അബ്ദുറഹ്മാനുബ്നു ഹർമല പലപ്പോഴും സഈദുബ്ൻ മുസയ്യബുമായി സന്ധിക്കാറുണ്ട്. പല ഉപദേശങ്ങളും തേടും. ഒരു ദിവസം അദ്ദേഹം ചോദിച്ചു: ഗുരോ ഞാൻ ഇന്നലെ ലഹരിബാധിതനായ ഒരാളെ കണ്ടു. പരിചയമുള്ള ആൾ തന്നെയാണ്. പക്ഷേ ആദ്യമായിട്ടാണ് ഇത്തരം മോശപ്പെട്ട ഒരു അവസ്ഥയിൽ കാണുന്നത്. അയാളുടെ കാര്യം പോലീസിനെ അറിയിച്ചാലോ എന്ന് ഞാൻ കരുതുന്നു. അങ്ങയുടെ അഭിപ്രായം? ഉടൻ വന്നു ഗുരുവിൻ്റെ മറുപടി: "നിന്റെ വസ്ത്രം കൊണ്ട് അവനെ മറച്ചുപിടിക്കാൻ കഴിയുമെങ്കിൽ നീ മറച്ചുപിടിക്കുക ". ഒരു മുസ്ലിമിൻ്റെ ന്യൂനതയെ ഒരാൾ മറച്ചു പിടിച്ചാൽ ഇരു ലോകത്തിലും അല്ലാഹു അവനെ മറച്ചുപിടിക്കുമെന്നാണല്ലോ നബി വചനം. ഇബ്നു ഹർമല തുടരുന്നു: ഞാൻ ഉടൻ അയാളുടെ വീട്ടിലേക്ക് ചെന്നു. അപ്പോൾ അയാൾക്ക് ലഹരി വിട്ടിട്ടുണ്ട്. സ്വബോധത്തിലേക്ക് തിരിച്ചെത്തിയ സമയമാണ്. എന്നെ കണ്ടതും അയാൾ ലജ്ജാകുലനായി. ഞാൻ ചോദിച്ചു: എന്താടോ നീ നാണം കുണുങ്ങുന്നത്? ഇന്നലെ ഞാൻ നിന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നുവെങ്കിൽ കാണാമായിരുന്നു. നിനക്ക് 80 അടി ശിക്ഷയായി കിട്ടിയേനെ. ജനമധ്യത്തിൽ ജീവഛവം പോലെയായി നീ മാറുമായിരുന്നു. പിന്നീട് സാക്ഷിത്വത്തിന് പോലും നിന്നെ പറ്റില്ല. ഇത് കേട്ടതും അയാൾ പറഞ്ഞു: ഇല്ല, ഞാൻ നിർത്തി. ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ല. ഇന്നത്തോടെ എല്ലാം നിർത്തി. ആ മനുഷ്യന് പിന്നീട് വാക്ക് പാലിച്ചു. ശിഷ്ട ജീവിതം ധാർമികമായ അന്തരീക്ഷത്തിൽ ജീവിച്ചു. ഗുരുവിൻ്റെ നന്മ നിറഞ്ഞ ഉപദേശമായിരുന്നു ഇതിൻ്റെ കാരണം.
പ്രബോധനം ഒരു കലയാണ്. അത് നിർവഹിക്കേണ്ടത് സ്നേഹത്തിൽ ചാലിച്ചാകണം. തെറ്റുകൾ പറ്റുന്നവരെ ചേർത്തുപിടിച്ചു നന്നാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അരികുവൽക്കരിച്ച് ഒറ്റപ്പെടുത്താനല്ല. ഇബ്നുൽ മുസയ്യബിന്റെ കാഴ്ചപ്പാട് വളരെ സുതാര്യമായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു: എത്ര മഹാനായാലും പണ്ഡിതനായാലും മറ്റു ശ്രേഷ്ഠതകളുള്ള ആളായാലും എന്തെങ്കിലും ഒരു ന്യൂനത ഉണ്ടാകാതിരിക്കില്ല. കുറവുകളേക്കാൾ മികവുകൾ വർധിച്ചവരുടെ ന്യൂനതകൾ നാം പ്രചരിപ്പിച്ചു കൂടാ. അവരുടെ വർദ്ധിച്ച നന്മകളിൽ നിന്നെടുത്ത് കുറവ് വന്ന വീഴ്ചകൾക്ക് ദാനമായി നൽകുകയാണ് നാം ചെയ്യേണ്ടത്. അതേസമയം തെറ്റുകാരനെ ഒരിക്കലും പ്രോത്സാഹിപ്പിച്ചു കൂടാ. അത് ഗുരുതരമായ തെറ്റാണെന്ന് ഗുരു പഠിപ്പിച്ചു. ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: "നിങ്ങൾ അധർമ്മികളുടെ സഹായികളെ കൗതുകത്തോടെ നോക്കിനിൽക്കരുത്. പ്രതിഷേധമുള്ള മനസ്സോടെയല്ലാതെ അവരെ കാണരുത്. മറിച്ചായാൽ നിങ്ങളുടെ സൽകർമ്മങ്ങൾ പൊളിഞ്ഞു പോകും. "
വളരെ അടുപ്പമുള്ളവരോട് ചില ഘട്ടങ്ങളിൽ ഗൗരവത്തോടെ തന്നെ ഗുരു പെരുമാറാറുണ്ട്. ഒരു സ്വാതന്ത്ര്യം എടുത്തും അവരുടെ നന്മയിൽ ജാഗ്രത്തായും ആയിരുന്നു ഇത്. തൻ്റെ ഭൃത്യനായ ബുർദിനോട് ഒരിക്കൽ പറഞ്ഞു: ഇബ്നു അബ്ബാസിന്റെ ഭൃത്യൻ അദ്ദേഹത്തോട് കളവു പറയുന്നത് പോലെ നീ എന്നോട് കളവ് പറയാൻ നിൽക്കരുത്. നീ അല്ലാഹുവിനെ സൂക്ഷിക്കണം". ഇത് കേൾക്കാൻ ഇടവന്ന ഹകമുബുനു അബി ഇസ്ഹാഖ് ചോദിച്ചു: എന്താണ് പ്രശ്നം ? ബുർദ് പറഞ്ഞു: “ശാമുകാരാണോ ഇബ്നുസുബൈറാണോ ഗുരുവിന് ഏറ്റവും പ്രിയപ്പെട്ടത് എന്ന് എനിക്കറിയില്ല എന്നു ഞാൻ പറഞ്ഞിരുന്നു. അതാണെന്ന് തോന്നുന്നു”. വാക്കിലോ പെരുമാറ്റത്തിലോ പ്രയോഗത്തിലോ അല്ലാഹുവിന്റെ ചിഹ്നങ്ങളോട് ബഹുമാനക്കുറവ് വന്നുചേരുന്നത് ഗുരു ഇഷ്ടപ്പെട്ടിരുന്നില്ല. ആളുകളോട് പറയും "നിങ്ങൾ മുസ്വയ്ഹിഫ് (കുട്ടി മുസ്ഹഫ് ) മുസൈജിദ് (ചെറുപള്ളി) എന്നിങ്ങനെ പറയരുത്. അല്ലാഹുവുമായി ബന്ധപ്പെട്ട എല്ലാം ഭംഗിയുള്ളതും നല്ലതും വലുതുമാകുന്നു. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഭരണകൂടത്തെ അറിയിച്ചു നടപടിയെടുപ്പിക്കുക എന്നത് ഗുരുവിൻ്റെ രീതി ആയിരുന്നില്ല. അതിനോട് പലപ്പോഴും എതിരായിരുന്നു. ആളുകൾക്ക് മാതൃകയായും സദുപദേശം നൽകിയും നന്നാക്കുകയാണ് വേണ്ടത്. രാഷ്ട്രീയക്കാരുടെ വാതിലുകളിൽ കെട്ടിക്കിടന്നതുകൊണ്ട് നന്മ പെറ്റ് പെരുകില്ല എന്ന് ഗുരുവിന് അറിയാം.
