വിശുദ്ധ ഖുർആനിനോട് അടങ്ങാത്ത ബഹുമാനമായിരുന്നു സഈദ് ബിൻ മുസയ്യബിന്. എല്ലാ വിജ്ഞാന ശാഖകളിലും അഗാധ ജ്ഞാനിയായിരിക്കെ തന്നെ വിശുദ്ധ ഖുർആൻ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് പിന്നോട്ട് നിൽക്കാനായിരുന്നു താല്പര്യം. ഖുർആനിക വ്യാഖ്യാനങ്ങളെപറ്റി ചോദിച്ചാൽ പറയും "ഖുർആനിൽ ഒന്നും പറയാൻ ഞാനില്ല. ഇക്കാരണംകൊണ്ടുതന്നെ ആപേക്ഷികമായി വിരളമായി മാത്രമാണ് ഖുർആൻ വ്യാഖ്യാനങ്ങൾ സഈദിൽനിന്ന് ഉണ്ടായിട്ടുള്ളത്.
യസീദുബ്നു അബൂ യസീദ് പറയുന്നു: ഞങ്ങൾ സഈദിനോട് ഹലാൽ ഹറാമിനെ പറ്റി ചോദിച്ചു; ജനങ്ങളിൽ ഏറ്റവും വലിയ ജ്ഞാനിയായിരുന്നു അദ്ദേഹം. അതേസമയം, വിശുദ്ധ ഖുർആൻ വ്യാഖ്യാനങ്ങളെപറ്റി ചോദിച്ചാൽ അദ്ദേഹം പലപ്പോഴും കേൾക്കാത്ത പോലെ മൗനം നടിക്കും. ഒരിക്കൽ ഒരാൾ ഒരു ആയത്തിന്റെ (ഖുർആനിക വചനം ) വിശദീകരണം ആരാഞ്ഞു വന്നു. പ്രതികരണം ഇങ്ങനെയായിരുന്നു : "ഖുർആനിൽ നിന്നുള്ള വചനങ്ങളെ പറ്റി എന്നോട് ചോദിക്കേണ്ട. ഒന്നും അജ്ഞാതമല്ല എന്നു വാദിക്കുന്നവരോട് ചോദിക്കുക"
സഈദ് ഉദ്ദേശിച്ചത് യുഗപണ്ഡിതനായ ഇക് രിമയെയായിരുന്നു.
ഖുർആൻ വ്യാഖ്യാനത്തെ ഗൗരവപ്പെട്ട കാര്യമായി കണ്ട പണ്ഡിതരുടെ ഗണത്തിൽ ഇബ്നു ഉമർ സഈദിനെയും എണ്ണിയതായി കാണാം. ഇതിനർത്ഥം സഈദ് വിശുദ്ധഖുർആൻ വ്യാഖ്യാനവുമായി ഒരു ബന്ധവും പുലർത്തിയില്ല എന്നല്ല. മറിച്ച് അതിൽ തികഞ്ഞ സൂക്ഷ്മത പാലിച്ചു എന്നാണ്. താബിഉകളിലെ ഖുർആൻ വ്യാഖ്യാതാവായി പല ചരിത്രകാരന്മാരും അദ്ദേഹത്തെ പരിചയപ്പെടുത്തുന്നുണ്ട്. പല വ്യാഖ്യാന ഗ്രന്ഥങ്ങളിലും അദ്ദേഹത്തെ പുരസ്കരിച്ചുള്ള വിശദീകരണങ്ങളും കാണാം.
റബ്ബുൽ ആലമീൻ (സർവ്വലോക രക്ഷിതാവ്) എന്ന വാക്യശകലം വ്യാഖ്യാനിച്ചുകൊണ്ട് സഈദ് പറഞ്ഞതിങ്ങനെ: ആയിരം ജന്തു വർഗ്ഗങ്ങളുണ്ട്. അതിൽ 600 ഉം സമുദ്രത്തിലാണ് 400 എണ്ണം കരയിലും. "നിങ്ങളുടെ കൃഷിയിടങ്ങളെ നിങ്ങൾ ഇച്ഛിക്കുന്ന ഭാഗത്തിലൂടെ സമീപിക്കുക" എന്ന വാക്യത്തെകുറിച്ച് സഈദിൽ നിന്നുള്ള വിശദീകരണം സ്ത്രീയോനിയാണ് ഉദ്ദേശ്യമെന്നാണ്. ഭാര്യമാരെ
പിൻദ്വാരത്തിലൂടെ സമീപിക്കുന്നത് നിഷിദ്ധമാണെന്ന് അർത്ഥം. ആലു ഇംറാനിലെ വാക്യം 39 ൽ പരാമർശിച്ച സയ്യിദിന് (സയ്യിദൻ വഹസ്വൂറാ )സഈദ് നൽകിയ വ്യാഖ്യാനം "തികഞ്ഞ കർമ്മശാസ്ത്ര വിശാരദൻ " എന്നാണ്. യഹ് യ നബിയെ പറ്റിയുള്ള വിശേഷണമാണത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് വ്യാഖ്യാനങ്ങൾ സഈദുബ്ൻ മുസയ്യബിൽ നിന്നുണ്ടായിട്ടുണ്ട്. എല്ലാം ഒത്തിണങ്ങിയ ഖുർആൻ പണ്ഡിതൻ തന്നെയായിരുന്നു അദ്ദേഹം.
