ശിഷ്യഗണങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു സഈദുബ്ൻ മുസയ്യബിൻ്റെ ജീവിതം. നിരവധിപേർ തന്നിൽ നിന്ന് ഹദീസുകൾ നുകർന്നിട്ടുണ്ട്. പലരും വിടാതെ പിന്തുടർന്ന് പഠിച്ചു. അതിൽ പ്രസിദ്ധനായിരുന്നു തൻ്റെ മകൻ മുഹമ്മദ്. മറ്റു ചില ശിഷ്യരുടെ പേരുകൾ പറയാം. സാലിം ഇബ്നു അബ്ദുല്ലാഹിബ്ൻ ഉമർ, മുഹമ്മദ് ബിനു ശിഹാബുസ്സുഹ്രി, അംറുബ്നുദീനാർ, ഖതാദ, ശരീക്ബ്നു അബീ നംർ, അബുസുനാദ്, സഅ്ദു ബിനു ഇബ്രാഹിം, അംറുബ്ൻ മുർറ: ബുകയ്റുബ്നുൽ-അശ്ജഅ്, യഹ്യബുനുസഈദ്, ദാവൂദ് ഇബ്നു അബീ ഹിൻന്ദ്, താരിഖ്ബ്നു അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ്ബ്നു ജുബൈർ, അബ്ദുൽ ഖാലിഖ്ബ്നു സലമ, അബ്ദുൽ മജീദ് ബ്നു സുഹൈൽ, അംറുബ്നു മുസ്ലിം, അബൂജഅ്ഫർ അൽബാഖിർ, ഇബ്നുൽമുൻകദിർ, ഹാഷിംബ്നു ഹാഷിം, യൂനുസ് ബ്നു യൂസുഫ്, മുഹമ്മദ്ബ്നു അംറുബ്നു അത്വാഅ്, ത്വാരിഖ് ബ്നു ശിഹാബ്, മുഹമ്മദുബ്നു അലി ഇബ്നു അൽ ഹുസൈൻ, അബ്ദുറഹ്മാൻ ഇബ്നു ഹമീദ് അസ്സുഹ്രി', അമാറതുബ്നു അബ്ദുല്ലാഹിബിനു സയ്യാദ് ഇങ്ങനെ പോകുന്നു ശിഷ്യ നിര. എല്ലാവരും ഗുരുവിനെ മാനിച്ചതിന് കണക്കില്ല. അവരുടെ മുഖ്യ ജ്ഞാനാവലംബം സഈദായിരുന്നു.
പണ്ഡിതലോകം ഗുരുവിനെ വല്ലാതെ പുകഴ്ത്തി. മദീനക്കാർ താബിഉകളുടെ നായകനായി കണ്ടു. അഞ്ചാം ഖലീഫയായി വിശേഷിപ്പിക്കപ്പെടുന്ന ഉമറുബ്നു അബ്ദുൽ അസീസ് ഏത് വിഷയത്തിൽ തീർപ്പെടുക്കുകയാണെങ്കിലും സഈദിനോട് ചോദിക്കുമായിരുന്നു. മദീനയിൽ നിന്ന് ഏത് പണ്ഡിതൻ വരികയാണെങ്കിലും സഈദുബ്ൻ മുസയ്യബിൻ്റെ ജ്ഞാനങ്ങളുമായിട്ടല്ലാതെ എന്റെ അരികിലേക്ക് വരാറില്ല എന്ന് ഉമറുബ്നു അബ്ദുൽഅസീസ് പറയാറുണ്ട്. നാഫിഅ് പറയുന്നു: സഈദ് ദൃഢജ്ഞാനികളിൽ പെട്ട ആളാണ് പ്രമുഖനായ മുഹമ്മദ് ബിനു ജുബൈറുബ്നു മുത്ഇം വരെ സഈദിനോട് ഫത്വകൾ ചോദിച്ചിരുന്നു. മൈമൂനുബ്നു മിഹ്റാൻ പറയുന്നത് ഇങ്ങനെ: ഞാൻ മദീനയിൽ എത്തിയപ്പോൾ മദീനയിലെ ഏറ്റവും വലിയ ജ്ഞാനിയെപ്പറ്റി അന്വേഷിച്ചു ജനങ്ങൾ എന്നെ പറഞ്ഞയച്ചത് സഈദുബ്ൻ മുസയ്യബിൻ്റെ അരികിലേക്കായിരുന്നു.
ഷാമിലെ പ്രമുഖ പണ്ഡിതനായ മക്ഹൂൽ പറഞ്ഞത് "ഞാൻ ഉലകം ചുറ്റിയിട്ടുണ്ട്, എന്നാൽ സഈദിനെക്കാൾ വലിയ ഒരു ജ്ഞാനിയെ കണ്ടിട്ടില്ല. അദ്ദേഹം ആലിമുൽ ഉലമയാണ്. അഥവാ പണ്ഡിതന്മാരുടെ പണ്ഡിതൻ. ഇസ്മാഈലുബ്ൻ ഉമയ്യത്തും ഇങ്ങനെ പറഞ്ഞതായി കാണാം.
ആർക്കരികിലുമില്ലാത്ത അറിവുകൾ സഈദിന് ഉണ്ടെന്ന് സുഹ് രി പറയുന്നു. ഹറാമും ഹലാലും (മതത്തിൽ നിശിദ്ധമായതും അനുവദനീയമായതും) ഇത്ര അറിയുന്ന ഒരാൾ വേറെ ഇല്ലെന്ന് ഖതാദ. ഹസ്സനുൽ ബസ്വരി അഗാധ ജ്ഞാനിയായിരിക്കെ തന്നെ വല്ല സംശയവും വന്നാൽ ഇബ്നുൽ മുസയ്യിബനോട് എഴുതി ചോദിക്കുകയായിരുന്നു പതിവ്. താബിഈ പണ്ഡിതരിൽ ഇത്ര ജ്ഞാനിയായ ഒരാളെ എനിക്കറിയില്ല എന്ന് അലിയ്യുബ്നിൽ മദീനി പറഞ്ഞിട്ടുണ്ട്. ഇമാം ഷാഫിഇയും അഹ്മദുബ്നു ഹമ്പലും ഹദീസ് വിഷയത്തിൽ സഈദുബ്ൻ മുസയ്യബിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്ന് സൂചിപ്പിച്ചതായി കാണാം.
