സഈദ്ബ്ൻ മുസയ്യബിൻ്റെ കാലം പലപ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിൻ്റെയും ആഭ്യന്തര കലഹങ്ങളുടേതുമായിരുന്നു. പക്ഷേ സഈദ് ഒന്നിലും പക്ഷം ചേരാൻ നിന്നില്ല. തൻ്റെ വൈജ്ഞാനികമായ പ്രവർത്തികളുമായി മുന്നോട്ടുപോയി. അതേസമയം ഉള്ളിൽ നെറികേടിനോടുള്ള വെറുപ്പ് നിലനിർത്തി. അവസരം കിട്ടുമ്പോൾ അത് പ്രകടിപ്പിക്കാനും ശ്രമിച്ചു. മുത്തലിബ് ബ്നു സാഇബ് പറയുന്നു: ഒരു ദിവസം ഞാൻ സഈദിൻ്റെ കൂടെ അങ്ങാടിയിൽ ഇരിക്കുകയാണ്. ബനൂമർവാൻ്റെ ഒരു ഉദ്യോഗസ്ഥൻ അതുവഴി വന്നു. ഗുരു അയാളോട് ചോദിച്ചു: "താനൊക്കെ ബനൂമർവാൻ ദൂതന്മാരിൽ പെട്ട ആളാണോ? അയാൾ പറഞ്ഞു: അതെ. താൻ പോരുമ്പോൾ അവരുടെ അവസ്ഥ എന്താണ്? ഗുരു ചോദിച്ചു. അയാൾ പറഞ്ഞു: വളരെ നല്ല അവസ്ഥയാണ്. ഉടൻ സഈദ് തിരിച്ചടിച്ചു: ശരിയല്ല, നീ പോരുമ്പോൾ അവർ ജനങ്ങളെ പട്ടിണിക്കിടുകയും പട്ടികളെ വയറു നിറച്ച് തീറ്റിക്കുകയുമായിരുന്നു."
ശക്തമായ ഒരു ഭരണകൂടവിമർശനമായിരുന്നു ഇത്. ജനക്ഷേമത്തിലല്ല ഭരണാധികാരികൾക്ക് താൽപര്യം. സ്വന്തം ക്ഷേമത്തിലാണെന്ന് അർത്ഥം. ഇത് കേട്ടതും ഉദ്യോഗസ്ഥൻ കഴുത്തു നീട്ടി : എന്താണ് പറഞ്ഞത് എന്ന് ചോദിച്ചു. അയാൾ ഗുരുവിന് നേരെ വരാൻ തുടങ്ങി. ഞാൻ അദ്ദേഹത്തെ പലതും പറഞ്ഞ് പിന്തിരിപ്പിച്ചു. ഒടുവിൽ അയാൾ മടങ്ങി. ഗുരുവിനോട് ഞാൻ പറഞ്ഞു: ഗുരോ, അങ്ങയുടെ ഒരു കാര്യം. എന്താവശ്യമുണ്ട്. അങ്ങയുടെ ആ ഒറ്റവാക്ക് മതി; വെറുതെ രക്തം ചിന്താൻ. അതിന് ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു :" ഒന്നു മിണ്ടാതിരിക്കൂ. അല്ലാഹു എന്നെ അങ്ങനെ വിട്ടുകൊടുക്കില്ല; ഞാൻ അവൻ്റെ ബാധ്യതകൾ പാലിക്കുന്നവനാണ്."
ക്രൂരനായ ഹജ്ജാജ് ആരെയും വെറുതെ വിട്ടിരുന്നില്ല. പക്ഷേ സഈദിനെ ഒരുവേള ഭയന്നിരുന്നു. ഒരിക്കൽ അലിയ്യുബ്ൻ സൈദുബ്ൻ ജദ്ആൻ സഈദുബ്ൻ മുസയ്യബിനോട് ചോദിക്കുന്നുണ്ട്: എന്താണ് ഹജ്ജാജിന്റെ അവസ്ഥ താങ്കളിലേക്ക് അയാൾ തിരിയുന്നില്ലല്ലോ. താങ്കളെ ഉപദ്രവിക്കാനും അസ്വസ്ഥപ്പെടുത്താനും ഒന്നും കാണുന്നില്ല. ഒരു പണ്ഡിതനെയും വെറുതെ വിടാത്തവനാണല്ലോ. പുഞ്ചിരിച്ചുകൊണ്ട് സഈദ് പറഞ്ഞതിങ്ങനെ "എനിക്കറിയില്ല. അവൻ ചെറുപ്പത്തിൽ തന്റെ പിതാവിൻ്റെ കൂടെ നിസ്കരിക്കുന്നത് ഒരിക്കൽ എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. റുകൂഉം സുജൂദും (നിസ്കാരത്തിലെ രണ്ടു കർമങ്ങൾ) പൂർണമായല്ല ചെയ്തിരുന്നത്. ഇത് കാണാനിടവന്ന ഞാൻ കുറച്ചു ചരക്കല്ല് എടുത്ത് അവനെ എറിഞ്ഞു. കാര്യമുണർത്തി. പിന്നീട് അവൻ പറഞ്ഞതോർക്കുന്നു: അതിനുശേഷമാണ് നിസ്കാരം ഞാൻ പൂർണമായി നിർവഹിക്കാൻ തുടങ്ങിയത്."
മദീനത്ത് പിൽക്കാലത്തുണ്ടായ പല രാഷ്ട്രീയ നീക്കങ്ങളിലും സഈദ് നീരസപ്പെട്ടു. അതിനെ തുടർന്ന് ചില പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നു. മദീനയിലെ ഗവർണ്ണറായ ജാബിറുബ്ൻ അസ്വദ് തൻ്റെ ഒരു പ്രത്യേക നിലപാട് സഈദിന് മുൻപിൽ വെച്ച സംഭവം പ്രസിദ്ധമാണ്. ഞാൻ അംഗീകരിക്കില്ല എന്ന് സഈദ് തുറന്നു പറഞ്ഞു. അവസാനം ജനങ്ങൾ കൂടി. ജാബിർ ക്ഷുഭിതനായി. സഈദിന് 60 ചാട്ടയടി വിധിച്ചു. ഇതറിഞ്ഞ അബ്ദുല്ലാഹിബ്നു സുബൈർ ജാബിറിനെ രൂക്ഷമായി വിമർശിച്ച് കത്തയച്ചു.
ഇതിനിടയിൽ ജാബിർ അഞ്ചാമതൊരു വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദമുണ്ടായി. നാലാമത്തെ ഭാര്യയുടെ ഇദ്ദ (ദീക്ഷാ കാലം) തീരുന്നതിനു മുമ്പായിരുന്നു ഈ വിവാഹം. ഇത് ശ്രദ്ധയിൽപ്പെട്ട സഈദ് ഭരണകേന്ദ്രമാണെന്ന് നോക്കിയില്ല. കടുത്ത ഭാഷയിൽ പ്രതികരിച്ചു. ശുണ്ഠി വന്ന ജാബിർ സഈദിനെ ശിക്ഷിക്കാൻ തീരുമാനിച്ചു. ചാട്ടയടി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ സഈദിനെ പിടികൂടി. പക്ഷേ ഭാവ മാറ്റമേതുമില്ലാതെ സഈദ് വിളിച്ചുപറഞ്ഞു: അല്ലാഹുവാണ് സത്യം. താൻ അല്ലാഹുവിൻ്റെ കിതാബ് അനുസരിച്ച നിലപാടല്ല എടുത്തിരിക്കുന്നത്. അല്ലാഹു പറഞ്ഞത് നിങ്ങൾ ഒരേസമയം രണ്ടോ മൂന്നോ നാലോ വിവാഹം കഴിക്കുക എന്നാണ്. നാലാമത്തെ ഭാര്യയുടെ ദീക്ഷകാലം തീരുന്നതിന്റെ മുമ്പ് തന്നെ അഞ്ചാമത്തെ വിവാഹം നീ ചെയ്തിരിക്കുന്നു. തെറ്റാണിത്. താൻ എന്ത് നിലപാടെടുത്താലും എനിക്ക് പ്രശ്നമില്ല. പറ്റുന്നത് ചെയ്തോളൂ. ഒരു കാര്യം ഞാൻ പറയാം. അധികം താമസിക്കേണ്ട. നിനക്ക് ശുഭകരമല്ലാത്ത വാർത്തയെത്തും."
ഇത് പറഞ്ഞ് സ്വല്പം കഴിഞ്ഞതുള്ളൂ. ഇബ്നു സുബൈർ കൊല ചെയ്യപ്പെട്ട വാർത്ത ജാബിറിന് എത്തി. ഇബ്നു സുബൈറിന്റെ ഗവർണറായിരുന്നു ജാബിർ. സഈദിൻ്റെ വാക്കുകൾ അറം പറ്റി. ജാബിർ നിമിഷങ്ങൾക്കുള്ളിൽ പല്ലുകൊഴിഞ്ഞ സിംഹമായി മാറി.
