ചക്രവർത്തി അബ്ദുൽ മലിക്ബ്നു മർവാനിന് മരണമാസന്നമായി. കുറച്ചുനാളുകളായി രോഗശയ്യയിലായിരുന്നു. അദ്ദേഹം കൽപ്പിച്ചു. കൊട്ടാരത്തിന്റെ വാതിലുകൾ തുറന്നിടുക. സാധാരണ അടച്ചിടുന്ന കവാടങ്ങൾ തുറയ്ക്കപ്പെട്ടു. പുറത്തേക്ക് ചെവി കൊടുത്ത ചക്രവർത്തി ഒരു ശബ്ദം കേട്ടു. ഏതോ അലക്കുകാരൻ്റെ ഒച്ചയാണത്. വല്ലതും അലക്കാനുണ്ടോ എന്ന് വിളിച്ചു കൂവികൊണ്ട് പതിവനുസരിച്ച് ആ അലക്കുകാരൻ പൊയ്ക്കൊണ്ടിരിക്കുകയാണ്. ശബ്ദം കേട്ടതും ചക്രവർത്തി ചോദിച്ചു, എന്താണത്? കൊട്ടാരവാസികൾ പറഞ്ഞു: അത് ഒരു അലക്കുകാരനാണ്. വഴിയിലൂടെ പോവുകയാണ്. ഉടൻ ചക്രവർത്തിയുടെ പ്രതികരണം വന്നു. "ഞാൻ ഒരു അലക്കുകാരനായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് ജീവിക്കുന്ന ഒരു അലക്കുകാരൻ! കൊട്ടാരവാസികൾ ഒരുവേള അന്തിച്ചുനിന്നു. ഈ സംഭവം നാട്ടിൽ പാട്ടായി. ഇത് അറിഞ്ഞതും സഈദുബ്ൻ മുസയ്യബ് പറഞ്ഞത് ഇങ്ങനെ: "എല്ലാ സ്തുതികളും അല്ലാഹുവിന് തന്നെ. അവരൊക്കെ മരണസമയത്ത് നമ്മുടെ കൂട്ടത്തിലേക്ക് ഓടിക്കേറാൻ ആഗ്രഹിക്കുന്നു. നാം എന്തായിരുന്നാലും അവരുടെ കൂട്ടത്തിലേക്ക് ഇല്ല".
അമിതഭൗതികത അഹങ്കാരം വരുത്തുമെന്ന് ഗുരുവിന് വാദമുണ്ടായിരുന്നു. വിനയത്തിന്റെ മൂടുപടം സ്വയം എടുത്തണിഞ്ഞു. ഒരിക്കൽ പറഞ്ഞതിങ്ങനെ: "അല്ലാഹുവിൻ്റെ കൈ അവൻ്റെ അടിമകൾക്ക് മുകളിലുണ്ട്. ആരെങ്കിലും സ്വയം പൊങ്ങാൻ ഉദ്ദേശിച്ചാൽ അവനെ അല്ലാഹു താഴ്ത്തിക്കളയും. ആരെങ്കിലും സ്വയം താഴാൻ നിന്നാൽ അവനെ അല്ലാഹു ഉയർത്തും. ജനങ്ങൾ മുഴുവനും അവൻ്റെ ഔദാര്യത്തിന് കീഴിലായിട്ടാണ് കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു അടിമയെ അല്ലാഹു അപമാനത്തിലാക്കാൻ ഉദ്ദേശിച്ചാൽ അവന്റെ ഔദാര്യത്തിൽ നിന്നവനെ പുറത്താക്കും. അതോടെ ജനമധ്യത്തിൽ അവൻ്റെ ന്യൂനത വെളിപ്പെടും" ഇമ്രാൻ ഇബ്നു അബ്ദുല്ല പറയുന്നുണ്ട്: ഇബ്നുൽ മുസയ്യബ് സ്വന്തത്തെ ഒരു ഈച്ചയെക്കാൾ ചെറുതായിട്ടായിരുന്നു കണ്ടിരുന്നത്. എല്ലാ വലിപ്പവും അല്ലാഹുവിന് മാത്രം വകവെച്ചു നൽകി".
ഗുരുവിൻ്റെ നടപ്പും ഇരിപ്പുമെല്ലാം വിനയം തുടിക്കുന്നതായിരുന്നു. വയസ്സ് 80 പിന്നിട്ടിട്ടും ഉൾഭയം വിട്ടുമാറിയിരുന്നില്ല. അന്യസ്ത്രീകളുടെ സമീപത്തുകൂടി പോകേണ്ടി വന്നാൽ തലകുനിച്ചു മാത്രമേ നടക്കൂ. ഒരു കണ്ണിന് നേരത്തെ പ്രശ്നമുണ്ട്. രണ്ടാമത്തെ കണ്ണിനും മങ്ങൽ വന്നിരുന്നു. പക്ഷേ അന്യ പെണ്ണുങ്ങൾക്ക് മുമ്പിൽ തലതാഴ്ത്തി മാത്രം നിന്നു. പിശാചിൻ്റെ നൈരാശ്യം അവൻ മറികടക്കുക സ്ത്രീകളെ ഉപയോഗിച്ചിട്ടാണെന്ന് ഒരിക്കൽ ഗുരു പറഞ്ഞിട്ടുണ്ട്. എനിക്ക് ഏറ്റവും പേടി അന്യ സ്ത്രീകളെയാണെന്ന് വാർദ്ധക്യകാലത്തും പറയുമായിരുന്നു.
ഞാൻ എല്ലാം തികഞ്ഞു. ഭക്തിയിൽ മുന്നിലാണ്. മറ്റു മനുഷ്യരെപ്പോലെ വഴിതെറ്റില്ല എന്ന ചിന്ത ഉണ്ടായിരുന്നില്ല. വിനയം തന്നെ കാരണം. ആരുമായും തർക്കിക്കാൻ ഗുരു നിന്നിരുന്നില്ല. ആരെങ്കിലും തന്നെ പ്രത്യേകം പരിഗണിച്ചു ഇരിക്കാൻ തട്ടം വിരിച്ചു കൊടുത്താൽ അതെടുത്ത് അയാളിലേക്ക് തന്നെ തിരികെ ഇടും. അതിലിരിക്കില്ല. ഇതായിരുന്നു രീതി.
പ്രത്യേകം പരിഗണിക്കാൻ തന്നിലെന്ത് എന്ന ചോദ്യമായിരുന്നു എപ്പോഴും. ഇഹലോക സമ്പാദ്യങ്ങൾ കൊണ്ടും സ്ഥാനമാനങ്ങൾ കൊണ്ടും അഹങ്കരിക്കുന്നത് അപക്വമായിട്ടായിരുന്നു ഗുരു കണ്ടിരുന്നത്. ഒരിക്കൽ പറഞ്ഞു. ഉമറുബ്നു ഖത്താബ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭൃത്യന്മാരുടെ പെരുപ്പം കൊണ്ട് അഹങ്കരിക്കുന്നവനെ അല്ലാഹു നിന്ദ്യനാക്കും. നിങ്ങളെ അല്ലാഹു ഇസ്ലാം കൊണ്ടാണ് അഭിമാനികളാക്കിയിട്ടുള്ളത്. അഭിമാനം അതല്ലാത്ത മറ്റുപലതിലും തേടി പ്പോയാൽ നിങ്ങളെ അവൻ നിന്ദ്യരാക്കും. ഉമറിന്റെ ഈ വാക്കുകളെ അന്വർത്ഥമാക്കിയായിരുന്നു ഗുരുവിന്റെ ജീവിതം.
പൊതു ഫണ്ടിൽ നിന്ന് തനിക്ക് അവകാശപ്പെട്ടത് പോലും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഒരിക്കൽ ഭരണകൂടം ഗുരുവിനെ പ്രത്യേകം വിളിച്ചു വരുത്തി. മുപ്പതിനായിരത്തിലധികം ദീനാർ നൽകാൻ വേണ്ടിയായിരുന്നു അത്. പക്ഷേ അദ്ധേഹം തിരസ്കരിച്ചു കൊണ്ട് പറഞ്ഞു: "എനിക്കിത് ആവശ്യമില്ല. അല്ലാഹുവിനെ കണ്ടുമുട്ടും വരെ ബനൂ മർവാനിൽ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല; അവൻ്റെ വിധിതീർപ്പാണ് ഞാൻ കാത്തുനിൽക്കുന്നത് " ഇമ്രാൻ പറയുന്നുണ്ട്: ഗുരു ആരിൽ നിന്നും ഒന്നും സ്വീകരിച്ചില്ല. ദീനാറോ ദിർഹമോ മറ്റുളളവയോ. ചിലയാളുകൾ പാനീയങ്ങൾ കൊണ്ടുവന്നു കൊടുക്കും. പക്ഷേ പിന്തിരിഞ്ഞു കളയും, ഒരാളിൽ നിന്നും വാങ്ങി കുടിക്കില്ല."
