ഹിജ്റ 68. തിരുനബി വിയോഗത്തിന് ഏകദേശം 60 വർഷം പിന്നിട്ട ഒരു ദിവസം. ഇബ്നു അബ്ബാസ് എന്ന ജ്ഞാന ജ്യോതിസ് വിട വാങ്ങി. ജനിച്ചാൽ മരിക്കണമല്ലോ. ഇബ്നു അബ്ബാസിന്റെ വിയോഗ വാർത്ത ഇസ്ലാമിക ലോകത്തെ ദുഃഖത്തിലാഴ്ത്തി. വിവിധ വിജ്ഞാന ശാഖകളിലെ പണ്ഡിത്യമാണ് കാലഗതി പ്രാപിച്ചിട്ടുള്ളത്. ജനങ്ങൾ നാലുപാട് നിന്നും സംഗമിച്ചു. ജനാസ നിസ്കരിക്കാൻ വലിയ ഒരു പറ്റം വിശ്വാസികളുടെ സാന്നിധ്യം തന്നെയുണ്ടായി. സ്വഹാബി പ്രമുഖർ ഒന്നടങ്കം ഒഴുകിയെത്തി. അവരുടെ വദനങ്ങൾ മ്ലാനമായി കാണപ്പെട്ടു. നിസ്കാരത്തിന് നേതൃത്വം നൽകിയത് തൻ്റെ പിതൃവ്യപുത്രൻ മുഹമ്മദ് ബ്ൻ ഹനഫിയ്യയാണ്. ഖബറടക്കിയത് ത്വാഇഫിൽ. ഇസ്ലാമിക ലോകം ഇബ്നു അബ്ബാസിനെ പുകഴ്ത്തിയതിന് കണക്കില്ല. റാഫിഉബ്ൻ ഖദീജ് പറഞ്ഞു: "വിജ്ഞാന കാര്യത്തിൽ കിഴക്കും പടിഞ്ഞാറും ഒരേ പോലെ ആശ്രയിച്ച വ്യക്തിത്വമാണ് ഇന്ന് വിട പറഞ്ഞത് ". മുആവിയ പറഞ്ഞതിങ്ങനെ: "ദൈവനിശ്ചയം! അദ്ദേഹം മരിച്ചുപോയി. മരിച്ചുപോയവരിലും ജീവിച്ചിരിക്കുന്നവരിലും ഏറ്റവും വലിയ കർമ്മ വിശാരദനായിരുന്നു ഇബ്നു അബ്ബാസ്".
മരണ വൃത്താന്തമറിഞ്ഞതും കൈവെള്ളയിൽ ഉരുമ്മിക്കൊണ്ട് ജാബിർ ബ്ൻ അബ്ദില്ല അസഹനീയത പ്രകടിപ്പിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: "ജനങ്ങളിൽ ഏറ്റവും വിവരമുള്ളവനും സഹനശീലനുമാണ് വിടപറഞ്ഞത്. ഈ സമുദായത്തിന് പരിഹരിക്കാനാകാത്ത നഷ്ടം തന്നെ വന്നുഭവിച്ചിരിക്കുന്നു". വിയോഗത്തോടെ ചില അസാധാരണ അനുഭവങ്ങളും ജനങ്ങൾക്കുണ്ടായി. ജനങ്ങൾ കാണെ ഒരു വെളുത്ത പക്ഷി പറന്നുവന്നു. ഇബ്നു അബ്ബാസിന്റെ മയ്യിത്ത് കട്ടിലിലേക്ക് പ്രവേശിച്ചു. പിന്നീട് ആ പക്ഷി പുറത്തു പോയത് ആരും കണ്ടില്ല. സഈദുബ്ൻ ജുബൈർ ഇത് ഓർമിക്കുന്നുണ്ട്.
ചേതനയറ്റ ശരീരം ഖബറിലേക്ക് എടുത്തപ്പോൾ ഒരു ശബ്ദം ജനങ്ങൾ ഉയർന്നു കേട്ടു. ആളെ കാണുന്നില്ല. വിശുദ്ധ ഖുർആനിലെ ഒരു വാക്യമായിരുന്നു അത്. "ഓ ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ രക്ഷിതാവിലേക്ക് പരിപൂർണ്ണ സംതൃപ്തനായി മടങ്ങുക. എൻ്റെ ഇഷ്ട ദാസന്മാരുടെ കൂടെ ചേരുക. എന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക"
ഇബ്നു അബ്ബാസിന്റെ ചില വചനങ്ങൾ നോക്കാം.
- എൻ്റെ അരികിലേക്ക് വരുന്ന ഒരാളോട് 3 കടപ്പാടുകൾ എനിക്കുണ്ട്. അയാൾ കടന്നു വരുമ്പോൾ ഞാൻ കണ്ണുയർത്തി നോക്കും. അയാൾ ഇരുന്നു കഴിഞ്ഞാൽ മതിയായ സ്ഥലം കൊടുക്കും. അയാൾ സംസാരിച്ചാൽ ഞാൻ ചെവി കൊടുക്കും.
- പുതുതായി വരുന്ന ഏതൊരാൾക്കും ഒരു പരിഭ്രമം കാണും; അഭിവാദനം നേർന്ന് അദ്ദേഹത്തിന് നിങ്ങൾ സമാധാനം പകരുക.
- അറിവ് അസംഖ്യമുണ്ട്. എല്ലാം പഠിക്കുക സാധ്യമല്ല. അതുകൊണ്ട് നിങ്ങൾ എല്ലാറ്റിൽനിന്നും ഏറ്റവും മുഖ്യമായത് പഠിച്ചെടുക്കുക.
- ഒരാളുടെ ആവശ്യം നിർവഹിക്കാൻ ഞാൻ ശ്രമിച്ചാൽ അയാൾക്കും എനിക്കുമിടയിൽ അത് വെളിച്ചം പകരും. ഒരാളുടെ ആവശ്യം ഞാൻ നിരാകരിച്ചാൽ അയാൾക്കും എനിക്കുമിടിയിൽ അത് ഇരുട്ട് പകരും.
- അറിവിനെ വിധിപ്രകാരം സ്വീകരിക്കുന്ന പണ്ഡിതൻ അല്ലാഹുവിന്റെയും മലക്കുകളുടെയും സച്ചരിതരുടെയും ഇഷ്ടപാത്രമായി മാറും. ജനങ്ങൾ അയാളെ ബഹുമാനിക്കും. അറിവുകൊണ്ട് ദുനിയാവാണ് ഒരാൾ സമ്പാദിക്കുന്നതെങ്കിൽ അല്ലാഹു അവനെ വെറുക്കും. ജനങ്ങൾ അവനെ നിസ്സാരമാക്കും.
- നിങ്ങൾ റബ്ബാനികൾ ആവുക. പണ്ഡിതരും സഹനശീലരും കർമ്മശാസ്ത്ര വിശാരദരുമായ റബ്ബാനികൾ. ആരാണ് റബ്ബാനികൾ എന്നറിയുമോ? "വലിയ കാര്യങ്ങൾക്കു മുമ്പ് ചെറിയ കാര്യങ്ങൾ പകർന്ന് നൽകി ജനങ്ങളെ സംസ്കരിക്കുന്നവരാണ് "
- ദേഹേഛ ഒരു ആരാധ്യ വസ്തുവാണ്. ഖുർആൻ ഇത് സൂചിപ്പിക്കുന്നുണ്ട്.
- ഒരു മുസ്ലിം കുടുംബത്തെ ഒരു മാസമോ ഒരാഴ്ചയോ അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ച കാലമോ പോറ്റുക എന്നതാണ് ഒരു ഹജ്ജ് കഴിഞ്ഞ് മറ്റൊരു ഹജ്ജ് ചെയ്യലിനേക്കാൾ എനിക്ക് പ്രിയങ്കരം.
- ജിഹാദിനെക്കാൾ ശ്രേഷ്ഠമാണ് ഒരു പള്ളി നിർമ്മിച്ച് അതിൽ ഖുർആനും തിരുചര്യയും കർമ്മ ശാസ്ത്രവും പിഠിപ്പിക്കുക എന്നുള്ളത്.
