കഴിഞ്ഞുപോയതിനെപ്പറ്റി പറഞ്ഞിട്ടെന്താ കാര്യം? പോയത് പോയില്ലേ; അതിനി പിടിച്ചാൽ കിട്ടുകയില്ലല്ലോ. ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റിയത് എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ പറയൂ!
സമകാലിക ലോകത്ത് ഇത്തരമൊരു പ്രവാചക സാക്ഷ്യമുണ്ടോ? ഉണ്ടെങ്കിൽ ആധുനികമായ ശാസ്ത്ര-സാഹിത്യ-സാങ്കേതിക ഉപാധികൾ ഉപയോഗിച്ച് അതിനെ എങ്ങനെ പരിശോധിച്ച് നിജപ്പെടുത്താം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും, അല്ലേ? എ.ഡി. 571-ൽ മക്കയിൽ ഭൂജാതനായ മുഹമ്മദ് നബി, തനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നെന്നും താൻ വഴി ലോകത്ത് സന്ദേശം നൽകപ്പെടുന്ന ആശയങ്ങൾ എന്നന്നേക്കുമുള്ളതാണെന്നും, അതിന്റെ തെളിവായി തന്റെ കൈവശം ഒരു സാക്ഷ്യമുണ്ടെന്നും, അവസാന നാൾവരെ ലോകജനതയാകമാനം ഒന്നിച്ചിരുന്ന് പരിശ്രമിച്ചാലും അതിനെ അതിജയിക്കാൻ കഴിയില്ലെന്നും വാദിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ ഉയർന്നുപൊങ്ങിയ ആ അവകാശവാദം ഇന്നും നിലനിൽക്കുന്നുവെന്നതിനാലും, അത്തരമൊരു വെല്ലുവിളി നമ്മോടൊക്കെ കൂടിയാണെന്നതിനാലും അതൊന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നല്ല, അനിവാര്യമായി വന്നിരിക്കുന്നു.
ജാലവിദ്യകൾ കൊണ്ടോ കൺകെട്ടുകൾ കൊണ്ടോ ഒന്നുമല്ല നബി തിരുമേനി ലോകത്തെ വെല്ലുവിളിക്കുന്നത്; മറിച്ച് ആർക്കും താല്പര്യം തോന്നുന്ന ശുദ്ധസാഹിത്യം കൊണ്ടാണ്! താൻ പറയുന്ന ആശയങ്ങൾ സ്വയം നിർമ്മിച്ച് പറയുന്നവയല്ല, മറിച്ച് അതീന്ദ്രിയവും ദിവ്യവുമാണ്. അതിന് തെളിവായി എനിക്ക് നൽകപ്പെട്ട സാഹിത്യസമ്മാനമിതാ ഞാൻ ലോകത്തിന് മുമ്പാകെ സമർപ്പിക്കുന്നു. അമാനുഷികമായ സാഹിത്യസൗന്ദര്യവും ആശയഗാംഭീര്യവും വഴിഞ്ഞൊഴുകുന്ന ഈ ഗ്രന്ഥത്തെ വിമർശനത്തിന്റെ “സിനിക്കോസ്കോപ്പ്” (Cynicoscope) വെച്ച് സൂക്ഷ്മമായി പരിശോധിക്കാവുന്നതാണ്.
"പറയുന്നത് സത്യമല്ലെന്ന് ആർക്കെങ്കിലും വാദമുണ്ടെങ്കിൽ, നിങ്ങൾ ലോകജനതയെ ആകമാനം - കഴിയുമെങ്കിൽ ഏതെങ്കിലും അതീന്ദ്രിയ ശക്തികളെക്കൂടി കൂട്ടുപിടിച്ച്, പറ്റുമെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അത്യാധുനികമായ പ്രോപ്പർട്ടികളുടെ ഒത്താശയോടെ - ഇതിന് തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരൂ" എന്നൊക്കെയാണ് ആ വെല്ലുവിളിയുടെ ധ്വനി വരുന്നത്!
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ. മുഹമ്മദ് നബി തന്റെ ദൗത്യവുമായി വരുമ്പോൾത്തന്നെ ഖുർആൻ എന്ന് പറയുന്ന ഒരു ഗ്രന്ഥം കയ്യിൽ പിടിക്കുകയും, ഇതൊരു അതുല്യമായ സാഹിത്യമാണെന്നും അല്ലെന്ന് തെളിയിക്കുന്നവർ ഉടൻ തത്തുല്യമായ മറ്റൊന്ന് കൊണ്ടുവരണമെന്നുമുള്ള വെല്ലുവിളിയുമായി വന്നു എന്ന് കരുതരുത്. അങ്ങനെയല്ല സംഭവം. സാമൂഹ്യജീവിതത്തിന്റെ നിലവിലെ കൊള്ളരുതായ്മകളെയും ചൂഷണങ്ങളെയും എതിർത്തുകൊണ്ടും നന്മകളുടെ വിത്തുപാകിക്കൊണ്ടും ധാർമ്മികതയുടെ ചാറ്റൽമഴ തുടരെ പെയ്യിച്ചുകൊണ്ടും രംഗത്തുവന്നപ്പോൾ, സ്വാഭാവികമായും ഏതൊരു സമൂഹത്തിലും ഉണ്ടാകുന്നതുപോലെയുള്ള എതിർപ്പുകൾ തലപൊക്കി. ഖുർആൻ എന്നത് 23 വർഷക്കാലത്തെ ദൗത്യത്തിനിടയിൽ അല്പാല്പമായി, സന്ദർഭോചിതമായി ഇറങ്ങിയ വചനങ്ങളാണ്. പക്ഷേ, അവതരണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ആ വചനങ്ങളുടെ അർത്ഥഗാംഭീര്യവും സാഹിത്യചാതുരിയും അനുപമമായ പാരായണവശ്യതയും കൊണ്ട് കഠിനശത്രുക്കളായ എതിരാളികൾപോലും ഇസ്ലാമിലേക്ക് വരികയുണ്ടായി.
ഇസ്ലാമിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിക്കുമ്പോൾത്തന്നെ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാൻവേണ്ടി ഒളിഞ്ഞും മറഞ്ഞും അവർ പോയ സംഭവങ്ങൾ ചരിത്രത്തിൽ കാണാം. മക്കയുടെ പുറത്തുള്ള പലരും അവിടേക്ക് വരുന്ന സമയത്ത് സംഗതിവശാൽ ഖുർആൻ കേട്ടുപോയാൽ മാനസാന്തരം ഉണ്ടാകുമോ എന്ന് പേടിച്ച്, പലരെയും വഴിയിൽ തടഞ്ഞുവെക്കുകയും ‘ആന്റി-ഖുർആൻ വാക്സിനേഷൻ’ ചെയ്ത് വിടുകയും ചെയ്തിട്ടും അവർ ഇസ്ലാം സ്വീകരിച്ച അതികൗതുകകരമായ സംഭവങ്ങൾ ചരിത്രത്തിലുണ്ട്.
എന്തിനധികം, സമൂഹത്തിലെ സാധാരണക്കാരായ ആളുകൾ പോകുന്നത് പോകട്ടെ; ഖുർആൻ കേട്ടുള്ള നിരന്തരമായ ഈ ആളൊഴുക്കിനെ തടയാൻ മുഹമ്മദ് നബിയുമായി നെഗോഷ്യേഷൻ നടത്താൻവേണ്ടി ഔദ്യോഗികമായി നിയോഗിക്കപ്പെട്ട ഉത്തരവാദപ്പെട്ടവർപോലും ഖുർആൻ കേട്ടുവന്നിട്ട് നിലപാട് മാറുകയോ നേരിട്ട് ഇസ്ലാമിലേക്ക് പോവുകയോ ചെയ്ത ചരിത്രമാണ് കാണുന്നത്. സാഹിത്യസാമ്രാട്ടായിരുന്ന ജുബൈർ ബിനു മുത്ഇം ഒരുദാഹരണം; ഉത്ബത് ബിൻ റബീഅ മറ്റൊരുദാഹരണം.
കൂട്ടത്തിൽ ഒരു രസം കൂടി പറയാം. മധ്യസ്ഥം പറയാൻവേണ്ടി വന്ന് ഖുർആനിൽ മയങ്ങിവീണ നാട്ടുമൂപ്പനാണ് വലീദ് ബിനു മുഗീറ. ചർച്ച കഴിഞ്ഞ് വന്നതിനുശേഷം അയാളുടെ വായിൽനിന്ന് ഖുർആനിനെക്കുറിച്ചുള്ള പോരിശകളാണ് വരുന്നത്. ഇതുകേട്ട് കൂടെനിന്നവർക്ക് ഹൃദയം പാളി. അവരെല്ലാം കൂട്ടംചേർന്ന് അയാളുടെ മുമ്പിൽ ചെന്ന് കെഞ്ചി: "താങ്കൾ ഞങ്ങളുടെ നേതാവാണെന്ന് ഓർമ്മവേണം. ആളുകൾ കൂട്ടമായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഖുർആനിനെതിരെ താങ്കൾ മിണ്ടിയില്ലെങ്കിൽ അപകടമാണ്." ഒടുവിൽ സഹികെട്ട് കപടമാന്യതയ്ക്ക് വേണ്ടി അദ്ദേഹം ഖുർആനിനെതിരെ ശബ്ദിച്ചു: “അതൊരു മാരണവിദ്യയല്ലാതെ മറ്റൊന്നുമല്ല.”
പിന്നീട് ഈ സംഭവം പ്രമേയമാക്കിക്കൊണ്ട് ഖുർആൻ വചനങ്ങൾ ഇറങ്ങി. അദ്ദേഹം ഇസ്ലാം സ്വീകരിക്കില്ല എന്ന് ഖുർആൻ പരസ്യമായി പ്രഖ്യാപിച്ചു. ആദ്യകാലത്ത് കൊടിയ ശത്രുക്കളായിരുന്ന പലരും പല ഘട്ടങ്ങളിലായി - ചിലർ ഏറ്റവും അവസാനം മക്കാ വിജയത്തോടുകൂടിയെങ്കിലും - ഇസ്ലാമിലേക്ക് വന്നവരാണ്. പക്ഷേ, വലീദിന് അതിന് ഭാഗ്യമുണ്ടായില്ല. ഇവിടെ പോയിന്റ് ഇതാണ്: ഖുർആൻ തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടിയെങ്കിലും വലീദിന് ബാഹ്യമായി ഇസ്ലാം സ്വീകരിച്ചതായി അഭിനയിക്കാമായിരുന്നു. അതിനുപോലും ആവതുണ്ടായില്ല. അബൂലഹബിന്റെ കാര്യത്തിലും ഇത് ബാധകമാണ്; അദ്ദേഹം ഇസ്ലാമിലേക്ക് വരില്ല എന്ന് സൂചിപ്പിക്കുന്ന ഖുർആൻ വചനമുണ്ട്. കൃത്യമായ ഒരു കോൺസ്പിറസി ആവിഷ്കരിക്കുകയും രണ്ടുപേരും ദീനിലേക്ക് വരുന്നതായി അഭിനയിക്കുകയും ചെയ്തുകൊണ്ട് നല്ലൊരു ആന്റി-ഖുർആൻ ക്യാമ്പയിൻ സംഘടിപ്പിക്കാമായിരുന്നു. ആ പറ്റായ്കയും ഖുർആനിന്റെ ഒരു അമാനുഷികതയായി നമുക്ക് കണ്ടെത്താവുന്നതാണ്.
ഇരിക്കട്ടെ, ഇന്നത്തെ സാഹചര്യത്തിൽ നമ്മൾ എങ്ങനെയാണ് ഖുർആനികമായ ആശയങ്ങളെയും അതിന്റെ സാഹിത്യചാതുരിയെയും അനാലിസിസ് നടത്തി അതൊരു അമാനുഷിക ഗ്രന്ഥമാണെന്ന് തീർപ്പുകല്പിക്കുക? അതൊരു സങ്കീർണ്ണമായ പ്രോസസ്സ് അല്ലേ? ആണ്. അതിലേക്കാണ് ഇനി നമ്മുടെ യാത്ര.


