സഈദുബ്നുൽ മുസയ്യബ് വിവാഹം കഴിച്ചത് പ്രമുഖ സഹാബിയായ അബൂഹുറൈറയുടെ പുത്രിയെയാണ്. അബൂഹുറൈറയുമായുള്ള വല്ലാത്ത ഇഴയടുപ്പത്തിന് ഇത് കാരണമായി. പല ബന്ധങ്ങളും തന്നെ തേടി വന്നിരുന്നു. പക്ഷേ അബൂഹുറൈറയുടെ ബന്ധം മികച്ചതായി തോന്നി. സമ്മതം മൂളി. ലളിതമായ ചടങ്ങുകൾ. ഭംഗിയായി വിവാഹം നടന്നു. തിരുചര്യയെ പൂർണമായി പാലിച്ചായിരുന്നു ആഘോഷങ്ങൾ. തിരുനബിയെ പകർത്തിയുടുത്ത അബൂഹുറൈറയുടെ താല്പര്യം പൂർണ്ണമായി സംരക്ഷിക്കപ്പെട്ടു. തന്റെ മകൾക്ക് ഒരു ജ്ഞാനകുതുകിയെ കിട്ടിയതിൽ അദ്ദേഹം വല്ലാതെ അഭിമാനിച്ചു. പലപ്പോഴും കാണുമ്പോൾ അബൂഹുറൈറ പറയും: "നമുക്ക് രണ്ടുപേർക്കും സ്വർഗ്ഗീയ ചന്തയിൽ ഒന്നിക്കാൻ അല്ലാഹു സൗഭാഗ്യം നൽകട്ടെയെന്ന്.
അബൂ ഹുറൈറയിൽ നിന്ന് ഒട്ടേറെ നബിവചനങ്ങൾ സഈദ് നിവേദനം ചെയ്തിട്ടുണ്ട്. ഓരോ വിരുന്നുകളും വിജ്ഞാനത്തിന്റെ ചർച്ചാ വേദികളായിരുന്നു. ഭാര്യ പിതാവ് എന്നതിനപ്പുറം തൻ്റെ പ്രധാന ഗുരുവായി അബൂഹുറൈറ സഈദിനെ സ്വാധീനിച്ചു. മറ്റൊരു ഭാര്യ കൂടി ഉണ്ടായിരുന്നു സഈദിന്. അത് അബൂഹുറൈറയുടെ മകളെ വിവാഹം കഴിക്കുന്നതിന് മുമ്പാകാനാണ് സാധ്യത. അബൂകരീമു ബ്ൻ ആമിറിദ്ദൗസിയുടെ മകൾ ഉമ്മുഹബീബയായിരുന്നു അത്. ഉമ്മുഹബീബയിൽ പിറന്ന മക്കളാണ് മുഹമ്മദ്, സഈദ്, ഇൽയാസ്, ഉമ്മു അംർ, ഉമ്മു ഉസ്മാൻ, ഫാഖിത എന്നിവർ. ഇതിൽ മുഹമ്മദ് പ്രമുഖനായ വംശചരിത്ര വിദഗ്ധയിരുന്നു. വിവിധ കുടുംബങ്ങളുടെ കുലചരിത്രം നന്നായി പഠിച്ചു. പലരും തന്നെ അവലംബിക്കുന്ന അവസ്ഥയുണ്ടായി. മറിയം എന്ന് പേരുള്ളഒരു പുത്രി കൂടി ഉണ്ടായിരുന്നു. ഒരടിമപ്പെണ്ണിൽ പിറന്നത്.
തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു മകളെ സഈദ് വെറും രണ്ട് ദിർഹമിന് കെട്ടിച്ചു കൊടുത്ത കഥ പ്രസിദ്ധമാണ്. കസ്സീറുബ്ൻ അബീ വിദാഅക്കാണ് ആ കുട്ടിയെ സ്വന്തമാക്കാൻ ഭാഗ്യമുണ്ടായത്. അതീവ സുന്ദരിയായിരുന്നു. അതിനെ മികച്ചു നിൽക്കുന്ന അച്ചടക്കം. അല്ലാഹുവിൻ്റെ കിതാബിലും തിരുനബിയുടെ സുന്നത്തിലും വലിയ അവഗാഹം. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ചിട്ടകളെക്കുറിച്ച് നല്ല പരിജ്ഞാനം. പിതാവിൽ നിന്ന് ധാരാളമായി പഠിച്ചു. തദനുസാരം പ്രവർത്തിക്കാൻ ആവേശം കാണിച്ചു. പലരും കുട്ടിയെ മോഹിച്ചു. ഭരണാധികാരി അബ്ദുൽ മലിക്ബ്നു മാർവാൻ തന്നെ തൻ്റെ മകൻ വലീദിനു വേണ്ടി മനസ്സിൽ കണ്ടു. അന്വേഷിച്ചുവന്നു. തന്ത്രത്തിൽ പെൺകുട്ടിയെ സ്വന്തമാക്കാൻ ബന്ധപ്പെട്ടു. പക്ഷേ സഈദിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. തന്റെ മകൾ അരമനയിലെ രാജകുമാരി ആകേണ്ട. അത് അവളുടെ സ്വഭാവത്തിൽ മാറ്റം വരുത്തും. സംസ്കാരം ചീത്തയാക്കും. ഭൗതികതയോടുള്ള ആഭിമുഖ്യം വർധിക്കാൻ നിമിത്തമാകും. സന്താന പരമ്പര തന്നെ വഴിമാറിപ്പോകും. മകൾക്ക് വേണ്ടത് ജ്ഞാനിയായ ഒരു മനുഷ്യനെയാണ്. അയാൾ എത്ര പാവപ്പെട്ടവനായാലും കുഴപ്പമില്ല. പരലോകത്തെ രാജാവായാൽ മതി. അബ്ദുൽ മാലികിന് സഈദിന്റെ എതിർപ്പ് സഹിച്ചില്ല. അദ്ദേഹം ഭരണകൂടത്തിന്റെ ശക്തി ഉപയോഗിച്ച് സഈദിനെ വേട്ടയാടി. ശിക്ഷിക്കാൻ തീരുമാനിച്ചു. 100 ശക്തമായ പ്രഹരമാണ് ഈ ഒരൊറ്റ കാരണം കൊണ്ട് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. അതിശക്തമായ തണുപ്പുള്ള ദിവസമായിരുന്നു അത്. പുറമേ ഗുരുവിൻ്റെ ദേഹത്തേക്ക് തണുത്ത വെള്ളം ഒഴിച്ചു. കമ്പിളിയുടെ ജുബ്ബയായിരുന്നു പട്ടാളക്കാർ അണിയിച്ചിരുന്നത്. സ്വാഭാവികമായും വെള്ളം നുകർന്ന വസ്ത്രത്തിന്റെ ഭാരം കൊണ്ട് സഈദ് പ്രയാസപ്പെട്ടു. പക്ഷേ തൻ്റെ നിലപാടിൽ ഉറച്ചുതന്നെ നിന്നു. മകളെ രാജകുമാരന് നൽകില്ല. ഒടുവിൽ രാജാവ് തോറ്റു ഗുരു വിജയിച്ചു.
