ഹിജ്റയുടെ മൂന്നുവർഷം മുമ്പാണത്. തിരുനബിയും വിശ്വാസി സംഘവും പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കാലം. ശത്രുക്കൾ ആക്രമണം ശക്തമാക്കി. തിരുനബിയെയും വിശ്വാസികളെയും ഊരു വിലയ്ക്കി. ശുഅബു അബീത്വാലിബിൽ (മക്കയിലെ താഴ്വര) നബിയെ പട്ടിണിക്കിട്ടു. ഈ സമയത്താണ് അബ്ബാസ് നബിക്കരികിൽ കടന്നുചെല്ലുന്നത്. അബ്ബാസ് നാട്ടു വൃത്താന്തങ്ങൾ അവതരിപ്പിച്ചു. കൂട്ടത്തിൽ ഒരു വീട്ടുകാര്യം അബ്ബാസ് പറഞ്ഞു: "ഉമ്മുൽ ഫള്ല് പ്രസവത്തോട് അടുത്തിരിക്കുന്നു". തിരുനബിയുടെ മുഖം പ്രസന്നമായി. നബി പറഞ്ഞു: "കുഞ്ഞിനെ അല്ലാഹു നിങ്ങളുടെ കൺകുളിർമയാക്കിത്തരട്ടെ". പിന്നെ താമസിച്ചില്ല. ഉമ്മുൽ ഫള്ല് പ്രസവിച്ചു. കുഞ്ഞിനെ ഒരു ശീലയിൽ പൊതിഞ്ഞു. അബ്ബാസ് തിരുനബിക്കരികിലെത്തി. തിരുനബി കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിന് മധുരം തൊട്ടുകൊടുത്തു; പ്രസവാനന്തരമുള്ള പ്രഥമ ചടങ്ങാണ് ഒരു വിശുദ്ധനെ കൊണ്ട് കുട്ടിക്ക് മധുരം നൽകൽ.
വിശുദ്ധ ഉമിനീർ ചേർത്തായിരുന്നു തിരുനബി തൊട്ടുകൊടുത്തത്. ആദ്യമായിട്ടാണ് നബി ഒരു കുഞ്ഞിന് തൊട്ടു നൽകുന്നത്. അനന്തരം തിരുനബി പ്രാർത്ഥിച്ചു: "അല്ലാഹു നമ്മുടെ മുഖം ഈ കുഞ്ഞിനെക്കൊണ്ട് പ്രകാശമാനമാക്കട്ടെ”. കുടുംബത്തിന് തന്നെ വെളിച്ചമാണ് നവജാതശിശുവെന്ന് പ്രവചിക്കുകയായിരുന്നു നബി. ഇബ്നു അബ്ബാസ് ജനിച്ചത് തിരുപലായനം നടന്ന വർഷത്തിലാണെന്നും ഒരു അഭിപ്രായമുണ്ട്. നബിയുടെ വിയോഗസമയത്ത് വയസ്സ് പത്താണെന്നും പതിമൂന്നാണെന്നും നിരീക്ഷിക്കപ്പെടുന്നു. ഇബ്നു അബ്ബാസ് ഇസ്ലാം പുൽകുന്നത് മക്കാ വിജയത്തിന് സ്വല്പം മുമ്പാണ്. ഉമ്മയുടെ ഇസ്ലാം ആശ്ലേഷണത്തോടനുബന്ധിച്ചായിരുന്നിത്. പക്ഷേ മദീനത്തേക്കുള്ള പലായനം സാധ്യമായില്ല. കുടുംബം അന്ധകാരത്തിൽ തന്നെ തുടരുകയായിരുന്നു.
പിന്നീട് പിതാവ് അബ്ബാസുമൊന്നിച്ചാണ് പലായനം സാധ്യമായത്. രണ്ടുപേരും മദീന ലക്ഷ്യമാക്കി നീങ്ങി. പക്ഷേ അപ്പോഴേക്കും തിരുനബിയും അനുചരന്മാരും മക്ക ജയിച്ചടക്കുന്നതിന് വേണ്ടി മദീനയിൽ നിന്ന് പുറപ്പെട്ടിരുന്നു.
രക്തരഹിതമായ നീക്കത്തിലൂടെ മക്കയിൽ ഇസ്ലാമിക പതാക ഉയർത്താമെന്ന് തിരുനബി തീരുമാനിച്ചു. യാത്ര ജുഹ്ഫയിൽ എത്തിയപ്പോൾ അബ്ബാസും ഇബ്നു അബ്ബാസും വരുന്നത് നബി കണ്ടു. അവർ മദീനയിലേക്കുള്ള പലായനത്തിലാണ്. തിരുനബി തൻ്റെ യാത്രാ ലക്ഷ്യം അവരുമായി ചർച്ച ചെയ്തു. ഇരുവർക്കും സന്തോഷമായി. മക്ക ജയിച്ചടക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാകാൻ തങ്ങൾക്കും ഭാഗ്യം ലഭിച്ചിരിക്കുന്നു. പിന്നെ ചിന്തിച്ചില്ല. തിരുനബിക്കൊപ്പം അവരും ചേർന്നു. തിരികെ മക്കത്തേക്ക്. ഹിജ്റ എട്ടാം കൊല്ലമാണിത്. റമളാൻ 20 പിന്നിട്ട വെള്ളിയാഴ്ച പുലർച്ചെ. അങ്ങനെ പലായനത്തിൻ്റെ പുണ്യം ഇബ്നു അബ്ബാസ് കരസ്ഥമാക്കി. താൻ കുട്ടിയാണ്. പക്ഷേ പക്വത കാണിച്ചു. തിരുനബി ആ അർത്ഥത്തിൽ തന്നെ ഇബ്നു അബ്ബാസിനെ മാനിച്ചു. കുട്ടികളിൽ നിന്ന് ഉടമ്പടി സ്വീകരിച്ച ചരിത്രം നബിക്കുണ്ട്. സ്വരക്ഷിതാവിന്റെ കൽപ്പനകൾ പാലിക്കാനും സ്വന്തം വിശ്വാസം സംരക്ഷിക്കാനും വേണ്ടിയുള്ള ഉടമ്പടികളായിരുന്നു അത്. മുതിർന്നവരിൽ നിന്നും സ്ത്രീകളിൽ നിന്നുമൊക്കെ സമാനമായ ഉടമ്പടികൾ സ്വീകരിച്ചിരുന്നു.
ഒരു വിശ്വാസിയുടെ ജീവിതത്തെ ഭാവിയിൽ അടയാളപ്പെടുത്തുന്നതിൽ ഈ ഉടമ്പടികൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഹസൻ, ഹുസൈൻ, അബ്ദുല്ലാഹിബ്നു ജഅ്ഫർ തുടങ്ങിയവരുടെ കൂടെ അബ്ദുല്ലാഹിബ്നു അബ്ബാസിൽ നിന്നും ബൈഅത്ത് നബി സ്വീകരിച്ചു. അവർക്കാർക്കും അപ്പോൾ സാങ്കേതികമായി പ്രായപൂർത്തി ആയിരുന്നില്ലെന്ന് ത്വബ്റാനി റിപ്പോർട്ട് ചെയ്യുന്നുണ്ട്; പക്ഷേ അവരുടെ ഇളം മനസ്സ് തിരുനബി വായിച്ചിരുന്നു. അതിനകത്ത് ഭാവിയുടെ വാഗ്ദാനങ്ങളെ നബി കണ്ടു. അതിലേക്കുള്ള വഴി നേരത്തെ കാണിക്കുകയായിരുന്നു ഉടമ്പടിയിലൂടെ പ്രവാചകൻ ചെയ്തത്. കുട്ടികൾക്കും അവരുടെതായ വിചാരപ്പെടലും വികാരവുമുണ്ടെന്ന തിരിച്ചറിവായിരുന്നു പിന്നിൽ.
