ജ്ഞാനാന്വേഷണത്തിൻ്റെ പ്രതീകമായിരുന്നു സുഹരി എന്നവർ. സഈദു ബ്ൻ മുസയ്യിബിനെ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി. സുഹരി തന്നെ പറയട്ടെ: ജനങ്ങൾക്കിടയിൽ വലിയ സ്ഥാനം ഗുരുവിന് ഉണ്ടായിരുന്നു. ജീവിതവിശുദ്ധിയും സൂക്ഷ്മതയും സത്യം തുറന്നു പറയാനുള്ള ആർജ്ജവവുമെല്ലാം തന്നെയായിരുന്നു കാരണം. ഭരണാധികാരികളെ വെടിഞ്ഞു. അറിവിൽ ഗുരുവിനോട് കിടപിടിക്കാൻ കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. ആഴത്തിലുള്ള ജ്ഞാനമായിരുന്നു ഗുരുവിൻ്റെത്. ഏത് വിഷയത്തിലും കാഴ്ചപ്പാട് കൃത്യവും വ്യക്തവുമായിരുന്നു. ഏത് ചോദ്യത്തിനും മറുപടി ലഭിക്കും.
ആദ്യമൊക്കെ ഞങ്ങൾ ചോദിക്കാൻ മടിച്ചു. അതിനിടയിൽ ഒരു അപരിചിതൻ വന്നു. ചില ചോദ്യങ്ങളുതിർത്തു. അതോടുകൂടി ചോദ്യങ്ങളുടെയും ചർച്ചകളുടെയും വാതിലുകൾ മലർക്കെ തുറയ്ക്കപ്പെടുകയായി. ഞാൻ ഓർക്കുന്നുണ്ട്. അബ്ദുല്ലാഹിബിനു സഅ്ലബൻ്റെ ക്ലാസിലായിരുന്നു ആദ്യം ഞാൻ പങ്കെടുത്തിരുന്നത്. പരമ്പരാഗത ശാസ്ത്രം പഠിക്കൽ ഒരു ലക്ഷ്യമായിരുന്നു. ഒരു ദിവസം ഒരു അപരിചിതൻ ക്ലാസിലേക്ക് വന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട ദുർഘടമായ ഒരു ചോദ്യം ഉന്നയിച്ചു. പക്ഷേ ഇബ്നു സഅ്ലബ സഈദിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു: അയാളോട് ചെന്നു ചോദിക്കൂ. ഇത് കണ്ടതും ഞാൻ മനസ്സിൽ പറഞ്ഞുപോയി. ഇയാൾ സഈദിനെക്കാൾ കാലം കൊണ്ട് എത്രയോ മുതിർന്ന ആളല്ലേ. എന്നിട്ടെന്താണിങ്ങനെ പറഞ്ഞുവിടുന്നത് എന്ന്. ഞാൻ അവിടെ നിന്ന് എഴുന്നേറ്റു. ചോദ്യകാരന്റെ പിന്നാലെ ചെന്നു. അയാൾ സഈദിനോട് ചോദ്യം ചോദിച്ചു. വളരെ കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞു. അന്നുമുതൽ ഞാൻ സഈദിൻ്റെ ക്ലാസിലെ സ്ഥിരപഠിതാവായി. പത്തുവർഷം അത് തുടർന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ഒറ്റദിവസം പോലെയാണ് തോന്നുന്നത്. അത്രമാത്രം ആനന്ദപൂർണമായിരുന്നു പഠനം. ഗുരു അനുദിനം ഉയരങ്ങളിലേക്ക് നീങ്ങി. മദീനയിൽ ഫത്വ ചോദിക്കപ്പെടുന്ന പ്രമുഖനായി മാറി. നബിവചന ശാസ്ത്രത്തിലും ഖുർആൻ വാഖ്യാനത്തിലും മാത്രമായിരുന്നില്ല സഈദിൻ്റെ മിടുക്ക്. മറിച്ച് ജനങ്ങളുടെ വംശ ചരിത്രവും സ്വപ്നവ്യാഖ്യാനവും എല്ലാം കൈവശമുണ്ടായിരുന്നു.
ആളുകൾക്ക് മനസ്സിൽ തട്ടുന്ന ഉപദേശനിർദ്ദേശങ്ങൾ ഗുരു നൽകി. അല്ലാഹുവിൻ്റെ ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്ന പ്രഭാഷണങ്ങൾ നടത്തി. കേട്ടവർ കേട്ടവർ മനം മാറി. മതത്തിന്റെ നിയമങ്ങൾ അനുസരിക്കാതിരിക്കുന്നതിന് എതിരെ ശക്തമായി ഉത്ബോധിപ്പിച്ചു.
കവിത കേൾക്കാൻ ഇഷ്ടമായിരുന്നു. പക്ഷേ കാവ്യം രചിക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗുരുവിനെ തേടി ജ്ഞാനികൾ എത്തി. തിരുനബിയുടെയും അബൂബക്റിന്റെയും ഉമറിന്റെയും ഉസ്മാനിന്റെയും മുആവിയുടെയും മത തീർപ്പുകൾ ഇത്രമാത്രം അറിയുന്ന ഒരാൾ ഉണ്ടായിരുന്നില്ല. തിരുനബിയുടെ പ്രമുഖ സ്വഹാബികൾ ജീവിച്ചിരിക്കുമ്പോൾ തന്നെ കർമ്മപ്രശ്നങ്ങളിൽ ഫത് വകൾ ഗുരു നൽകിപ്പോന്നു. തനിക്കു സന്ദേഹം വന്നാൽ ഇബ്നു ഉമർ പറയും: "നിങ്ങൾ സഈദുബ്ൻ മുസയ്യബിനോട് ചോദിക്കുക, അദ്ദേഹം സച്ചരിതരുമായി സഹവസിച്ച വ്യക്തിയാണ്. തികഞ്ഞ പണ്ഡിതന്മാരിൽ ഒരാൾ. തിരുനബി അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിൽ വല്ലാതെ സന്തോഷിക്കുമായിരുന്നു."
