സഈദ് ബ്നുൽ മുസയ്യബിനെ ഇബ്നുഹർമല പകൽസമയത്ത് നിരീക്ഷിക്കാറുണ്ട്. ഗുരുവിൻ്റെ പകലിലെ ആരാധനാ മുറകളെ പൂർണമായി മനസ്സിലാക്കാൻ ഇതിലൂടെ ഇബ്നു ഹർമലയ്ക്ക് സാധിച്ചിരുന്നു. അതേസമയം രാത്രി ഗുരുവിന്റെ കർമ്മങ്ങൾ എങ്ങനെ എന്നറിയില്ല. അതറിയാൻ ജിജ്ഞാസയുണ്ടായി. ഒരുദിവസം ഗുരുവിന്റെ ഭൃത്യനോട് അതേപറ്റി ചോദിച്ചു. ഭൃത്യൻ പറഞ്ഞു: രാത്രി മുഴുക്കെ എന്ന് പറയാം, ഖുർആൻ പാരായണവും നിസ്കാരവും തന്നെ. പ്രത്യേകിച്ചും സ്വാദ് സൂറത്ത് (ഖുർആനിലെ 38 മത്തെ അധ്യായം) ഓതാതെ പോകാറില്ല. എന്താണ് അതിന്റെ കാരണം? വല്ല രഹസ്യവും അതിന് പിന്നിലുണ്ടോ.? ഹർമലയുടെ ചോദ്യത്തിന് ഭൃത്യൻ പറഞ്ഞു : ഉണ്ട്. അൻസാരികളിൽ (മദീനാ തദ്ദേശീയരായ സ്വഹാബികൾ ) പെട്ട ഒരാൾ ഒരു മരച്ചുവട്ടിൽ നിസ്കരിക്കുകയായിരുന്നു. അദ്ദേഹം സ്വാദ് സൂറത്ത് ഓതി. സജദയുടെ (സാഷ്ടാംഗം) ആയത്ത് കടന്നുപോയപ്പോൾ ആ സ്വഹാബി സാഷ്ടാംഗം നമിച്ചു. അൽഭുതം ആ മരവും അദ്ദേഹത്തോടൊപ്പം സാഷ്ടാംഗത്തിലേക്ക് കുനിഞ്ഞു. ആ മരത്തിൽ നിന്ന് ഒരു ശബ്ദം ഉയർന്നു കേട്ടു . ഒരു പ്രാർത്ഥനയാണത് : "അല്ലാഹുവേ ഈ സാഷ്ടാംഗത്തിന് എനിക്ക് നീ പ്രതിഫലം നൽകണേ. എൻ്റെ കുറ്റങ്ങൾ ഒഴിവാക്കിത്തരണേ. നന്ദി കാണിക്കുന്നവരിൽ എന്നെ ഉൾപ്പെടുത്തണേ. നിൻ്റെ ദാസൻ ദാവൂദിൽ നിന്ന് സ്വീകരിച്ചതുപോലെ ഇത് എന്നിൽ നിന്നും നീ സ്വീകരിക്കണേ" ഈ സംഭവം കേട്ടത് മുതൽ ഗുരു സ്വാദ് സൂറത്ത് ഒഴിവാക്കാറില്ല. ഭ്രത്യൻ വിശദീകരിച്ചു.
അല്ലാഹുവിൻ്റെ പ്രീതിക്ക് ഏറ്റവും ഫലപ്രദമാണ് രാത്രിയുള്ള നിസ്കാരം. ഇത് നിർവഹിക്കാൻ വേണ്ടി ഉറക്കിൽ നിന്ന് ഗുരു എണീറ്റതിനു ശേഷം സ്വന്തം ശരീരത്തോട് എന്ന പോലെ പറയും : "എല്ലാവിധ തിന്മകളുടെയും കേതാരമേ, എണീക്കൂ. ഒട്ടകത്തെ പോലെ ചടഞ്ഞുകിടക്കാൻ നിന്നെ ഞാൻ വിടില്ല " എണീറ്റ് പ്രഭാതം വരെ നിസ്കാരം തുടരും. കാലുകളിൽ നീരു വന്നു വീർക്കുന്ന അനുഭവം വരെ ഇതിനാൽ ഉണ്ടായിട്ടുണ്ട്. അത് നോക്കിക്കൊണ്ട് പറയും :" ഇതിനു വേണ്ടിയാണ് നിന്നെ പടയ്ക്കപ്പെട്ടത്. ഇതാണ് നിന്നോട് കൽപിക്കപ്പെട്ടത്. "ഇഷാ നിസ്കാരത്തിനു (രാത്രി നിസ്കാരം) വേണ്ടിയെടുത്ത അംഗശുദ്ധി കൊണ്ട് 50 കൊല്ലം പ്രഭാത നിസ്കാരം നിർവഹിച്ചിട്ടുണ്ട്;അഥവാ അത്രയും കാലം രാത്രി ഉറക്കമില്ലായിരുന്നു എന്നു ചുരുക്കം.
സംഘടിത നിസ്കാരത്തിന് അദ്ദേഹം അനല്പമായ പ്രാധാന്യം നൽകിയിരുന്നു. പള്ളിയിൽ മാടപ്രാവിനെ പോലെ സ്ഥിര സാന്നിധ്യമായി. ഗുരു തന്നെ പറയുന്നുണ്ട്:
"കഴിഞ്ഞ 50 കൊല്ലമായി ഒന്നാമത്തെ തക്ബീർ (നിസ്കാരത്തിലേക്ക് പ്രവേശിക്കുന്ന വചനം ) എനിക്ക് നഷ്ടമായിട്ടില്ല. 50 കൊല്ലമായി ഒരാളുടെ പിരടി നോക്കി നിസ്കരിക്കേണ്ട ഗതിയും വന്നിട്ടില്ല" പള്ളിയിൽ ഒന്നാമത്തെ അണിയിൽ നിസ്കാരത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ തന്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു എന്ന് ചുരുക്കം. സ്ഥിരമായി അഞ്ചുനേരവും സംഘടിതമായി നിസ്കരിക്കുന്നവർക്ക് നബി വാഗ്ദാനം ചെയ്തിട്ടുള്ളത് കരയും കടലും നിറയുമാറുള്ള ആരാധനാ പ്രതിഫലമാണ്. അത് ഇബ്നുൽ മുസയ്യബ് കരസ്ഥമാക്കി.
ഒരിക്കൽ പറഞ്ഞതിങ്ങനെ: 40 കൊല്ലമായി ജനങ്ങൾ നിസ്കാരത്തിൽ നിന്ന് പിരിഞ്ഞു പോകുന്നത് നോക്കി നിൽക്കേണ്ട ഗതി തനിക്ക് വന്നിട്ടില്ല. പള്ളിയിൽ സ്ഥിരമായി ഒരു സ്ഥലത്തായിരുന്നു ഇരുന്നിരുന്നത് 'ആ ഇടം വിട്ടു പോകാൻ ഒട്ടും ഇഷ്ടപ്പെട്ടില്ല. തൻ്റെ ഭൃത്യൻ പറയുന്നുണ്ട്: നാൽപത് കൊല്ലമായി പള്ളിയിൽ ബാങ്ക് വിളിക്കുമ്പോൾ ഗുരുവിൻ്റെ സാന്നിധ്യം ഇല്ലാതെ പോയിട്ടില്ല. പള്ളിയുമായുള്ള ഹൃദയബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന് തിരുനബി വാഗ്ദാനം ചെയ്തതാകട്ടെ തണലില്ലാ കാലത്ത് അല്ലാഹുവിന്റെ തണലും. ഇശാഅ്, സുബഹ് നിസ്കാരങ്ങൾ സംഘടിതമായി നിസ്കരിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതറിഞ്ഞിരുന്നുവെങ്കിൽ ചന്തികുത്തിയും അവർ വന്നേനെ എന്ന് തിരുനബി പറയുന്നുണ്ട്. സഈദ്ബ്ൻ മുസയ്യിബ് ഇത് മാനിച്ചു. ഒരിക്കൽ തൻ്റെ കണ്ണിന് കാര്യമായ പ്രശ്നം വന്നു. രാത്രി നിസ്കാരങ്ങൾക്ക് പള്ളിയിൽ എത്തുക പ്രയാസമാണ്. പക്ഷേ മുടക്കിയില്ല. ആരോ വന്ന് ഇങ്ങനെ നിർദേശിച്ചു. ഇതിനു സമാശ്വാസം കിട്ടാൻ മാർഗമുണ്ട്. കുറച്ചുനാൾ അഖീഖിലേക്ക് നീങ്ങുക. അവിടുത്തെ പച്ചപ്പ് ദർശിക്കുക. മരുക്കാറ്റ് കൊള്ളുക. കണ്ണിന് ഫലപ്പെടും.
ഉടൻ ചോദ്യമിതായിരുന്നു :" അപ്പോൾ ഞാൻ ഇഷാ, സുബ്ഹ് നിസ്കാരങ്ങൾക്ക് എങ്ങനെ സാന്നിധ്യമരുളും "
ഹജ്ജും ഉംറയും ഇബ്നുസഈദിന് ഹരമായിരുന്നു. യാത്ര ക്ലേശങ്ങളെ സ്വയം ആസ്വദിച്ചു. അതെല്ലാം ആത്മീയതയുടെ അലച്ചിലുകളായി കണ്ടു . നാൽപത് ഹജ്ജുകൾ ചെയ്തു എന്ന് ഗുരു തന്നെ പറയുന്നുണ്ട് . ഓരോ ഹജ്ജ് യാത്രയും വേറിട്ട അനുഭവങ്ങളായിരുന്നു. തൻ്റെ അറിവും പെരുമാറ്റവും നിരന്തരം സംസ്കരിക്കപ്പെട്ടു. നിരവധിയാളുകളുമായി സമ്പർക്കം സാധ്യമാക്കി.പല രിലേക്കും ഭക്തിയും വിജ്ഞാനവും പകർന്നു. യാത്രകളെല്ലാം തികഞ്ഞ തീർത്ഥാടനങ്ങളായി മാറി. ഉംറകൾ ചെയ്തുകൂട്ടിയതിന് കയ്യും കണക്കുമില്ല. ഓരോ ഉംറയും ആത്മീയമായ ആസ്വാദനങ്ങളുടെ അനുഷ്ഠാനമായി സഈദിന് അനുഭവേദ്യമായി.
