സഈദിനെ പ്രസവിച്ചത് മദീനയിൽ. വളർന്നതും മദീനയിൽ. ആത്മീയതയുടെ സിരാകേന്ദ്രമാണ് മദീന. ഈമാൻ (വിശ്വാസം) മടങ്ങുന്നത് മദീനയിലേക്കാണ്. മരിക്കാൻ നല്ലതും മദീനയാണെന്നു തിരുനബി പറയുന്നുണ്ട്. മദീനയിലെ ചൂടും ചൂരും ഇബ്നു മുസയ്യബിൽ അലിഞ്ഞു ചേർന്നു. തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മദീന സ്വാധീനം ചെലുത്തി. ഇബ്നുൽ മുസയ്യബിന്റെ കാലം താബിഉകളുടെ കാലമാണ്; അഥവാ തിരുനബിയുടെ കാലശേഷം സ്വഹാബത്തുമായുള്ള സഹവാസത്തിന്റെ കാലം. ചതുർ ഖലീഫമാരുടെ അവസാനകാലവും മുആവിയ ഭരണത്തിൻ്റെ തുടക്കവുമാണത്.
ഹിജ്റ 41 ലാണ് മുആവിയ ഭരണത്തിൽ എത്തുന്നത്. അന്ന് ഇബ്നുൽ മുസയ്യി ബിന് വയസ്സ് 26. ഉത്തമ നൂറ്റാണ്ടായി തിരുനബി പരിചയപ്പെടുത്തിയ നൂറ്റാണ്ടിൽ രണ്ടാമത്തെ നൂറ്റാണ്ടിൻ്റെ പ്രാരംഭ ദശ. അഹ്ലുസ്സുന്നയുടെ ശോഭന കാലമാണത്. അതേസമയം ചില അവാന്തര വിഭാഗങ്ങൾ മുളപൊട്ടുകയും ചെയ്തിരുന്നു. ഖവാരിജും ശീഅതും ഉദാഹരണം. ചില ഘട്ടങ്ങളിൽ ഈ കക്ഷികളുടെ നിലപാടുകൾ സംഘർഷം സൃഷ്ടിച്ചു. കുഫ്ർ (മതനിഷേധം) ആരോപണങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി.
പക്ഷേ വൈജ്ഞാനികമായ ചർച്ചകളും സംവാദങ്ങളും ഗവേഷണങ്ങളും ഒരു വേള സജീവമായി. അറേബ്യൻ പണ്ഡിതന്മാർ വ്യത്യസ്ത നാടുകളിലേക്ക് ചേക്കേറാൻ തുടങ്ങുന്നതും ഈ കാലത്താണ്. അതുവരെ മദീനയിൽ ഒതുങ്ങി കൂടുകയായിരുന്നു പലരും. മക്കയുടെയും മദീനയുടെയും വിശുദ്ധ തണൽ വിട്ടുപോകാൻ പലരും ആഗ്രഹിച്ചിരുന്നില്ല.
അതിനു മാറ്റം വന്നു. ക്രമേണ പല നാടുകളിലേക്കായി പണ്ഡിതന്മാരുടെ ഒഴുക്ക് നടന്നു. പണ്ഡിതലോകം രണ്ട് ധാരകളായാണ് നിലകൊണ്ടിരുന്നത്. ഒന്ന് മദീനാ ധാര; അവർ നബിവചന ശാസ്ത്രത്തിൻ്റെ പ്രചാരണം ശക്തമാക്കി. രണ്ടാമത്തേത് കൂഫ സ്കൂൾ. അവർ പ്രമാണത്തോടൊപ്പം ചിന്തയ്ക്കും പ്രാധാന്യം കൽപ്പിച്ചു. ഹദീസ് പ്രചാരണം പൂർവാധികം ശക്തമായതും ഇക്കാലത്ത് തന്നെ. സ്വഹാബികളുടെ സാന്നിധ്യം ഇതിന് വിശാലമായ കവാടം തുറന്നിട്ടു. പക്ഷേ അതി സൂക്ഷ്മമായിരുന്നു ഹദീസുകളുടെ സ്വീകരണവും അവതരണവും. ഹദീസുകളിൽ വ്യാജം നിർമ്മിക്കുവാൻ വേണ്ടി ചിലർ ശ്രമിച്ചു. പക്ഷേ വൈജ്ഞാനിക ലോകം അവരെ പിടിച്ചുകെട്ടി.
പേർഷ്യ, റോം, ഈജിപ്ത് തുടങ്ങിയ നാടുകളിൽ നിന്നൊക്കെ അറബികളല്ലാത്ത പണ്ഡിതന്മാരുടെ താരോദയം ഇക്കാലത്തുണ്ടായി. അവർ ഖുർആൻ പഠിച്ചു. തിരുചര്യ വശപ്പെടുത്തി. കർമ്മശാസ്ത്രത്തിൽ അനല്പമായ അവഗാഹം നേടി. ഗവേഷണത്തിൽ മികവു കാട്ടി.
ഒരുവേള അറബി പണ്ഡിതരെ കടത്തി വെട്ടുന്ന സാഹചര്യം വരെ ഉണ്ടായി. രാഷ്ട്രീയരംഗം പല ഘട്ടങ്ങളിലും ഇക്കാലത്ത് പ്രക്ഷുബ്ധമായി. ഉമറിന്റെ കൊലപാതകം നടുക്കുന്നതായിരുന്നു. മുസയ്യബ് ഇതിന് സാക്ഷിയായി. ഖലീഫ ഉസ്മാനിൻ്റെ നിഷ്ഠൂരവധവും നടന്നു. തുടർന്നുണ്ടായ കലാപത്തിനും നോക്കു സാക്ഷിയാകേണ്ടിവന്നു ഇബ്നുൽ മുസയ്യബിന് .
തൻ്റെ യുവത്വം കത്തി നിൽക്കുന്ന സമയത്താണ് അലിയുടെ വധമുണ്ടാകുന്നത്. സ്വിഫ്ഫീൻ പോരാട്ടവും മറ്റും നടക്കുന്നതും ഈ കാലത്ത് തന്നെ. ഹിജാസിലും മിസ്റിലും ഇബ്നു സുബൈർ ഖലീഫാ പദം അലങ്കരിച്ചു. ഷാമിൽ യസീദും. പല സന്ദർഭങ്ങളിലും ഇത് ഇസ്ലാമിക ലോകത്ത് പ്രക്ഷുബ്ധതക്ഷത സൃഷ്ടിച്ചു. ഭരണകൂടങ്ങളെ സ്വാധീനിക്കുന്നതിൽ മതവിരോധികളായ മുർജിഅത്തും, മുഅ്തസിലതുമൊക്കെ ശ്രമം നടത്തിയതും ഇക്കാലത്ത് തന്നെ. മർവാനുബ്ൻ ഹകമിൻ്റെ വിയോഗത്തോടെ ഗോത്ര പക്ഷപാതിത്വം അറബികൾക്കിടയിൽ ഛിദ്രത സൃഷ്ടിച്ചു. എങ്കിലും അബ്ദുൽ മലിക്ബ്നു മർവാൻ സംഘർഷങ്ങളെ അമർച്ച ചെയ്തു രംഗം ശാന്തമാക്കാൻ ശ്രമിച്ചു.
രാജ ഭരണത്തിന്റെ മധുരവും കയ്പ്പും ഇസ്ലാമിക സമൂഹം അനുഭവിച്ചതായിരുന്നു മറ്റൊരു ഘടകം. പണ്ഡിത ലോകത്തിന് പലപ്പോഴും ഇടഞ്ഞു നിൽക്കേണ്ടി വന്നു. അതിൻ്റെ തിക്തഫലം അവർ അനുഭവിക്കേണ്ട ഗതിയുമുണ്ടായി. മൊത്തത്തിൽ അറിയാനും അനുഭവിക്കാനും ധാരാളം വാതിലുകൾ തുറന്നിടപ്പെട്ട കാലത്താണ് ഇബ്നു മുസയ്യബിന്റെ വളർച്ച. അതുകൊണ്ടുതന്നെ അഗ്നിയിൽ കാച്ചിയെടുത്ത ഒരു ജീവിതം ഇബ്നുൽ മുസയ്യബിന് സ്വന്തമായി.
