അപ്പോൾ, ചരിത്രം, ശാസ്ത്രം, പ്രവചനം എന്നിവയിൽ അബദ്ധത്തിന്റെ അര അംശം പോലും പിണഞ്ഞുപോകാതെ, നൂറു ശതമാനം കിറുകൃത്യമായി സംസാരിക്കണമെങ്കിൽ അയാൾ ഏത് കലാലയത്തിൽ എത്ര ജന്മാന്തരങ്ങൾ പഠിച്ചിരിക്കണം? മാത്രവുമല്ല, ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി തെറ്റുപറ്റാത്ത ഒരു ചരിത്രഗ്രന്ഥം ഒരാൾക്ക് നിർമ്മിക്കാനാവും എന്ന് വെച്ചാൽത്തന്നെ, അനുക്ഷണം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തെക്കുറിച്ച് എങ്ങനെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരാൾ തെറ്റുപറ്റാത്ത പ്രസ്താവനകൾ ഇറക്കുക? അതും സൂക്ഷ്മദർശിനി പോയിട്ട് നല്ലൊരു ഭൂതക്കണ്ണാടി പോലും പരിചയമില്ലാത്ത ഇരുണ്ട ആറാം നൂറ്റാണ്ടിലോ? എന്നിട്ടതിലെ ശാസ്ത്രങ്ങൾ അശേഷം തെറ്റുപറ്റാത്തതാണെന്നും, മറിച്ച് തെളിയിക്കാൻ ധൈര്യമുണ്ടോ എന്ന് ശാസ്ത്രപുരോഗതിയുടെ ഉച്ചിസ്ഥാനത്ത് കയറിയിരിക്കുന്ന ഹൈടെക് മനുഷ്യരെ വെല്ലുവിളിക്കുകയോ?
ആധുനിക ശാസ്ത്രത്തിലെ തേജസ്സാർന്ന വ്യക്തിത്വമായ സ്റ്റീഫൻ ഹോക്കിംഗ്സ് (Stephen Hawking) പോലും താൻ എഴുതിയ ശാസ്ത്ര സിദ്ധാന്തങ്ങളിൽ അബദ്ധം പിണഞ്ഞു എന്ന് സമ്മതിച്ചുപോയി. വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ കോപ്പർനിക്കസിന്റെയോ ഗലീലിയോയുടെയോ ശാസ്ത്ര പ്രബന്ധങ്ങൾ ആധുനിക ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളുമായി തട്ടിച്ചുനോക്കിയാലറിയാം അവ എത്രമാത്രം അബദ്ധജഡിലങ്ങളാണെന്ന്. ഇനി മനുഷ്യന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഭാവിയെ സംബന്ധിച്ച കാര്യങ്ങളാണ് ഗ്രന്ഥത്തിലെ പരാമൃഷ്ട വിഷയങ്ങളെങ്കിൽ ഒട്ടും പറയാനുമില്ല. ഇനി നാം മുഹമ്മദ് നബിക്ക് നൽകപ്പെട്ട ആ ഗ്രന്ഥമെടുത്ത് മേശപ്പുറത്ത് മലർത്തി വെക്കുക. മുൻവിധികളോ പക്ഷപാതിത്വമോ ഒട്ടുമില്ലാതെ അതിനെ ഇഴകീറി പരിശോധിക്കുക. ലോകജനതയെ വെല്ലുവിളിച്ചുകൊണ്ട് നബി അവതരിപ്പിച്ച ഗ്രന്ഥത്തിന്റെ ഇതിവൃത്തമെന്താണ്?
നേരത്തെ വരികൾക്കിടയിലൂടെ സൂചന നൽകിയതാണെങ്കിലും ഒരു കാര്യം ഒന്നുകൂടി ഹൈലൈറ്റ് ചെയ്യണമെന്ന് തോന്നുകയാണ്. ഓർക്കുക, ഖുർആനിൽ ചരിത്രമുണ്ട് എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം ഖുർആൻ ഒരു ചരിത്രഗ്രന്ഥമാണ് എന്നല്ല കേട്ടോ. ഖുർആനിൽ ശാസ്ത്രമുണ്ട് എന്ന് പറയുമ്പോൾ ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമാണെന്ന് തെറ്റിദ്ധരിക്കരുത്. ഖുർആനിൽ പ്രവചനങ്ങളുണ്ടെന്ന് പറയുമ്പോൾ ഖുർആൻ ഒരു പ്രവചനാന്തോളജി ആണെന്ന് വിചാരിക്കരുത്. എന്താ പെട്ടെന്ന് U-turn അടിക്കുകയാണോ? കൂടെത്തന്നെ വന്നിട്ട് കാലുവാരുകയാണോ?
അല്ല, ഒരിക്കലുമല്ല. ഖുർആൻ ഒരു ചരിത്രഗ്രന്ഥമല്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, കൃത്യം ഒരിടത്തുനിന്ന് തുടങ്ങി ഒരു വ്യക്തിയുടെയോ ഒരു ദേശത്തിന്റെയോ ഒരു സമൂഹത്തിന്റെയോ വളർച്ചയും വികാസവും ഒടുക്കവുമെല്ലാം നിയതമായ ഘടനയോടുകൂടി ക്രമപ്രവൃദ്ധമായി അവതരിപ്പിക്കുന്ന സമ്പൂർണ്ണമായ ചരിത്രഗ്രന്ഥമല്ല ഖുർആൻ എന്നാണ്. ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്രം എന്തെന്നും അതിന്റെ കൈവഴികൾ എങ്ങനെയൊക്കെയാണെന്നും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ പുതിയ കാര്യങ്ങൾ എങ്ങനെ കണ്ടെത്താമെന്നും ഒക്കെ വിശദമായി പഠിപ്പിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നാണ്. ഖുർആൻ അവതീർണ്ണമായതിന്റെ അടിസ്ഥാനതത്വം മനുഷ്യർക്ക് ശാസ്ത്ര വിദ്യാഭ്യാസം നൽകാനല്ല എന്ന് ചുരുക്കം.
ഇത് തെളിച്ചു പറയാതെ നിർവ്വാഹമില്ല. ഒരു ഗ്രന്ഥത്തെപ്പറ്റി എന്താണതെന്ന് കൃത്യമായി മനസ്സിലാക്കാതെ അതിനെ സമീപിച്ചാൽ തെറ്റുപറ്റും. തന്റെ വയലും വാഴക്കൃഷിയും മാന്തോട്ടവുമെല്ലാം നന്നായി പരിപോഷിപ്പിക്കണം, അതിനായി നന്നായി കുറച്ച് വായിക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ഒരു കർഷകൻ പുസ്തകശാലയിൽ പോയി വൈലോപ്പിള്ളിയുടെ “മാമ്പഴവും” ചങ്ങമ്പുഴയുടെ “വാഴക്കുലയും” വത്സലയുടെ “നെല്ലും” ഒക്കെ വാങ്ങി വായിച്ചാൽ, ഉറപ്പാണ് - അടുത്ത കൊല്ലം കർഷകശ്രീ അവാർഡ് അയാൾക്കുതന്നെ കിട്ടും, ഹു!
ഈ ഒരു അബദ്ധം ഖുർആന്റെ കാര്യത്തിൽ സംഭവിക്കരുത് എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. ഖുർആൻ എന്ന ഗ്രന്ഥത്തിന്റെ ആത്യന്തികമായ ലക്ഷ്യം അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരെ ഭൂമിയിൽ എങ്ങനെയാണ് മാനവികതയോടും ധാർമ്മികതയോടും ജീവിക്കാൻ മാർഗ്ഗനിർദ്ദേശം നൽകുക, അതുവഴി പ്രപഞ്ചസ്രഷ്ടാവിലേക്കും പാരത്രിക മോക്ഷത്തിലേക്കും അവരെ എത്തിക്കുക എന്നുള്ളതാണ്. അതിലേക്ക് വേണ്ട എല്ലാ കാര്യങ്ങളും ചിലയിടങ്ങളിൽ വിശദമായും ചിലയിടങ്ങളിൽ സൂചനയായും പറഞ്ഞിട്ടുണ്ട്. ഖുർആൻ സംവദിക്കുന്നത് മസ്തിഷ്കമുള്ള മനുഷ്യനോടാണ്. അതുകൊണ്ടുതന്നെ അവന്റെ ചിന്തകളെ ജ്വലിപ്പിക്കാനും അതിനെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും വ്യത്യസ്തങ്ങളായ തലങ്ങളിലേക്ക് തെളിച്ചുവിടുന്ന ഒരുപാട് കുറിമാനങ്ങളെക്കുറിച്ചും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും ശാസ്ത്രീയമായ അടരുകളെക്കുറിച്ചും നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.
അതൊക്കെ കേവലം ഏകപക്ഷീയമായി പറയുന്നു എന്നതിനപ്പുറം "നിങ്ങൾ അതെല്ലാം നോക്കുന്നില്ലേ, പഠിക്കുന്നില്ലേ, നിങ്ങൾ അതിനായി യാത്ര തിരിക്കുന്നില്ലേ?" എന്നിങ്ങനെയുള്ള പഠനഗവേഷണ പ്രോക്തങ്ങളായ സൂക്തങ്ങളാണ് അധികവും. അല്ലാതെ പലരും തെറ്റിദ്ധരിച്ചതുപോലെ ഒരു മതമീമാംസഗ്രന്ഥം എന്ന നിലയ്ക്ക് ഏകപക്ഷീയമായ ചില ആചാര അനുഷ്ഠാനങ്ങളുടെ കണ്ണുപൊട്ടിയ അടിച്ചേൽപ്പിക്കലല്ല. കണ്ടും കേട്ടും നടന്നും അറിഞ്ഞും ചിന്തകളിലൂടെ സഞ്ചരിച്ചുമൊക്കെ വേണം മനുഷ്യൻ പ്രാപഞ്ചിക യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാൻ എന്നതാണ് ഖുർആന്റെ കാഴ്ചപ്പാട്.
അപ്പോൾ ശാസ്ത്രം ശാസ്ത്രത്തിന് വേണ്ടിയോ പുതിയ പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് വേണ്ടിയോ സാങ്കേതികവിദ്യ ആധുനികമായ രൂപത്തിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയോ ഉള്ളതല്ല. മറിച്ച് ജീവിതലക്ഷ്യം കാണിച്ചു കൊടുക്കുന്നതിന് വേണ്ടി ശാസ്ത്രീയമായ സൂചനകളെയും സിദ്ധാന്തങ്ങളെയും ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് ഖുർആൻ ചെയ്തത്.
അതായത് മനുഷ്യനെ ആഴത്തിൽ ചിന്തിപ്പിക്കണം. മനുഷ്യൻ വ്യത്യസ്ത വിഭാഗങ്ങളിൽ താല്പര്യമുള്ള ആളായിരിക്കും. ചിലർക്ക് സസ്യങ്ങളിലായിരിക്കും, മറ്റു ചിലർക്ക് ജന്തുക്കളിൽ, ചിലർക്ക് ഗോളങ്ങളിൽ, ചിലർക്ക് ഗണിതത്തിൽ, ചിലർക്ക് സമുദ്രത്തിൽ, ചിലർക്ക് മനുഷ്യശരീരത്തിൽ ആയിരിക്കും അഭിരുചിയും താല്പര്യവും. അത്തരക്കാരെ എല്ലാം ലക്ഷ്യംവച്ചുകൊണ്ട് വ്യത്യസ്ത ശാസ്ത്രശാഖകളിലേക്ക് ചിന്തയെ സഞ്ചരിപ്പിക്കുന്ന പരാമർശങ്ങളും പ്രസ്താവനകളും ഖുർആൻ നടത്തിക്കൊണ്ടേയിരിക്കുന്നു.
അങ്ങനെ നോക്കുമ്പോൾ ഖുർആൻ പരാമർശിച്ചിട്ടുള്ള കാര്യങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിക്കുമ്പോൾ ജീവശാസ്ത്രം, ഭ്രൂണശാസ്ത്രം, നരവംശശാസ്ത്രം, ശരീരഘടനാശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്രശാഖകളിലെ വളരെ വൈകി മാത്രം കണ്ടെത്തിയ വസ്തുതകളിലേക്കടക്കം ഖുർആൻ വെളിച്ചം വീശുന്നതായി കാണാൻ കഴിയും.
ഒരു കൗതുകം എന്ന നിലയ്ക്ക് താഴെ കൊടുത്ത ഖുർആനിക സൂചനകളിലൂടെ നമുക്കൊന്ന് ആഴ്ന്നിറങ്ങാം:
- ജ്യോതിശാസ്ത്രം (Astronomy): ഖുർആൻ 6:75, 10:3 - സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ സൃഷ്ടിയെക്കുറിച്ചുള്ള പരാമർശങ്ങൾ.
- ജീവശാസ്ത്രം/ഭ്രൂണശാസ്ത്രം (Biology/Embryology): ഖുർആൻ 23:12-14, 36:77-80 - ഗർഭാശയത്തിലെ മനുഷ്യവളർച്ചയുടെ ഘട്ടങ്ങൾ വിവരിക്കുന്നു.
- സസ്യശാസ്ത്രം (Botany): ഖുർആൻ 6:98, 20:54 - സസ്യങ്ങളുടെ സൃഷ്ടിയെക്കുറിച്ചും ജീവൻ നിലനിർത്തുന്നതിൽ അവയുടെ പങ്കിനെക്കുറിച്ചും പരാമർശിക്കുന്നു.
- കാലാവസ്ഥാ ശാസ്ത്രം (Meteorology): ഖുർആൻ 2:164, 24:43 - കാറ്റും മഴയും അയക്കുന്നത് അല്ലാഹുവിന്റെ ശക്തിയുടെ അടയാളങ്ങളായി ചർച്ച ചെയ്യുന്നു.
- ഭൂഗർഭശാസ്ത്രം (Geology): ഖുർആൻ 81:3-4 - പർവ്വതങ്ങൾ ഭൂമിയിൽ ഉറച്ചുനിൽക്കുന്നതായി പരാമർശിക്കുന്നു.
- ജലശാസ്ത്രം (Hydrology): ഖുർആൻ 23:18, 35:9 - ആകാശത്തുനിന്നുള്ള ജലത്തിന്റെ ഉത്ഭവവും ജീവിതത്തിൽ അതിന്റെ പങ്കും വിവരിക്കുന്നു.
- സമുദ്രശാസ്ത്രം (Oceanography): ഖുർആൻ 24:40, 55:36 - സമുദ്രങ്ങളുടെ വിശാലതയും ആഴവും അവയുടെ അതിരുകളും വിവരിക്കുന്നു.
- ഭൗതികശാസ്ത്രം (Physics): ഖുർആൻ 2:258, 24:35 - പ്രകാശത്തിന്റെ സൃഷ്ടിയെയും അതിന്റെ ഗുണങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ.
- പ്രപഞ്ചശാസ്ത്രം (Cosmology): ഖുർആൻ 21:30, 50:1 - ഒരൊറ്റ ബിന്ദുവിൽ നിന്ന് ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെക്കുറിച്ചുള്ള പരാമർശങ്ങൾ (Big Bang theory-യോട് സാമ്യമുള്ള സൂചനകൾ).
- ഭൂകമ്പ ശാസ്ത്രം (Seismology): ഖുർആൻ 99:1-3 - ഭൂമി കുലുങ്ങുന്നത് അല്ലാഹുവിന്റെ ശക്തിയുടെ അടയാളമായി പരാമർശിക്കുന്നു.
ഇത് ഓരോന്നും വിശദമായി ചർച്ച ചെയ്യുകയാണെങ്കിൽ ഈ കുറിപ്പിന്റെ വ്യാപ്തി അനിയന്ത്രിതമായ വിധത്തിൽ കൂടിപ്പോകും എന്നതിനാലാണ് സൂചനകളിൽ ഒതുക്കിയത്.
ലോകത്തെ നല്ലൊരു വിഭാഗം പണ്ഡിതർ കാലങ്ങളായി ഖുർആനിനെക്കുറിച്ച് നിരൂപണബുദ്ധ്യാ പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, നാളിതുവരെയായി ഖുർആനിലെ ഇന്ന പ്രയോഗം ഇന്ന ശാസ്ത്രസിദ്ധാന്തത്തോട് വിയോജിക്കുന്നു എന്ന് തെളിയിക്കാൻ ഒരാൾക്കുമായിട്ടില്ല. എന്നുമാത്രമല്ല, ഖുർആനിനെ വിമർശനബുദ്ധ്യാ പഠിക്കാനിറങ്ങിയ പല പണ്ഡിതരും അതിന്റെ കൃത്യതയ്ക്കും ആശയവൈപുല്യത്തിനും മുന്നിൽ പകച്ചുപോവുകയാണുണ്ടായത്.
ഓരോ ശാസ്ത്രത്തിലും സ്പെഷ്യലൈസ് ചെയ്ത ആളുകൾ അവരുടെ ശാസ്ത്രവീക്ഷണത്തിലൂടെ ഖുർആനെ വായിച്ചപ്പോൾ, അവ്വിഷയത്തിൽ ആധികാരികമായ അവസാന വാക്ക് ഖുർആൻ പറയുന്നതായി അവർ കണ്ടെത്തി! അങ്ങനെ ഖുർആനിനെ വിമർശിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവർ അവസാനം ഖുർആൻ വിശ്വാസികളും ആ വഴിക്ക് വരുന്നവരെ വിരുന്നൂട്ടുന്നവരുമായി മാറി! ഏതോ ഐതിഹ്യം പറയുകയാണെന്ന് വിചാരിക്കരുത്. വിവരസാങ്കേതികവിദ്യ വിളഞ്ഞുനിൽക്കുന്ന കാലമാണിത്. ആർക്കും പരിശോധിക്കാം, പഠിക്കാം, വിമർശിക്കാം, ഖണ്ഡിക്കാം. പറയുന്നതും കേട്ട് തലയാട്ടി പോകലല്ലല്ലോ പഠനം. വിമർശന പഠനത്തിന്റെ തുറസ്സിലേക്ക് നിങ്ങൾക്ക് സ്വാഗതം.


