തിരുനബിയുടെ വിയോഗത്തിനു ശേഷം അബൂബക്കർ അധികാരത്തിൽ വന്നു. രണ്ടു വർഷവും മൂന്നുമാസവും 10 ദിവസവുമാണ് ഖിലാഫത്ത് പഥം നീണ്ടുനിന്നത്. ഈ കാലയളവ് ആഭ്യന്തരമായ പ്രശ്നപരിഹാരങ്ങളുടെ കാലമായിരുന്നു. അതുകൊണ്ടാകും ചരിത്രത്തിൽ ഇബ്നു അബ്ബാസിന്റെ റോൾ ഈ കാലത്ത് വല്ലാതെ വായിക്കാൻ നമുക്ക് കിട്ടാത്തത്.
അദ്ദേഹം അന്ന് ചെറുപ്പവുമാണ്. അതുകൊണ്ടുതന്നെ ശക്തമായ ഇടപെടലുകൾക്ക് സാധ്യതയില്ല. അതേസമയം വൈജ്ഞാനികമായ ചിന്തകളിൽ ഇബ്നു അബ്ബാസ് മുഴുകി. കാണുന്നതും കേൾക്കുന്നതും ഒപ്പിയെടുത്തു. വരുംതലമുറയ്ക്ക് പകർന്നു കൊടുക്കാൻ വേണ്ടിയുള്ള ആവേശത്തിൽ കഴിഞ്ഞു.
ഉമറിൻ്റെ കാലമെത്തി. ഇബ്നു അബ്ബാസ് ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. തൻ്റെ കഴിവും അറിവും തിരിച്ചറിഞ്ഞ ഉമർ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഇഷ്ടക്കാരിലും പ്രത്യേകക്കാരിലും ഇടം നൽകി. ഒരുവേള പ്രമുഖരായ സ്വഹാബികൾക്കിടയിൽ ഇബ്നു അബ്ബാസിനും കസേര കിട്ടി. ബദ്റിൽ പങ്കെടുത്ത പ്രമുഖ സ്വഹാബികളുടെ കൂട്ടത്തിൽ പോലും ഇബ്നു അബ്ബാസിനെ ഉമർ പ്രത്യേകം പരിഗണിച്ചു. സ്വാഭാവികമായും ചിലർക്ക് ഇതിൽ അസ്വാഭാവികത തോന്നി. ഞങ്ങൾക്കും മക്കളുണ്ട്. പക്ഷേ അവരെ ആരെയും ഇത് പോലെ ഖലീഫ വിളിക്കുന്നില്ലല്ലോ. ഇബ്നു അബ്ബാസിന് മാത്രമായി എന്താണ് ഒരു പ്രത്യേകത എന്നായിരുന്നു അവരുടെ സംശയം.
ചിലരുടെ ന്യായമായ ചോദ്യം ഉമർ തിരിച്ചറിഞ്ഞു. ഒരു ദിവസം അതിനു മറുപടി എന്നോണം പ്രമുഖമായ ഒരു സദസ്സിലേക്ക് ഇബ്നു അബ്ബാസിനെ ഉമർ വിളിച്ചുവരുത്തി.
അദ്ദേഹം തന്നെ പറയട്ടെ: "നിറഞ്ഞ സദസ്സിലേക്കാണ് എന്നെ വിളിച്ചത്. പല വൈജ്ഞാനിക ചർച്ചകളും നടക്കുന്ന ഇടം, വിശേഷിച്ചും ഖുർആൻ സംബന്ധമായ ആലോചനകളാണ് നടക്കുന്നത്. പ്രമുഖ പണ്ഡിതന്മാർ സംഗമിച്ചിരിക്കുന്നു.
ഞാൻ ചെന്ന ശേഷം ഖലീഫ സദസ്സിനോട് ഒരു ചോദ്യം ഉന്നയിച്ചു. വിശുദ്ധ ഖുർആനിലെ ഒരു വാക്യസംബന്ധ വ്യാഖ്യാനമായിരുന്നു അത്. "അല്ലാഹുവിന്റെ സഹായവും വിജയവും എത്തിക്കഴിഞ്ഞാൽ അവനെ പ്രകീർത്തിക്കുക, വിശുദ്ധപ്പെടുത്തുക, പാപമോചനത്തിന് തേടുക" ഇതാണ് വാക്യം. ഖലീഫ ചോദിച്ചു: അല്ലയോ സുഹൃത്തുക്കളേ, നിങ്ങൾ ഈ വാക്യത്തെക്കുറിച്ച് എന്ത് വ്യാഖ്യാനമാണ് ചമയ്ക്കുന്നത്? അവരിൽ പലരും പറഞ്ഞു: "നമുക്ക് വിജയവും സഹായവും ലഭിച്ചാൽ അല്ലാഹുവിനെ പ്രകീർത്തിക്കണം. പാപമോചനത്തിന് അപേക്ഷിക്കണം" അത്രതന്നെ.
ഉടൻ ഉമർ എൻ്റെ നേരെ തിരിഞ്ഞു ചോദിച്ചു: ഇബ്നു അബ്ബാസ് നീ എന്തു പറയുന്നു. ഇവർ പറഞ്ഞത് തന്നെയാണോ പറയുന്നത്? ഞാൻ പറഞ്ഞു: അല്ല. പിന്നെ മറ്റെന്താണ്? ഉമർ ചോദിച്ചു. ഞാൻ വിശദീകരിച്ചു: ആ വാക്യം കൊണ്ട് അർത്ഥമാക്കുന്നത് തിരുദൂതരുടെ വിടവാങ്ങലിൻ്റെ അറിയിപ്പാണ്. സഹായവും വിജയവും എത്തുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് തിരുനബിയുടെ അന്ത്യമാകുന്നു. അപ്പോൾ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കലോടെ വിശുദ്ധപ്പെടുത്തണം. അവനോട് പാപമോചനത്തിന് അപേക്ഷിക്കണം അവൻ പാശ്ചാത്താപം സ്വീകരിക്കുന്നവരാണ്". ഉമർ പറഞ്ഞു: ഇബ്നു അബ്ബാസ് ഈ പറഞ്ഞത് തന്നെയാണ് ഞാനും മനസ്സിലാക്കിയിരിക്കുന്നത്. പണ്ഡിത സദസ്സിന് ഇത് പുതിയ അറിവായിരുന്നു. വേറിട്ട അനുഭവവും. ഖലീഫ ഇബ്നു അബ്ബാസിനെ ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ അതിന്റെ പാശ്ചാത്തലം അദ്ദേഹത്തിൻ്റെ ഖുർആൻ പാണ്ഡിത്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ സംശയം നീങ്ങി. ഇബ്നു അബ്ബാസിനെ അവരും മാനിക്കാൻ തുടങ്ങി.
ഉമർ ഏറ്റവും കൂടുതൽ കുടിയാലോചന (മുശാവറ) നിർവഹിച്ചിരുന്നവരുടെ ഗണത്തിൽ ഇബ്നു അബ്ബാസ് ഉണ്ടായിരുന്നു. ഉമറിന്റെ പൊതു പ്രകൃതമാണ് മുശാവറ. സ്ത്രീകളോടും യുവാക്കളോടുമൊക്കെ അഭിപ്രായങ്ങൾ ആരായും. ചില നല്ല അഭിപ്രായങ്ങൾ അവരിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കാറുണ്ട്. ഉമറിന്റെ ആവശ്യപ്രകാരം ഇബ്നു അബ്ബാസ് ഫത്വ നൽകാൻ മടിച്ചില്ല. തനിക്കറിയാവുന്ന കാര്യങ്ങൾ ആത്മധൈര്യത്തോടെ അവതരിപ്പിച്ചു. യഅ്ഖൂബ് ബ്ൻ യസീദ് പറയുന്നുണ്ട്: ഉമറുബ്നു ഖത്താബ് പല മുഖ്യ വിഷയങ്ങളിലും അബ്ബാസിനോട് മുശാവറ ചെയ്യും. കുടുങ്ങിയ പ്രശ്നങ്ങള് വരുമ്പോൾ അദ്ദേഹത്തെ വിളിച്ചുകൊണ്ട് ഗാഢമായി ചിന്തിക്കാൻ ആവശ്യപ്പെടും. "ഗുസ്വ് ഗവ്വാസ്വ് " എന്നായിരുന്നു പലപ്പോഴും ഉമറിന്റെ ആജ്ഞ! അർത്ഥം 'സമുദ്രത്തിൽ മുങ്ങിത്തപ്പി മുത്തെടുത്ത് വരൂ”. അറിവിന്റെ ആഴങ്ങളിലേക്ക് ആലോചന കൊണ്ട് തുഴഞ്ഞു ജ്ഞാന മുത്തുമായി മടങ്ങിവരുന്ന മുങ്ങൽ വിദഗ്ധനോട് ഇബ്നു അബ്ബാസിനെ ഉപമിക്കുകയായിരുന്നു ഉമർ.
സഅ്ദ്ബ്ൻ അബീ വഖ്വാസ് പറയുന്നുണ്ട്: ഇത്ര ഗ്രാഹ്യ ശക്തിയും കൂർമബുദ്ധിയും വർദ്ദിത വിജ്ഞാനവും വിശാല സഹനവുമുള്ള ഒരാളെ ഇബ്നു അബ്ബാസിനെ അല്ലാതെ ഞാൻ കണ്ടിട്ടില്ല. കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പല കർമ്മ പ്രശ്നങ്ങൾ വരുമ്പോഴും ഉമർ ഇബ്നു അബ്ബാസിനെ വിളിക്കും. എന്നിട്ട് പറയും: "നിനക്ക് ഒരു കുടുങ്ങിയ വിഷയം വന്നിട്ടുണ്ട് "
ഇത്ര മാത്രമേ പറയൂ. ബദ്റിൽ പങ്കെടുത്ത മുഹാജിറുകളും അൻസ്വാറുകളുമൊക്കെ തന്റെ ചുറ്റും ഉണ്ടായിരിക്കെയായിരിക്കും ഉമറിന്റെ ഈ പറച്ചിൽ. അർത്ഥം വ്യക്തം. ഇവർക്കാർക്കും ലഭിക്കാത്ത പലതും ഇബ്നു അബ്ബാസിന് ലഭിച്ചിട്ടുണ്ട്. അതിനെ നാം ആദരിച്ചേ പറ്റൂ. ചെറുപ്പം പ്രശ്നമാക്കേണ്ടതില്ല.
ഇബ്നു അബ്ബാസ് കടന്നുവരുമ്പോൾ ഉമർ പറയും: "നമ്മുടെ യുവ പണ്ഡിതൻ എത്തിക്കഴിഞ്ഞു. നന്നായി ചോദിക്കുന്ന ഒരു നാവും നന്നായി ഗ്രഹിക്കുന്ന ഒരു മനസ്സും ഇവന് സ്വന്തം' ഖുർആനിന്റെ വ്യാഖ്യാതാക്കളിൽ ഉത്തമനാണ് ഇബ്നു അബ്ബാസ്. "ഞങ്ങൾ പഠിക്കാത്ത പലതും അദ്ദേഹം പഠിച്ചിരിക്കുന്നു "എന്നും അംഗീകാരമായി ഉമർ പറയുമായിരുന്നു. ഇബ്നു അബ്ബാസ് ഓർക്കുന്നു: ഒരു ദിവസം ഉമർ എന്നെ വിളിച്ചു. പ്രമുഖരുടെ സദസ്സിലേക്കാണ് വിളിപ്പിച്ചത്. എന്നിട്ട് പറഞ്ഞു: ഇവരൊക്കെ പറയട്ടെ. നീ തൽക്കാലം മൗനം പാലിക്കൂ. സദസ്സിലുള്ള ഓരോരുത്തരും ചർച്ചാ വിഷയസംബന്ധമായി പല അഭിപ്രായങ്ങളും പറഞ്ഞു. പക്ഷേ അതൊന്നും ഉമറിന് സ്വീകാര്യമായില്ല. ഒടുവിൽ എന്നോട് ചോദിച്ചു: ഞാൻ എൻ്റെ അറിവും ബോധ്യവും വച്ചു കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. ഉടൻ അവരിലേക്ക് തിരിഞ്ഞു ഉമർ ചോദിക്കുകയാണ് "വലിയ വയസ്സ് ഉറക്കാത്ത ഈ കുട്ടി പറഞ്ഞതുപോലെയുള്ള അഭിപ്രായങ്ങൾ പറയാൻ നിങ്ങൾക്കെന്ത് കൊണ്ട് കഴിയുന്നില്ല". എന്തുകൊണ്ട് ഇബ്നു അബ്ബാസിനെ പോലെ ഞങ്ങളുടെ മക്കളെ പരിഗണിക്കുന്നില്ല എന്ന മുഹാജിറുകളിൽ ചിലരുടെ ചോദ്യത്തിന് കൂടി ഉത്തരം നൽകുകയായിരുന്നു ഉമർ.
