ഇബ്നുൽ മുസിയ്യബിന് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ അത് അദ്ധേഹം സ്വയം ത്യജിച്ചു കച്ചവടത്തിലേക്ക് നീങ്ങിയതാണ് ചരിത്രം. കച്ചവടം ഇസ്ലാം പുണ്യമായി ഗണിക്കുന്നു. തിരുനബി പറഞ്ഞത് നിങ്ങളുടെ ജീവിതമാർഗങ്ങളിൽ പത്തിൽ ഒമ്പതും കച്ചവടത്തിൽ നിക്ഷിപ്തമാണെന്നാണ്. .ഏറ്റവും നല്ല വരുമാനം കുറ്റമറ്റ വ്യാപാരമാണെന്നും തിരുനബി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഗുരു ഉൾക്കൊണ്ടു. കച്ചവടത്തിലേക്ക് ഇറങ്ങി.
പഠന സപര്യക്കും വിജ്ഞാന പ്രസരണത്തിനും തടസ്സമാകാത്ത വിധമായിരുന്നു ഇത്. ധാരാളം സമ്പാദിച്ചു കൂട്ടുക എന്നതായിരുന്നില്ല ലക്ഷ്യം. ജീവിതം മുന്നോട്ട് നയിക്കാൻ ആവശ്യമായതും അപരനെ സഹായിക്കാൻ പോന്നതും സമ്പാദിക്കുക എന്ന മനസ്സായിരുന്നു ഗുരുവിന്.
താൻ തിരഞ്ഞെടുത്ത കച്ചവടം സൈത്ത് വിൽപ്പനയായിരുന്നു. ഖുർആനിൽ പരാമർശമുള്ളതാണ് സൈത്ത്. പിതാവ് പാരമ്പര്യമായി സൈത് കച്ചവടം ചെയ്തിരുന്ന ആളായിരുന്നു. അതിൻ്റെ തുടർച്ച തന്നെയാണ് സഈദും ഏറ്റെടുത്തത്. പിതാവിൻ്റെ ഉപഭോക്താക്കളുടെ ബന്ധം തനിക്ക് തുണയായി. കച്ചവടം മറ്റുള്ളവരെ ഏൽപ്പിച്ചു വീട്ടിലിരിക്കുന്നത് ബുദ്ധിയല്ല എന്നായിരുന്നു ഗുരുവിൻ്റെ വീക്ഷണം. അങ്ങാടിയിലേക്ക് നിരന്തരമായി യാത്രകൾ ചെയ്തു.
ഇംറാനുബ്ൻ അബ്ദുല്ല പറയുന്നുണ്ട്: സഈദ്ബ്നുൽ മുസയ്യിബ് ധാരാളമായി ചന്തയിലേക്ക് പോയി വരുമായിരുന്നു. 400 ദീനാർ വെച്ചാണ് കച്ചവടം ആരംഭിക്കുന്നത്. നല്ല ലാഭം കൊയ്തു. അതെല്ലാം നല്ല വിധേന ചെലവാക്കി. അതേസമയം കൊള്ളലാഭം എടുത്തില്ല. കച്ചവടത്തിന്റെ ആത്മീയ മര്യാദകൾ പാലിച്ചു തന്നെ മുന്നോട്ടുപോയി. ഒരാൾക്ക് വിൽക്കാൻ ഉറച്ചതിൽ കൂടുതൽ വില ആരെങ്കിലും വന്നു പറഞ്ഞാൽ കൊടുക്കുമായിരുന്നില്ല. വിൽക്കാൻ തീരുമാനിച്ച ആൾക്ക് തന്നെ കുറഞ്ഞ വിലയ്ക്ക് നൽകും. വ്യാപാരരംഗത്ത് നല്ല കാഴ്ചപ്പാട് തന്നെ ഗുരുവിന് ഉണ്ടായിരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യാപാരമാണ് വസ്ത്രക്കച്ചവടം എന്ന് അദ്ദേഹം പറയാറുണ്ട്. പക്ഷേ വസ്ത്രം വിൽപ്പന നടത്തുമ്പോൾ ചില ആളുകൾ അനാവശ്യ സത്യങ്ങൾ ചെയ്യുന്നു. അതാണ് ഒരു കുഴപ്പം. അത് ഉചിതമല്ല. ഗുരുവിന്റെ പക്ഷമിതായിരുന്നു.
കണക്കുകൾ കൃത്യമാവുക എന്നത് കച്ചവടത്തിന്റെ മർമ്മമാണ്. ഗുരു ഈ കാര്യത്തിൽ ശ്രദ്ധിച്ചു. കൂടെയുള്ളവർക്ക് മതിയായ നിർദ്ദേശം നൽകി. ഒരിക്കൽ ഭൃത്യനോട് കാര്യമായ ഉപദേശത്തിലാണ് ഗുരു. ഒരു ദിർഹമിന്റെ മൂന്നിൽ രണ്ടുമായി ബന്ധപ്പെട്ടാണ് ഉപദേശം. അപ്പോഴാണ് തൻ്റെ പിതൃവ്യപുത്രൻ 4000 ദിർഹമുമായി കടന്നുവരുന്നത്. ഗുരുവിന് അത് വെച്ച് നീട്ടി. പക്ഷേ അദ്ദേഹം അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പണത്തോടുള്ള ആർത്തിയായിരുന്നില്ല ഭൃത്യനോടുള്ള പെരുമാറ്റത്തിന്റെ പാശ്ചാത്തലം. മറിച്ച് വ്യാപാര മര്യാദകൾ പാലിക്കണമെന്ന് ശഠിക്കുകയും പഠിപ്പിക്കുകയുമായിരുന്നു. സഈദുബ്നുൽ മുസയ്യബിന്റെ സാമ്പത്തിക കാഴ്ചപ്പാട് സുതാര്യമായിരുന്നു.
അദ്ദേഹം പറഞ്ഞത്, ഹലാലായി സമ്പാദിക്കാത്തവനിൽ ഒരു നന്മയും ഇല്ല എന്നാണ്. ബാധ്യതപ്പെട്ടത് അതിൽ നിന്ന് നൽകണം. ജനങ്ങളോട് യാചിക്കുന്നത് അതുകൊണ്ട് നിർത്താനാകണം. സമ്പാദ്യത്തോടും സമ്പാദനത്തോടും നമുക്ക് ഇഷ്ടവും പ്രതിബദ്ധതയും വേണം. കാരണം അതുകൊണ്ടാണ് കുടുംബബന്ധം ചേർക്കാനാവുക. പ്രതീക്ഷിക്കുന്നവരെ സഹായിക്കാനാവുക. പ്രബഞ്ചനാഥന്റെ പടപ്പുകളോട് യാചിക്കാതെ കഴിയാനാവുക. യഹ്യബിന് സഈദ് പറയുന്നുണ്ട്: സഈദ് ബ്ൻ മുസയ്യബ് മരിക്കുമ്പോൾ 2000 അല്ലെങ്കിൽ 3000 ദീനാർ ബാക്കി വെച്ചിരുന്നു. ഈ ബാക്കിവെപ്പിനെ പറ്റി മരണത്തിനു മുമ്പ് പറഞ്ഞത് ഇങ്ങനെ: "എൻ്റെ ദീനും എൻ്റെ തറവാടും സുരക്ഷിതമാകട്ടെ എന്ന് കരുതിയാണ് ഈ സമ്പാദ്യം ബാക്കി വെക്കുന്നത്. ഗുരുവിന്റെ ഒരു പ്രാർത്ഥന പ്രസിദ്ധമാണ്: "അല്ലാഹുവേ ഞാൻ എൻ്റെ സമ്പത്തിൽ നിന്ന് കുറച്ചു പിടിച്ചു വയ്ക്കുന്നത് പിശുക്ക് കൊണ്ടല്ല. അത്യാർത്തി കൊണ്ടുമല്ല. ഭൗതികലോകത്തോടുള്ള പ്രേമം കൊണ്ടോ ഭൗതിക മോഹങ്ങളോ കൊണ്ടല്ല. മറിച്ച് ഭരണകൂടത്തിൻ്റെ ഔദാര്യത്തിൽ നിന്ന് സ്വയംപര്യപ്തനാവാനാണ്. നിന്നെ കണ്ടുമുട്ടുന്നതുവരെ ബനൂ മർവാനിനെ ആശ്രയിക്കാതെ കഴിയണം. അതാണെന്റെ ലക്ഷ്യം. പിന്നെ ബാധ്യതകൾ വീട്ടണം ബന്ധങ്ങൾ ചേർക്കണം. വിധവകളെയും പാവങ്ങളെയും അനാഥകളെയും അയൽവാസികളെയും സഹായിക്കണം. ഗുരുവിൻ്റെ പ്രാർഥന ഫലിച്ചു. ഹലാലായതു സമ്പാദിച്ചു. മിച്ചം വെച്ച് അപരരെ പരിഗണിച്ചു. സ്വന്തം ജീവിതം വിജ്ഞാനം കൊണ്ടും സമ്പത്തുകൊണ്ടും ഒരേസമയം ധന്യമാക്കി. ചുരുക്കം ചില ആളുകൾക്ക് ലഭിക്കുന്ന സൗഭാഗ്യമാണിത്. അറിവിൻ്റെ അന്തസ്സ് അങ്ങിനെ ആരുടെ മുമ്പിലും പണയപ്പെടുത്താതെ ഗുരു ജീവിച്ചു.
