അധികാരം ചിലപ്പോൾ അങ്ങനെയാണ്. അത് മനുഷ്യനെ പ്രമത്തനാക്കും. അന്ധനും ബധിരനുമാക്കും. ജീവിതത്തിൻ്റെ സായംസന്ധ്യയിൽ പോലും തൻ്റെ അധികാരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടപ്പെട്ടവരിലേക്ക് കൈമാറാനുള്ള ഭ്രമം ഉരുണ്ട് കൂടും. ഇത്തരമൊരു ചാപല്യത്തിൽ നിന്ന് അബ്ദുൽ മലിക്ബ്ൻ മർവാനിനും മോചനം ഉണ്ടായിരുന്നില്ല. ജീവിതാവസാനത്തിൽ അദ്ദേഹം കൊതിച്ചത് അധികാരം തൻ്റെ മക്കൾക്ക് സമ്മാനിക്കണമെന്നായിരുന്നു. വലീദിനെയും സുലൈമാനിനെയും ജനങ്ങളെ കൊണ്ട് ബൈഅത്ത് ചെയ്യിപ്പിക്കണം. നീക്കം തകൃതിയായി നടന്നു. മദീനയിലെ ഗവർണർ ഹിഷാമുബ്ൻ ഇസ്മാഈലാണ്. അദ്ദേഹത്തിന് അബ്ദുൽമലികിന്റെ സന്ദേശമെത്തി. ജനമധ്യത്തിൽ അദ്ദേഹം ഉടമ്പടിയുടെ കാര്യം അവതരിപ്പിച്ചു. ആളുകൾക്ക് മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. അവർ വഴങ്ങാൻ സന്നദ്ധമായി. പക്ഷേ ഒരാൾ മാത്രം വഴങ്ങാൻ കൂട്ടാക്കിയില്ല.
അത് കഥാപുരുഷൻ സഈദ് ബിൻ മുസയ്യബായിരുന്നു. അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാടുണ്ടായിരുന്നു. മതപരമായ തൻ്റെ ബോധ്യങ്ങൾക്ക് വിരുദ്ധമായ ഒന്നും അംഗീകരിക്കാൻ അദ്ദേഹം കൂട്ടാക്കില്ല. അത് ഏത് അധികാര കേന്ദ്രത്തിൽ നിന്നുള്ള തിട്ടൂരമാണെങ്കിലും ശരി.
ഹിഷാം പരുങ്ങി. സഈദുമായി നിരന്തരം കൂടിക്കാഴ്ച നടത്തി. പക്ഷേ വഴങ്ങുന്നില്ല. ഗത്യന്തരമില്ലാതെ അദ്ദേഹം അബ്ദുൽ മലികിന് കത്തയച്ചു. മറുപടി വന്നു: “എന്താണ് സഈദിൻ്റെ പ്രശ്നം. അദ്ദേഹവും നാമും തമ്മിൽ നീരസപ്പെടേണ്ട കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലോ. അദ്ദേഹം നിലപാടിലുറച്ച് മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ നമുക്കും നിലപാട് കടുപ്പിക്കേണ്ടി വരും. മാന്യമായി വീണ്ടും ആവശ്യപ്പെടുക, ഇല്ലായെങ്കിൽ 50 അടി ശിക്ഷ നടപ്പിലാക്കുക. മദീന തെരുവുകളിലൂടെ അദ്ദേഹത്തെ നടത്തിക്കുക. ആളുകൾക്കൊരു പാഠമാകട്ടെ." തിട്ടൂരം കിട്ടി. ഹിഷാം നിലപാട് കടുപ്പിച്ചു. രംഗം പ്രക്ഷുബ്ധമാകുന്ന അവസ്ഥ വന്നു.
മദീനക്കാർ സഈദിൻ്റെ കാര്യത്തിൽ വേപഥു പൂണ്ടു. എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നത്. സഈദിൻ്റെ ജീവൻ രക്ഷിക്കണം. വിശുദ്ധ രക്തം ചിന്താൻ അനുവദിച്ചു കൂടാ. സുലൈമാൻ ബ്ൻ യസാറും ഉർവത് ബ്ൻ സുബൈറും സാലിമു ബ്നു അബ്ദുല്ലയും രംഗത്തുവന്നു. സഈദിൻ്റെ ചാരയെത്തി. വിഷയം ധരിപ്പിക്കാൻ തീരുമാനിച്ചു. അവർ പറഞ്ഞു: ഗുരോ, അങ്ങയുടെ വിഷയത്തിൽ അബ്ദുൽമലികിന്റെ തിട്ടൂരമെത്തിയിരിക്കുന്നു. ഉടമ്പടി ചെയ്യാൻ താങ്കൾ ഒരുക്കമല്ലെങ്കിൽ പിരടി വെട്ടുക എന്നതാണ് കൽപ്പന. അതുകൊണ്ട് മൂന്നാലൊരു കാര്യം അവിടുന്ന് ചെയ്യാൻ തയ്യാറാകണമെന്നാണ് ഞങ്ങളുടെ അപേക്ഷ.
ഒന്നുകിൽ കത്തു വായിച്ചു ഉടമ്പടി നിർദേശം വയ്ക്കുമ്പോൾ താങ്കൾ അതേ എന്നോ ഇല്ല എന്നോ പറയാതിരിക്കുക. അവർ പറഞ്ഞു തീർന്നില്ല. ഉടനെ സഈദിന്റെ പ്രതികരണം വന്നു: പറ്റില്ല. ഞാൻ ഒരിക്കലും ഈ ഒരു നിലപാട് എടുക്കില്ല. അങ്ങനെ ഞാൻ ചെയ്താൽ സഈദ് ഉടമ്പടി ചെയ്തുവെന്ന് ജനങ്ങൾ പറഞ്ഞു നടക്കും. ഞാൻ അത് ചെയ്തിട്ടില്ലല്ലോ. അതേസമയം ഉടമ്പടിക്ക് ഞാനില്ല എന്ന് വ്യക്തമായി പറഞ്ഞാൽ പിന്നെ എൻ്റെ പേരിൽ ഉടമ്പടി ചെയ്തു എന്ന് വരുത്തിതീർക്കാൻ ആർക്കും സാധ്യമല്ല". മൂവർ സംഘം എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി. അവർ രണ്ടാമത്തെ കാര്യം മുന്നിൽ വച്ചു. "താങ്കൾ കുറച്ച് ദിവസം സ്വന്തം വീട്ടിൽ മാത്രം ഇരിപ്പുറപ്പിക്കുക. നിസ്കാരത്തിനു പോലും പുറത്തിറങ്ങരുത്. താങ്കളെ തേടി ഉദ്യോഗസ്ഥർ സദസ്സുകളിലേക്ക് വരുമ്പോൾ കാണാതിരുന്നാൽ അവർ അങ്ങയെ വിട്ടുകളഞ്ഞേക്കും. പക്ഷേ ഗുരു പറഞ്ഞു: എന്റെ തലയ്ക്കു മുകളിൽ നിസ്കാരത്തിന് വരൂ വിജയത്തിലേക്ക് വരൂ എന്ന വിളി ഉയരുമ്പോൾ ഞാൻ പള്ളിയിലേക്ക് പോകാതിരിക്കുകയോ? ഇല്ല, ഒരിക്കലും ഇല്ല." അവർ വീണ്ടും നിരാശരായി. രണ്ടു കാര്യങ്ങളും ഗുരു തള്ളിയിരിക്കുന്നു. ഇനി ഒന്നു മാത്രം ബാക്കി. അവർ പറഞ്ഞു: താങ്കൾ ഇവിടം വിട്ടു മറ്റെവിടെയെങ്കിലും പോവുക. സ്വാഭാവികമായും താങ്കളെ സദസ്സുകളിൽ തേടി വരുമ്പോൾ കാണാതിരുന്നാൽ അവർ പിന്തിരിഞ്ഞുകൊള്ളും. പക്ഷേ ഇബ്നുൽ മുസയ്യബിന്റെ പ്രതികരണം രൂക്ഷമായിരുന്നു "പടപ്പുകളെ പേടിച്ച് നാടുവിടുകയോ. ഇല്ല ഒരു ചാൺ പോലും ഞാൻ മുന്നോട്ടോ പിന്നോട്ടോ ഈ സ്ഥലത്ത് നിന്ന് മാറുകയില്ല.
മൂവർ സംഘം നിരാശരായി. മൂന്ന് നിർദേശങ്ങളും സഈദ് തള്ളിയിരിക്കുന്നു. ളുഹ്റിൻ്റെ സമയമായി. അവർ പള്ളിയിലേക്ക് നീങ്ങി. സ്ഥിതി അറിഞ്ഞ അബ്ദുറഹ്മാൻ ഇബ്നു അബ്ദുൽ ഖാരിഉം ഇടപെടാൻ താല്പര്യപ്പെട്ടു. സഈദിനെ ഭരണകൂട ഭീകരതയിൽ നിന്നും രക്ഷിക്കാൻ ഒരു ശ്രമം നടത്തി. അദ്ദേഹം വന്നു പറഞ്ഞു: മൂന്നാലൊരു കാര്യം താങ്കൾ ചെയ്യണം. ഒന്നുകിൽ ഈ ഇരിപ്പിടം തൽക്കാലം ഉപേക്ഷിക്കുക. ഹിഷാം അന്വേഷിക്കുമ്പോൾ കാണാതിരുന്നാൽ പ്രശ്നമുണ്ടാകില്ല. ഇല്ലെങ്കിൽ ഉംറക്ക് പോവുക. അതുമല്ലെങ്കിൽ ഉടമ്പടി ചെയ്യാൻ സന്നദ്ധമാവുക. പക്ഷേ മൂന്ന് അഭിപ്രായത്തോടും ഗുരു വിയോജിച്ചു തന്നെ നിന്നു. " 40 കൊല്ലമായി ഞാൻ വസിക്കുന്ന ഇടം തൽക്കാലം മാറാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് മനസ്സിൽ പൂർണ്ണമായ സോദ്ദേശമില്ലാതെ ഒരു ഉംറ; അതും ഞാൻ ഉദ്ദേശിക്കുന്നില്ല. വെറുതെ എന്തിന് പണം ചെലവാക്കണം. ശരീരത്തെ ക്ലേശപ്പെടുത്തണം. പിന്നെ ഉടമ്പടിയുടെ കാര്യം; ഉടമ്പടി ചെയ്യാൻ എനിക്കു മനസ്സില്ല. താങ്കൾക്കൊക്കെ എന്തുപറ്റി? താങ്കളുടെ കണ്ണുപോലെ ഖൽബും അന്ധമായി പോയോ. അബ്ദുറഹിമാന് കാഴ്ചശക്തിയില്ലായിരുന്നു. ഈയൊരു ഉടമ്പടിക്ക് എന്നെ കിട്ടില്ല.
ശ്രമങ്ങളെല്ലാം വിഫലമായി. ളുഹ്ർ വാങ്ക് കൊടുത്തു. നിസ്കരിക്കാൻ വേണ്ടി സഈദ് പള്ളിയിലേക്ക് പുറപ്പെട്ടു. സാധാരണ ഇരിക്കുന്ന സ്ഥലത്ത് തന്നെയിരുന്നു. ഗവർണർ നിസ്കാരം നിർവഹിച്ചു. സഈദിനെ വിളിക്കാൻ ആളെ വിട്ടു. സഈദ് വന്നു. ഗവർണർ തീരുമാനം പറഞ്ഞു: "അമീർ കൽപ്പിച്ചിരിക്കുന്നു; താങ്കളോട് ഉടമ്പടി ചെയ്യാൻ. ഇല്ലെങ്കിൽ പിരടി വെട്ടാൻ. " പക്ഷേ സഈദ് കുലുങ്ങിയില്ല. അദ്ദേഹം പറഞ്ഞു: 'ഒരേ സമയം രണ്ടു ഉടമ്പടി അല്ലാഹുവിൻ്റെ ദൂതർ വിലക്കിയതാണ്. എന്നെ അതിന് കിട്ടില്ല" പിന്നെ മാർഗ്ഗമുണ്ടായില്ല. ഗവർണർ തീരുമാനത്തിൽ ഉറച്ചു. ഗുരുവിന് ശിക്ഷ നടപ്പിലാക്കാനായി കൽപ്പിച്ചു. അടി ശിക്ഷയായിരുന്നു ഉദ്ദേശ്യം. ഉദ്യോഗസ്ഥന്മാർ രംഗത്തുവന്നു. ഒരു ബർമുഡ സഈദിനെ ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം ധരിക്കാൻ കൂട്ടാക്കിയില്ല. അപ്പോൾ പോലീസുകാർ പറഞ്ഞു:"അബൂ മുഹമ്മദ് കൊലയാണ് നടക്കാൻ പോകുന്നത് .നഗ്നത മറക്കുക". അപ്പോൾ ഗുരു അത് ധരിക്കാൻ സന്നദ്ധമായി. വാൾ ഊരപ്പെട്ടു. കഴുത്തു നീട്ടിപ്പിടിച്ചു. പക്ഷേ ശിക്ഷ അടിയിൽ ഒതുക്കി. എല്ലാം കഴിഞ്ഞപ്പോൾ പോലീസുകാർ പറഞ്ഞു. അയ്ലാ നാട്ടുകാരായിരുന്നു പോലീസുകാർ.റജാഉബ്ൻ ജമീലുൽ അയ്ലിയാണ് പറഞ്ഞത്: "ഞങ്ങൾ താങ്കളെ പറ്റിക്കുകയായിരുന്നു. വധശിക്ഷ അല്ല അടി ശിക്ഷ തന്നെയാണ് തീരുമാനമുണ്ടായിരുന്നത്. "
അപ്പോൾ ഗുരു പറഞ്ഞു: "വധശിക്ഷയാണ് നടപ്പിലാക്കുന്നത് എന്നാണ് ഞാൻ കരുതിയത്. ഇല്ലെങ്കിൽ ഈ ബർമുഡ ധരിക്കാൻ എന്നെ കിട്ടില്ലായിരുന്നു."
