മദീനയിൽ ഒരു മനുഷ്യനുണ്ടായിരുന്നു. സ്വഹാബികളിലെ പ്രധാനികളെ മോശം പറയുന്ന സ്വഭാവം അയാൾക്കുണ്ട്. ത്വൽഹ, സുബൈർ, അലി എന്നിവരെയൊക്കെ ചീത്ത പറയും. സഈദ് ബ്നുൽ മുസയ്യബ് അയാളെ തിരുത്താൻ പലവുരു ശ്രമിച്ചു. പക്ഷേ അയാൾ നയം മാറ്റാൻ സന്നദ്ധമായില്ല. ഒരു ദിവസം സഈദ് കുപിതനായി. ഇങ്ങനെ പറഞ്ഞു:"നീ പറയുന്നത് കളവാണെങ്കിൽ അല്ലാഹു നിൻ്റെ മുഖം ഇരുണ്ടതാക്കട്ടെ " പിന്നെ അധികം താമസിച്ചില്ല. അയാളുടെ മുഖത്ത് ഒരു കുരു പ്രത്യക്ഷപ്പെട്ടു. മുഖം ക്രമേണ പൂർണമായി കറുകറുത്തു. ഒരു നീഗ്രോക്ക് സമാനമായി അയാൾ മാറി.
പ്രാർത്ഥനയ്ക്ക് പെട്ടെന്ന് പ്രത്യുത്തരം ലഭിക്കുന്ന പ്രകൃതമായിരുന്നു ഗുരുവിൻ്റെത്. ഒരിക്കലും തന്നോട് അതിക്രമം കാണിച്ചവർക്കെതിരെ പ്രാർത്ഥിച്ചില്ല. എന്നാൽ ഇസ്ലാമിനോട് ശത്രുത വെച്ചവർക്കെതിരെ പ്രാർത്ഥിച്ച അനുഭവങ്ങളുണ്ട്. തൻ്റെ എല്ലാ സദസ്സിലുമുള്ള തേട്ടങ്ങളിൽ പ്രധാനം അല്ലാഹുവേ നീ രക്ഷപ്പെടുത്തണേ രക്ഷപ്പെടുത്തണേ (അല്ലാഹുമ്മ സല്ലിം , സല്ലിം)എന്നതായിരുന്നു. നല്ല വെളിച്ചമുള്ള ഒരു രാത്രി. ഗുരു പള്ളിയിലേക്ക് ഇറങ്ങി. പ്രഭാതമായി തുടങ്ങി എന്നാണ് കരുതിയത്. പക്ഷേ പെട്ടെന്ന് ഇരുൾ മൂടി. രാത്രി തുടർന്നു. ഗുരു തന്നെ പറയട്ടെ: ഞാൻ നിസ്കരിക്കാൻ വേണ്ടി നിന്നു. അനന്തരം പ്രാർത്ഥിക്കാൻ ഇരുന്നതും എൻ്റെ പിന്നിൽ നിന്ന് ഒരു അശരീരി കേൾക്കുന്നു: "ഓ അബ്ദുല്ലാ (അല്ലാഹുവിൻ്റെ അടിമയേ) ഏറ്റുപറയൂ. ഞാൻ ചോദിച്ചു: എന്താണ് ഞാൻ ഏറ്റു പറയേണ്ടത് ? അപ്പോൾ അശരീരി പറഞ്ഞു: "അല്ലാഹുവേ, രാജാധിരാജനാണ് നീ എന്ന നിലക്ക് നിന്നോട് ഞാൻ ചോദിക്കുന്നു. നീ എല്ലാറ്റിനും കഴിവുറ്റവനാണ്. നീ ഉദ്ദേശിച്ചതാണ് ഉണ്ടാവുക " സഈദ് പറയുന്നു. ഇതിനുശേഷം ഈ പ്രാർത്ഥനാവചനം ഏതൊരു കാര്യത്തിനു വേണ്ടി ഞാൻ ഉരു വിട്ടാലും അതിൽ വിജയം കൈവരിക്കാതെ ഇരുന്നിട്ടില്ല.
ബനൂ ഉമയ്യത്തിനെതിരെ പ്രാർത്ഥിക്കണമെന്ന് പറഞ്ഞു ചിലർ വന്നു. പക്ഷേ ഗുരുവിൻ്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു : "അല്ലാഹുവേ നിന്റെ ദീനിനെ നീ ശക്തിപ്പെടുത്തണേ. നിൻ്റെ ഇഷ്ടദാസന്മാരെ സഹായിക്കണേ. നിൻ്റെ ശത്രുക്കളെ നീ പരാജയപ്പെടുത്തണേ. മുഹമ്മദീയ സമുദായത്തിന് നീ സമാധാനം നൽകണേ" ഗുരുവിൻ്റെ പ്രാർത്ഥനയുടെ പിന്നിൽ അനുഷ്ഠാനങ്ങളുടെ ബലമുണ്ടായിരുന്നു. അനാവശ്യങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചില്ല. ഒരിക്കൽ പറഞ്ഞത് ഇങ്ങനെ "മദീനയിൽ എൻ്റെ വീട് കഴിഞ്ഞാൽ പിന്നെ എൻ്റെ മകളുടെ ഭവനമല്ലാതെ തണൽ കൊള്ളാൻ മറ്റൊരു വീട് ഞാൻ ഉപയോഗിച്ചിട്ടില്ല. അവിടെ ഞാൻ ചിലപ്പോൾ ചൊല്ലും. അവൾക്ക് അഭിവാദനം അർപ്പിക്കും. പോരും " പറഞ്ഞതിന്റെ ഉദ്ദേശ്യം സ്വന്തം വീടും പള്ളിയും അല്ലാതെ മറ്റൊരിടത്തും പാറി നടക്കാൻ തനിക്കു സമയമുണ്ടായിരുന്നില്ല എന്നാണ്. സമശീഷർ ഗുരുവിനെപ്പറ്റി പറഞ്ഞത് നബിവചനവും ഖുർആൻ വ്യാഖ്യാനവും കർമ്മ ശാസ്ത്രവും സൂക്ഷ്മതയും ആരാധനയും മേളിച്ച മഹാൻ എന്നാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു. ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ചു. ഇത്തരമൊരാൾക്ക് മറ്റൊന്നിനും സമയം ലഭിക്കുമായിരുന്നില്ല.
ആരാധനാകർങ്ങളുടെ കാര്യത്തിൽ തന്റെ കാഴ്ചപ്പാട് വളരെ സുതാര്യമായിരുന്നു. കടം വാങ്ങി ഹജ്ജിനും ഉംറക്കും പോകുന്ന ചിലരുണ്ടായിരുന്നു അക്കാലത്ത്. പിന്നീട് ആ കടം വീട്ടാനാവാതെ അവർ മരിച്ചുപോകും. ഗുരു ഇതിനെതിരായിരുന്നു. അദ്ദേഹം പറയും: ആ ഹജ്ജിനേക്കാളും ഉംറയെക്കാളും ജുമുഅ നിസ്കാരമാണ് എനിക്ക് പ്രിയങ്കരം "ജുമുഅ പാവങ്ങളുടെ ഹജ്ജാണെന്നാണല്ലോ പ്രമാണം. ആരാധനയുടെ മർമമാണ് സാമ്പത്തിക വിശുദ്ധി. ഇതിൽ ഗുരു വിജയിച്ചു. തൻ്റെ വീട്ടിലേക്കും വയറ്റിലേക്കും കയറ്റുന്നതെന്തിലും തികഞ്ഞ സൂക്ഷ്മത പാലിച്ചു. ജനങ്ങളുടെ കൈകളിൽ ഉള്ളതിൽ നിന്നു സ്വയം വിരക്തി കൊണ്ടു. സംസാരത്തിലും സൂക്ഷ്മത പാലിച്ചു. ആവശ്യമില്ലാത്തതിൽ ഇടപെട്ട് സംസാരിച്ചില്ല. സമഗ്രമായ സൂക്ഷ്മത ജീവിതത്തെ ചൂഴ്ന്ന് നിന്നു. വ്രതമനുഷ്ഠിച്ചാൽ പള്ളിയിൽ വച്ചായിരുന്നു നോമ്പ് തുറക്കുക. മൂന്ന് ഈത്തപ്പഴവും വെള്ളവും ഉപയോഗിക്കും. അനന്തരം നിസ്കാരം. പിന്നീട് വീട്ടിലെത്തിയിട്ടായിരിക്കും നോമ്പ് തുറ പൂർത്തീകരിക്കുക. ലളിതമായിരുന്നു ഭക്ഷണം. അധികവും സൈത്തും പത്തിരിയും കഴിച്ചു. ഇങ്ങനെ പറയുമായിരുന്നു : അല്ലാഹുവിനെ കൊണ്ട് ആരെങ്കിലും മതിയാക്കിയാൽ ജനങ്ങൾ അവനിലേക്ക് ആവശ്യമുള്ളവരായി മാറും. ഈ ലോകം നിന്ദ്യമാണ്. എല്ലാ നിന്ദ്യമായതിലേക്കും ചായുന്നതാണ്. അതിൽ ഏറ്റവും നിന്ദ്യമായത് അന്യായമായി സമ്പാദിക്കുന്നവയാണ്. വിധിപ്രകാരം അല്ലാതെ ചെലവാക്കുന്നവയും".
