തിരുനബിയുടെ സ്ഥിരം ശൈലിയാണ് പുതുതായി ആരു വന്നാലും പേര് ചോദിക്കുക എന്നത്. അസാംഗത്യം തോന്നിയാൽ പേരു മാറ്റാനും നബി ആവശ്യപ്പെടും. പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം നബിക്കില്ല. പേരിൽ പലതും ഇരിക്കുന്നു എന്ന് തന്നെയാണ് നബിപക്ഷം. ഇപ്പോഴതാ ഒരാൾ ആഗതനായിരിക്കുന്നു. ഇസ്ലാമിനെ കേട്ടറിഞ്ഞു പുൽകുന്നതിനു വേണ്ടിയാണ് അയാൾ വന്നിട്ടുള്ളത്. നബി ചോദിച്ചു: "താങ്കളുടെ പേരെന്താണ്?
അയാൾ പറഞ്ഞു: "അന ഹസ്ൻ" (ഞാൻ ഹസ്നാണ്) എടുത്തടി നബി പറഞ്ഞു : അല്ല താൻ സഹലാണ്".
രണ്ടു നാമവും തമ്മിൽ അർത്ഥത്തിൽ അന്തരമുണ്ട്. ഹസ്ൻ എന്നാൽ അറബിയിൽ ദുഃഖം പ്രയാസം എന്നെല്ലാമാണ്. ഒരാളുടെ പേര് അങ്ങനെ ആയിക്കൂടാ. അതിൽ അസാംഗത്യമുണ്ട്. തിരുനബി തിരുത്തി. സഹ്ൽ എന്നാക്കി. അർത്ഥം സുഗമം, നിഷ്പ്രയാസം എന്നെല്ലാമാണ്. പക്ഷേ നവാഗതൻ പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ.. എൻ്റെ മാതാപിതാക്കൾ എനിക്കിട്ട പേരാണിത്. ജനങ്ങൾക്കിടയിൽ ഞാൻ ഇങ്ങനെ അറിയപ്പെടുകയും ചെയ്യുന്നു. "
മാറ്റാൻ സാങ്കേതിക പ്രയാസമുണ്ടെന്ന് സൂചന. നവാഗതന്റെ മനോഗതം തിരുനബി തിരിച്ചറിഞ്ഞു. അവിടുന്ന് പിന്നീട് ഒന്നും പ്രതികരിച്ചില്ല. തീർത്തും മൗനിയായി.
ഹസ്നിന് പിൽക്കാലത്ത് ഒരു മകൻ ജനിച്ചു. പേര് മുസയ്യബ്. മുസയ്യബിന് ഒരു മകൻ ജനിച്ചു. പേര് സഈദ്. വിജയി എന്നർത്ഥം. ചരിത്രത്തിൽ പിൽക്കാലത്ത് പ്രസിദ്ധനായ താബിഈ നേതാവായി ഇദ്ദേഹം മാറി. തൻ്റെ പിതാമഹന്റെ കഥയെ പിൽക്കാലത്ത് ഉദ്ധരിച്ചു സഈദ് പറയുമായിരുന്നു.
"പിതാമഹനോട് തിരുനബി പേര് തിരുത്താൻ സൂചിപ്പിച്ച അന്ന് മുതൽ ഞങ്ങളുടെ കുടുംബത്തിൽ പ്രയാസം വിട്ടുമാറിയിട്ടില്ല".
സഈദിന്റെ പൂർണ്ണനാമം അബൂ മുഹമ്മദ് സഈദ്ബ്ൻ മുസയ്യബ് എന്നാണ് .
ജനനം മദീനയിൽ. ഉമർ അധികാരപഥത്തിൽ വന്ന് രണ്ടുവർഷം പിന്നിട്ടതിന് പിറകെയാണിത്. ഹിജ്റ 15ൽ. പിതാവ് മുസയ്യബും പിതാമഹൻ ഹസ്നും പ്രമുഖരായ സ്വഹാബികളായിരുന്നു. അറബികളിൽ പുകൾപെറ്റ കുടുംബം.
ബനൂ മഖ്സൂം ഗോത്രക്കാരാണിവർ. മക്കത്ത് അവരുടെ ഖ്യാതി വളരെ വലുതായിരുന്നു. ആർജ്ജവവും ആധികാരികതയും എന്നും നിലനിർത്തി. ആത്മധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും പ്രതിരൂപങ്ങളായി അവർ പരിലസിച്ചു. ഇതിൻ്റെ അടയാളപ്പെടുത്തലായിരുന്നു പിതാമഹന്റെ യമാമയിലെ രക്തസാക്ഷിത്വം. ഹിജ്റ 12 ലാണത്. വ്യാജപ്രവാചകൻ മുസൈലിമതുൽ കദ്ദാബിനെതിരെ നടന്ന പോരാട്ടത്തിലായിരുന്നു അന്ത്യം.
സഈദിൻ്റെ മാതാവ് ഹകീമുബ്ൻ ഉമയ്യത്തിന്റെ പുത്രിയായിരുന്നു. ഉമ്മുസഈദ് എന്നാണ് അറിയപ്പെട്ടത്. അഥവാ സഈദിന്റെ മാതാവ്'. ആത്മാഭിമാനിയായിരുന്നു ഉമ്മു സഈദ്. സ്വന്തം വിശ്വാസം കാത്ത് പരി രക്ഷിക്കുന്നതിൽ ആരെയും ഭയന്നില്ല. ഉത്തമ മഹിളയായി ജീവിച്ചു. നല്ല ശീലങ്ങളെ വളർത്തി. ധാർമികത കാത്തുസൂക്ഷിച്ചു. ഏവർക്കും മാതൃകയാകാൻ പരിശ്രമിച്ചു.
