സഈദ് ബിൻ മുസയ്യബിന്റെ സീമന്ത പുത്രിയെ സ്വന്തമാക്കാൻ ഇബ്നു അബീവദാഅക്കാണ് ഭാഗ്യമുണ്ടായത് എന്ന് പറഞ്ഞു. ആ കഥ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ: ഞാൻ സ്ഥിരമായി ഗുരുവിൻ്റെ സദസ്സിലുണ്ടാകാറുണ്ട്. അതിനിടയിൽ എൻ്റെ പ്രിയപ്പെട്ട ഭാര്യ മരണപ്പെട്ടു. കുറച്ചു ദിവസങ്ങളായി എനിക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ചെന്നപ്പോൾ ഗുരു ചോദിച്ചു: നീ എവിടെയായിരുന്നു ഇത്ര നാൾ? ഞാൻ പറഞ്ഞു: എൻ്റെ ഭാര്യ പെട്ടെന്ന് മരണപ്പെട്ടു. അതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഗുരു തെല്ലൊന്ന് ക്ഷോഭിച്ചു: എന്നിട്ട് എന്തുകൊണ്ട് നീ ഞങ്ങളെ അറിയിച്ചില്ല. ശേഷക്രിയകൾക്ക് നാം വരുമായിരുന്നല്ലോ.? ഞാൻ പ്രതികരണം ഒരു ചെറുചിറിയിൽ ഒതുക്കി. ഗുരുവിന് ബുദ്ധിമുട്ടാകുമെന്ന് കരുതി അറിയിക്കാതിരുന്നതാണ്. പതിവുപോലെ കുറച്ച് സമയം ഞാൻ അവിടെ ചെലവാക്കി. വൈജ്ഞാനികമായ ചർച്ചകൾ നടന്നു. ഏതാനും കാര്യങ്ങൾ പഠിച്ചെടുത്തു. എണീറ്റ് പോരാൻ നേരം ഗുരു ചോദിച്ചു: എന്നിട്ട് നീ വേറെ പെണ്ണ് കിട്ടിയോ? ഞാൻ പറഞ്ഞു: ഗുരോ ആരാണ് എനിക്കൊക്കെ പെണ്ണ് കെട്ടിച്ച് തരിക. ആകെ എൻ്റെ സമ്പാദ്യം രണ്ടോ മൂന്നോ ദിർഹം മാത്രമാണ്. എടുത്തടി ഗുരു പറഞ്ഞു: ഞാൻ കെട്ടിച്ചു തരും. എനിക്കു ഷോക്കേറ്റ പോലെയായി, ഗുരു കെട്ടിച്ചു തരുമെന്നോ? അതെ, എന്റെ മകളെ ഞാൻ നിനക്കു ഇണയാക്കിത്തരാൻ തീരുമാനിച്ചിരിക്കുന്നു. പിന്നെ താമസിച്ചില്ല. കല്യാണചടങ്ങ് നടന്നു. വളരെ ലളിതമായി. ഗുരു അല്ലാഹുവിനെ പ്രകീർത്തിച്ചു. തിരുനബിയിൽ സ്വലാത്ത് ചൊല്ലി. രണ്ട് സാക്ഷികളെ മുൻനിർത്തി രണ്ടോ മൂന്നോ ദിർഹം വിവാഹം മൂല്യം ഉറപ്പിച്ചു. എനിക്ക് മകളെ ഇണയാക്കി തന്നു.
അതിശയം എൻ്റെ മുഖത്തുനിന്ന് വിട്ടുമാഞ്ഞില്ല. ഞാൻ നികാഹ് കഴിഞ്ഞു എണീറ്റു. മനസ്സ് ആശങ്കാകുലമായി. ഒരു ഭാഗത്ത് സന്തോഷം അലയടിക്കുന്നുമുണ്ട്. വീട്ടിലേക്ക് ഞാൻ എത്തി. ഒറ്റയ്ക്കാണ് വീട്ടിൽ താമസം. വിവാഹം കഴിഞ്ഞു. ഇനി ചെലവ് വരും. അത് എങ്ങനെ സംഘടിപ്പിക്കും? ആരിൽ നിന്ന് കടം വാങ്ങും? ഞാൻ ചിന്താകുലനായി. അതിനടയിൽ മഗ്രിബ് ബാങ്ക് കൊടുത്തു. ഞാൻ പള്ളിയിൽ എത്തി. നിസ്കരിച്ചു. വീട്ടിലേക്ക് മടങ്ങി. മനസ്സിന് നല്ല സമാധാനം തോന്നുന്നുണ്ട്. സ്വൽപം വിശ്രമിക്കാമെന്ന് കരുതി. ഒറ്റയ്ക്കായതിനാൽ നോമ്പ് നോറ്റിരുന്നു.
അതിനാൽ നോമ്പ് തുറക്കാൻ വേണ്ടി ഞാൻ ഇരുന്നു. ആകെയുള്ളത് പത്തിരിയും സൈത്തുമാണ്. പെടുന്നനെ വാതിലിൽ ഒരു മുട്ട് കേട്ടു. ഞാൻ ചോദിച്ചു: ആരാണ് ? മറുപടി ശബ്ദം ഉയർന്നു: "ഇത് സഈദാണ് "മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. സഈദ് എന്ന് പേരുള്ള പല ആളുകളിലേക്കും ചിന്ത പോയി. ആകെ മനസ്സിൽ വരുന്നത് ഗുരു സഈദുബ്ൻ മുസയ്യബ് മാത്രം. ഗുരു വീട്ടിൽ വരാനുള്ള സാധ്യത എത്ര ചിന്തിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. കഴിഞ്ഞ 40 വർഷമായി സ്വന്തം വീട്ടിലും പള്ളിയിലുമല്ലാതെ ഗുരുവിനെ കണ്ടിട്ടില്ല. ഞാൻ ചാടി എഴുന്നേറ്റു. വാതിലിൽ ചെന്നു തുറന്നു നോക്കുമ്പോൾ ഗുരു തന്നെ ! പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് വിവാഹക്കാര്യത്തിൽ വല്ല മാറ്റവും വന്നിട്ടുണ്ടാകുമോ എന്ന ചിന്തയായിരുന്നു. വേണ്ടെന്നു വയ്ക്കാനുള്ള വല്ല തീരുമാനവുമാണോ? ഞാൻ പറഞ്ഞു: ഗുരു ആരെയെങ്കിലും വിട്ടാൽ പോരായിരുന്നോ. ഞാൻ അങ്ങ് വരുമായിരുന്നല്ലോ. മറുപടി ഇങ്ങനെയായിരുന്നു: ഇത് എൻ്റെ ആവശ്യമാണ്. അതുകൊണ്ട് ഞാൻ ഇങ്ങോട്ട് വരാനാണ് കടപ്പെട്ടിരിക്കുന്നത്. ഭവ്യതിയിൽ ഞാൻ ചോദിച്ചു: എന്താണ് വരാനുണ്ടായ കാരണം? ഗുരു സമാധാനത്തിൽ പറഞ്ഞു തുടങ്ങി. "താനിപ്പോൾ ഒരു വിഭാര്യൻ ആണല്ലോ. ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കിൽ മകളെ തനിക്ക് ഇണയാക്കിത്തരികയും ചെയ്തു. ആ സ്ഥിതിക്ക് ഈ രാത്രി താൻ ഒറ്റയ്ക്ക് കഴിയുന്നത് ശരിയല്ലെന്ന് ഒരു തോന്നൽ. പുതുപെണ്ണുമായി ഞാനിങ്ങു പോന്നു."ഇതു കേട്ടതും ഞാൻ ഒന്നു ഞെട്ടി. നോക്കുമ്പോൾ ഗുരുവിൻ്റെ പിന്നിൽ ഒരു സ്ത്രീരൂപം. ഗുരുവിൻ്റെ അത്ര നീളത്തിൽ നിൽക്കുന്നു. ഗുരു കൂടുതലൊന്നും പറയാൻ നിന്നില്ല. അവളുടെ കൈപിടിച്ചു. വാതിൽ വഴി മകളെ അകത്തേക്ക് തള്ളി. വാതിൽ ചാരി. അവൾ ലജ്ജ കൊണ്ട് തലകുനിച്ചു.
ഞാൻ വാതിൽ കുറ്റിയിട്ടു. കഴിക്കാൻ വെച്ച ഭക്ഷണപ്പാത്രം മെല്ലെ വിളക്കിന്റെ നിഴലിലേക്ക് മാറ്റി. അതിൽ കേവലം പത്തിരിയും സൈത്തും മാത്രമാണുള്ളത്. എൻ്റെ ദാരിദ്ര്യത്തിന്റെ രണ്ട് അടയാളങ്ങൾ. പുതുപെണ്ണ് കാണേണ്ട. ഞാൻ കരുതി. പെടുന്നനെ ഞാൻ വീടിന്റെ മുകളിലേക്ക് ചെന്നു. ചെറിയ ഒരു കല്ലെടുത്തെറിഞ്ഞു അയൽവാസിയെ വിളിച്ചു. അവർ അടുത്തു വന്നു എന്നോട് ചോദിച്ചു: എന്താണ്? എന്റെ വിവാഹക്കാര്യം അവരാരും അറിഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞു: ഇന്ന് സഈദുബ്ൻ മുസയ്യബ് തൻ്റെ മകളെ എനിക്ക് ഇണയാക്കി തന്നു. ഇപ്പോൾ അദ്ധേഹം പൊടുന്നനെ അവളെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയിരിക്കുന്നു. "അയൽവാസികളുടെ മുഖത്ത് അത്ഭുതം! സഈദ് മകളെ കെട്ടിച്ചു തന്നു എന്നോ? അവർക്ക് വിശ്വാസം വരാത്ത പോലെ. ഞാൻ പറഞ്ഞു: അതേ, അവളിതാ വീട്ടിലുണ്ട്. അവരെല്ലാവരും വീട്ടിലേക്ക് കയറി വന്നു. പുതുപെണ്ണിനെ കണ്ടു. സായൂജ്യമടഞ്ഞു. പരിചയപ്പെട്ടു. ഇതിനിടയിൽ വിവരമറിഞ്ഞ് എൻ്റെ ഉമ്മയെത്തി. ഉമ്മ വന്നപാടെ പറഞ്ഞത് ഇങ്ങനെ: "മൂന്നുദിവസത്തേക്ക് നീ അവളെ തൊട്ടുപോകരുത്. തൊട്ടുപോയാൽ എന്റെ മുഖം നിനക്ക് നിഷിദ്ധമായി. മൂന്ന് ദിവസം അവളുടെ കാര്യങ്ങളെല്ലാം ഞാനൊന്ന് ശരിപ്പെടുത്തട്ടെ " പെണ്ണിനെ മാനസികമായും ശാരീരികമായും ഒരുക്കാനുള്ള ഉമ്മയുടെ മനശാസ്ത്രമായിരുന്നു അത്. അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല. മൂന്ന് ദിവസം ഞാൻ വീട്ടിൽ കഴിഞ്ഞു. മൂന്നാമത്തെ നാൾ അവളുമായി സന്ധിച്ചു. അതീവ സുന്ദരിയായിരുന്നു അവൾ. കൺ നിറഞ്ഞു കാണുന്നത് ഇപ്പോഴാണ്. ഖുർആൻ നന്നായി മനഃപാഠമുണ്ട്. തിരുനബിയുടെ ചര്യകളെ കുറിച്ച് നല്ല ബോധ്യവും. ഭാര്യ എന്നുള്ള നിലയ്ക്ക് സ്വന്തം കടപ്പാടിനെ കുറിച്ചുള്ള കാഴ്ചപ്പാടും വേണ്ടുവോളമുണ്ട്. ഞങ്ങൾ ഒന്നിച്ചു. പരസ്പരം സ്വകാര്യങ്ങൾ പങ്കുവെച്ചു. അവളിൽ എനിക്ക് പൂർണ്ണ സംതൃപ്തി ലഭിച്ചു. ഒരു മാസം ഞങ്ങൾ വീട്ടിൽ നർമ്മ സല്ലാപത്തോടെ കഴിഞ്ഞു.
ഒരു മാസം പിന്നിട്ടതും ഞാൻ ഗുരുവിൻ്റെ അരികിൽ ചെന്നു. അദ്ദേഹം ക്ലാസിലാണ്. സലാം പറഞ്ഞു. സലാം മടക്കി. ക്ലാസ് തുടർന്നു വിജ്ഞാന ചർച്ചകൾ മുന്നോട്ടു നീങ്ങി. കൃത്യസമയമായി. ക്ലാസ് അവസാനിച്ചു. എല്ലാവരും പിരിഞ്ഞുപോയി. ഞാൻ മാത്രം ബാക്കിയായി. എന്നോട് ഗുരു ചോദിച്ചു: എങ്ങനെയുണ്ട് നമ്മുടെ ആൾ? സ്വന്തം മകളെ പറ്റിയാണ് ചോദ്യം. ഞാൻ പറഞ്ഞു : വളരെ നല്ലത്. ഏറ്റവും മുന്തിയ കൂട്ട്'. അടുപ്പിക്കേണ്ടവരെ അടുപ്പിക്കും. അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തും.
നല്ല സ്നേഹമാണ് " ഗുരുവിൻ്റെ മുഖത്ത് പ്രകാശം മിന്നിമറഞ്ഞു. നറുചിരിയോടെ എന്നോട് പറഞ്ഞു: "നിനക്ക് വല്ല പിശകും തോന്നിയാൽ വടിയെടുത്തോ? ഞാൻ മറുപടി ഒരു ചിരിയിൽ ഒതുക്കി. വടിപോയിട്ട് ഛെ എന്ന് പറയേണ്ട കാര്യം പോലുമില്ലല്ലോ. അത്രയ്ക്ക് ഉശാറല്ലേ അവൾ. നല്ല അച്ചടക്കമുള്ള കുട്ടി. ഞാൻ സംസാരം അവസാനിപ്പിച്ചു. വീട്ടിലേക്ക് തിരിച്ചുപോന്നു. കുറച്ചു കഴിഞ്ഞതും ഗുരു എനിക്ക് ഇരുപതിനായിരം ദിർഹം പണം കൊടുത്തയച്ചു..അദ്ദേഹം വീണ്ടും എന്നെ ഞെട്ടിച്ചിരിക്കുന്നു. എൻ്റെ ഇല്ലായ്മയെ തിരിച്ചറിഞ്ഞായിരുന്നു ഈ സഹായം. ഒപ്പം സ്വന്തം മകളോടുള്ള സ്നേഹത്തിൻ്റെ കരുതലും.
