ഹിജ്റ 63. മദീന വിറകൊണ്ട വർഷമായിരുന്നു അത്. ചരിത്രത്തിൽ തുല്യതയില്ലാത്ത ഭീകരാക്രമമാണ് അവിടെ നടന്നത്. മദീനക്കാർ യസീദിന്റെ ഖിലാഫത്ത് കയ്യൊഴിഞ്ഞതായിരുന്നു കാരണം. യസീദ് കടുത്ത അധർമ്മങ്ങളിൽ മുഴുകി. അതിനാൽ മദീനക്കാർ അദ്ദേഹത്തിൻ്റെ അധികാരത്തിൽ നിന്ന് പുറത്തു കടക്കാൻ തീരുമാനിച്ചു. ക്ഷുഭിതനായ യസീദ് വലിയ ഒരു സൈന്യത്തെ മദീനത്തേക്കയച്ചു. മദീന കീഴ്പ്പെടുത്തുക. ശേഷം മക്കയിലേക്ക് നീങ്ങുക. ഇബ്നു സുബൈറുമായി പൊരുതുക. ഇതായിരുന്നു ലക്ഷ്യം.
സൈനികത്തലവനായി നിയോഗിക്കപ്പെട്ടിരുന്നത് മുസ്ലിമുബ്നു ഉഖ്ബയെയായിരുന്നു. കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻ. അയാളുടെ നേതൃത്വത്തിലുള്ള സൈന്യമെത്തി. മദീനക്കാർ പിടിച്ചുനിൽക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷേ ആക്രമണം ശക്തമായിരുന്നു. ആരെയും സൈന്യം വെറുതെവിട്ടില്ല. പതിനായിരത്തോളം വരുന്ന മദീനക്കാർ നിണമണിഞ്ഞു വീണു. മുഹാജിറുകളും അൻസ്വാറുകളുമായി 700 പേർ അതിൽ വളരെ പ്രമുഖരായിരുന്നു.
മൂന്ന് ദിവസം യസീദിന്റെ സൈന്യം മദീനയിൽ താണ്ഡവ നൃത്തമാടി. കവർച്ചയും കൊള്ളയും കൊലപാതകവും നിർബാധം തുടർന്നു. ഈ രംഗങ്ങൾക്ക് സഈദിന് മൂകസാക്ഷിയാകേണ്ടിവന്നു. തനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏതെങ്കിലും അർത്ഥത്തിലുള്ള പ്രതികരണം ലക്ഷ്യം കാണുന്ന സാഹചര്യമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ സഈദ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. മസ്ജിദുന്നബവിയിൽ ചെന്ന് ആരാധനകൾ നിർവഹിച്ചു കൊണ്ടിരുന്നു. അതിനിടയിൽ മുസ്ലിമുബ്നു ഉഖ്ബയുടെ അരികിലേക്ക് തന്നെ കൊണ്ടുപോകപ്പെടുന്ന സ്ഥിതിയുണ്ടായി. മുസ്ലിം കൽപ്പിച്ചു: താങ്കൾ ബൈഅത് (ഉടമ്പടി) ചെയ്യണം. പക്ഷേ സഈദ് കുലുങ്ങിയില്ല. മറുപടി ഇങ്ങനെയായിരുന്നു : "അബൂബക്റിന്റെയും ഉമറിന്റെയും ചര്യ പ്രകാരമാണെങ്കിൽ ഞാൻ ഉടമ്പടി ചെയ്യാം. അല്ലാതെ എനിക്ക് പറ്റില്ല " ഇത് കേട്ടതും മുസ്ലിം ചൊടിച്ചു. അയാൾ കൽപ്പന പുറപ്പെടുവിച്ചു. 'സഈദിന്റെ പിരടി വെട്ടുക." ഉടൻ അംറുബ്നു ഉസ്മാനും മാർവാനുബ്നു ഹകമും പ്രത്യക്ഷരായി. അവർ പറഞ്ഞു: ഇദ്ദേഹം സ്വൽപം മാനസിക പ്രശ്നമുള്ള ആളാണ്. സഈദിനെ രക്ഷപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. മനോരോഗിയാണെന്ന് വിശ്വസിച്ച് അയാൾ സഈദിനെ വെറുതെ വിട്ടു. ബാക്കിയുള്ള കാര്യങ്ങൾ സഈദ് പറയട്ടെ: "നാശം മദീനാ തെരുവിൽ നിറഞ്ഞാടി. പള്ളിയിൽ ആരുമില്ല. ഞാൻ മാത്രം. ഷാമുകാർ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് വന്നുകൊണ്ടിരുന്നു. ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ. എന്നെ കണ്ട് അവർ പരസ്പരം പറഞ്ഞു 'ഏതോ ഒരു ഭ്രാന്തനായ വൃദ്ധൻ മാത്രമാണുള്ളത്'. ആ ദിവസങ്ങളിൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, തിരുനബിയുടെ വിശുദ്ധ ഖബ്റിൽ നിന്ന് കൃത്യ സമയത്ത് ബാങ്ക് മുഴങ്ങിയിരുന്നു എന്നതാണ്. ബാങ്ക് കഴിഞ്ഞാൽ ഞാൻ മുന്നോട്ടു നീങ്ങും. ഇഖാമത്ത് (നിസ്കാരം തുടങ്ങുന്നു എന്ന അറിയിപ്പ് ) കൊടുക്കും. നിസ്കരിക്കും പള്ളിയിൽ ആകെ ഞാൻ മാത്രം.
