സഈദ് ജയിൽമോചിതനായി. പക്ഷേ ഭരണകൂടത്തിന്റെ രഹസ്യവിലക്ക് ജനങ്ങൾക്കിടയിൽ നിലനിന്നു. ആളുകൾ അദ്ദേഹവുമായി ബന്ധപ്പെടരുത്. പള്ളിയിൽ സദസ്സ് അരുത്. ഉത്തരവുണ്ടായി. പക്ഷേ ഇത് സഈദിനെ ഉലച്ചില്ല. ഈ തീരുമാനത്തോട് പ്രതികരിക്കാനും സഈദ് നിന്നില്ല. ഇതു തൻ്റെ വ്യക്തിപരമായ ഒരു വിഷയമായി മാത്രം ഗണിച്ചു. എന്നാലും ഒറ്റപ്പെട്ട പലരും ഗുരുവിനെ സമീപിച്ചുകൊണ്ടിരുന്നു. തന്നെ കാണാൻ വരുന്ന ഓരോരുത്തരെയും ഭരണകൂടത്തിന്റെ വിലക്കിനെക്കുറിച്ച് ഗുരുതന്നെ ബോധ്യപ്പെടുത്തി. അവർക്ക് പ്രശ്നമാകരുതെന്ന് കരുതിയായിരുന്നിത്. അബ്ദുല്ലാഹിബ്ൻ ഖാസിം ഒരിക്കൽ വന്നു. ഗുരുവിൻ്റെ അരികിൽ ഇരിപ്പുറപ്പിച്ചതും അദ്ദേഹം പറഞ്ഞു: "എൻ്റെ കൂടെ ഇരിക്കുന്നതിന് വിലക്കുണ്ട് " അപ്പോൾ ഇബ്നു ഖാസിം പറഞ്ഞു: അതിന് ഞാൻ ഈ നാട്ടുകാരനല്ലല്ലോ. എങ്കിൽ കുഴപ്പമില്ല താങ്കൾക്ക് ആവശ്യമായ അറിവ് ഞാൻ പകർന്നു തരാം - സഈദ് പറഞ്ഞു.
മറ്റൊരിക്കൽ അലാഉബ്ൻ അബ്ദുൽ കരീം വന്നു. അപ്പോഴും ഗുരു ഭരണകൂട വിലക്ക് അറിയിച്ചു. പക്ഷേ അദ്ദേഹം ഗൗനിക്കാതെ അറിവുകൾ നേടാൻ ശ്രമിച്ചു. ഖതാദ പറയുമായിരുന്നു : ആര് ഗുരുവിൻ്റെ അരികിൽ വന്നുകൂടാൻ ശ്രമിച്ചാലും പറയും. ഇവർ എന്നെ അടി ശിക്ഷയക്ക് വിധേയമാക്കിയിട്ടുണ്ട്. എന്റെ കൂടെ ജനങ്ങൾ ഇരിക്കുന്നത് വിലക്കിയിട്ടുണ്ട് എന്ന്.
ആയിടക്കാണ് അബൂ യൂസുഫുൽ ഖസ്സി വരുന്നത്. അദ്ദേഹം പറയുന്നു: ഞാൻ മദീനത്തെ പള്ളിയിൽ പ്രവേശിച്ചു. സഈദ് ഒറ്റയ്ക്ക് ഒരിടത്തിരിക്കുന്നു. ഞാൻ അന്വേഷിച്ചു എന്താണ് കാര്യം? ആളുകളുടെ സാന്നിധ്യം ഇല്ലല്ലോ. അറിവൊന്നും പകരുന്ന ക്ലാസുകളും കാണുന്നില്ല. ഇങ്ങനെയായിരുന്നില്ലല്ലോ സഈദിൻ്റെ സ്ഥിതി. ആളുകൾ പറഞ്ഞു: അദ്ദേഹത്തോട് ആരും സമ്പർക്കം പുലർത്തരുതെന്നാണ് സർക്കാർ തീരുമാനം.
അബ്ദുൽമലികിന് ശേഷം അധികാരത്തിൽ വന്നത് പുത്രൻ വലീദായിരുന്നു. വലീദ് പിതാവിനെ പോലെയായിരുന്നില്ല. ഒന്നുകൂടി കർക്കശക്കാരനായിരുന്നു. ഇടയ്ക്കിടെ ആക്രമ മനോഭാവം മുറ്റിനിന്നു. അതുകൊണ്ടുതന്നെ മദീനയിലെ പണ്ഡിതന്മാർക്കിടിയിൽ ഉള്ളിൽ സ്വീകാര്യനായിരുന്നില്ല വലീദ്. പ്രത്യേകിച്ചും സഈദിന് വലീദിനെ ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിരുന്നു. പല ഘട്ടങ്ങളിലും തൻ്റെ വിമുഖത ഗുരു പ്രകടിപ്പിക്കുകയും ചെയ്തു.
ഒരിക്കൽ വലീദ് മദീനയിൽ വന്നു. പള്ളിയിൽ എത്തിയ അദ്ദേഹം ഒരു വന്ദ്യവയോധികന് ചുറ്റിലും ആളുകൾ കൂടിയിരിക്കുന്നത് കണ്ടു. ചോദിച്ചു: ആരാണത് ? ആളുകൾ പറഞ്ഞു: അത് സഈദ്ബിൻ മുസയ്യബാണ്. പള്ളിയിൽ ഒരു ഭാഗത്ത് ഇരിപ്പുറപ്പിച്ച വലീദ് ഒരാളെ വിട്ടു. സഈദിനോട് വരാൻ പറഞ്ഞു. ദൂതൻ ചെന്ന് പറഞ്ഞു: അമീറുൽ മുഅ്മിനീൻ വിളിക്കുന്നു. പക്ഷേ സഈദിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'താങ്കൾക്ക് ആളു മാറിയതാവും. മറ്റാരെയെങ്കിലുമായിരിക്കും വിളിച്ചിരിക്കുക: ദൂതൻ ചെന്ന് വലീദിനോട് വിവരം പറഞ്ഞു. വലീദിന്റെ അഹങ്കാരം ഉണർന്നു. കോപാകുലനായി. സഈദിന് നേരെ തിരിയാൻ തുനിഞ്ഞു. പള്ളിയിൽ അപ്പോഴും കുറച്ചുപേർ ബാക്കിയുണ്ടായിരുന്നു. അവർ വലീദിനോട് ചെന്ന് പറഞ്ഞു: "അമീറുൽ മുഅ്മിനീൻ, അത് മദീനയിലെ പ്രമുഖ പണ്ഡിതനാണ്. ഖുറൈശി ഗുരുവാണ്. താങ്കളുടെ പിതാവിൻ്റെ കൂട്ടുകാരനാണ്. അങ്ങേയ്ക്ക് മുമ്പുള്ള ഭരണാധികാരികൾ ഒന്നും അദ്ദേഹത്തെ കാണാനൊന്നും നിൽക്കാറില്ല". ഇങ്ങനെ ഒരുവിധം പറഞ്ഞു വലീദിനെ അവർ പിന്തിരിപ്പിച്ചു. അദ്ദേഹം ഒടുവിൽ സഈദിനെ വിട്ടുപോയി.
വാഖിദി പറയുന്ന അനുഭവം ഇങ്ങനെ : ഹിജ്റ 91ൽ വലീദ് ബ്ൻ അബ്ദുൽ മലിക് ഹജ്ജിനു വന്നു. തുടർന്ന് അദ്ദേഹം മദീന ലക്ഷ്യമാക്കി. അപ്പോൾ ഉമറുബ്നു അബ്ദുൽ അസീസ് മദീനയിലെ പ്രമുഖരോട് അമീറിനെ സ്വീകരിക്കാൻ നിർദ്ദേശിച്ചു. അവർ സംഗമിച്ചു. വലീദിനെ എതിരേറ്റു. വലീദ് വളരെ മാന്യമായി തന്നെ അവരോട് പെരുമാറി. അനന്തരം മദീനയിൽ എത്തി. മസ്ജിദുന്നബവിയിൽ നിന്ന് എല്ലാവരെയും മാറ്റാൻ പ്രോട്ടോക്കോൾ പ്രകാരം നിർദ്ദേശം വന്നു. എല്ലാവരും പള്ളിയിൽ നിന്നും മാറിനിന്നു. സഈദ് മാത്രം പള്ളിയിൽ ബാക്കിയായി. അദ്ദേഹത്തെ മാറ്റാൻ ആർക്കും ധൈര്യമുണ്ടായില്ല. അദ്ദേഹം ധരിച്ചിരുന്നത് അഞ്ചു ദിർഹം പോലും വിലമതിക്കാത്ത ഒരു വസ്ത്രമായിരുന്നു. പോലീസുകാർ വന്ന് പറഞ്ഞു: "മനുഷ്യാ താങ്കൾ പള്ളിയിൽ നിന്ന് മാറുക. അമീറുൽ മുഅ്മിനീൻ വരുന്നുണ്ട് "പക്ഷേ സഈദ് അനങ്ങിയില്ല. അദ്ദേഹം പറഞ്ഞു: "ഞാൻ ഇവിടെ നിന്ന് മാറില്ല. ഇത് തിരുനബിയുടെ പള്ളിയാണ്. ഞാൻ സ്ഥിരമായി ഉള്ള ഇടം". അതിനിടയിൽ വലീദ് പരിവാരസമേതം കടന്നുവന്നു. പള്ളിയിൽ കയറി ചുറ്റിക്കറങ്ങി. പലയിടങ്ങളിലായി നിസ്കരിച്ചു. അല്ലാഹുവിനോട് പ്രാർത്ഥിച്ചു.
ഉമറുബ്നു അബ്ദുൽ അസീസ് പറയുന്നു: എൻ്റെ മനസ്സ് പിടച്ചു. സഈദിനെ വലീദ് കാണാതിരിക്കാൻ വേണ്ടി ഞാൻ അദ്ദേഹത്തെ പള്ളിയിലെ പല കാഴ്ചകളിലേക്കായി തിരിച്ചു. സഈദിരിക്കുന്ന ഭാഗത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിച്ചു. പെടുന്നനെ വലീദിന്റെ ശ്രദ്ധ സഈദിൽ പൊതിഞ്ഞു. അദ്ദേഹം ചോദിച്ചു. ആരാണത് ? സഈദ് ബിൻ മുസയ്യബ് ആണോ ? ഞാൻ പറഞ്ഞു: അതേ അമീറുൽ മുഅ്മിനീൻ. താങ്കൾ വന്നതറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം എഴുന്നേറ്റു വന്നു അങ്ങേയ്ക്ക് അഭിവാദനം അർപ്പിക്കുമായിരുന്നു. അപ്പോൾ വലീദ് പറഞ്ഞു : നമുക്കറിയാം അദ്ദേഹത്തിന് നമ്മളോടുള്ള നീരസത്തെപ്പറ്റി. അപ്പോൾ ഞാൻ സഈദിൻ്റെ ഗുണഗണങ്ങൾ വർണിച്ചു കൊണ്ടിരുന്നു. അത് കേട്ട് വലീദും തനിക്ക് അറിയാവുന്ന പ്രശംസകൾ ചൊരിഞ്ഞു. സഈദിൻ്റെ ജ്ഞാനത്തിലുള്ള ആഴത്തെപ്പറ്റിയും ദീനീ ബോധത്തെപ്പറ്റിയുമൊക്കെ അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു: "അമീറുൽ മുഅ്മിനീൻ അദ്ദേഹത്തിനു കണ്ണിനു കാഴ്ച കുറവാണ് ". യഥാർത്ഥത്തിൽ സഈദ് അമീറിനെ കാണാൻ എണീറ്റു വരാത്തതിന് കാരണം ബോധിപ്പിക്കുകയായിരുന്നു ഞാൻ. അപ്പോൾ വലീദ് പറഞ്ഞു : നമുക്ക് അങ്ങോട്ട് പോയി കാണാം. അതാണല്ലോ വേണ്ടത്. ഞങ്ങൾ നടന്നു. സഈദിനരികിലെത്തി. സഈദ് ഇരുപ്പിൽ നിന്ന് എണീറ്റില്ല. സലാം മടക്കി. എന്തുണ്ട് വിശേഷം ? വലീദ് ചോദിച്ചു': അൽഹംദുലില്ലാഹ് നല്ലത് "
അമീറിന്റെ വിശേഷം ? - സഈദ് ചോദിച്ചു അൽഹംദുലില്ലാഹ് നല്ലത്. അനന്തരം ഞങ്ങൾ പിരിഞ്ഞുപോന്നു. അപ്പോൾ വലീദ് എന്നോട് പറയുന്നുണ്ടായിരുന്നു : "ഇത് ജനങ്ങളിലെ വലിയ പണ്ഡിതൻ തന്നെയാണല്ലേ". ഞാൻ പറഞ്ഞു : അതേ അമീറുൽ മുഅ്മിനീൻ. മഹാപുണ്ഡിതനാണ്.
വലീദ് പല പരിഷ്കാരങ്ങളും ആഗ്രഹിച്ച ആളായിരുന്നു. അതിൻ്റെ ഭാഗമായി മദീന ഗവർണർക്ക് ഒരിക്കൽ അദ്ദേഹം സന്ദേശം അയച്ചു. നബി പത്നിമാരുടെ ഭവനങ്ങൾ പൊളിച്ച് പള്ളിക്കകത്താക്കണം. പള്ളി വിശാലമാക്കണം" ഇതറിഞ്ഞ സഈദ് പ്രതികരിച്ചത് ഇങ്ങനെ: "ആ ഭവനങ്ങൾ അങ്ങനെ തന്നെ നിർത്തിയിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നു ഞാൻ. വിവിധ നാടുകളിൽ നിന്ന് ഇവിടെ എത്തുന്നവർക്ക് തിരുനബിയുടെയും കുടുംബത്തിന്റെയും ജീവതാവസ്ഥയെ മനസ്സിലാക്കാനുള്ള ഒരു അടയാളമായി അവശേഷിക്കുമായിരുന്നു അത്. അങ്ങനെ ജനങ്ങൾ ഭൗതികതയിൽ വിരക്തി നേടാൻ താല്പര്യപ്പെടുമായിരുന്നു ". ഇമ്രാൻ ഇബ്നു അബീനസ് ആ വീടുകളുടെ രൂപം പറയുന്നുണ്ട്. നാലു വീടുകൾ ഇഷ്ടികയുടേതായിരുന്നു. ഈത്തപ്പന മട്ടൽ കൊണ്ടായിരുന്നു അതിൻ്റെ മുറികൾ തിരിച്ചിരുന്നത്. അഞ്ചു വീടുകൾ മണ്ണ് തേച്ചു ഈത്തപ്പന മട്ടലിൽ നിർമിതം. അതിനു മുറികൾ ഉണ്ടായിരുന്നില്ല. വാതിലുകൾ രോമത്തുണിയുടേതായിരുന്നു. അതിൻ്റെ വിരികൾ ഞാൻ അളന്നു നോക്കി. മൂന്നിൽ മൂന്ന് മുഴമായിരുന്നു വീതിയും നീളവും!
