അടി ശിക്ഷ നടപ്പാക്കാൻ വേണ്ടി സഈദിൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞ സമയം. ദൃക്സാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു: "ഇത് അപമാനത്തിന്റെ നിർത്തമായിപ്പോയി ". അതിന് സഈദിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു : "നിനക്കു തെറ്റി, ഇതുകൊണ്ട് യഥാർത്ഥ അപമാനത്തിന്റെ നിർത്തത്തിൽ നിന്ന് നാം ഒളിച്ചോടിപ്പോന്നിരിക്കുകയാണിപ്പോൾ " ജനമധ്യത്തിലുള്ള നിർത്തമല്ല ഗുരു ഗൗനിച്ചത്. മറിച്ച് അല്ലാഹുവിൻ്റെ മുമ്പിലുള്ള നിർത്തമായിരുന്നു. അത് അഭിമാനത്തിലാവണം. അതിനു സത്യത്തിന്റെ കൂടെ ഉറച്ചു നിൽക്കണം. അവിടെ അപമാനിതനാകാതെയിരിക്കണം എന്നുണ്ടെങ്കിൽ മതചിട്ടകൾക്കനുസരിച്ച് ജീവിക്കണം. അക്രമിയായ ഭരണാധികാരികൾക്കു മുമ്പിൽ സത്യം തുറന്നടിക്കണം. ഇതായിരുന്നു ഗുരുവിൻ്റെ തിയറി. പക്ഷേ അധികാരത്തിന്റെ ദണ്ഡ് ശക്തമായിരുന്നു. അത് ഉപയോഗിച്ച് സഈദിനെ മൂലയിൽ ഇരുത്താൻ ശ്രമം തുടർന്നു. പ്രഹര ശിക്ഷക്ക് ശേഷം ഗുരുവിനെ തുറുങ്കിലടച്ചു. മദീന ഗവർണർ ഹിഷാം സഈദിൻ്റെ കാര്യത്തിൽ എടുത്ത നിലപാടുകൾ അബ്ദുൽ മാലികിനെ എഴുതി അറിയിച്ചു. അദ്ദേഹം ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. ഗവർണറുടെ നിലപാട് ധൃതി പിടിച്ചുള്ളതും കഠിനവുമായി എന്ന ഖേദം അബ്ദുൽ മലികിനുണ്ടായി. ഒരു വേള താൻ തന്നെ ഉത്തരവാദി. എങ്കിലും അബ്ദുൽ മലിക് ഗവർണറെ ആക്ഷേപിച്ചുകൊണ്ട് കത്തയച്ചു
"സഈദിനോട് കുറച്ച് മയം നിനക്ക് കാണിക്കാമായിരുന്നു. അദ്ദേഹം നമ്മോട് എല്ലാക്കാര്യത്തിലും ഇടഞ്ഞു നിൽക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്ത ആളല്ല".
ഹിഷാമിൻ്റെ കത്തുമായി അബ്ദുൽ മലികിനരികിൽ എത്തിയത് ഖബീസ്വതുബ്ൻ ദുഅയ്ബ് ആയിരുന്നു. ഗുരുവിനെ പ്രഹരിച്ചതും മദീനയിൽ കറക്കിയതുമെല്ലാം ഖബീസ്വയെ വേദനിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: "അമീറുൽ-മുഅ്മിനീൻ, ഹിഷാം അങ്ങയുടെ പേരിൽ കാട്ടിക്കുട്ടിയതാണ് ഇതൊക്കെ. ഇത്രമാത്രം കഠിനമായ എതിർപ്പൊന്നും സഈദിനോട് വേണ്ടിയിരുന്നില്ല. അദ്ദേഹം ഉടമ്പടി ചെയ്തില്ല എന്നത് ശരി തന്നെ. പക്ഷേ അതുകൊണ്ട് നമുക്ക് ഭയപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. ഇസ്ലാമിനും അതിന്റെ വക്താക്കൾക്കും സഈദിൽനിന്ന് ഒന്നും പേടിക്കാനില്ല. അദ്ദേഹം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വക്താവാണ്. അതുകൊണ്ട് അമീറുൽ മുഅ്മിനീൻ ഈ വിഷയത്തിൽ സഈദിന് ഒരു കത്തയക്കുന്നത് നന്നാകും”. അബ്ദുൽ മലിക് പറഞ്ഞു : താങ്കൾ എൻ്റെ അഭിപ്രായം വെച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കത്തയക്കുക. ഹിഷാമിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി തന്നെ മാനിച്ചായിരുന്നില്ല എന്ന് കുറിക്കുക" ഖബീസ കത്തയച്ചു.
അത് ലഭിച്ച സഈദ് വായിച്ചിട്ട് പറഞ്ഞതിങ്ങനെ. "എനിക്കും എന്നെ അക്രമിച്ചവർക്കുമിടിയിൽ ഞാൻ അല്ലാഹുവിനെ പ്രതിഷ്ഠിക്കുന്നു”. ജയിലിലായെങ്കിലും തൻ്റെ നിലപാടിൽ മാറ്റം വരുത്താൻ സഈദ് സന്നദ്ധമായിരുന്നില്ല. അബൂബക്കർ ബ്നു അബ്ദുറഹ്മാൻ ഒരിക്കൽ ജയിലിൽ എത്തി. സഈദിനോട് പറഞ്ഞു : താങ്കൾ ഭരണാധികാരിക്കെതിരെ കര്ക്കശമായ നിലപാട് സ്വീകരിച്ചത് അത്ര ശരിയായോ. കുറച്ച് മയം ആകാമായിരുന്നു "
പക്ഷേ ഗുരുവിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: "അബൂബക്കർ താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക. മറ്റുള്ളവരെക്കാൾ അവന് മുൻഗണന നൽകുക. " പക്ഷേ അബൂബക്കർ പറഞ്ഞത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
"എല്ലാം ശരിയാണ് ' താങ്കൾക്ക് കുറച്ച് ദയകാണിക്കാമായിരുന്നു ". സഈദിന് കോപം വന്നു. അദ്ദേഹം പറഞ്ഞു: "തനിക്ക് കണ്ണിന് കാഴ്ച അല്ലാഹു നൽകിയില്ല. ഇപ്പോൾ തൻ്റെ ഖൽബും അല്ലാഹു അന്ധമാക്കിയെന്ന് തോന്നുന്നു." പുറത്തുവന്ന അബൂബക്കറിന് അരികിലേക്ക് ഗവർണർ ആളെ വിട്ടു. പ്രഹരശിക്ഷയ്ക്ക് ശേഷം സഈദിന് വല്ല മയവും വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു ഇത്. അബൂബക്കർ പറഞ്ഞു "അല്ലാഹു തന്നെ സത്യം, താങ്കളുടെ ചെയ്തിക്കുശേഷം അദ്ദേഹത്തിൻ്റെ നാവിന് ഒന്നുകൂടി ശക്തി ലഭിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഇനിയും അദ്ദേഹത്തെ പ്രതിരോധിക്കാം എന്ന് കരുതുന്നത് ബുദ്ധിയല്ല. സഈദിനെ വെറുതെ വിട്ടിരുന്നുവെങ്കിൽ തനിക്ക് അത് ഒരു ഉപദ്രവവുമേൽപ്പിക്കില്ലായിരുന്നു എന്ന അബ്ദുൽമലികിന്റെ കത്ത് കിട്ടിയ സന്ദർഭമായിരുന്നു ഇത്.
ഹിഷാമിന് ശക്തമായ ഖേദം ഇരച്ചുവന്നു. പാശ്ചാത്താപ ബോധം ഉണർന്നു. സഈദിനെതിരെ കർക്കശ നിലപാട് സ്വീകരിച്ചത് ശരിയായില്ല എന്ന തോന്നൽ ഉണ്ടായി. ഒടുവിൽ ജയിലിൽ നിന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ ഹിഷാം തീരുമാനിച്ചു. ധീരന്മാർ ഒരു തവണ മരിക്കുന്നു. ഭീരുക്കൾ പലതവണ മരിക്കുന്നു എന്ന സത്യം തെളിയിക്കുന്നതായിരുന്നു സഈദിൻ്റെജീവിതം. ഭരണകൂടത്തെ ആശ്രയിക്കാതിരിക്കാൻ ജയിലിലും ഗുരു നന്നായി പണിപ്പെട്ടു. അബു ഉമയ്യ പറയുന്നുണ്ട്: “ഗുരു ജയിലിലായിരിക്കവേ സുഭിക്ഷമായ ഒരുപാട് ഭക്ഷണം പ്രിയപ്പെട്ട മകൾ ഉണ്ടാക്കി എൻ്റെ കൈവശം തന്നു വിട്ടു. ഞാനതുമായി ചെന്നപ്പോൾ എന്നോട് പറഞ്ഞു : നീ മകളോട് പറയണം ഇനി ഈ രൂപത്തിൽ സുഭിക്ഷമായ വിവിധയിനം ഭോജ്യങ്ങൾ വേണ്ട എന്ന്. ഇതുകൊണ്ട് സാക്ഷാത്കരിക്കുന്നത് മദീന ഗവർണർ ഹിഷാമിന്റെ താല്പര്യമായിരിക്കും. എൻ്റെ കൈവശമുള്ള സമ്പാദ്യമെല്ലാം ഇങ്ങനെ തീർന്നു പോകണമെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാകും. എത്രയാണ് ഞാൻ ജയിലിൽ കിടക്കുക എന്ന് അറിയില്ലല്ലോ. അങ്ങനെ വരുമ്പോൾ അവരുടെ കൈവശമുള്ളത് എനിക്ക് ആശ്രയിക്കേണ്ടിവരും. അതോടെ കഴിഞ്ഞില്ലേ കഥ . അതുകൊണ്ട് താൻ പറയുക. ഞാൻ വീട്ടിലായിരിക്കുമ്പോൾ തിന്നുന്ന നാമമാത്ര ഭക്ഷണം മാത്രം കൊടുത്തു വിട്ടാൽ മതി എന്ന്. മകൾ ഈ നിർദ്ദേശം കണ്ണീരോടെ പാലിച്ചു. പിന്നീട് നാമമാത്ര ഭക്ഷണം മാത്രം എത്തിച്ചു.
