ബോധപൂർവ്വം തെരഞ്ഞെടുത്താലല്ലേ മതജീവിതം അർത്ഥവത്താകുകയുള്ളൂ? നിങ്ങളിപ്പോൾ പറഞ്ഞതനുസരിച്ച് പാരമ്പര്യമായി കിട്ടിയ മതവിശ്വാസം വെച്ചുപുലർത്തുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും സ്വമേധയാ ചിന്തിച്ചു കണ്ടെത്തിയെങ്കിലേ വിശ്വാസം റീസണബിൾ ആകുകയുള്ളൂ എന്നുമല്ലേ വരുന്നത്? അവിടെയാണ് കാര്യം കിടക്കുന്നത്. ഒരാൾക്ക് പ്രായപൂർത്തിയും ബുദ്ധിയും വന്നുകഴിഞ്ഞാൽ തന്റെ ഉൺമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും തന്റെ വിശ്വാസത്തെക്കുറിച്ചും നന്നായി ആലോചിക്കണം! അതെ, അതങ്ങനെത്തന്നെ; യാതൊരു സംശയവുമില്ല!!
ഒരാളുടെ വിശ്വാസം എന്നത് കേവലം അനുകരണമോ / അന്ധമായ അനുസരണയോ ആവരുത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുർആനിൽ ആദ്യന്തം മുഴങ്ങിക്കേൾക്കുന്ന ഒരു ആഹ്വാനമാണ്: "നിങ്ങൾ ചിന്തിക്കുന്നില്ലേ, ആലോചിക്കുന്നില്ലേ?" എന്നത്. ചില സ്ഥലങ്ങളിൽ അത് പ്രകോപനപരമായ തലത്തിലേക്ക് കൂടി തള്ളിക്കയറുന്നുണ്ട്. അവരുടെ കണ്ണുകളല്ല പൊട്ടിപ്പോയത്; നെഞ്ചകത്തെ ഹൃദയമാണ് അന്ധമായിപ്പോയത്. ചിന്തിക്കാത്തവർ കന്നുകാലികളെപ്പോലെയാണ്; അതുമല്ല അതിനേക്കാൾ നീചരാണ്. അവർ അന്ധരും ബധിരരും മൂകരുമാണ് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിൽ ചിന്താപ്രേരകങ്ങളായ സൂക്തങ്ങൾ സമൃദ്ധമായി ഖുർആനിലുണ്ട്. കണ്ണും കാതും തുറന്നുപിടിച്ച് കാണേണ്ടതെല്ലാം കണ്ട് കേൾക്കേണ്ടതെല്ലാം കേട്ട് മസ്തിഷ്കത്തെ വേണ്ടതുപോലെ പ്രവർത്തിപ്പിച്ചു ജീവിക്കാനാണ് ഖുർആന്റെ പ്രേരണ; അല്ലാതെ ഒന്നുമറിയില്ലെന്ന മട്ടിൽ മുഖംകുത്തി നടക്കാനല്ല.
‘അപ്പോൾ, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്മാർഗ്ഗം പ്രാപിക്കുന്നവൻ? അതല്ല നേർപാതയിലൂടെ ശരിക്ക് നടക്കുന്നവനോ? പറയുക: അവനാണ് നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയങ്ങളും ഏർപ്പെടുത്തിത്തരികയും ചെയ്തവൻ. കുറച്ചു മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.’ (അൽമുൽക്ക്: 22,23)
ചിന്തയെ കെട്ടിപ്പൂട്ടി നടക്കുന്നവരെ ഖുർആൻ പ്രകോപിപ്പിക്കുന്നത് ഇങ്ങനെ: ‘ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്ക് കണ്ണുകളുണ്ട്; അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്; അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കന്നുകാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതൽ വഴിപിഴച്ചവർ. അവർ തന്നെയാണ് ശ്രദ്ധയില്ലാത്തവർ.’ (അൽഅഅ്റാഫ്: 179)
പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലൂടെ മനുഷ്യചിന്തയെ നനച്ചെടുക്കുന്നത് കാവ്യാത്മക ഭാഷയിൽ ഖുർആൻ പറയുന്നു "ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങൾ മാറിമാറി വരുന്നതിലും ബുദ്ധിശാലികൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും പാർശ്വങ്ങളിൽ കിടന്നുമൊക്കെ അല്ലാഹുവിനെ ഓർക്കുകയും ആകാശഭൂമികളുടെ സൃഷ്ടിവിസ്മയത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികൾക്ക്. - 'ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായി സൃഷ്ടിച്ചതല്ലതന്നെ. നീ എത്ര പരിശുദ്ധൻ!'" (ആലു ഇംറാൻ: 190, 191)
ബുദ്ധിയുള്ള മനുഷ്യൻ തന്റെ മുന്നിൽ കാണുന്ന എന്തിനെക്കുറിച്ചും നേരായ ദിശയിൽ ചിന്തിച്ചാൽ - അതൊരു പുൽക്കൊടിയാവട്ടെ, തവള ചാടുന്നതാവട്ടെ, പാഴില വീഴുന്നതാവട്ടെ, ഇടിയാവട്ടെ, മിന്നലാവട്ടെ, ആട്ടിൻകാഷ്ഠമാവട്ടെ, കോഴിത്തൂവലാവട്ടെ, പ്രാവിൻ കുറുകലാവട്ടെ, വേണ്ട ഒരു പൊട്ടുകല്ലാവട്ടെ, അതും വേണ്ട സൂക്ഷ്മമായ ഒരു ധൂളിയാവട്ടെ - അതിന്റെ അറ്റം പിടിച്ച് ആലോചിച്ചു ചെന്നാൽ പരമസത്യമായ സ്വത്വത്തിലേക്കാണ് എത്തിച്ചേരുക.
പക്ഷേ ചിന്തിക്കണം. "എനിക്കൊന്നുമറിയില്ല, ഞാനീ നാട്ടുകാരനല്ല, എനിക്ക് എന്റെ തീറ്റ, എന്റെ കുടി, എന്റെ നിദ്ര, എന്റെ കെട്ടിയോൾ, എന്റെ കുട്ടികൾ, എന്റെ ജോലി…" എന്നിങ്ങനെ എല്ലാം എന്റെ വളരെ പരിമിതമായ ചുറ്റുവട്ടത്തിൽ ഒതുക്കി ജീവിക്കുവാൻ വേണ്ടി ജീവിക്കുന്നവൻ നേരത്തെ പറഞ്ഞ കന്നുകാലിയെപ്പോലെതന്നെയാണ്. അവറ്റയ്ക്ക് കാല് നാല്, നമുക്ക് രണ്ട് എന്ന വ്യത്യാസം മാത്രം. മാറണം നമ്മൾ. ബുദ്ധി കൊണ്ട് തുളച്ചു ചിന്തിച്ചേ പറ്റൂ. ജീവിതത്തിന്റെ അർത്ഥവും സഫലതയും കണ്ടെത്തും വരെ നാം നമ്മുടെ തലച്ചോറിന് വിശ്രമം കൊടുക്കരുത്. നാം തേടിയിറങ്ങുക. അപ്പോൾ പ്രപഞ്ചം ഒന്നാകെ നമുക്ക് കൂട്ടിനുണ്ടാവും.


