ഹിജ്റ: 94, സഈദ് ബ്ൻ മുസയ്യിബിന്റെ ഇതിഹാസ തുല്യമായ ജീവിതത്തിന് തിരശ്ശീല വീണ വർഷം. പല പ്രമുഖ പണ്ഡിതന്മാരും ഈ വർഷം തന്നെയാണ് വിട പറഞ്ഞത്. അലി ഹുസൈൻ സൈനുൽ ആബിദീൻ, ഉർവത്ബ്ൻ സുബൈർ, അബൂബക്കർ ഇബ്നുസലമ തുടങ്ങിയവർ ഉദാഹരണം. അവസാന നിമിഷം വരെ ഭൗതിക ജീവിതത്തോട് വിരക്തിയും ലാളിത്യവും സഈദ് സൂക്ഷിച്ചു. അതിൻ്റെ ഭാഗമായി മരണ ശയ്യയിൽ കിടക്കവെ വസിയ്യത്ത് ചെയ്തതിങ്ങനെ: "ഞാൻ മരിച്ചാൽ എൻ്റെ ഖബറിന്റെ പുറത്ത് പ്രമുഖരുടേതു പോലെ തമ്പ് പണിയരുത്. ചുവന്ന പുതപ്പിൽ എന്നെ ചുമന്നു കൊണ്ടു പോകരുത്. ജനാസ അനുഗമിക്കുമ്പോൾ അഗ്നി അരുത്. എൻ്റെ പേരിൽ ഒരാൾക്കും പ്രയാസം വരുത്തരുത്. എൻ്റെ നാഥനിലേക്ക് വിനയാന്വിതനായി എത്തുക എന്നത് മാത്രം മതി എനിക്ക്. അനുശോചന കാവ്യങ്ങളുമായി എന്നെ പിന്തുടരരുത്. സുഗന്ധം പുകയിപ്പിച്ചുകൊണ്ട് മയ്യത്തിനെ അനുധാവനം ചെയ്യണ്ട, ഞാൻ നല്ലവനാണെങ്കിൽ അല്ലാഹുവിനരികിൽ നിന്നുള്ള പരിമളം തന്നെയായിരിക്കും നിങ്ങൾ ഉപയോഗിക്കുന്ന പരിമളത്തേക്കാൾ എനിക്ക് നല്ലത്. ജീവനറ്റാൽ പിന്നെ കൂടുതൽ താമസിപ്പിക്കേണ്ടതില്ല; പെട്ടെന്ന് തന്നെ ഖബറടക്കാൻ ശ്രമിക്കുക".
ദിവസങ്ങൾ പിന്നിട്ടു. വേദന കഠിനമായി കൊണ്ടിരുന്നു. നാഫിഉബ്ൻ ജുബൈർ ഗുരുവിനെ സന്ദർശിക്കുന്നതിനായി വന്നു. ആ സമയത്ത് പെട്ടെന്ന് ഗുരു അബോധാവസ്ഥയിലേക്ക് നീങ്ങി. ഇതുകണ്ട് ഇബ്നു ജുബൈർ പറഞ്ഞു: അദ്ദേഹത്തിൻ്റെ കിടപ്പിടം ഖിബ് ലയിലേക്ക് തിരിക്കുക, ബന്ധുക്കൾ നിർദേശം മാനിച്ചു. ഖിബ് ല ദിശ യിലേക്കാക്കി. സ്വൽപം കഴിഞ്ഞു. സഈദിന് ബോധം തെളിഞ്ഞു. ചോദിച്ചു: ആരാണ് പറഞ്ഞത് ഖിബ് ലയിലേക്കാൻ. നാഫിആണോ പറഞ്ഞത് ? നാഫിഅ് സ്ഥലം വിട്ടിരുന്നില്ല. അദ്ദേഹം പറഞ്ഞു :
"ഞാനാണ് ഗുരൂ " , അതിനോട് സഈദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "യഥാർത്ഥത്തിൽ ഞാൻ ഖിബ്ലക്കാരനല്ലെങ്കിൽ താങ്കളുടെ ഈ തിരിച്ചുകിടത്തൽ എനിക്ക് ഉപകരിക്കാൻ പോകുന്നില്ല, വിനയാന്വിതനാവുകയായിരുന്നു ഗുരു. ബാഹ്യമായ കാട്ടിക്കൂട്ടലുകളിലല്ല മർമ്മം. മറിച്ച് ഉള്ളിലുള്ള വിശ്വാസവും ദൈവഭയവുമാണെന്നർഥം.
ഗുരു തുടർന്നു: ഈ ഭൂമിയിലാണ് എൻ്റെ ജന്മം. ഭൂമിക്കു മുകളിൽ തന്നെ ഞാൻ മരിക്കുന്നു. ഈ ഭൂമിയിൽ നിന്ന് തന്നെ എൻ്റെ പുനരുത്ഥാനവും നടക്കും. ഇൻഷാ അള്ളാഹ്'. രോഗ ശയ്യയിലും ആരാധനാ കർമങ്ങൾക്ക് മുടക്കു വരാതിരിക്കാൻ ഗുരു ശ്രദ്ധിച്ചു. നിസ്കാരം ഒരിക്കലും ഉപേക്ഷിച്ചില്ല. മലർന്നു കിടന്നു ആംഗ്യഭാഷയിൽ നിസ്കാരം നിർവഹിച്ചു. വളരെ പ്രയാസപ്പെട്ട് കിടക്കവേയാണ് മുത്തലിബ്നു ഹൻത്വബ് കടന്നുവരുന്നത്. അദ്ദേഹം ഹദീസ് ഗവേഷകനായിരുന്നു. കിട്ടിയ സമയത്ത് ഗുരുവിനോട് ഒരു ഹദീസിനെ പറ്റി ചോദിച്ചു. ഉടൻ ഗുരുവിൻ്റെ ജ്ഞാന തൃഷ്ണ ഉണർന്നു "എന്നെ ഒന്ന് പിടിച്ചിരുത്തുവീൻ'' ഗുരു ബന്ധുക്കളോട് പറഞ്ഞു. വളരെ പ്രയാസമുണ്ട്. പക്ഷേ ആജ്ഞ മാനിച്ച് അവർ ഒരുവിധം ഇരുത്തി. ഗുരു പറഞ്ഞു അല്ലാഹുവിന്റെ റസൂലിൻ്റെ വചനം കിടന്നുകൊണ്ട് അവതരിപ്പിക്കാൻ എനിക്കിഷ്ടമല്ല. അനന്തരം ആവശ്യമായ വിശദീകരണം മുത്തലിബിന് നൽകി. ഗുരു വീണ്ടും കിടപ്പിലേക്ക്.
ഏതാനും ദിവസങ്ങൾ പിന്നിട്ടു. അസുഖം മൂർച്ഛിച്ചു. ആ താരകം പൊലിഞ്ഞു. ലോകം കരഞ്ഞു. മദീന തേങ്ങലടിച്ചു. പണ്ഡിതലോകം നഷ്ടബോധത്താൽ ഖിന്നരായി. ജന്നത്തുൽ ബഖീഇലാണ് മഹാനെ കബറടക്കിയത്. സഈദ് വിടവാങ്ങിയ വർഷത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഹിജ്റ 93 ആണെന്നാണ് അബൂ നുഐം. 105 ആണെന്ന് ഭൂരിപക്ഷം ഹദീസ് പണ്ഡിതർ പറയുന്നതായി ഹാകിം. ഹിജ്റ 91, 92, 93 , 95 എന്നിങ്ങനെയും അഭിപ്രായങ്ങൾ ഉള്ളതായി ഇബ്നുഖല്ലികാൻ പറയുന്നുണ്ട്. വിടപറയുമ്പോൾ ഏകദേശം 80 വയസ്സുണ്ടായിരുന്നു.
