അബ്ദുൽ മലിക്ബ്നു മർവാൻ തൻ്റെ പുത്രനെ സഈദിന്റെ മകളുമായി വിവാഹം കഴിപ്പിക്കുന്നതിന് ശ്രമിച്ച കഥ നമ്മൾ പറഞ്ഞു. അതിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. പകപോക്കലായി ശിക്ഷ നടപ്പാക്കി. പക്ഷേ സഈദ് അതിനുശേഷവും തന്റെ നിലപാടിൽ തന്നെ തുടർന്നു; അഥവാ ഭരണാധികാരികളുമായി അകന്നു നിന്നു. അവരുടെ താൽപര്യങ്ങൾക്കൊത്ത് തുള്ളാൻ നിന്നില്ല. ഒരിക്കൽ അബ്ദുൽ മലിക് മദീനയിൽ വന്നു. പകലിന്റെ തുടക്കത്തിൽ പതിവുപോലെ കുറച്ചു ഉറങ്ങി. എണീറ്റതിനു ശേഷം അദ്ദേഹം പാറാവുകാരനെ വിളിച്ചുപറഞ്ഞു: "പള്ളിയിൽ ആരാണുള്ളത് എന്ന് നോക്കൂ. ആളുകളുമായി വെറുതെ കുറച്ചു സംസാരിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".
പാറാവുകാരൻ നോക്കുമ്പോൾ സഈദുബ്ൻ മുസയ്യബ് മാത്രമാണ് മസ്ജിദിൽ ഉള്ളത്. സഈദിനെ അയാൾ ആംഗ്യം കാണിച്ചു വിളിച്ചു. പക്ഷേ സഈദ് ഇരുന്ന ഇരിപ്പിൽ നിന്ന് അനങ്ങിയില്ല. പാറാവുകാരൻ അടുത്തേക്ക് വന്നു. താങ്കളോട് ഞാൻ വരാൻ ആംഗ്യം കാണിച്ചില്ലേ എന്ന് മുഖം കനപ്പിച്ച് ചോദിച്ചു. എന്താണ് തൻ്റെ ആവശ്യം? അയാൾ പറഞ്ഞു: അമീറുൽ മുഅ്മിനീൻ ഉണർന്നിട്ടുണ്ട്. പള്ളിയിൽ ആരെല്ലാം ഉണ്ടെന്ന് നോക്കാൻ പറഞ്ഞു. അദ്ദേഹത്തിന് സംസാരിക്കാനാണത്രെ. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ താല്പര്യമില്ല. സഈദ് തുറന്നടിച്ചു. പാറാവുകാരൻ പോയി. അബ്ദുൽ മലികിനോട് നടന്ന സംഭവം പറഞ്ഞു: “അവിടെ പ്രായം ചെന്ന ഒരാളാണ് ഉള്ളത്. അദ്ദേഹം എണീറ്റു വരുന്നില്ല. ഞാൻ പറഞ്ഞു നോക്കി. ഭരണാധികാരി ഉണർന്നിട്ടുണ്ട്. സംസാരിക്കാൻ വിളിക്കുന്നുണ്ടെന്ന്. അയാൾ പറയുന്നത് താല്പര്യമില്ല എന്നാണ്”. അപ്പോൾ അബ്ദുൽ മാലിക് പറഞ്ഞു : നീ ഒരുപക്ഷേ കണ്ടത് സഈദുബ്ൻ മുസയ്യബിനെയായിരിക്കും. അദ്ദേഹത്തെ കിട്ടില്ല. അദ്ധേഹത്തെ വെറുതെ വിടുക.
മറ്റൊരിക്കൽ അബ്ദുൽ മലിക്ബ്നു മാർവാൻ ഹജ്ജിനു വന്നപ്പോൾ മദീനത്ത് എത്തിച്ചേർന്നു. മസ്ജിദുനബവിയുടെ ഗെയ്റ്റിൽ വാഹനം നിർത്തി. പള്ളിയിലേക്കു ദൂതനെ വിട്ടു. സഈദുബ്ൻ മുസയ്യബിനെ വിളിച്ചു കൊണ്ടുവാ. പിടിച്ചു കുലുക്കാനൊന്നും നിൽക്കണ്ട. ദൂതൻ ചെന്നു പറഞ്ഞു: അമീറുൽ മുഅ്മിനീൻ ഗെയ്റ്റിൽ നിൽപ്പുണ്ട്. താങ്കളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നു. സഈദിൻ്റെ പ്രതികരണംഇങ്ങനെയായിരുന്നു: അമീറിന് എന്നോട് എന്ത് സംസാരിക്കാൻ. എനിക്ക് അദ്ദേഹത്തെ കാണേണ്ട ഒരു ആവശ്യവുമില്ല. അദ്ദേഹത്തിന് വല്ല ആവശ്യവുമുണ്ടെങ്കിൽ അത് എന്നെക്കൊണ്ട് നിവർത്തിക്കാനും പറ്റില്ല. ദൂതൻ ചൂളി. അയാൾ മടങ്ങിച്ചെന്നു. അമീറിനെ വിവരമറിയിച്ചു. അബ്ദുൽ മലിക് പറഞ്ഞു: ഒന്നുകൂടി പോയി വിളിച്ചു നോക്കൂ. ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് പറയൂ. പ്രകോപിപ്പിക്കേണ്ടതില്ല " അയാൾ ധൃതിതിയിൽ ചെന്നു. "ഭരണാധികാരി വിളിക്കുന്നു താങ്കൾ ഉത്തരം ചെയ്യുക ". സഈദിൻ്റെ മറുപടിയിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് അമീറിനെ കാണേണ്ട ഒരു കാര്യവുമില്ല. മുട്ട് കെട്ടി ഒരേ ഇരുപ്പിൽ ഇരുന്നു. ശുണ്ഠി വന്ന ദൂതൻ പറഞ്ഞു: താങ്കളുടെ വിഷയത്തിൽ അമീറുൽ മുഅ്മിനീൻ മുൻകൂട്ടി എന്നോട് ചിലത് സൂചിപ്പിച്ചിട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ താങ്കളുടെ തലയുമായി ചെല്ലേണ്ട സമയം കഴിഞ്ഞു. രാജ്യത്തിൻ്റെ ഭരണാധികാരി സംസാരിക്കണമെന്ന് പറയുമ്പോൾ താങ്കൾ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. പക്ഷേ സഈദ് ബ്ൻമുസയ്യബ് കുലുങ്ങിയില്ല. അദ്ദേഹം പറഞ്ഞു: ഭരണാധികാരിക്ക് എന്തെങ്കിലും നല്ല കാര്യമാണ് എന്നിൽ നിന്ന് ആവശ്യമെങ്കിൽ അത് തനിക്ക് ചെയ്ത് കൊടുക്കാവുന്നതേയുള്ളൂ. നല്ലതല്ലാത്ത ആവശ്യമാണെങ്കിൽ തൽക്കാലം ഞാൻ മുട്ടഴിച്ച് ഈ ഇരുത്തം വിടാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം എന്ത് ആക്ഷനെടുത്താലും എനിക്ക് പ്രശ്നമില്ല. "
ജാള്യനായ ദൂതൻ അബ്ദുൽ മലികിന് മുമ്പിൽ ചെന്ന് വിവരം പറഞ്ഞു.അമീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : "അബൂമുഹമ്മദിന് അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹത്തിൻ്റെ നിലപാട് കർക്കശം തന്നെ.
