എല്ലാം അറിയുന്ന ആൾ എന്നല്ലേ വിചാരം? എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ? അറിയാമെങ്കിൽ പറയണം. എന്താകുന്നു Aquaglose എന്നു പറഞ്ഞാൽ? അറിയില്ല? എന്നാൽ പോകട്ടെ, എന്താകുന്നു Hydrablim? അതും അറിയില്ല? കിടക്കട്ടെ. എങ്കിൽ പറയൂ: എന്താണ് Pelagiaskura? ഇതൊന്നുമറിയില്ലേ മാഷിന്? എങ്കിൽ അവസാനമായി ഒന്നു ചോദിക്കാം. പറയൂ സാറേ, എന്താണ് Coymozare? നിർത്തി! നിങ്ങളോട് ഇനി ചോദ്യമില്ല. ഒരു ഉത്തരവും അറിയാത്തവരോട് കുറെ ചോദിച്ചിട്ടെന്താ?!
ഒരു കാര്യം ചെയ്യാം, ക്ലൂ തരാം. നിങ്ങൾ 'ഡ്രോപ്പ് ഓഫ് വാട്ടർ' (Drop of water) എന്ന് കേട്ടിട്ടില്ലേ? അഥവാ മലയാളത്തിൽ 'വെള്ളത്തുള്ളി' എന്ന്. ശരി. അങ്ങനെയുള്ള കുറെ തുള്ളികൾ ചേർന്നുണ്ടാവുന്നതാണ് ചാൽ - വെള്ളച്ചാൽ. വെള്ളച്ചാലുകൾ ചേർന്നുണ്ടാവുന്നതാണ് തോട്. തോടുകളെക്കാൾ വലുതാണ് പുഴ; പുഴയേക്കാൾ വലുതാണ് നദി. അങ്ങനെയുള്ള മഹാനദികളേക്കാൾ എത്രയോ എത്രയോ എത്രയോ വലുതാണ് കടൽ.
നിങ്ങൾക്ക് കടൽവരെ മാത്രമേ അറിയൂ. അത്രയേ കേട്ടിട്ടുള്ളൂ, കണ്ടിട്ടുള്ളൂ, ചിന്തിച്ചിട്ടുള്ളൂ, അല്ലേ? അഥവാ നിങ്ങളുടെ വെള്ളസങ്കൽപ്പം തുള്ളിയിൽ തുടങ്ങി കടലിൽ ചെന്നു നിൽക്കുന്നു. എന്നാൽ മാന്യമഹാസഹോദരാ കേൾക്കണോ, ഓഷ്യൻ (Ocean) എന്ന് വിളിക്കുന്ന കടലിനേക്കാൾ തൊട്ടുമുകളിലുള്ള സാധനമാണ് ഒന്നാമത് പറഞ്ഞ 'Aquaglose'. ഒന്ന് മനസ്സിരുത്തി സങ്കൽപ്പിച്ചു നോക്കൂ: അത് എങ്ങനെയിരിക്കും? എത്രയായിരിക്കും അതിന്റെ വീതിയും വ്യാപ്തവും പരപ്പും വലിപ്പവും? ഒരു നദിയേക്കാൾ എത്ര മടങ്ങ് വലുതാണ് കടൽ; അപ്പോൾ കടലിനേക്കാൾ എത്ര വലുതായിരിക്കും Aquaglose!
എന്നാൽ എന്റെ മോനേ, കളി തുടങ്ങുന്നേയുള്ളൂ. Aquaglose-ന്റെയും എത്രയോ മുകളിൽ കിടക്കുന്നതാണ് 'Hydrablim'. ഇവിടത്തെ ഒരു തിരമാലയ്ക്ക് തന്നെ ഉണ്ടായിരിക്കും സാധാരണ കടലിന്റെ അത്ര വലിപ്പം. എന്നാൽ കേൾക്കണോ കൂട്ടരേ നിങ്ങൾക്ക് അതിശയം? ഇതിനേക്കാളും പതിനായിരം കോടി ഇരട്ടി വലിപ്പമുള്ളതാണ് 'Pelagiaskura'. ഇതോടെ തീർന്നു എന്ന് കരുതിയേക്കല്ലേ, വലുത് വരുന്നേയുള്ളൂ - ഈ പെലാജിയസ്ക്കുറയേക്കാളും (Pelagiaskura) 10,000 ലക്ഷം കോടി ഇരട്ടി വലിപ്പമുള്ളതാണ് 'Coymozare'.
ഇനി നിങ്ങൾ ഒന്ന് മാറിയിരിക്ക്. സമാധാനത്തിൽ ഒന്നിരുന്ന് ചൂടുള്ള ഒരു കാപ്പി കുടിച്ച് മുറുക്കിച്ചിന്തിക്ക്! ഒരു ഭാഗത്ത് ഒരു ഡ്രോപ്പ് - ഒരു തുള്ളി. അങ്ങേയറ്റത്ത് കൊയ്മോസെർ (Coymozare). വെള്ളത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള ക്രമപ്രവൃദ്ധമായ വളർച്ച, അതിന്റെ മൂർദ്ധന്യാവസ്ഥ; അത് എങ്ങനെയിരിക്കും എന്ന് ബുദ്ധിയെ ഒന്ന് കുടഞ്ഞ് കലക്കിയെടുക്ക്.
ഇനി നിങ്ങൾ ഇതൊന്ന് വായിക്ക്: "കഴിഞ്ഞ ദിവസം നാട്ടിൽനിന്നും ഒരു യുവതിയെ കാണാതായി. കമിതാവിന്റെ കൂടെ ഒളിച്ചുപോയതാണെന്നാണ് കരുതുന്നത്. സന്ധ്യാസമയത്ത് വയൽവരമ്പിലൂടെ ഒരാണും ഒരു പെണ്ണും നടന്നുപോകുന്നത് കണ്ടതായി ഗ്രാമവാസികളായ സ്ത്രീകൾ പറഞ്ഞു. ബസ് സ്റ്റോപ്പിൽ, കണ്ടാൽ മുഖപരിചയം തോന്നുന്ന ഒരാളെയും വയലറ്റ് ചുരിദാർ ധരിച്ച ഒരു യുവതിയെയും കണ്ടതായി ടൗണിലെ ചിക്കൻ കടക്കാരനും പറഞ്ഞു. ബേക്കറിയിൽനിന്ന് ചോക്ലേറ്റ് വാങ്ങിയതായും സ്കൂളിന്റെ മുന്നിലുള്ള ഹോട്ടലിൽനിന്ന് ചായ കുടിച്ചതായും മൊഴി വേറെയുമുണ്ട്. ഏതായാലും ഇന്ന് പുലരാൻ നേരത്ത് പട്ടണത്തിലെ ഫ്ലാറ്റിൽനിന്ന് ഇരുവരെയും പോലീസ് പൊക്കി."
ഈ സംഭവം കേട്ടപ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്ക് - ഗ്രാമം, വയൽ, വരമ്പ്, ബസ് സ്റ്റോപ്പ്, ബേക്കറി, ചിക്കൻ കട, സ്കൂൾ, ഹോട്ടൽ, പട്ടണം, വയലറ്റ്, ഫ്ലാറ്റ് എന്നിങ്ങനെയൊക്കെ കേട്ട മാത്രയിൽ നിങ്ങളുടെ മനസ്സ് എവിടെയെല്ലാമാണ് എത്തിയതെന്ന്? തിരക്കില്ല, മൂന്നു മിനിറ്റ് ആലോചിച്ച് പറഞ്ഞാൽ മതി. മിക്കവാറും നിങ്ങൾ അറിഞ്ഞും കണ്ടും അനുഭവിച്ചും പരിചയമുള്ള നിങ്ങളുടെ നാടോ മറ്റേതെങ്കിലും പ്രദേശമോ ആയിരിക്കാനാണ് സാധ്യത.
ഇത് ആയിരം ആളുകൾ വായിച്ചാൽ ആയിരം പ്രതലങ്ങളായിരിക്കും മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക. അങ്ങനെയേ വരൂ! അപ്പോൾ ചോദിക്കട്ടെ, ആദ്യം പറഞ്ഞ തുള്ളി തൊട്ട് കൊയ്മോസെർ വരെയുള്ള ജലശേഖരങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഇത്ര ഉത്സാഹം കണ്ടില്ലല്ലോ നിങ്ങൾക്ക്? അന്നേരം നിങ്ങളുടെ മനസ്സ് നിങ്ങളോട് എത്രത്തോളം സഹകരിച്ചു? ഒരു ഘട്ടം കഴിഞ്ഞപ്പോൾ നിങ്ങൾ ശരിക്കും കുഴഞ്ഞുപോയില്ലേ. അതാണത്.
കഴിഞ്ഞ അധ്യായത്തിൽ നമ്മൾ സമയത്തിന്റെ അനന്തതയെക്കുറിച്ച് ചിന്തിച്ചിരുന്നു. നമുക്കല്പം നേരം റിവേഴ്സ് (Reverse) ആയി സമയത്തിന്റെ അനാദിത്വത്തെക്കുറിച്ച് ആലോചിച്ചു നോക്കിയാലോ? എ.ഡി. 500, ബി.സി. 3000, 4000 എന്നൊക്കെ പറയുമ്പോൾ കേൾക്കാൻ ഒരു രസമുണ്ട്, മനസ്സിലാകുന്നുണ്ട്. പക്ഷേ പതിനായിരം കോടി മില്യൺ, ബില്യൺ, ട്രില്യൺ, ക്വാഡ്രില്യൺ വർഷങ്ങൾക്ക് മുമ്പ് എന്നൊക്കെ പറയുമ്പോൾ - അല്ലെങ്കിൽ അത്രയും സംഖ്യയെ അത്രകൊണ്ടുതന്നെ ഗുണിച്ചാൽ കിട്ടുന്ന ഉത്തരത്തിന് തുല്യമായ കാലത്തിന് പിന്നിൽ, എന്നിട്ടും അവസാനിക്കാതെ പിന്നെയും പിന്നെയും പിറകോട്ട് പോകുന്നു, എന്നിട്ടും അവസാനിക്കാത്ത അനാദി എന്നൊക്കെ പറയുമ്പോൾ വേഗം മനസ്സിലാകുന്നുണ്ട്, അല്ലേ? മനസ്സിലായി!
ആദ്യം ഹുങ്ക് വിട്. ഡംഭ് പൊടിക്ക്. മനസ്സിനെ മെരുക്ക്. "എല്ലാം അറിയാം" എന്ന അടപ്പ് എടുത്തുമാറ്റ്. വിശുദ്ധ ഖുർആനിലെ ഒരു വചനത്തിന്റെ അവസാന ഭാഗം ഇങ്ങനെയാണ്: "അധികമാളുകളും അറിവില്ലാത്തവരാണ്." തൊട്ടടുത്ത വചനത്തിന്റെ ആരംഭഭാഗം ഇങ്ങനെയാണ്: "ഭൗതിക ജീവിതത്തിന്റെ ബാഹ്യമായ ചില കാര്യങ്ങൾ അവർക്കറിയാം."
എത്ര ശരിയാണ് ഇത്! നമുക്ക് അറിയാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റുന്ന സംഗതികൾ വളരെ കുറവല്ലേ? നമ്മുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന, അതുമായി സാമ്യമുള്ള കാര്യങ്ങളാണ് നമുക്ക് മനസ്സിൽ രൂപപ്പെടുത്താൻ പറ്റുന്നത്. അവയിൽനിന്ന് അകന്ന് അമൂർത്തതലത്തിലേക്ക്, പ്രപഞ്ചബാഹ്യമായ പ്രതലങ്ങളിലേക്ക്, പദാർത്ഥരഹിതമായ മണ്ഡലങ്ങളിലേക്ക് കടന്നുചെല്ലുന്തോറും നമ്മുടെ മനസ്സിന് വ്യക്തതക്കുറവും മൂടലും മങ്ങലും ഏറിയേറി വരുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ ഈ അശക്തത നല്ലവണ്ണം ഉൾക്കൊണ്ട് മാത്രമേ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിനെ അറിയാൻ കഴിയൂ.
ലോകം മുഴുക്കെ സൃഷ്ടിയും അവൻ സ്രഷ്ടാവുമാണ്. സൃഷ്ടികൾ മുഴുക്കെ ഉണ്ടാക്കപ്പെട്ടതാണ് / നിർമ്മിക്കപ്പെട്ടതാണ്. എന്നാൽ തീർത്തും പ്രപഞ്ചബാഹ്യനായ, പ്രപഞ്ചവുമായി ഒരു നിലയ്ക്കും ഒരു ബന്ധവുമില്ലാത്ത, ഒരു സാമ്യവുമില്ലാത്ത പ്രപഞ്ചാതീതനായ സ്രഷ്ടാവ് ഒരു പ്രത്യേക നാളിൽ ഉണ്ടായതല്ല. അവനെ ആരും ഉണ്ടാക്കിയതുമല്ല.
പ്രപഞ്ചത്തിൽ നാം ഇന്നോളം കണ്ടുപരിചയിച്ച പദാർത്ഥപരമായ ഒരു ഗുണവും മനസ്സുകൊണ്ട് ചാർത്തിക്കൊടുക്കാൻ പറ്റുന്ന രൂപത്തിലല്ല സ്രഷ്ടാവിന്റെ അസ്തിത്വം. തുള്ളിയിൽ തുടങ്ങി കടലിൽ അവസാനിക്കുന്നതായിരുന്നല്ലോ നമ്മുടെ ജലാനുഭവം. വീണ്ടും കടലിൽനിന്ന് തുടങ്ങി നാലു തലങ്ങൾ മുന്നോട്ടുപോകുന്ന കൂറ്റൻ ജലസംഭരണികളെപ്പറ്റി പറഞ്ഞപ്പോഴൊക്കെത്തന്നെ നമ്മുടെ ഖൽബ് കലങ്ങി. എന്താ കാരണം? അങ്ങനെയുള്ള ഒന്നിനെ നാം കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല. എന്നിരിക്കെ, ഈ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ എല്ലാം പടച്ച അനാദിയായ, സ്ഥലരഹിതനായ, ഐന്ദ്രിയബോധങ്ങളുടെ മാപിനികൾ കൊണ്ടൊന്നും അളക്കാൻ പറ്റാത്ത പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിനെ നാം നിത്യേന പെരുമാറുന്ന വസ്തുക്കളെയെന്നപോലെ അനുഭവിക്കാനും മനസ്സിൽ രൂപപ്പെടുത്താനും കഴിയണമെന്ന് വാശിപിടിക്കുന്നതിൽ എന്താണ് അർത്ഥം?
സ്രഷ്ടാവല്ലാത്ത ബാക്കി എല്ലാ പ്രപഞ്ചബാഹ്യ സംഗതികളെയും പൂച്ച, കോഴി, തെങ്ങ്, വാഴ എന്നതൊക്കെപ്പോലെ നമുക്ക് നന്നായങ്ങ് മനസ്സിലാക്കാൻ പറ്റുന്നുണ്ട്, ഈ സ്രഷ്ടാവിനെ മാത്രം ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്നിടത്താണ് കാര്യങ്ങളെങ്കിൽ ആ പറച്ചിലിൽ ഒരു ന്യായം ഉണ്ടായിരുന്നു. അങ്ങനെയല്ലല്ലോ. എത്ര ബുദ്ധിമാനായ മനുഷ്യനും അവന്റെ യുക്തിതലം കൊണ്ട് പരിപൂർണ്ണമായി ഉൾക്കൊള്ളാൻ പറ്റാത്ത ഒരുപാട് ലോകങ്ങൾ / ജ്ഞാനപ്രപഞ്ചങ്ങൾ / അദൃശ്യമണ്ഡലങ്ങൾ കിടക്കുകയല്ലേ.


