ദീർഘമായ യാത്രാമധ്യേ നിങ്ങൾ കുടുങ്ങി. പണമില്ല, വസ്ത്രമില്ല, ബാഗില്ല; എല്ലാം പോയി, ഒന്നും മനസിലാകുന്നില്ല. നിങ്ങൾക്കാണെങ്കിൽ ഇനിയൊരുപാട് കാതം യാത്ര ചെയ്യാനുണ്ട്. വിഷമിച്ച് ദുഃഖിതനായി ഇരിക്കുകയാണ്. നാലുഭാഗത്തും ഇരുട്ട്; ക്ഷീണം, വിശപ്പ്, ദാഹം, തളർച്ച. ആകെ ദുഃഖസാന്ദ്രം.
അങ്ങനെയിരിക്കവേ, ഒരു വിളക്കുമായി ഒരാൾ വരുന്നു. നിങ്ങളുടെ പേര് വിളിക്കുന്നു: "ഇന്നയാളല്ലേ?" 'അതെ.' “എന്റെ കൂടെ വാ. എന്നെ ഇന്ന ഒരാൾ അയച്ചതാണ്.” നിങ്ങൾക്ക് മറ്റു ഓപ്ഷനുകളൊന്നുമില്ല; അതിനാൽ അയാളുടെ കൂടെ പോകുന്നു. അയാൾ നേരെ വണ്ടി കൊണ്ടുപോയി നിർത്തിയത് പട്ടണത്തിലെ ഒരു വൻകിട ഹോട്ടലിൽ.
ഒരു രണ്ട് കുടുംബത്തിന് താമസിക്കാൻ മാത്രം സ്പേസുള്ള (Space) ഒരു വലിയ ലോഞ്ച് നിങ്ങൾക്കായി ബുക്ക് ചെയ്തിരിക്കുന്നു. നിങ്ങളെ അകത്തോട്ട് ആനയിച്ചു കൊണ്ടുപോകുന്നു. വേഗം കുളിച്ച് ഫ്രഷാവാൻ പറയുന്നു. ബാത്റൂം തുറന്നു നോക്കുമ്പോൾ ഒരു കൊച്ചു സ്വർഗ്ഗംതന്നെ!
അപ്പോഴേക്ക് പുതുമയാർന്ന വസ്ത്രങ്ങളെത്തി. ഇഷ്ടംപോലെ പെർഫ്യൂമുകളും. ഇനി ഭോജനശാലയിലേക്ക്; വിഭവങ്ങൾ കണ്ടതും കണ്ണുതള്ളിപ്പോയി. വേണ്ടതെല്ലാം വേണ്ടുവോളം തരാതരത്തിൽ നിരത്തി വെച്ചിരിക്കുന്നു. ഇനി നന്നായി വിശ്രമിച്ചോ. ഇതാ ചൂടുവെള്ളം, ഇത് തണുത്ത വെള്ളം, ഫ്ലാസ്കിൽ സുലൈമാനി. കൊറിക്കാൻ നട്ട്സ്, ഡ്രൈഫ്രൂട്ട്സ്.
ഈ പയ്യൻ പുറത്തുതന്നെ കാത്തുനിൽപ്പുണ്ടാവും; എന്താവശ്യമുണ്ടെങ്കിലും വിളിക്കാം. ഇത് നിങ്ങളുടെ ഡ്രൈവർ; പുറത്ത് രണ്ടു വണ്ടിയുണ്ട്. ഒന്ന് വലുത്, ഒന്ന് ചെറുത്. എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പോകാം; ഒന്നു പറഞ്ഞാൽ മതി. ഒരാഴ്ച ഇവിടെ തങ്ങിയിട്ട് അങ്ങോട്ടേക്ക് പോയാൽ മതി എന്നാണ് പറഞ്ഞത്. അവിടെ ജോലി ശരിയാക്കിയിട്ടുണ്ട്; യാത്രയ്ക്കുള്ള ഏർപ്പാടും സെറ്റ് ആക്കിയിട്ടുണ്ട്. ഈ കവർ നിങ്ങൾക്ക് തരാൻ പറഞ്ഞിട്ടുണ്ട്; കാശാണ്, ആവശ്യത്തിന് എടുക്കാം. അതിശയം തോന്നുന്നല്ലേ
ഇനി കാര്യത്തിലേക്ക് വരാം, നിങ്ങളറിയാത്ത, നിങ്ങളെ അറിയുന്ന ആ ആൾ / നിങ്ങൾക്ക് വേണ്ട കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്തുതരുന്ന ആ ആൾ / നിങ്ങൾക്ക് വേണ്ടി ആർഭാടമായി ചെലവഴിക്കുന്ന ആ ആൾ ആരാണെന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? അതാണ് അല്ലാഹു!
നിങ്ങളെ ഭംഗിയിൽ സൃഷ്ടിച്ച അല്ലാഹു. നിങ്ങളെ പൂർണ്ണകായനായി, പരിപൂർണ്ണ ആരോഗ്യവാനായി പുറത്തേക്കെത്തിച്ചു. അതേപ്പറ്റി ഖുർആനിക പ്രയോഗംതന്നെ “അഹ്സനി തഖ് വീം” എന്നാണ്. 'ഹുസ്ന്' എന്നാൽതന്നെ അഴകെന്നാണ്; അതിന്റെ സൂപ്പർലേറ്റീവാണ് 'അഹ്സൻ' - അത്യഴക്! സമമിതിയിലാണ് (Symmetric) ശരീരഘടന. ആ സൗന്ദര്യം പഠിക്കാൻവേണ്ടി ലിയനാർഡോ ഡാവിഞ്ചി, മറവുചെയ്ത ഫ്രഷ് ശവങ്ങളെ ആളൊഴിഞ്ഞ രാത്രിയിൽ പോയി പുറത്തെടുത്ത് നിരീക്ഷിക്കുമായിരുന്നുവെന്ന് 'ഡാവിഞ്ചി കോഡി'ലുണ്ട്. "What a piece of work is man!" എന്നാണ് മനുഷ്യാഴകിൽ കണ്ണുതള്ളിപ്പോയ ഷേക്സ്പിയർ പറഞ്ഞത്.
നാം മനുഷ്യരെ ആദരിച്ചിരിക്കുന്നു; നാമവരെ കരകടലുകളിൽ വഹിച്ചിരിക്കുന്നു എന്നും ഖുർആൻ പറയുന്നുണ്ട്. മനുഷ്യൻ ആദിയിൽ സ്വർഗ്ഗവാസി ആയിരുന്നു; പിന്നീട് ഭൂമിയിലേക്ക് ക്ഷണിച്ചുവരുത്തിയതാണ്. അപ്പോൾ മനുഷ്യൻ അതിഥിയും അല്ലാഹു മാന്യനായ ആതിഥേയനുമായി. ആയതുകൊണ്ടുതന്നെ ആദരവോടെ ആനയിച്ചു; എല്ലാം വേണ്ടവിധത്തിൽ വേണ്ടതുപോലെ സംവിധാനിച്ചു. കേവലം ഒരു ലോഞ്ചും രണ്ടു വണ്ടിയും ചൂടുവെള്ളവും തണുത്ത വെള്ളവും മാത്രമല്ല.
വളർന്നു വലുതായ ഒരു മനുഷ്യന് തിരിപാടുണ്ട്; അവൻ ഇതല്ലെങ്കിൽ അത് എന്തെങ്കിലും തിന്ന് ജീവൻ നിലനിർത്തിക്കോളും. പക്ഷേ അമ്മയുടെ ഗർഭപാത്രത്തിൽനിന്നും ഇപ്പോൾ പുറത്തേക്ക് തള്ളിയെത്തിയ കുഞ്ഞിന്റെ കാര്യം ആലോചിച്ചു നോക്കൂ. അതിന് കപ്പ കാർന്നുതിന്നാൻ / തേങ്ങാപ്പൂള് കടിച്ചു തിന്നാൻ / ചേനയും ചേമ്പും വേവിച്ചു തിന്നാൻ ആവില്ലല്ലോ, അറിയില്ലല്ലോ. പക്ഷേ പ്രശ്നമില്ല; അപ്പോഴേക്കതാ അമ്മയുടെ മാറിൽ പാൽക്കുംഭങ്ങൾ നിറഞ്ഞുന്തി നിൽക്കുന്നു. അതെല്ലാം കാലങ്ങളായി തട്ടിമുട്ടിയുണ്ടായ ആകസ്മിക പരിണാമമാണെന്ന് പറഞ്ഞു തള്ളാൻ എന്ത് രസമാണല്ലേ! ഒരു പ്ലാനിങ്ങുമില്ല, ജസ്റ്റ് പരിണാമം; തീർത്തും ആകസ്മികം.
മനുഷ്യന് അല്ലാഹു നൽകിയ ആദരവിന്റെ ആഴമറിയാൻ മറ്റു ജീവികളുമായി തട്ടിച്ചുനോക്കിയാൽ മതി. ലംബമായ / നെഞ്ചുവിരിച്ചുള്ള / തല ഉയർത്തിയുള്ള ആ എഴുന്നേറ്റുനിൽപ്പ്! ആനയെപ്പോലെ ആകാരവലിപ്പമില്ല, പാറ്റയെപ്പോലെ നിസ്സാരനുമല്ല; മധ്യമായ പ്രകൃതി. "നാം നിങ്ങളെ ഇടനില സമൂഹമാക്കി രൂപപ്പെടുത്തിയിരിക്കുന്നു." പാമ്പും പുഴുവും ഇഴഞ്ഞാണ് നടക്കുന്നത് - ഒരുതരം നിന്ദ്യത; ശരീരം മൊത്തം നിലത്തിട്ട് വലിക്കുന്ന വിലയില്ലായ്മ. മറ്റു മൃഗങ്ങളെല്ലാം തല കീഴ്പോട്ടാണ് പിടിക്കുക / പിടിക്കേണ്ടത്.
മനുഷ്യന് ബുദ്ധി കൊടുത്തു; പ്രപഞ്ചമാസകലം അവന് കീഴൊതുക്കിക്കൊടുത്തു. കാട്ടിലെ കരടിക്കും കാട്ടുപന്നിക്കും ആവോലി ആവശ്യമില്ല, അയക്കൂറ വേണ്ട. ഷാർക്കിനും ട്യൂണയ്ക്കും 'ആന പൊള്ളിച്ചത്' വേണ്ട, 'കടുവ വരട്ടിയത്' വേണ്ട. എന്നല്ല, കടലിലെ ഭീമന്മാർക്ക് ഈ കടലിനപ്പുറം ഏതോ നിബിഢവനമുണ്ടെന്നും അവിടം ഹിംസ്രജന്തുക്കൾ എന്നൊരു വർഗ്ഗമുണ്ടെന്നും അറിയുമോ ആവോ? കാട്ടിലെ ജീവികൾ തോടും വെള്ളവുമൊക്കെ കണ്ടിരിക്കാം; പക്ഷേ, വലിയ മലമുങ്ങാൻ ആഴമുള്ള കരിങ്കടലുകൾ ഉണ്ടെന്നും അവിടെ പർവ്വതാകാരങ്ങളായ തിമിംഗലങ്ങളും സ്രാവുകളും നീന്തിപ്പുളയ്ക്കുന്നുണ്ടെന്നും അവർ അറിയുമോ ആവോ?
മനുഷ്യന് കരയും കടലും ഒരുപോലെ പ്രാപ്യം. സൽക്കാരത്തിന് ചെന്നാൽ ഒരു പാത്രത്തിൽ കര - പോത്ത് വരട്ടിയത്; തൊട്ടടുത്ത പാത്രത്തിൽ കടൽ - കരിമീൻ മുളകിട്ടത്. അതിഥിയായി വിളിച്ചുവരുത്തുന്നതിനുമുമ്പ് അല്ലാഹു മനുഷ്യന് വേണ്ടതെല്ലാം ഒരുക്കി. നോക്കൂ, ഏതെല്ലാം തരം പഴങ്ങളുണ്ട്! അവയുടെ രുചിയും ഗന്ധവും നിറവും ആകൃതിയും മാറിമാറി നോക്കൂ. ആപ്പിൾ പോലെയാണോ കദളി? ഓറഞ്ച് പോലെയാണോ ലിച്ചി? മുന്തിരി പോലെയാണോ ചിക്കു? റംബുട്ടാൻ പോലെയാണോ ചക്ക? ബ്ലാക്ക്ബെറി പോലെയാണോ വത്തക്ക?
ഇനി ഇതിന്റെ അകത്തുതന്നെ എന്തെല്ലാം വെറൈറ്റിയാണ്! നമ്മൾ സിമ്പിൾ ആയി 'മാമ്പഴം' എന്ന് പറഞ്ഞുപോകുന്നു; അതുതന്നെ വരുന്നില്ലേ 260-ൽ മേലെ! വാഴപ്പഴവും ഈത്തപ്പഴവും എത്രയെങ്ങാനും ഐറ്റങ്ങളാണ്. എവിടെനിന്നാണ് ഇതെല്ലാം ആദ്യമായി വരുന്നത്? ആരാ ഡിസൈൻ ചെയ്യുന്നത്? നിറം കൊടുക്കുന്നത്? രുചി ചാർത്തുന്നത്? ഇനി പച്ചക്കറികൾ എന്തെല്ലാം തരം! മത്സ്യങ്ങൾ എണ്ണമില്ലാത്തവ. മണത്തു സുഖിക്കാനും നോക്കി രസിക്കാനും എത്രയെങ്ങാനും പൂക്കളാണ്! തോടും കാടും മഞ്ഞും മഴയും പുഴയും കടലും കുന്നും കുഴിയും എല്ലാം മനുഷ്യന്. മാന്യനായ ഒരു അതിഥിയെ സ്വീകരിക്കാൻ മാന്യനായ ആതിഥേയൻ ഇതിനേക്കാൾ ഏറെ എവിടെയെങ്കിലും എന്തെങ്കിലും സജ്ജീകരണം ചെയ്തതായി നിങ്ങൾക്കറിയാമോ?
പക്ഷേ ഒന്നുണ്ട് കേട്ടോ; ഇത്രയെല്ലാം സൗകര്യങ്ങൾ ചെയ്ത്, ആതിഥ്യമര്യാദകൾ കാണിച്ച്, നൽകിയതെല്ലാം ആസ്വദിക്കുന്നത് മാറിനിന്ന് നോക്കി ആസ്വദിക്കുന്ന, നിങ്ങളെ അത്രമേൽ സ്നേഹിക്കുന്ന, നിങ്ങളുടെമേൽ അത്രയധികം കടാക്ഷങ്ങൾ വർഷിക്കുന്ന ആ ആൾ ആരാണെന്ന് ഒരിക്കലെങ്കിലും അന്വേഷിക്കാനുള്ള നന്ദിബോധം നിങ്ങൾ കാണിക്കേണ്ടതല്ലേ?


