അപാരമായ ഗവേഷണ മനസ്സായിരുന്നു സഈദുബ്നുൽ മുസയ്യബിന്. അതുകൊണ്ടുതന്നെ ചോദ്യങ്ങൾക്കു മുമ്പിൽ ചൂളിയില്ല. അബൂ ഇസ്ഹാഖ് പറയുന്നുണ്ട്: ഞാൻ നേരിട്ട് കണ്ടതാണ്; അക്കാലത്ത് ചോദ്യങ്ങളുമായി വിജ്ഞാന കുതുകികൾ വരും. പണ്ഡിതർ ഓരോരുത്തരായി സദസ്സിൽ നിന്ന് അവരെ തള്ളിവിടും. അവസാനം എത്തിച്ചേരുന്നത് ഇബ്നുൽ-മുസയ്യബിലേക്കായിരിക്കും. കൃത്യവും വ്യക്തവുമായ മറുപടി അദ്ദേഹത്തിനു മുമ്പിൽ ഉണ്ടാകും. ഈ തിരിച്ചറിവാണ് പണ്ഡിതരെ സഈദിലേക്ക് ആകർഷിച്ചത്. എല്ലാത്തരം ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾക്ക് സാധാരണ ധൈര്യപ്പെടുക രണ്ടു വിഭാഗമാണ്; ഒന്ന് അവിവേകികൾ. അവർ ഏതു ചോദ്യത്തിനും പ്രതികരിക്കാൻ നിൽക്കും. രണ്ടാമത്തെ കൂട്ടർ വിശാലമായ അറിവുള്ളവരാണ്. അവർ ചോദ്യങ്ങളെ മുൻകൂട്ടി കാണുന്നു. കൃത്യമായ ഉത്തരങ്ങൾ വേണ്ട സമയത്ത് അവതരിപ്പിക്കുന്നു. സഈദ് ഈ രണ്ടാം ഗണത്തിലെ നേതാവാണ്.
സ്വഹാബികളുടെ കാലത്ത് ഇല്ലാത്ത പല കർമ്മശാസ്ത്ര പ്രശ്നങ്ങളും പിൻകാലത്ത് ഇസ്ലാമിക ലോകം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെല്ലാം ഒരു ഉത്തരമായിരുന്നു സഈദ്. കർമ്മശാസ്ത്ര മേഖല സജീവമായ കാലമാണത്. സ്വഹാബികളുടെ ചുവടുപിടിച്ചു തന്നെയാണ് സഈദ് മുന്നോട്ട് പോയത്. ഖുർആൻ, സുന്നത്ത് (തിരുചര്യ ) ഇജ്മാഅ് (പണ്ഡിത ഏകോപനം) ഖിയാസ് (സമാനവിധി നിർണയം) ഈ ചതുർ പ്രമാണങ്ങളിൽ നിന്നുകൊണ്ട് കാലത്തോടും ലോകത്തോടും അദ്ധേഹം പ്രതികരിച്ചു. മദീനയായിരുന്നു സഈദിൻ്റെ അധ്യാപനകേന്ദ്രം. മദീന വിട്ട് പുറം കടക്കാൻ ആഗ്രഹിച്ചില്ല. കാരണങ്ങൾ പലതാണ്. രാഷ്ട്രീയ അധികാരം ശാമിലേക്ക് മാറിയപ്പോഴും മദീന വിജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനം നിലനിർത്തി. ഹിജ്റയുടെ നാടാണ് മദീന. തിരുനബിയുടെ ദിവ്യബോധനത്തിന്റെ നഗരി. സഹാബികളും സച്ചരിതരായ ഖലീഫമാരും ജീവിച്ച നാട്. കർമശാസ്ത്ര പണ്ഡിതരുടെ നികേതം. തിരുസുന്നത്തിന്റെ കളിത്തൊട്ടിൽ. പിന്നെയെങ്ങിനെ മദീന ഉപേക്ഷിക്കും. ഫിഖ്ഹിന്റെ ഗവേഷണ തലസ്ഥാനമായി ഇതിനകം മദീന മാറി. ലോകം കർമ്മശാസ്ത്ര വീക്ഷണങ്ങൾക്ക് വേണ്ടി മദീനയിലേക്ക് കാതോർത്തു. ഏഴു കർമ്മശാസ്ത്ര പണ്ഡിതരുടെ ഗവേഷണക്കളരി തകർത്താടിയതും മദീനയിൽ തന്നെ. നേതൃനിരയിൽ തന്നെ സഈദുണ്ട്. ഫിഖ്ഹിൽ കൃത്യമായ ധാര സഈദ് നില നിർത്തിയിരുന്നു. സ്വഹാബികളുടെയും താബിഈങ്ങളുടെയും പല കർമ്മശാസ്ത്ര വിധികളും അക്കാലത്ത് ക്രോഡീകൃതമായിരുന്നില്ല. അഥവാ പ്രത്യേക ഗ്രന്ഥം അവയുമായി ബന്ധപ്പെട്ട് വിരചിക്കപ്പെട്ടില്ല. ജനമനസ്സുകളിൽ ചിതറിക്കിടക്കുകയായിരുന്നു അവ. പിൽക്കാലത്ത് ഗ്രന്ഥങ്ങൾ കടന്നുവന്നു. അവയിലെല്ലാം തന്നെ പൂർവികരുടെ ഗവേഷണ വീക്ഷണങ്ങളും ഉണ്ടായിരുന്നു. കൂട്ടത്തിൽ സഈദിൻ്റെ സാന്നിധ്യം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഫിഖ്ഹിൻ്റെ ഒരു അധ്യായത്തിലും ഇബ്നുൽ മുസയ്യബിനെ മാറ്റിനിർത്താനാകില്ലെന്നാണ് പണ്ഡിത വീക്ഷണം. പല മദ്ഹബിന്റെ ഇമാമുമാരും ഉപ ഇമാമുമാരും പല കർമ്മ വിധികളിലും ഇബ്നുൽ മുസയ്യബിനെ ഫോളോ ചെയ്തിട്ടുണ്ട്.
