"എൻ്റെ ജീവിതം ദുഷ്കരമായി. കടം കയറി ഞാൻ പരവശവനായി. എവിടെ പോകണം. എന്ത് ചെയ്യണമെന്ന് അറിയില്ല. സമാധാനം കിട്ടുന്നതിന് വേണ്ടി ഞാൻ സഈദുബ്ൻ മുസയ്യബിൻ്റെ അരികിലേക്ക് എത്തിയിരിക്കുകയാണ്. പലകാര്യങ്ങളും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ അവിടേക്ക് ഒരാൾ കടന്നു വന്നു. " ഉമറുബ്നുഹബീബ് ബ്നു ഖലീഅ് തൻ്റെ ഒരു അനുഭവം വിശദീകരിക്കുകയാണ്. ആഗതൻ പറഞ്ഞു: അബൂ മുഹമ്മദ് ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു.
എന്താണ് സ്വപ്നം? സഈദ് ചോദിച്ചു. "ഞാൻ ഭരണാധികാരി അബ്ദുൽ മാലിക് ബിനുമർവാനിനെ പിടികൂടി. ഭൂമിയിൽ കിടത്തി അദ്ദേഹത്തിൻ്റെ മുതുകിൽ നാലു കുറ്റികൾ തറച്ചു. ഇതാണ് സ്വപ്നം”. ഉടൻ സഈദ് പറഞ്ഞു: ഈ സ്വപ്നം താൻ കണ്ടതാകില്ല. ആഗതൻ പറഞ്ഞു: അതേ ഞാൻ കണ്ടത് തന്നെയാണ്. സഈദ് സ്വല്പം ഗൗരവത്തിൽ ചോദിച്ചു: സത്യം ഞാൻ പറയണോ അതോ നീ പറയുന്നോ? അയാൾ ഒന്നു ഞെട്ടി. ഇങ്ങനെ പറഞ്ഞു: സ്വപ്നം കണ്ടത് ഞാനല്ല. ഇബ്നു സുബൈർ ആണ് അദ്ദേഹം എന്നെ അങ്ങയുടെ അരികിലേക്ക് പറഞ്ഞയച്ചതാണ്; വ്യാഖ്യാനം തേടി. സഈദ് പറഞ്ഞു: അദ്ദേഹം കണ്ടത് സത്യമാണെങ്കിൽ സുബൈർ കൊലചെയ്യപ്പെടും. അബ്ദുൽ മലിക്ബ്ൻ മുർവാനിൻ്റെ മുതുകിൽ നിന്ന് നാല് പേർ ജനിക്കും. അവരെല്ലാവരും ഖലീഫമാരായി മാറും.
ഈ വ്യാഖ്യാനം എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് ഞാൻ പോയത് അബ്ദുൽ മലിക്ബ്ൻ മർവാനിൻ്റെ അരികിലേക്കാണ്. ഷാമിൽ എത്തിയ ഞാൻ സഈദിന്റെ സദസ്സിലെ സ്വപ്നവ്യാഖ്യാനത്തെക്കുറിച്ച് പറഞ്ഞു. അത് കേട്ടതും അബ്ദുൽ മലികിന് അതിയായ സന്തോഷമായി. അദ്ദേഹം സഈദിനെ പറ്റിയും അദ്ദേഹത്തിൻ്റെ സുഖ വിവരങ്ങളെപ്പറ്റിയും അന്വേഷിച്ചു. ഞാൻ എല്ലാം വിശദീകരിച്ചു കൊടുത്തു. അബ്ദുൽ മലിക് ബ്ൻ മർവാൻ വളരെ ആവേശത്തിലാണ്. എന്റെ കടത്തിന്റെ കാര്യം അദ്ദേഹം ഏറ്റെടുത്തു. അത് വീട്ടുവാൻ വേണ്ടി ആവശ്യമായ സഹായം ചെയ്തു. എനിക്ക് വലിയ നേട്ടം അങ്ങനെ കിട്ടി.
സഈദ്ബ്നു മുസയ്യബ് അറിയപ്പെട്ട സ്വപ്നവ്യാഖ്യാതാവായിരുന്നു. മുഹമ്മദ് ബിനു ഉമർ പറയുന്നു: ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ സ്വപ്നവ്യാഖ്യാതാവായിരുന്നു സഈദ്. പഠിച്ചത് അബൂബക്കറിൻ്റെ മകൾ അസ്മാഅ് ബീവിയിൽ നിന്നാണ്. അസ്മാഅ് പഠിച്ചത് പ്രിയപ്പെട്ട പിതാവ് അബൂബക്കർ സിദ്ദീഖിൽ നിന്നും. സ്വപ്നവ്യാഖ്യാനം ഒരു കലയാണ്. ഭക്തജനങ്ങൾക്ക് വെളിപാട് ജ്ഞാനം വഴി തുറന്ന് കിട്ടുന്ന ഒന്ന്. ചില അടയാളങ്ങളുടെ പാശ്ചാത്തലത്തിലാണ് വ്യാഖ്യാനം സാധ്യമാവുക. ഉബൈദ് ബിനു നിസ്ത്വാത് പറയുന്നു: സാധാരണ ഗതിയിൽ ആരെങ്കിലും വന്നു സ്വപ്നം കണ്ടതായി വിശദീകരിച്ചാൽ ഗുരു പറയുക നീ കണ്ടത് നല്ലതുതന്നെ എന്നാണ് '. ഒരു സ്വപ്നത്തിന്റെ കാലാവധി 40 കൊല്ലം വരെ നിലനിൽക്കാമെന്നായിരുന്നു സഈദിന്റെ ശാസ്ത്രം ; അഥവാ നാൽപതു കൊല്ലത്തിനിടയിൽ വ്യാഖ്യാനം പുലരാമെന്നർഥം.
ഒരാൾ ഒരിക്കൽ വന്നു പറഞ്ഞ സ്വപ്നം ഇങ്ങനെ: ഞാൻ എൻ്റെ കയ്യിൽ മുത്രം ഒഴിക്കുന്നത് കണ്ടു. ഗുരു പറഞ്ഞു. നീ അല്ലാഹുവിനെ സൂക്ഷിക്കുക. വിവാഹബന്ധം നിനക്ക് നിഷിദ്ധമായ ഒരുത്തിയെയാണ് നീ വിവാഹം കഴിച്ചതെന്ന് തോന്നുന്നു. ആ മനുഷ്യൻ ആശങ്കാകുലനായി. ഭാര്യയുടെ കുടുംബ ചരിത്രം പഠിച്ചു. അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. താനും അവളും തമ്മിൽ മുലകുടി ബന്ധത്തിൽ ഒന്നാണെന്ന്. മറ്റൊരാൾ വന്നു പറഞ്ഞത് സൈത്തൂനത്തിൻ്റെ മുരട്ടിലേക്ക് മൂത്രിക്കുന്നത് കണ്ടു എന്നാണ്. ഗുരു പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിന്റെ ഭാര്യ നിനക്ക് നിഷിദ്ധമാണെന്ന് തോന്നുന്നു. അയാൾ അന്വേഷണം നടത്തിയപ്പോൾ വിവാഹബന്ധം നിഷിദ്ധമായ കൂട്ടത്തിലാണ് അവൾ ഉള്ളത് എന്ന് കണ്ടെത്താൻ കഴിഞ്ഞു. ഒരാൾ വന്നു പറഞ്ഞു: ഒരു മാടപ്രാവ് പള്ളി മിനാരത്തിൽ നിന്ന് വീഴുന്നതായി ഞാൻ കണ്ടു. ഉടൻ വന്നു വ്യാഖ്യാനം ഹജ്ജാജ്ബ്ൻ യൂസുഫ് അബ്ദുല്ലാഹിബ്ൻ ജഅ്ഫറിന്റെ മകളെ വിവാഹം കഴിക്കും. പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു.
ഫഹ്മിൽ പെട്ട ഒരു മനുഷ്യൻ കണ്ട സ്വപ്നം ഇങ്ങനെ: താൻ അഗ്നിയിൽ പ്രവേശിക്കുന്നു. ഗുരു പറഞ്ഞു: നീ കണ്ടത് സത്യമാണെങ്കിൽ സമുദ്രയാത്ര ചെയ്യാതെ നീ മരിക്കില്ല. നിൻ്റെ മരണം കൊലപാതകമായിരിക്കും. പിൽക്കാലത്ത് വ്യാഖ്യാനം ഫലിച്ചു. അയാൾ സമുദ്രയാത്ര നടത്തി. ഒരുവിധം കഷ്ടി നാശത്തിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ഖദീദിന്റെ നാൾ പ്രഹരമേറ്റ് കൊലചെയ്യപ്പെട്ടു.
ഹുസൈൻ ബിനു ഉബൈദില്ലാ വിവാഹം കഴിച്ചു. എന്തു ചെയ്തിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. പല ചികിത്സകളും നടത്തി നോക്കി. അതിനിടയിലാണ് താൻ ഒരു സ്വപ്നം കാണുന്നത്. തൻ്റെ മടിയിലേക്ക് ഒരു കോഴിമുട്ട വന്ന് വീഴുന്നു. ഉടൻ സഈദ് പറഞ്ഞു: കോഴിമുട്ട അനറബിയുടെ ലക്ഷണമാണ്. അതുകൊണ്ട് കുട്ടി ഉണ്ടാകണമെങ്കിൽ അനറബി പെണ്ണിനെ വരിക്കുക. ഗുരു പറഞ്ഞതുപോലെ ചെയ്തു. സന്താനഭാഗ്യം ഉണ്ടായി. സഈദ് പറയാറുണ്ട്. സ്വപ്നത്തിൽ കാരയ്ക്ക കണ്ടാൽ എല്ലാകാലത്തും ഭക്ഷണം എന്ന് വ്യാഖ്യാനിക്കാം. ഈത്തപ്പഴം കണ്ടാൽ സീസണിൽ മാത്രമാണ് ഭക്ഷണം എന്ന വ്യാഖ്യാനം വരിക. വലിയ ചങ്ങല സ്വപ്നത്തിൽ കണ്ടാൽ മതബോധത്തിൽ സുസ്ഥിരത എന്നാണ് വ്യാഖ്യാനം.
ഒരിക്കൽ ഒരാൾ വന്നു പറഞ്ഞത്: ഞാൻ തണലിൽ ഇരിക്കുകയായിരുന്നു, പിന്നീട് വെയിലത്തേക്കിരിക്കേണ്ടി വന്നു. ഇബ്നുൽ മുസ്സയ്യബ് പറഞ്ഞു: അല്ലാഹു തന്നെ സത്യം, നീ കണ്ടത് യാഥാർത്ഥ്യമാണെങ്കിൽ നീ ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ മതി. അപ്പോൾ ആഗതൻ പറഞ്ഞു: അബൂ മുഹമ്മദ് എന്നെ നിർബന്ധിച്ച് തണലിൽ നിന്ന് വെയിലത്തേക്ക് നിർത്തുകയായിരുന്നു. അപ്പോൾ ഗുരു പറഞ്ഞു: എങ്കിൽ വ്യാഖ്യാനം സത്യനിഷേധത്തിന് നിന്നെ ശത്രു നിർബന്ധിക്കും എന്നാണ്. വ്യാഖ്യാനം ശരിയായി. അബ്ദുൽ മലിക് ബ്നു മർവാന്റെ കാലഘട്ടത്തിൽ അയാളെ ബന്ദിയാക്കപ്പെട്ടു. ഇസ്ലാമിനെ നിഷേധിക്കാൻ ബലാൽക്കാരവുമുണ്ടായി. പിന്നീടയാൾ മദീനത്ത് എത്തി. ഈ വിഷയം അദ്ദേഹം പലപ്പോഴും അയവിറക്കുമായിരുന്നു.
ഇമ്രാൻഇബ്നു അബ്ദുല്ല ഒരിക്കൽ പറഞ്ഞു: ഹസനുബ്നു അലിയുടെ നെറ്റിത്തടത്തിൽ "ഖുൽഹുവല്ലാഹു അഹദ്" (അല്ലാഹു ഏകനാകുന്നു) എന്ന് എഴുതിവെച്ചത് ഞാൻ സ്വപ്നം കണ്ടു. പലരോടും ഇത് ഞാൻ പങ്കുവെച്ചു. മദീനക്കാർ വളരെയധികം സന്തോഷിച്ചു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ മഹത്വത്തിന് പൊൻതൂവൽ ചാർത്തായിട്ടാണ് അവർ ഇതിനെ കണ്ടത്. അതിനിടയിൽ ഈ സ്വപ്നത്തെ പറ്റി സഈദിനോട് ആരോ ചിലർ സംസാരിച്ചു. അദ്ദേഹം എടുത്തടി പറഞ്ഞു: അയാൾ കണ്ട സ്വപ്നം സത്യമാണെങ്കിൽ ഹസനിന്റെ ആയുസ്സിൽ നിന്ന് വളരെ കുറവ് മാത്രമാണിനി ബാക്കി. പറഞ്ഞത് ശരിയായി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പിന്നീട് ഹസൻ ജീവിച്ചുള്ളു.
