ഞാനൊരു മതത്തിൽ ജനിച്ചു വീഴുന്നു. എന്റെ സുഹൃത്ത് മറ്റൊരു മതത്തിൽ. വേറൊരു സുഹൃത്ത് മൂന്നാമതൊരു മതത്തിൽ. ഇനിയൊരു സുഹൃത്ത് മതരഹിത മതത്തിൽ. ഞാൻ ചോദിക്കട്ടെ, ഇങ്ങനെ നമ്മളോരോരുത്തരും ഓരോ മതകുടുംബങ്ങളിൽ പിറന്നുവീഴുന്നതുകൊണ്ടല്ലേ വളരുമ്പോൾ നമ്മൾ അതിന്റെ ആളായി മാറുന്നത്? നമ്മളോരോരുത്തരും പ്രസ്തുത മതത്തിന്റെ വക്താക്കളും അതിന്റെ മഹിമ പാടുന്നവരുമായിത്തീരുന്നത്? പിന്നെ കൂട്ടത്തിലൊന്നു മാത്രമാണ് ശരിയെന്ന് പറയുന്നതിലെന്താണ് അർത്ഥം! എല്ലാം കണക്കുതന്നെയല്ലേ? ഏതെങ്കിലും ഒന്നിലായി അങ്ങ് ജീവിച്ചാൽ പോരേ? ഇനി ഒന്നിലുമില്ലെങ്കിലും പ്രശ്നമൊന്നുമില്ലല്ലോ?
പലരിലും പലപ്പോഴായി മുങ്ങിയും പൊങ്ങിയും പുളയുന്ന ഒരു ചിന്താപ്രശ്നമാണിത്. ആദ്യമായി പറയാനുള്ളത്, പ്രസ്തുത പ്രശ്നം എല്ലാവരുടെ കാര്യത്തിലും നിങ്ങൾ അവതരിപ്പിച്ചതുപോലെ ആകണമെന്നില്ല എന്നതാണ്. ലോകത്തുള്ള ഭൂരിഭാഗം ആളുകളും അവരവരുടെ ദൈനംദിന ജീവിതത്തിലെ എൻഗേജ്മെന്റുകളിലും ബിസി ഷെഡ്യൂളുകളിലും വ്യാപൃതരാകുന്നതുകൊണ്ടുതന്നെ, ഇത്തരം ദാർശനികമായ സമസ്യകളിൽ ചിന്താപരമായ ഇൻവെസ്റ്റ്മെന്റ് നടത്താത്തവരാണ്. അല്ലലും അലട്ടലുമില്ലാതെ നന്നായി ജീവിച്ചു പോകണം, ജീവിതത്തിൽ വമ്പൻ നേട്ടങ്ങൾ കൊയ്യണം, അതിന് തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്ന പണിക്ക് നിൽക്കരുത് എന്ന നിലയ്ക്ക് ഭൗതികജീവിതത്തെ ആവത് ആസ്വദിക്കാനാണ് അധികമാളുകളും മുതിരുന്നത്. അല്ലാതെ, "ഞാൻ ജനിച്ചുവീണിരിക്കുന്ന മതത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? എന്റെ മതത്തിന് എന്നെയും എന്റെ ചിന്താപരമായ സങ്കീർണ്ണതകളെയും എന്റെ കാലത്തെയുമൊക്കെ ഉൾക്കൊള്ളാൻ പറ്റുന്നുണ്ടോ? മറ്റു മതങ്ങൾ എന്റെ മതവുമായി താരതമ്യം ചെയ്യുമ്പോൾ എവിടെ നിൽക്കുന്നു?" തുടങ്ങിയ ഇൻട്രിക്കസികളെ (intricacies) കുറിച്ചുള്ള ആത്മമനനങ്ങളിലേക്കൊന്നും അധികമാരും ഇറങ്ങിച്ചെല്ലാറില്ല. “ജീവിക്കുക” എന്നുള്ളതിന്റെ ലക്ഷ്യം “ജീവിക്കുകതന്നെ” എന്നതാണ് മിക്കവരുടെയും നിലപാട്.
പഠിക്കുന്ന കാലത്തൊക്കെ അധികമാളുകളും ചിന്തിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചാണ്. അങ്ങനെയാണവർ ഡോക്ടറാവണം, എൻജിനീയറാവണം, അഡ്മിനിസ്ട്രേറ്ററാവണം, പൈലറ്റാവണം, സയന്റിസ്റ്റാവണം, കണക്കപ്പിള്ളയാവണം, പോലീസാവണം, പട്ടാളമാവണം എന്നിങ്ങനെയൊക്കെ തീരുമാനിക്കുന്നതും അങ്ങനെയായിത്തീരാൻ ബാല്യകൗമാരങ്ങളെ ഉരുക്കിയൊഴുക്കുന്നതും. അങ്ങനെ എന്താണോ ആവേണ്ടത് അതായിക്കഴിഞ്ഞാൽ പിന്നെ ജീവിതത്തെ മൊത്തം ആ ഔദ്യോഗിക ജീവിതത്തിന്റെ അഴിക്കുള്ളിലേക്ക് കയറ്റി, അകത്തുനിന്ന് കതകിട്ടുപൂട്ടി ജീവിച്ചു നരച്ചുപോകുകയാണ് പൊതുവേ പതിവ്. അതിൽ മതം, വിശ്വാസം, ദർശനം എന്നിത്യാദി കാര്യങ്ങളൊന്നും ആലോചനകളിൽ വിഷയീഭവിക്കുന്നേയില്ല. ജീവിതത്തിലെ ചില ആചാരപരമായ സന്ദർഭങ്ങളിൽ എത്തിനോക്കുന്ന നിരുപദ്രവകരവും നിരുപകാരപരവുമായ ഒരു വളിഞ്ഞ ഏജൻസി എന്ന നിലയ്ക്ക് മാത്രമേ മതം ഇത്തരക്കാരെ തൊടുന്നുള്ളൂ, ഉരുമ്മുന്നുള്ളൂ, ഏശുന്നുള്ളൂ.
അല്ലാതെ നിങ്ങൾ പറഞ്ഞതുപോലെ ഓരോ മതവിഭാഗത്തിലേക്കും ജനിച്ചുവീണ വ്യക്തികൾ വളരുന്ന ഘട്ടത്തിൽ തങ്ങളുടെ മതങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കുകയും വിശകലനം നടത്തുകയും നിരൂപിക്കുകയുമൊക്കെ ചെയ്ത്, എല്ലാ അർത്ഥത്തിലും തങ്ങളുടെ മതമാണ് സമഗ്രവും സംതൃപ്തവും ആയിട്ടുള്ളതെന്ന് ഹൃദയംതൊട്ട് പരിപൂർണ്ണ ബോധ്യം വന്ന് അങ്ങനെ അതാതു മതങ്ങളുടെ സജീവ വക്താക്കളായി തുടർന്ന്… സുഹൃത്തേ സൂക്ഷ്മമായി നിരീക്ഷിച്ചു നോക്കൂ - ഇതൊന്നുമല്ലല്ലോ നടക്കുന്നത്.
ജീവിതത്തിലെ ലക്ഷ്യം നിർണ്ണയിക്കുന്നതിലും അത് നേടിയെടുക്കുന്നതിലും നിമഗ്നരാകുന്ന മനുഷ്യർ അധികപേരും ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്നത് കാര്യമാക്കിയെടുക്കുന്നില്ല. ജനിക്കുന്നു, ജീവിക്കുന്നു, ജഡമാകുന്നു - അത്രതന്നെ. ഇതാണ് ഭൂരിഭാഗത്തിന്റെയും രീതി. എന്നാൽ എല്ലാവരും അങ്ങനെയല്ല. നല്ലൊരുപറ്റം ആളുകൾ മതവ്യവസ്ഥിതികളെ നിരൂപണബുദ്ധ്യാ കാണുന്നവരാണ്. അതിനുള്ള പ്രധാന കാരണം മതങ്ങൾ മനുഷ്യന് മതിലുകൾ പണിയുന്നു എന്നുള്ളതാണ്. അതെ, മറച്ചുവെക്കാതെ തുറന്നു പറയുകയാണ്; മതം മനുഷ്യനെ നിയന്ത്രിക്കുന്നുണ്ട്. ഉണ്ട്! ഉണ്ട്!!
അതിരും പരിധിയുമില്ലാതെ ജീവിച്ച് കന്നാലിയായിപ്പോകാമായിരുന്ന മനുഷ്യനെ കള്ളുകുടിക്കല്ലേ, പെണ്ണുപിടിക്കല്ലേ, കൊള്ള നടത്തല്ലേ, കളവുപറയല്ലേ, ചതിക്കല്ലേ, വഞ്ചിക്കല്ലേ, കഞ്ചാവടിക്കല്ലേ, കൊല്ലല്ലേ, വേദനിപ്പിക്കല്ലേ, ലഹരി വിൽക്കല്ലേ എന്നിങ്ങനെ പറഞ്ഞു പിന്നാലെ കൂടുന്നു മതം. അതേപോലെ പരസ്പരം ബഹുമാനിക്കൂ, ആദരിക്കൂ, സ്നേഹിക്കൂ, സഹകരിക്കൂ, സന്ദർശിക്കൂ, ശുശ്രൂഷിക്കൂ, പരിചരിക്കൂ, കൊടുക്കൂ, ഉണരൂ, അലക്കൂ, കുളിക്കൂ, ശുദ്ധിയാകൂ, പഠിക്കൂ, തിന്നൂ, കുടിക്കൂ, കളിക്കൂ, നടക്കൂ, ഉറങ്ങൂ എന്നിങ്ങനെ ദൈനംദിന ജീവിതത്തിന്റെ ഓരോ സൂക്ഷ്മസ്ഥലികളിലും മതം ഡോമിനന്റായി ഇടപെടുന്നു.
ആയതുകൊണ്ടുതന്നെ തങ്ങളുടെ അതിരുവിട്ട ആസ്വാദനപ്പാച്ചിലിന് മുടക്കമിടുന്ന, തങ്ങളുടെ കണ്ണുപൊട്ടിയ വെട്ടിപ്പിടുത്തത്തിന് വിലങ്ങുനിൽക്കുന്ന പിന്തിരിപ്പൻ മൂരാച്ചി എന്ന നിലയിൽ മതത്തെ കാണുകയും കിട്ടാവുന്നിടത്തൊക്കെ വീക്കുകയും ചെയ്യുന്നവരാണിവർ. എങ്കിലും പൊതുജീവിതത്തിൽ ശല്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി മതവ്യവസ്ഥിതിക്ക് ശല്യമുണ്ടാക്കാതെ മിണ്ടാപ്പൂച്ചകളായി കഴിഞ്ഞുകൂടുന്നു. എന്നാൽ ചില ന്യൂനപക്ഷങ്ങൾ മതവ്യവസ്ഥിതികളെ പബ്ലിക്കായി ചോദ്യം ചെയ്യുകയും മതരഹിതരെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജീവിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയകളുടെ പെരുമഴക്കാലത്ത് ഈ പ്രവണത കൂടിവന്നിട്ടുണ്ട് എന്നതാണ് സത്യം.
എന്നാൽ, ചിലർ അങ്ങനെയല്ല. അവർ ജീവിതത്തിന്റെ ഊതിവീർപ്പിക്കപ്പെട്ട തിരക്കുകൾക്കിടയിലും ആഴക്കണ്ണുകളോടെ കാര്യങ്ങൾ നോക്കുന്നവരാണ്, അന്വേഷിക്കുന്നവരാണ്, പഠിക്കുന്നവരാണ്. താൻ ഉൾപ്പെട്ട മതവ്യവസ്ഥിതിയേയും താൻ ഉൾപ്പെടാത്ത മതവ്യവസ്ഥകളെയും വായിച്ചും ചോദിച്ചും പഠിച്ച് താരതമ്യം ചെയ്യുന്നു. അങ്ങനെ അവർ അവരുടെ ആലോചനകളിലെ ആഴച്ചുഴികളിൽനിന്ന് മതദർശനത്തിന്റെ മറുപടികളിൽ ആശ്വാസം കണ്ടെത്തുന്നു; മതപഥങ്ങളെ ബോധപൂർവ്വം തെരഞ്ഞെടുക്കുന്നു. അത് അന്നും ഇന്നും എന്നും നടന്നുകൊണ്ടേയിരിക്കുന്നു. അങ്ങനെ തേടിയെത്തുന്നവരിൽ ശാസ്ത്രജ്ഞന്മാരുണ്ട്, സാഹിത്യകാരന്മാരുണ്ട്, കലാകാരന്മാരുണ്ട്, ബുദ്ധിജീവികളുണ്ട്, അധ്യാപകരുണ്ട്, വിദ്യാർത്ഥികളുണ്ട്, ഗവേഷകരുണ്ട്, കായിക പ്രമുഖരുണ്ട്, മോഡലുകളുണ്ട്, സിനിമാതാരങ്ങളുണ്ട്, രാഷ്ട്രീയക്കാരുണ്ട്, തത്വചിന്തകരുണ്ട്, കുറ്റവാളികളുണ്ട്, മതാധ്യക്ഷരുണ്ട്, മതരഹിതരുണ്ട്, മതവിമർശകരുണ്ട്, നിരീശ്വരവാദികളുണ്ട്, അരാജകവാദികളുണ്ട്… ആ പട്ടിക വലുതാണ്.
അവരാരൊക്കെ, ആരാണ്, എപ്രകാരമൊക്കെയാണ് എന്നൊക്കെ വളച്ചുകെട്ടില്ലാതെ അന്വേഷിക്കാനും പഠിക്കാനും ഇന്ന് വഴികളുണ്ട്. സത്യം തേടിയുള്ള തീർത്ഥയാത്രകളുടെ ആ ഒഴുക്ക് ഏത് ദിശയിലേക്കാണെന്നും ഏതാനും ദശകങ്ങൾക്കുള്ളിൽ വരാനിരിക്കുന്ന വളർച്ചയുടെ ഗതി എങ്ങനെയാണെന്നും ആരോടും ചോദിച്ചു പഠിക്കാൻ നിൽക്കണ്ട! ആരെങ്കിലും പറയുന്നത് വിശ്വസിക്കാനും കൂട്ടാക്കണ്ട! മറിച്ച്; സ്വന്തമായി സ്വതന്ത്രമായി അന്വേഷിച്ചു കണ്ടുപിടിച്ചു നോക്കൂ. അത്രയ്ക്ക് പോപ്പുലർ ആയിക്കഴിഞ്ഞിരിക്കുന്നു കാര്യങ്ങൾ!


