വിജ്ഞാനത്തിന്റെ മടിത്തട്ടിലേക്കാണ് സഈദ് പിറന്നു വീണത്. മദീന അന്ന് ജ്ഞാനികളുടെ കേന്ദ്രമായിരുന്നു. സ്വഹാബി പ്രമുഖരുടെ സാന്നിധ്യം വിജ്ഞാനത്തെ പുഷ്കലമാക്കി. അറിവിനോടുള്ള അടങ്ങാത്ത അഭിലാഷം ചെറുപ്പത്തിലേ സഈദിൽ രൂപപ്പെട്ടിരുന്നു. ഖുർആൻ പഠനമാണ് തുടക്കം. മന:പാഠമാക്കാൻ കൂടുതൽ കാലം എടുക്കുമായിരുന്നില്ല. ഖുർആൻ തഹ്ഫീള്(ഹൃദിസ്ഥമാക്കൽ) അന്നത്തെ ഒരു ജ്വരമാണ്. ഖുർആൻ പൂർണമായി മനപ്പാഠമാക്കുക എന്നത് പുതുമയുള്ള കാര്യമായിരുന്നില്ല. ഏതൊരു പഠിതാവിന്റെയും പ്രാഥമിക ബാധ്യതയായിരുന്നു അത്. സഈദ്ബ്നു മുസയ്യബിനും മാറി ചിന്തിക്കേണ്ടി വന്നിരുന്നില്ല. സ്വഹാബികളാണ് (തിരുനബി അനുചരന്മാർ) മാതൃക. അവരാണ് തൻ്റെ ഗുരുക്കൾ. ഖുർആൻ മനസ്സിൽ സൂക്ഷിക്കുന്നവരായിരുന്നു അവരെല്ലാം.
സഈദിൻ്റെ പഠനം അനുദിനം പുരോഗമിച്ചു. പ്രമുഖരായ സ്വഹാബിമാരിൽ നിന്ന് നബിവചന ശാസ്ത്രം സ്വായത്തമാക്കി. ഹദീസിന്റെ ഉള്ളറകൾ തേടി യാത്ര തിരിച്ചു. ഒരു ഹദീസ് കണ്ടെത്തുന്നതിനു വേണ്ടി മാത്രം രാപ്പകലുകൾ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായി. ഒരു നബി വചനത്തിനുവേണ്ടി മൂന്ന് ദിവസമാണ് അവിശ്രമം ഞാൻ യാത്ര ചെയ്തതെന്ന് സഈദ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അറിവിനോടുള്ള അധമ്യമായ ആദരവായിരുന്നു കാരണം. അന്വേഷണ തൃഷ്ണ ഏത് സമയത്തും ജ്വലിച്ചു തന്നെ നിന്നു.
നബിസഹചരുടെ വിവിധ വീക്ഷണങ്ങളും ഫത് വകളും തിരഞ്ഞുപിടിച്ച് പഠിച്ചു. ഉമറിന്റെയും സൈദുബ്ൻ സാബിതിൻ്റെയും അബ്ദുല്ലാഹിബ്നു ഉമറിന്റെയും ആഇശാ ബീവിയുടെയും അബ്ദുല്ലാഹിബ്നു അബ്ബാസിന്റെയുമൊക്കെ വൈജ്ഞാനിക വീക്ഷണങ്ങളെ ഇഴകീറി മനസ്സിലാക്കാൻ സമയം കണ്ടെത്തി. പഠനം പുരോഗമിച്ചു. വിവിധ വിഷയങ്ങളിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ അവഗാഹം നേടി. മദീനയിലെ അറിയപ്പെട്ട പണ്ഡിതരുടെ ഗണത്തിലേക്ക് ഇബ്നു മുസ്വയ്യബ് ചേക്കേറി. അധികം വൈകാതെ മദീനിയിലെ മുഫ്തികളുടെ (മതകാര്യങ്ങളിൽ വിധി പറയുന്നവർ) സ്ഥാനം പിടിച്ചു. സൈദിന്റെ ഫത് വകളായിരുന്നു മുഖ്യ അവലംബമായി സ്വീകരിച്ചത്. താബിഈ മുഫ്തികളിൽ മദീനയിൽ പ്രധാനി ഇബ്നുൽ മുസയ്യബു തന്നെ.
വിജ്ഞാനത്തിന്റെ സമുദ്രങ്ങൾ ഏഴാണെന്ന് പറഞ്ഞ ഒരു കാവ്യം പ്രസിദ്ധമാണ്. അതിലും സഈദ് ഇടം പിടിച്ചിട്ടുണ്ട്. സപ്തമഹാ കർമ്മ ശാസ്ത്ര വിശാരദരിലും സഈദിൻ്റെ പേര് ഉയർന്നു നിന്നു. അബുസുനാദ് മദീനയിലെ ഫുഖഹാഇനെ (കർമ്മ ശാസ്ത്രജ്ഞർ ) എണ്ണുമ്പോൾ ആദ്യമായി പറഞ്ഞ പേര് സഈദു ബ്ൻ മുസയ്യബിന്റേതാണ്. സുഹ് രി പറഞ്ഞു:" ഞാൻ അറിവ് നേടിയത് മൂന്നുപേരിൽ നിന്നാണ്. അതിലെ ഏറ്റവും വലിയ കർമ്മശാസ്ത്ര പണ്ഡിതൻ സഈദുബ്ൻ മുസയ്യബ് ആയിരുന്നു "ജഅ്ഫർ ഇബ്നു റബീഅ ഒരിക്കൽ ഇറാകുബിനു മാലികിനോട് ചോദിച്ചു: ആരാണ് മദീനയിലെ ഏറ്റവും വലിയ പണ്ഡിതൻ? അദ്ദേഹത്തിന് കൂടുതൽ ചിന്തിക്കേണ്ടിയിരുന്നില്ല. പറഞ്ഞതിങ്ങനെ "മദീനയിലെ ഏറ്റവും വലിയ കർമ്മ ശാസ്ത്രജ്ഞനും അല്ലാഹുവിൻ്റെ ദൂതരുടെയും അബൂബക്റിന്റെയും ഉമറിന്റെയും ഉസ്മാനിൻ്റെയും വൈജ്ഞാനിക തീർപ്പുകൾ (ഖസായാ) നന്നായി പഠിക്കുകയും ചെയ്ത ആൾ സഈദ് ആണ്.
മുൻഗാമികളുടെ അറിവുകളിൽ അദ്ദേഹം വളരെ അവഗാഹം നേടി. താബിഈ പണ്ഡിതരുടെ തലവനും അവരിലെ സമാദരണീയനും വേറിട്ട വ്യക്തിയുമായിരുന്നു സഈദെന്ന് ഖറൂജി ഉദ്ധരിക്കുന്നുണ്ട്. അപാര ഓർമ്മശക്തിയായിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. ഇമ്രാൻ പറയുന്നുണ്ട്: സഈദിന്റെ ചെവിയിലൂടെ വല്ലതും കടന്നുപോയാൽ അത് ഉടൻ ഖൽബിൽ പതിയും. സംഭവങ്ങൾ, വ്യക്തികൾ, ചരിത്രങ്ങൾ എല്ലാം സഈദിന് വെള്ളം പോലെയായിരുന്നു. കേൾക്കുന്നവർ അതിശയിക്കും. രചനകൾ കൂടുതൽ രൂപപ്പെടാത്ത കാലമായിരുന്നു അത്. ഇബ്നുൽ മുസയ്യിബിന്റെ ഖൽബും മനസ്സുമൊക്കെ തന്നെയായിരുന്നു പ്രധാന ഗ്രന്ഥ ശേഖരങ്ങൾ. വിജ്ഞാനത്തിന്റെ അത്ഭുത ഘനിയായിരുന്നു അദ്ദേഹം. വിശ്വസ്തതയുടെ പ്രതിരൂപം. ഹദീസുകളുടെ പെരുപ്പം വളരെ വലുതായിരുന്നു. അറിവിൻ്റെ നിറവിൽ സഈദുബ്ൻ മുസയ്യബ് കാലത്തെ അതിജയിച്ചു.
