നബിവചന ശാസ്ത്രത്തിൽ ആഴത്തിൽ അറിവുള്ളയാളായിരുന്നു സഈദുബ്ൻ മുസയ്യബ് എന്ന് നാം പറഞ്ഞു. തിരുനബിയുടെ സ്വഹാബത്തിനെ (അനുചരർ) അക്കാര്യത്തിൽ നന്നായി അവലംബിച്ചു. അവർക്ക് മതിയായ ആദരവ് നൽകി. വിശുദ്ധ ഖുർആൻ സൂറത്തുൽ ഹശ്റിൽ (അധ്യായം ഹശ്ർ) "മുൻകഴിഞ്ഞ നമ്മുടെ സുഹൃത്തുക്കൾക്ക് നാഥാ നീ മാപ്പ് നൽകൂ" എന്ന് പരാമർശിച്ചത് സ്വഹാബത്തിനെ കുറിച്ചാണെന്ന് സഈദ് തെല്ലൊരഭിമാനത്തോടെ പറയുമായിരുന്നു. ഹദീസ് കൈമാറ്റ വിഷയത്തിൽ താബിഉകളെ 15 കാറ്റഗറിയായി ഹാകിം തിരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഉന്നതസ്ഥാനം അലങ്കരിക്കുന്നത് സ്വർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്തു പേരിൽ നിന്ന് നിവേദനം ചെയ്ത വിഭാഗമാണ്. ആ ഗണത്തിൽ പ്രമുഖനാണ് സഈദ്. ഒന്നാം ഖലീഫ അബൂബക്കറിൽ നിന്ന് മാത്രം നിവേദനം ഇല്ല. കാരണം തൻ്റെ ജനനം ഉമറിന്റെ കാലത്താണ്. ഹദീസ് ലോകത്ത് ഉന്നത പദവി അലങ്കരിക്കുന്ന പരമ്പരയാണ് അബൂഹുറൈറയിൽ നിന്ന് സഈദും അദ്ദേഹത്തിൽ നിന്ന് സുഹ്രിയും വരുന്ന വചനങ്ങൾ.
വളരെ വിശ്വസ്തരിൽ നിന്നു മാത്രമായിരുന്നു സഈദ് ഹദീസുകൾ സ്വീകരിച്ചിരുന്നത്. യസീദുബ്ൻ അബീമാലിക് പറയുന്നു: ഒരിക്കൽ ഞാൻ സഈദിനരികിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒരു ഹദീസ് പറഞ്ഞു. ഞാൻ ചോദിച്ചു: അബൂ മുഹമ്മദ് ആരാണ് അങ്ങയോട് ഈ വചനം പറഞ്ഞത്? അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു : ഷാമുകാരുടെ സഹോദരാ, ഹദീസ് സ്വീകരിക്കൂ. ചോദ്യം വേണ്ട. നാം വളരെ വിശ്വസ്തരിൽ നിന്നല്ലാതെ ഒന്നും കൈപ്പറ്റിയിട്ടില്ല. "ഒരു നിവേദകൻ തൻ്റെ ഇടയിൽ നബിയിലേക്ക് എത്തുന്ന ആളെ ഒഴിവാക്കി ചിലപ്പോൾ ഹദീസുകൾ പറയാറുണ്ട്. അത്തരം ഹദീസുകൾക്ക് അതിന്റേതായ അയോഗ്യതയുണ്ടാവും. (ഹദീസുകളുമായി ബന്ധപ്പെട്ട് പറയുന്നിടത്ത് ഇക്കാര്യങ്ങൾ വിശദമായി അവതരിപ്പിക്കുന്നുണ്ട്) എന്നാൽ സഊദാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അത് പണ്ഡിതലോകത്ത് നിരുപാധികം സ്വീകാര്യമായിരുന്നു. ഇമാം ഷാഫിഈ തന്നെ ഇത് അംഗീകരിച്ചതായി കാണാം. കാരണം ഹദീസ് ലോകത്ത് സഈദിന്റെ വിശ്വാസ്യത തന്നെ.
ഇമാം ഷാഫിഈയും അഹമ്മദ് ബ്ൻ ഹമ്പലുമൊക്കെ സഈദ് വഴിയുളള വചനങ്ങൾ ധാരാളം നിവേദനം ചെയ്തതായി കാണാം. ഉമർ, ഉസ്മാൻ, അലി, ആയിഷാബീവി എന്നിവരിൽ നിന്നൊക്കെ സഈദിൻ്റെ റിപ്പോർട്ടുകൾ പ്രസിദ്ധങ്ങളാണ്.
"ഈ സമുദായത്തിൽ നിന്ന് ആദ്യം നിഷ്ക്രമിക്കുക വിശ്വാസ്യതയായിരിക്കും. അവസാനം വരെ ശേഷിക്കുക നിസ്കാരമായിരിക്കും. എത്രയോ നിസ്കാരക്കാർ ഉണ്ടാവും, പക്ഷേ അവനിൽ ഒരു ഗുണവും ഉണ്ടാകില്ല " എന്ന വചനം ഉമറിൽ നിന്നാണ് സഈദ് നിവേദനം ചെയ്യുന്നത്. പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷം അംഗശുദ്ധി വീണ്ടും വരുത്താതെ നിസ്കാരത്തിലേക്ക് തിരുനബി പ്രവേശിച്ചതുമായി ബന്ധപ്പെട്ട ഹദീസ് ഉസ്മാനിൽ നിന്ന് നിവേദനം ചെയ്തതിന് ഉദാഹരണമാണ്. സ്ത്രീകളിൽ അത്യുത്തമ ഫാത്തിമയാണ് എന്ന വചനം അലിയിൽ നിന്നുള്ള നിവേദനമാണ്. അലിയിൽ നിന്നുള്ള മറ്റൊന്നിതാണ്. "അല്ലാഹുവിനെ സൂക്ഷിച്ചവൻ ശക്തനായി ജീവിക്കുന്നു രാജ്യങ്ങളിൽ നിർഭയനായി സഞ്ചരിക്കുന്നു. "
വെള്ളിയാഴ്ച ഖുത്തുബ(പ്രത്യേക പ്രസംഗം) നടക്കുമ്പോൾ സുഹൃത്തിനോട് മിണ്ടാതിരിക്കൂ എന്നു പറഞ്ഞാൽ നീ ബഹളം വച്ചവനായി " എന്ന വചനം അബൂ ഹുറൈറയിൽ നിന്നുള്ള നിവേദനത്തിന് ഉദാഹരണമാണ്. "ഏതൊരു വസ്തുവിനും ഒരു അഭിമാനസ്തംഭമുണ്ട്. എന്റെ സമുദായത്തിന്റെ അഭിമാനസ്തംഭം ഖുർആനാകുന്നു". ഈ ഹദീസ് ആയിഷാബീവിയിൽ നിന്നുള്ള സഈദിൻ്റെ നിവേദനമാണ്.
