എല്ലാ മനുഷ്യരും എല്ലാ തലത്തിലും ഒരുപോലെയാകില്ല എന്നതാണ് നമ്മൾ പക്വതയോടെ, വിവേചനാലോചനാ ശേഷിയോടെ മനസ്സിലാക്കേണ്ട കാര്യം. എല്ലാവർക്കും തിരിച്ചും തുളച്ചും ചിന്തിക്കാനും നേർപഥം സ്വന്തമായി കണ്ടെത്താനും കഴിഞ്ഞുകൊള്ളണമെന്നില്ല. അത് മതത്തിന്റെ കാര്യത്തിൽ മാത്രമല്ല, നിത്യജീവിതത്തിലെ ലഘുവായ / ലളിതമായ കാര്യങ്ങളിൽപ്പോലും സ്വയം പക്വതയില്ലാത്ത, സ്വാശ്രയത്വമില്ലാത്ത ആളുകളെ കാണാം. അത്തരക്കാർ സ്വന്തമായി ചിന്തിച്ച് കണ്ടെത്താത്ത കാലത്തോളം ജനിച്ചുവീണ മതത്തിൽ തുടർന്നു പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട് ശരിയായ വഴിയിലല്ലെന്ന് പറയാൻ പറ്റുമോ? ഒരു കാര്യം ജന്മനാ കിട്ടി എന്നത് കൊണ്ട്, അല്ലെങ്കിൽ ഒരു കാര്യം കിട്ടാൻ വീടും കുടുംബവും കുട്ടിക്കാല പശ്ചാത്തലവും നിമിത്തമായി എന്നത് കൊണ്ട് മാത്രം അത് ശരിയാകാതെ പോകില്ല / മോശമെന്ന് പറയാനൊക്കില്ല.
നോക്കൂ, നല്ല സുന്ദരിയും സുന്ദരനുമായ ദമ്പതികൾക്ക് പിറന്ന അതിസുന്ദരിയായ കൊച്ചുവാവ. അത് വളർന്നു വലുതായപ്പോൾ അതിശയിപ്പിക്കുന്ന പാരമൗണ്ട് ബ്യൂട്ടിയായി ലങ്കി! അതിനെ കെട്ടാൻ സൗന്ദര്യക്കട്ടയായ ഒരു തങ്കക്കട്ടി വന്നു. എന്നിട്ട്, തന്റെ പ്രതിശ്രുത വധുവിനോട് ചോദിക്കുകയാണ്: “തനിക്കീ തക്കാളിമേനിയും സർപ്പസൗന്ദര്യവുമുണ്ടായത് അച്ഛനമ്മമാരിൽനിന്ന് പകർന്നു കിട്ടിയതല്ലേ? അവർ അഴകിന്റെ ഏഴയലത്തുപോലുമെത്താത്ത വിരൂപികളായിരുന്നുവെങ്കിൽ ഇപ്പോൾ നീ എങ്ങനെ ഇരിക്കുമായിരുന്നു? ഞാനില്ല; നിന്നെ കെട്ടാൻ വേറെ ആളെ നോക്ക്!” നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇവൻ അങ്ങനെ പറയുമെന്ന്? ഇല്ല! കാരണം ഇവനും സുന്ദരനായത് പാരമ്പര്യത്തിന്റെ മറവിൽ തന്നെയാണ്; അല്ലാതെ മാന്തിപ്പൊളിച്ചുണ്ടാക്കിയതൊന്നുമല്ല.
സമ്പന്നരായ ദമ്പതികളുടെ മകൻ സമ്പന്നതയിൽ വളരുന്നു. അവന് അതിസമ്പന്നതയിലേക്ക് കുതിക്കാനുള്ള നിമിത്തങ്ങൾ ഏറുന്നു. ജന്മനാ കിട്ടിയതുകൊണ്ട് അവന്റെ ആ സമ്പന്നത കൊള്ളില്ലെന്നുണ്ടോ? അവനൊരു ഇന്റർനാഷണൽ ബിസിനസ് മീറ്റിലേക്ക് കയറിച്ചെല്ലുമ്പോൾ “താൻ പോടോ! തനിക്ക് അച്ഛനമ്മമാരിൽനിന്ന് കിട്ടിയത് വെച്ച് കളറാക്കുന്നതല്ലേ?” എന്ന് പറഞ്ഞ് ആട്ടുമോ ആരെങ്കിലും?
എന്തിനധികം പറയുന്നു, മതങ്ങളെ പൂർണ്ണമായി എതിർക്കുന്ന ഒരു നമ്പർ വൺ നിരീശ്വരവാദി. അദ്ദേഹത്തിന്റെ വീക്ഷണപ്രകാരം എല്ലാ മതങ്ങളും എല്ലാ വിശ്വാസങ്ങളും അസംബന്ധങ്ങളാണ്. ആകെ ശരിയായിട്ടുള്ളത് നിർമതത്വം, നിരീശ്വരത്വം മാത്രം. സ്വാഭാവികമായും അയാളുടെ മക്കളും പേരമക്കളും ആ കുടുംബത്തിൽ പിറന്നുവളർന്നതുകൊണ്ട് നിർമതരാവുന്നു. ഇതുവരെ ഏക ശരിയായിരുന്ന നിരീശ്വരത്വം പാരമ്പര്യമായി കിട്ടി എന്നതിനാൽ “ശരി പോയി; തെറ്റായി മാറിക്കഴിഞ്ഞു!” എന്ന് അയാൾ പറയുമോ? അപ്പോൾ കാര്യം കിടക്കുന്നത് ആത്യന്തികമായി ശരിയാണോ അല്ലേ എന്നതാണ് - അതിലേക്ക് എത്തിപ്പെടുന്ന വഴി ഏതായാലും. എന്നപോലെ ആത്യന്തികമായി തെറ്റ് ഏത് എന്നതാണ് - അതിലേക്ക് ആപതിക്കുന്ന വഴി ഏതായാലും.
ഒരാൾ നന്നായി ചിന്തിച്ച് പഠിച്ച് ഗവേഷണം ചെയ്തു കണ്ടെത്തിയത് സയനൈഡ്, ഹെർണിയ ഉണക്കാൻ പറ്റിയ ഔഷധമാണെന്നാണ്. സർജറിക്ക് പോകാതെ അദ്ദേഹം രണ്ട് ഔൺസ് സയനൈഡ് മോന്തി. അതോടെ ഹെർണിയ മാത്രമല്ല അയാൾ അപ്പാടെ ഉണങ്ങിപ്പോയി; എന്നെന്നേക്കുമായി ഉറങ്ങിപ്പോയി!!’. സാമ്പത്തിക പ്രതിസന്ധിയിലോ മാനസിക സംഘർഷത്തിലോ പെട്ടു വലഞ്ഞ ഒരാൾ ചിന്തിച്ചു ചിന്തിച്ചു കണ്ടെത്തുന്നു, ഇതിന് ഏറ്റവും ഉചിതമായ സൊല്യൂഷൻ കെട്ടിത്തൂങ്ങലോ വണ്ടിക്ക് തലവെക്കലോ ആണെന്ന്. ഇവിടെ ചിന്തയും കുന്തവുമൊന്നും നടക്കാഞ്ഞിട്ടല്ല, പക്ഷേ എത്തിച്ചേരുന്ന ഉത്തരം തെറ്റായിപ്പോയതുകൊണ്ടാണ്. അപ്പോൾ എത്തിച്ചേർന്നത് ആത്യന്തിക ശരിയിലാണോ എന്ന് ചിന്തിച്ചു നോക്കിയപ്പോഴോ? ബോധ്യമായി അത് ശരിതന്നെ എന്ന് - അപ്പോൾ ഫാസ്റ്റായി!
ഇവിടെ ഇനിയും രണ്ട് സാധ്യതകൾ കിടക്കുന്നില്ലേ? ഉദാഹരണത്തിന് ഒരാൾ ആത്യന്തിക ശരിയിലല്ല ഉള്ളത്; അയാൾ ഒന്നും ചിന്തിച്ചു നോക്കിയതുമില്ല. അല്ലെങ്കിൽ അയാൾ ഗാഢമായി ചിന്തിച്ചു; പക്ഷേ അതുതന്നെയാണ് ശരിയെന്ന് അയാൾക്ക് തെളിഞ്ഞു. അപ്പോൾ എന്തു ചെയ്യും അങ്ങനെ വന്നാൽ? അതിന്റെ ഉത്തരം കുറച്ചു മുമ്പ് സൂചിപ്പിച്ചു കഴിഞ്ഞു. ഭൂരിഭാഗമാളുകളും തങ്ങൾ ഉള്ളത് ആത്യന്തിക ശരിയിലാണോ അല്ലേ എന്ന് ചിന്തിച്ചു നോക്കാത്തവരാണ്.
ഒരാൾക്ക് ഒരു ലക്ഷ്യത്തിലേക്ക് പോകണം. ഉദാഹരണമായി യൂണിവേഴ്സിറ്റി. അയാൾ ഇപ്പോൾ നിൽക്കുന്ന ഇടത്തുനിന്നും 200 കിലോമീറ്റർ പടിഞ്ഞാറാണ് അത് കിടക്കുന്നത്. അയാളുടെ ഗവേഷണപ്രകാരം മനസ്സിലായത് അത് അത്രയും ദൂരം കിഴക്കുമാറിയെന്നാണ്. എന്ത് സംഭവിക്കും? അയാൾ ഒരിക്കലും ലക്ഷ്യത്തിലെത്തില്ല; എന്നല്ല എതിർദിശയിൽ അത്രയുംതന്നെ അകലത്തിലേക്ക് തള്ളപ്പെടും!
അപ്പോൾ അതിനെപ്പറ്റി എന്താണ് പറയാനുള്ളത്? എന്തു പറയാനാ? ഈ ജന്മത്തിൽ എല്ലാവർക്കും എല്ലാം ആവാൻ കഴിയില്ല. ചിലർ പഠിച്ച് വലിയവരാകുന്നു, ചിലർ വഴിക്ക് വെച്ച് തോറ്റുുപോകുന്നു. ചിലർ ബിസിനസ് നടത്തി സമ്പന്നരാകുന്നു, ചിലർ കച്ചവടം പൊട്ടി കുത്തുപാളയെടുക്കുന്നു. ചിലർ ശരീരം ശ്രദ്ധിച്ച് ആരോഗ്യവാന്മാരായി ജീവിക്കുന്നു, ചിലർ കുഴിയിൽ വീണോ രോഗത്തിൽ വീണോ കിടക്കയിൽ കുടുങ്ങുന്നു. ഇതെല്ലാം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ലോജിക്കിനും ശാസ്ത്രത്തിനും ഉത്തരം കിട്ടാത്ത ഇത്തരം കാര്യങ്ങൾക്കാണ് ആത്മീയത സമാധാനം പറയുക. വിശദീകരിക്കാം.


