തിരുനബിയുടെ അന്ത്യ നിമിഷങ്ങളെകുറിച്ചുള്ള വിവരണങ്ങൾ ചരിത്രം കേൾക്കുന്നത് പ്രധാനമായും ഇബ്നു അബ്ബാസിൽ നിന്നാണ്. അദ്ദേഹം കുട്ടിയായിരുന്നെങ്കിലും എല്ലാം ഒപ്പിയെടുത്തു. അദ്ദേഹം പറയുന്നു: തിരുനബിക്ക് ദേഹാസ്വാസ്ഥ്യം ശക്തമായ സന്ദർഭം. ആഇശയും ഹഫ്സയും അരികിലുണ്ട്. പെടുന്നനെ അലി കടന്നുവന്നു. അലിയെ കണ്ടതും തിരുനബി തല ഉയർത്തി.
അടുത്തു വരൂ, എൻ്റെ അടുത്ത് വരൂ എന്ന് പറഞ്ഞു. അലി അടുത്തുചെന്നു. തിരുനബിയെ തന്നിലേക്ക് ചേർത്തിയരുത്തി. കുറേസമയം പിന്നിട്ടു. അലി എഴുന്നേറ്റു. പിതാവ് അബ്ബാസും ബനൂ അബ്ദുൽ മുത്തലിബും അപ്പോൾ അവിടെ എത്തിച്ചേർന്നു. തിരുനബി വിടവാങ്ങിയതും വാതിൽ അടച്ചു. അവർ വാതിൽക്കൽ ഇടം പിടിച്ചു. അലി തിരുനബിയോടായി പറഞ്ഞു: "എൻ്റെ പിതാവിനെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ ജീവിതവും മരണവും എത്ര സുന്ദരം! സുഗന്ധക്കാറ്റ് വീശിയകന്നുപോയി. അതിന് സമാനമായത് ഇനിയില്ല."
ഈ സമയം അബ്ബാസ് പറഞ്ഞു: അലീ മതിയാക്കൂ. സ്ത്രീകളെ പോലെയുള്ള ഈ ചിണുങ്ങിപ്പറച്ചിൽ. അപ്പോൾ അലി പറഞ്ഞു: നിങ്ങൾ ഫള്ലുബ്അബ്ബാസിനെ കടത്തിവിടുക. അപ്പോഴേക്കും അൻസ്വാരികൾ വാർത്തയറിഞ്ഞ് അവിടെ എത്തിച്ചേർന്നിരുന്നു. അവർ പറഞ്ഞു: അല്ലാഹുവിനെ മുൻനിർത്തി നിങ്ങളോട് ഞങ്ങൾ പറയട്ടെ. അവൻ്റ ദൂതനിൽ ഞങ്ങൾക്കും അവകാശമുണ്ട്. അതുകൊണ്ട് ഔസ് ബ്ൻ ഖവലിയ്യ് എന്ന് പേരുള്ള വ്യക്തിയെ നിങ്ങൾ കടത്തിവിടുക. അദ്ദേഹം ഒരു കയ്യിൽ വെള്ളപ്പാത്രവും ചുമന്നെത്തി. അകത്തു കടന്നു. അതിനിടയിൽ റൂമിൽ നിന്ന് ഒരു ശബ്ദം ഉയർന്നു കേട്ടു. "തിരുനബിയുടെ വസ്ത്രം ഉരിയേണ്ട. ആ നീളം കുപ്പായത്തിൽ തന്നെ കുളിപ്പിക്കുക". അലി നബിയെ കുളിപ്പിച്ചു. ഖമീസ്വിന്റെ ചുവട്ടിലൂടെ കൈ കടത്തി. ഫള്ല് വസ്ത്രം പിടിച്ചു കൊടുത്തു. അൻസ്വാരി വെള്ളവുമായി ആവശ്യാനുസൃതം നീങ്ങിക്കൊണ്ടിരുന്നു. അലിയുടെ ഒരു കയ്യിൽ തുണിക്കഷ്ണമുണ്ടായിരുന്നു. അത് ചുറ്റിയാണ് ഖമീസിന്റെ ഇടയിലൂടെ കൈ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് പുരുഷൻമാർമാർക്ക് പ്രവേശന അനുമതി ലഭിച്ചു. അവർ തിരുനബിയുടെ മേൽ നിസ്കരിച്ചു. പ്രത്യേക ഇമാമിനെ നിശ്ചയിച്ചിരുന്നില്ല. അഥവാ ആരും ഇമാമായില്ല. എല്ലാവരുടെയും നിസ്കാരം കഴിഞ്ഞതും സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചു. അവരും നിസ്കരിച്ചു. പിന്നീട് കുട്ടികൾക്കുള്ള അവസരമായിരുന്നു. കുട്ടികൾ കടന്നുചെന്നു. നിസ്കരിച്ചു. പുറത്തുവന്നു. പിന്നീട് അടിമകൾ. അവരും ചെന്നു നിസ്കരിച്ചു. ആരും ഇമാമായി നിന്നില്ല.
തിരുനബിയുടെ വിയോഗ വാർത്തയറിഞ്ഞ ഉമർ പൊട്ടിത്തെറിച്ച് ജനങ്ങൾക്ക് നേരെ പലതും ആക്രോഷിച്ചുകൊണ്ടിരുന്നു. അപ്പോൾ അബൂബക്കർ സിദ്ദീഖ് പ്രത്യക്ഷനായി ഉച്ചത്തിൽ പറഞ്ഞു: അടങ്ങിയിരിക്കൂ ഉമർ. സദസ്സ് ചലനമറ്റു. അബൂബക്കർ പ്രഭാഷണത്തിന് നിന്നു. സത്യസാക്ഷ്യ വചനങ്ങൾ മൊഴിഞ്ഞു. അനന്തരം ഇങ്ങനെ പറഞ്ഞു: പ്രാരംഭ മുറകൾക്കുശേഷം, നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിച്ചിരുന്നെങ്കിൽ മുഹമ്മദ് നബി ഇതാ മരിച്ചിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ അല്ലാഹു എന്നെന്നും ജീവിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്. അല്ലാഹു പറഞ്ഞിട്ടുള്ളത് "മുഹമ്മദ് നബി പൂർവിക പ്രവാചകന്മാരെ പോലെ ഒരു ദൂതനാണ്. അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞു നടന്നെന്നിരിക്കും. അങ്ങനെ ആരെങ്കിലും പിന്തിരിഞ്ഞാൽ അവൻ അല്ലാഹുവിന് ഒരു പരിക്കും ഏൽപ്പിക്കുന്നില്ല". ജനങ്ങൾ ഈ ഖുർആനിക വാക്യം ഓർക്കുന്നത് തന്നെ അബൂബക്കർ ഓതുന്ന സമയത്താണ്. എല്ലാവരും പിന്നീട് ഈ വാക്യം ഏറ്റെടുത്തു. കേട്ട മനുഷ്യരൊക്കെയും ഓതിക്കൊണ്ടിരുന്നു. ഉമർ പിന്നീട് പറഞ്ഞു: അല്ലാഹുവിനെ തന്നെ സത്യം ! അബൂബക്കർ ആ വാക്യം ഓതുന്നത് കെട്ടതോടുകൂടി എൻ്റെ കാലുകൾ അറ്റുപോയി. ഞാൻ നിലത്തേക്ക് കുനിഞ്ഞു. ഒരു കാര്യം എനിക്ക് ബോധ്യമായി; അല്ലാഹുവിൻ്റെ ദൂതർ മരിച്ചിരിക്കുന്നു." ഇബ്നു അബ്ബാസിന്റെ വിശദീകരണം ഇങ്ങനെ തുടരുന്നു. കുട്ടിയായ അദ്ദേഹം എല്ലാ കാഴ്ചകൾക്കും മൗനസാക്ഷിയാവുകയായിരുന്നു. പിൽക്കാലത്ത് നബിയെ ചരിത്രത്തിന് സമ്മാനിക്കുന്നതിൽ സത്യസന്ധത പുലർത്താൻ ഇബ്നു അബ്ബാസിന് സാധിച്ചു. ചരിത്രത്തിൽ ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം
