പിന്നെയൊരു കാര്യം, നല്ല നിലയ്ക്കാണെങ്കിൽ നല്ല നിലയ്ക്ക് - അതുവിട്ട് ഗുണ്ടാ ലെവലിലാണ് ചോദ്യമെങ്കിൽ അതേ നിലയ്ക്ക് മറുപടി പറയാനും അറിയാം കേട്ടോ! പരമാധികാരിയായ പടച്ചവൻ അവന്റെ ഇഷ്ടം പോലെ കാര്യങ്ങൾ തീരുമാനിക്കുന്നതിനെ വസ്തുതാപരമായ തലത്തിൽ അംഗീകരിക്കാൻ ശ്രമിക്കുന്നതിനു പകരം, ധിക്കാര ഭാവത്തിൽ ചോദ്യം ചെയ്യാനാണ് താങ്കൾ വെമ്പൽ കൊള്ളുന്നത്! അതുകൊണ്ട് തീർത്ത് / അറുത്തു മുറിച്ചു പറയട്ടെ, അല്ലാഹു അവന് ഉദ്ദേശിച്ചത് പോലെ ചെയ്യും. നിങ്ങൾക്കവയിൽ എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമെങ്കിൽ വരുത്തിക്കാണിക്ക്; വെല്ലുവിളിക്കുന്നു!
അവൻ സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നവനാണ്. അതെന്തുകൊണ്ടാണങ്ങനെ, അല്ലെങ്കിലെന്താ സംഭവിക്കുക എന്നീ ചോദ്യങ്ങളവിടെ നിൽക്കട്ടെ, നിങ്ങൾക്ക് പറ്റുമെങ്കിൽ അതിനെ നാളെ തൊട്ട് പടിഞ്ഞാറുനിന്ന് ഉദിപ്പിക്ക്. നിങ്ങൾക്ക് സാധ്യമായ സകല ശാസ്ത്ര സാങ്കേതിക ആസ്ട്രോ-കൂസ്ട്രോകളെയും കൂടെക്കൂട്ടിക്കോ. അവൻ പശുവില്നിന്ന് പാലും കോഴിയിൽനിന്ന് മുട്ടയും തെങ്ങിൽനിന്ന് തേങ്ങയും മാവിൽനിന്ന് മാങ്ങയും ഉണ്ടാക്കാൻ വളരെ ഏകാധിപത്യപരമായി / ഒരാളോടും കൂടിയാലോചന നടത്താതെ തീരുമിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവനാണ്. നിങ്ങൾക്ക് അവന്റെ ആ രീതിയും വഴിയും ഇഷ്ടപ്പെട്ടില്ലെങ്കിൽ പോത്തിൽനിന്ന് മുട്ടയും മുരിങ്ങയിൽനിന്ന് അരിയും കോഴിയിൽനിന്ന് പാലും റബ്ബറിൽനിന്ന് നെല്ലിക്കയും ഉണ്ടാക്കുന്ന പുതിയ സിസ്റ്റം മാറ്റിസ്ഥാപിക്ക്!! സൂര്യന് പൊൻവെളിച്ചവും ചന്ദ്രന് പാൽവെളിച്ചവുമാണ് നിലവിൽ - അതങ്ങു മാറ്റി താങ്കൾ സൂര്യനിൽനിന്ന് പച്ചവെളിച്ചവും ചന്ദ്രനിൽനിന്ന് നീലവെളിച്ചവും ഉണ്ടാക്ക്.
ഗോളങ്ങളെല്ലാം വെറുതെയിങ്ങനെ ഒന്ന് മറ്റൊന്നിന് പിറകെയായി കറങ്ങിക്കൊണ്ടിരിക്കുകയാണ്; എന്താണതിന്റെ ആവശ്യം? അടങ്ങി നിൽക്കാൻ പറ; നിശ്ചലമാക്ക് എല്ലാറ്റിനെയും! ഭൂഖണ്ഡങ്ങളെല്ലാം കടലിടുക്കുകളാൽ വേർതിരിക്കപ്പെട്ട് പിളർന്ന് പലഭാഗത്തായി ചിതറി നിൽക്കുകയാണ്. താങ്കൾ അതെല്ലാം ഒന്ന് ചേർത്തുവച്ച് മൺപ്രതലം ഒന്നിച്ചും ജലപ്രതലത്തെ വേറെയുമാക്ക്. അല്ലെങ്കിലും എന്തിനാണിത്ര ആർഭാടമായ കടൽ? ഭൂമിക്കിവിടെ അനുദിനം വിലയേറി ആളുകൾ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. കടലിനെ കരയുടെ നാലിലൊന്നാക്കി ചുരുക്കിവറ്റിച്ച് ഭൂമിയെ വികസിപ്പിക്ക്! സംസാരത്തിൽ ഗുണ്ടായിസം ഉണ്ടായാൽ പോരാ - അത് ചെയ്തു കാണിക്കാനും കരുത്ത് വേണം.
നിലവിലെ ഏതെങ്കിലും വ്യവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം വരുത്താൻ താങ്കൾക്കാകുമോ? കാലം ഇതാ പിടപിടയ്ക്കും പോലെ കൊഴിഞ്ഞു കൊഴിഞ്ഞു പോവുകയാണ്; അതിനെയൊന്ന് പിടിച്ചു വെക്ക്. സൂര്യൻ കറങ്ങുകയൊന്നും വേണ്ട! നമുക്കെപ്പോഴും ഫ്രഷ് പ്രഭാതം മതി; അത്യുഷ്ണത്തിന്റെ ഉച്ചനേരം വേണ്ടേവേണ്ട! വേണമെങ്കിൽ ബൈപ്പാസിലൂടെ വൈകുന്നേരം തന്നേര്!
ഭൂമിയും സൂര്യനും ഗോളവും ഗ്രഹവുമൊക്കെ അവിടെ നിൽക്കട്ടെ - ഈ കണ്ട മണ്ടൻ ചോദ്യങ്ങളൊക്കെ ചോദിക്കുന്ന തന്റെ കാര്യത്തിലെങ്കിലും അറ്റ്ലീസ്റ്റ് അന്യനായ ഒരാളുടെ ഇടപെടൽ നിർത്തിക്കാൻ കഴിയുമോ? നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളെ ഇങ്ങോട്ടേക്ക് ജനിപ്പിച്ചു വിടുമ്പോൾ താങ്കൾ എന്തുകൊണ്ട് ഗർഭപാത്രത്തിൽ വെച്ച് മുഷ്ടിചുരുട്ടി മുദ്രവാക്യം വിളിച്ചില്ല? ഭൂമിയിലേക്ക് വരാൻ കൂട്ടാക്കാതെ താങ്കൾ എന്തുകൊണ്ട് ഇടഞ്ഞുനിന്ന് സമരം ചെയ്തില്ല? പോട്ടെ, പുറത്തുവന്ന സ്ഥിതിക്ക് താങ്കളുടെ ഇഷ്ടാനുസാരം തോന്നിയ ഭാഗത്തേക്ക് എഴുന്നേറ്റോടിയില്ല? താങ്കൾ അന്നേരം വെറുമൊരു പാവമായിരുന്നല്ലോ? ആരുടെയോ റിമോട്ട് കൺട്രോൾ അനുസരിച്ച് സിക്താണ്ഡമാവുകയും ഭ്രൂണമാവുകയും കുഞ്ഞാകുകയും ചോരയിലും നീരിലും മുങ്ങിക്കുളിച്ച് പുറത്തേക്ക് വഴുതിയെത്തുകയും ചെയ്ത ഇറച്ചിപ്പാവ!?
അല്ലാഹുവിന് പറയാനുള്ളത് ഇതാണ്: "അവനാണ് നിങ്ങളെയെല്ലാം അവനിച്ഛിച്ച രൂപങ്ങളിൽ ഗർഭപാത്രത്തിൽ വെച്ച് രൂപകൽപ്പന ചെയ്യുന്നവൻ." ആർക്കെങ്കിലും എന്തെങ്കിലും തർക്കുത്തരം പറയാനുണ്ടോ? ഉണ്ടോ? "അവൻ ചെയ്യുന്നതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ല; എന്നാൽ അവർ ചെയ്യുന്നതിനെപ്പറ്റി ചോദിക്കപ്പെടുകയും ചെയ്യും."
ഇതാണ് ഭാഷ. ഇടയ്ക്കിടെ ഇങ്ങനെയും പറയുന്നുണ്ട്: "നിങ്ങൾ എന്തൊക്കെ കളിച്ചാലും ഒടുവിൽ നമ്മളിലേക്കാണ് മടക്കം" എന്ന ഓർമ്മ വേണം കേട്ടോ. അതൊരു പോയിന്റാണ്. ഒരു പാവയെപ്പോലെ ജനിച്ച് ഒരു റൗഡിയെപ്പോലെ ജീവിച്ച് ഒരു കഴുതയെപ്പോലെ മരിച്ചുപോയാൽ മതിയോ! അറ്റ്ലീസ്റ്റ് നമ്മുടെ ശരീരം / നമ്മുടെ സ്വത്വം / നമ്മുടെ അസ്തിത്വം അത് മറ്റാരുടേതോ തീരുമാനപ്രകാരം മരണത്തിന് കൊടുക്കുമ്പോഴെങ്കിലും ഒന്ന് പ്രതിഷേധിക്കാൻ, ഒന്ന് തിരിഞ്ഞോടാൻ നമുക്ക് കഴിയണ്ടേ? ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മരണമല്ലാത്ത മറ്റൊരുതലത്തിലേക്ക് കയറിനിന്ന് "ചുണയുണ്ടെങ്കിൽ ഞങ്ങളെ മരിപ്പിക്കെടാ" എന്ന് വെല്ലുവിളിക്കാനെങ്കിലും നമുക്ക് കഴിയേണ്ടേ...
സുഹൃത്തേ, നമുക്ക് കുറച്ച് എന്തൊക്കെയോ അറിയാം; പക്ഷേ എല്ലാം അറിയില്ല, ഏറെയും അറിയാത്ത കാര്യങ്ങളാണ്. ഖുർആനിൽ ഇങ്ങനെ ഒരു വചനമുണ്ട്: "താൻ നാളെ എന്ത് ചെയ്യുമെന്ന് ഒരാൾക്കും അറിയില്ല; ഏത് ഭൂമിയിൽ വെച്ച് അയാൾ മരിക്കുമെന്നും." നാം കാണുന്നതല്ലേ, നമ്മളെപ്പോലുള്ള തടിയും തണ്ടുമുള്ള എത്രയോ ആളുകൾ വീട്ടിൽനിന്ന് രാവിലെ ഇറങ്ങുന്നു; രാത്രിയിൽ കെട്ടിപ്പൊതിഞ്ഞ ചോരപരന്ന ശവശരീരം വീട്ടിൽ തിരികെ എത്തുന്നു. നാം ആരെയാണ് ചോദ്യം ചെയ്യുന്നത്? ചോദ്യം ചെയ്യാൻ മാത്രം ആരാണ് നാം?


