മഴ കിനിഞ്ഞു പെയ്യുന്ന ഒരു രാത്രി. സഈദ് ഇബ്നുൽ മുസയ്യബ് വഴിയിൽ ഒരു ഖുറൈശി ചെറുപ്പക്കാരനെ കണ്ടുമുട്ടി. അയാളുടെ കൈവശം ഒരു വിളക്കുണ്ട്. ഇബ്നുൽ മുസയ്യിബിനരികിൽ വെളിച്ചമില്ല .
അയാൾ സലാം പറഞ്ഞു :"അബൂ മുഹമ്മദ് എന്താണ് വിശേഷം ? " അൽഹംദുലില്ലാ (ദൈവത്തിനു സ്തുതി) നല്ലത്. ഇബ്നുൽ മുസയ്യബ് പ്രതികരിച്ചു. രണ്ടുപേരും ചേർന്നായി പിന്നീട് നടത്തം. അൽപദൂരം പിന്നിട്ടതും ആ ചെറുപ്പക്കാരന്റെ വീട് എത്തി. അവൻ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാൻ നിന്നതും പറഞ്ഞു : ഗുരുവേ , അങ്ങയുടെ കൂടെ വിളക്കുമായി ആളെ വിടാം. അതിനു ഗുരുവിൻ്റ പ്രതികരണം ഇങ്ങനെയായിരുന്നു. "എനിക്ക് തന്റെ വെളിച്ചും ആവശ്യമില്ല. അല്ലാഹുവിൻ്റെ വെളിച്ചമാണ് തൻ്റെ വെളിച്ചത്തെക്കാൾ പ്രിയങ്കരം ". ഇബ്നുൽ മുസയ്യബ് ഇങ്ങനെയായിരുന്നു. കർമ്മം കൊണ്ടും ചിന്തകൊണ്ടും വേറിട്ടു നിന്നു. ആത്മാഭിമാനം എവിടെയും കാത്തുസൂക്ഷിച്ചു. അറിവ് അദ്ധേഹത്തെ രാജകീയ പരിവേഷത്തിലേക്ക് എത്തിച്ചു. പഠിച്ചത് പകർത്തിയാൽ പഠിക്കാത്തത് അല്ലാഹു പകർന്നു നൽകുമെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്. ഇബ്നുൽ മുസയ്യബിൽ അത് അന്വർത്ഥമായി.
അറിവിൻ്റെ ഗാംഭീര്യത ആ മുഖത്ത് കളിയാടി. അതുകൊണ്ടുതന്നെ ആരും കൂടുതൽ അടുക്കാൻ ശ്രമിച്ചിരുന്നില്ല. ഇബ്നുൽ മുസയ്യബ് ജനങ്ങൾക്ക് പ്രാപ്യനായിരുന്നില്ല എന്നല്ല ഇതിനർഥം; മറിച്ച് ആളുകൾക്ക് ഒരു ഭയം. അല്ലാഹു അവരുടെ മനസ്സുകളിൽ ഇട്ടു കൊടുക്കുന്നതായിരുന്നു അത്. അബ്ദുറഹ്മാനുബ്നു ഹർമല പറയുന്നുണ്ട്:
"ഒരു രാജാവിനോട് അനുവാദം ചോദിക്കുന്ന പോലെയല്ലാതെ ഒരാളും സഈദ് ബ്ൻ മുസയ്യബിൻ്റെ അരികിലേക്ക് കടന്നു ചെല്ലാൻ അനുവാദം ചോദിച്ചിരുന്നില്ല. ഒരു ധൈര്യക്കുറവ് അവരെ പിടികൂടിയിരുന്നു. " ആരാധനകളിൽ അതീവ തല്പരനായിരുന്നു ഇബ്നുൽ മുസ്സയ്യിബ്. "റാഹിബു ഖുറൈശ് " എന്ന പേരിൽ പ്രസിദ്ധനായി. ഖുറൈശികളിലെ പുരോഹിതൻ എന്നർത്ഥം. നിരന്തരമായ നിസ്കാരം. പകലിൽ അധിക ദിവസങ്ങളിലും വ്രതം, ഹജ്ജിനു വേണ്ടിയുള്ള യാത്രകൾ തുടങ്ങി വിവിധങ്ങളായ ആരാധനാമുറകളിൽ മുഴുകിയ ജീവിതം. തൻ്റെ വൈജ്ഞാനികമായ സേവനത്തിന് പുറമെ ആയിരുന്നു ഇത്. ഒരു സമയവും പാഴാക്കിയില്ല. ആത്മീയ ചിന്തയ്ക്ക് വല്ലാത്ത പ്രാധാന്യം കൽപ്പിച്ചു. മനസ്സാണ് വലുത്. ശാരീരികമായ പ്രകടനങ്ങളല്ല. മനസ്സിൽ ആരാധനയുടെ മധുരം തത്തി നിൽക്കണം എന്ന നിർബന്ധം ഗുരുവിൽ ഉണ്ടായിരുന്നു.
സ്വാലിഹ്ബ്നു മുഹമ്മദ് പറയുന്നുണ്ട്: ബനൂ ലയ്സ് ഗോത്രത്തിൽ ഒരു സംഘം ചെറുപ്പക്കാരുണ്ടായിരുന്നു. ആരാധന നിമഗ്നരായിരുന്നു അവർ. ശക്തമായ ചൂടിനെ വകഞ്ഞു മാറ്റി ഉച്ചസമയത്തും പള്ളിയിലേക്ക് എത്തും. അസ്വറ് (സായാഹ്ന നിസ്കാരം) വരെ നിസ്കാരത്തിൽ നിരതരാകും. ഒരിക്കൽ സ്വാലിഹ് സഈദിനോട് ചോദിച്ചു: ഇതൊക്കെയാണോ ആരാധന എന്ന് പറയുന്നത്? ഈ ചെറുപ്പക്കാരുടെ രീതികളാണോ ഭക്തിയുടെ മർമ്മം? മറുപടി വ്യത്യസ്തമായിരുന്നു : "ഇതൊന്നുമല്ല ആരാധന. യഥാർത്ഥ ആരാധന എന്നത് മത വിഷയത്തിൽ അവഗാഹം നേടലും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയുമാകുന്നു" ബക്റുബ്നു ഖനീസിനും സമാനമായ ഒരു അനുഭവമുണ്ട്. ഒരു വിഭാഗം നിസ്കരിച്ചു കൂട്ടുന്നത് കണ്ട് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇവർ ചെയ്യുന്നതല്ലേ ഇബാദത്ത് (ആരാധന)? മറുപടി ഇങ്ങനെയായിരുന്നു : ഇതൊക്കെയെന്ത് ആരാധന. യഥാർത്ഥ ആരാധന അല്ലാഹുവിൻ്റെ കാര്യത്തിൽ ചിന്തിക്കലും അല്ലാഹു നിഷിദ്ധമാക്കിയവയിൽ സൂക്ഷ്മത പാലിക്കലും നിർബന്ധമാക്കിയവ കൃത്യമായി വീട്ടലുമാകുന്നു. "ആളുകൾ നിർവഹിക്കുന്ന ഐച്ഛികമായ നിസ്കാരങ്ങളൊന്നും ആരാധനയല്ല എന്നല്ല പറഞ്ഞതിനർത്ഥം. മറിച്ച് ആരാധനയ്ക്ക് അതിന്റേതായ മർമ്മമുണ്ട്. അത് അല്ലാഹുവുമായി മനസ്സിനെ ബന്ധിപ്പിക്കുന്നതാകണം. കേവലം ശാരീരികമായ വ്യായാമങ്ങളായിക്കൂടാ. ഇതായിരുന്നു ഇബ്നു മുസയ്യബിന്റെ കാഴ്ചപ്പാട്. അതു തന്നെയാണല്ലോ ശരിയും.
