ദേഹത്തിന് മംഗളങ്ങൾ നേർന്നു. മുആവിയയുടെ അടുത്ത് ഇബ്നു അബ്ബാസ് വന്നിരുന്നു. അനന്തരം ഹസനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: "അല്ലാഹു അബൂ മുഹമ്മദിന് കരുണ ചൊരിയട്ടെ. വളരെ വിശാലമായതും ബ്രഹത്തായതുമായ നന്മ നൽകട്ടെ. അദ്ദേഹത്തിൻ്റെ വിയോഗം മൂലം ഉണ്ടായ ദുഃഖത്തിനു പകരം ഏറ്റവും നല്ല പ്രതിഫലവും അന്ത്യഫലവും നൽകട്ടെ."
