സമ്പന്നമായിരുന്നില്ല സഈദ് ഇബ്നുൽ മുസയ്യബിൻ്റെ കുടുംബ പശ്ചാത്തലം. ദാരിദ്ര്യത്തോട് അടുത്തു നിൽക്കുന്നതായിരുന്നു. അതേസമയം അഭിമാനബോധം എല്ലാ സമയവും കാത്തുസൂക്ഷിച്ചു. അതുകൊണ്ടു തന്നെ നടപ്പിലും ഇരിപ്പിലും വേഷത്തിലും ഉള്ളതിനനുസരിച്ചുള്ള അന്തസ്സ് അദ്ദേഹം പ്രകടിപ്പിച്ചു. വസ്ത്രം ഗ്രാമീണമായിരുന്നു. അതേസമയം വൃത്തിയും വെടിപ്പും വിടാതെ നോക്കി. നബിയുടെ വാക്കുകളാണ് തന്നെ നയിച്ചിരുന്നത്. "അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു " ദീർഘകായനായിരുന്നു. തലയും താടിയും നരകൊണ്ടു പ്രകാശിച്ചു. തലയിൽ മൈലാഞ്ചി ചായമണിഞ്ഞില്ല. താടിയുടെ നിറം മാറ്റി. മീശപറ്റേ വികൃതമാം വിധം എടുത്തില്ല. ഭംഗി പോകാത്ത വിധത്തിൽ മാത്രം വെട്ടി. പാടെ നീണ്ടുപോകാൻ സമ്മതിച്ചതുമില്ല. തിരുനബി പറഞ്ഞിട്ടുണ്ട് "നിങ്ങളിൽ ആരും മീശ നീട്ടരുത്. പിശാചിന് ഇടം ഒരുക്കരുത്, മീശ വല്ലാതെ വികൃതമായി നീട്ടുന്നവൻ നമ്മിൽ പെട്ടവനല്ല " സഈദിൻ്റെ നെറ്റിത്തടത്തിൽ സാഷ്ടാംഗത്തിന്റെ അടയാളം പ്രകടമായിരുന്നില്ല .
ഒരു കണ്ണിന് കാഴ്ച പ്രശ്നമുണ്ടായിരുന്നു. പക്ഷേ അത് മാനസിക മൂർച്ചയെ വർദ്ധിപ്പിക്കാൻ നിമിത്തമായി. മികച്ച ഗ്രാഹ്യശക്തിയുണ്ടായിരുന്നു. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും. പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിന്റെ ശക്തി നഷ്ടമായാൽ മറ്റൊന്നിൽ ശക്തി ഇരട്ടി ലഭിക്കും എന്നത് സഈദിൽ സാർത്ഥകമായി. ശരീരം വൃത്തിയായി സൂക്ഷിച്ചു. നഖം നീളാൻ വിട്ടില്ല. തിരുനബിചര്യ മാനിച്ചു. കൃത്യമായി വെട്ടി വൃത്തിയാക്കി. വേഷത്തിൽ ചന്തം നിലനിർത്തി. കിഴക്കൻ നിർമ്മിത വസ്ത്രങ്ങൾ ധരിക്കുമായിരുന്നു. ഹർവീ ഖമീസുകൾ ഇഷ്ടപ്പെട്ടു. നല്ല വെളുത്തതും വിലപിടിപ്പുള്ളതുമായിരുന്നു അവ. ചെറിയപെരുന്നാളിനും വലിയ പെരുന്നാളിനും പ്രത്യേകം ഇത് അണിയാൻ താല്പര്യപ്പെട്ടു. വെള്ള വസ്ത്രമല്ലാതെ പൊതുവിൽ ധരിക്കാറുണ്ടായിരുന്നില്ല. മേൽത്തട്ടം പതിവുണ്ടായിരുന്നു. നീളൻ കുപ്പായം കണങ്കാലിന്റെ അർദ്ധ ഭാഗം വരെ മാത്രമാകാൻ ശ്രദ്ധിച്ചു. കൈ കഫ്ഫുകൾ വിരലുകൾ പ്രകടമാകുന്ന വിധം ഒതുക്കി.
പൈജാമ ധരിക്കും. തലമുടി ആവശ്യത്തിന് നിലനിർത്തും. ചില ഘട്ടങ്ങളിൽ നഗ്നപാദനായും നടന്നിരുന്നു. കറുത്ത തലപ്പാവ് ചിലപ്പോഴണിയും. രണ്ട് പെരുന്നാളുകൾക്കുമായിരുന്നു അധികവും ഇത്. പിൻവശത്തേക്ക് അതിൻ്റെ വാൽ തൂക്കിയിടും. ഭംഗിയുള്ള ചുവന്ന ഉർജുവാൻ തൊപ്പി ഉണ്ടായിരുന്നു. അത് അണിയാൻ പലപ്പോഴും താല്പര്യപ്പെട്ടു.
കണ്ടുമുട്ടുന്നവരെയൊക്കെ കരംഗ്രഹിച്ച് ആശ്ലേഷിക്കും. അധികമായി ചിരിക്കുന്നത് ഇഷ്ടമായിരുന്നില്ല. മൂത്രവിസർജനം ചെയ്തു കഴിഞ്ഞാൽ ഏത് സമയത്തും അംഗശുദ്ധി വരുത്തും. ഈ സമയം കൈവിരലുകൾ കോർത്ത് സൂക്ഷിച്ചു കഴുകും. മത ചിട്ടകളും ഇസ്ലാമിക സ്വഭാവങ്ങളും നിലനിർത്തുന്നതിൽ വളരെ വലിയ കാർക്കശ്യം കാണിച്ചു. അല്ലാഹുവിന്റെ പൊരുത്തവും ജനങ്ങളുടെ പ്രീതിയും ഒപ്പം സമ്പാദിക്കാൻ ഇത് നിമിത്തമായി.
അനാവശ്യ സംസാരം പാടെ ഉപേക്ഷിച്ചു. കൂടുതൽ ചിരിച്ചാൽ ഖൽബ് ചത്തുപോകുമെന്ന നബിപാഠം ഉൾക്കൊണ്ടു. മക്കൾക്ക് നബിമാരുടെ പേരിടാൻ താല്പര്യപ്പെട്ടിരുന്നില്ല. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ സ്വയം പ്രകടിപ്പിക്കാൻ മടി കാണിച്ചില്ല. അത് അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് നബി പറഞ്ഞത് മാനിച്ചായിരുന്നു ഇത്. നല്ല വേഷഭൂഷാദികളിൽ പ്രത്യക്ഷപ്പെടുന്നവരെ അദ്ദേഹം ആശംസിച്ചതും ഇതുകൊണ്ടുതന്നെ. അലിയ്യുബ്ൻ സൈദിന് ഇത്തരമൊരു അനുഭവമുണ്ട്. അദ്ദേഹം ഭംഗിയുള്ള ഒരു ജുബ്ബ ധരിച്ചത് കണ്ട് സഈദ് പറഞ്ഞു: "താങ്കൾക്ക് ഈ ജുബ്ബ നന്നായി ചേരുന്നുണ്ട് " അപ്പോൾ അലി പറഞ്ഞു: എന്നെ ഇത് ആത്മീയമായി കുഴപ്പത്തിലാക്കുമോ? ഇതിന് സഈദിൻ്റെ മറുപടി ഇങ്ങനെയായിരുന്നു.
"താങ്കൾ മനസ്സ് നന്നാക്കുക. ഇഷ്ടമുള്ളത് ധരിക്കുക"
