വിശ്വാസികളാവുക - ആവാതിരിക്കുക എന്നതിനെക്കുറിച്ചുള്ള ഖുർആനിക ചർച്ച കൂടുതൽ ഗൗരവം നിറഞ്ഞ തലത്തിലേക്കാണ് നമ്മെ നയിക്കുക. മൂന്ന് തലത്തിലാണ് ഖുർആനിക പ്രസ്താവനകൾ അടുക്കിവെച്ചിരിക്കുന്നത്. ഒന്ന്, വളരെ ന്യൂട്രലായിട്ട്. ഒട്ടും വശ്യപ്രേരക (Persuasive) മല്ലാതെ സംസാരിക്കുന്ന ആ ശൈലി ആസ്വദിക്കുക:
ഖുർആനിലെ അൽബഖറ എന്ന അധ്യായത്തിൽ വായിക്കാം (സൂക്തം 256): "ഈ മതത്തിന്റെ കാര്യത്തിൽ യാതൊരുവിധ ബലാൽക്കാരവുമില്ല. നേർമാർഗ്ഗം ദുർമാർഗ്ഗത്തിൽനിന്ന് ഇതാ വെളിപ്പെട്ടു കിടക്കുന്നു."
ഖുർആനിലെ അൽ കഹ്ഫ് എന്ന അധ്യായത്തിലെ 29-ാം വചനത്തിൽ കാണാം: "പറയുക: ഈ സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം; ഇഷ്ടമുള്ളവർക്ക് അവിശ്വസിക്കാം."
അൽ കാഫിറൂൻ എന്ന അധ്യായത്തിൽ വായിക്കാം: “നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം.”
ഈ നിലയ്ക്കുള്ള പരാമർശങ്ങൾ പലയിടങ്ങളിലായി കാണാമെങ്കിലും, ചില സ്ഥലങ്ങളിൽ ഒന്നുകൂടി കയറി ചിന്തയുടെ പിരി പിടിച്ചുമുറുക്കുന്ന വരികൾ കാണാവുന്നതാണ്. വിശ്വസിക്കുന്നതിന് വേണമല്ലോ ഒരു യുക്തിപ്രതലം; വിശ്വസിക്കാതിരിക്കാനും വേണമല്ലോ ലോജിക്.
“ആകാശഭൂമികളുടെ സൃഷ്ടികർമ്മത്തിലും രാപകലുകളുടെ മാറിവരലിലും, മനുഷ്യർക്ക് ഉപകാരപ്രദമായ ചരക്കുകളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിർജ്ജീവാവസ്ഥയ്ക്ക് ശേഷം ഭൂമിക്ക് അതുമുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗ്ഗങ്ങളെയും വിന്യസിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീർച്ച." (അൽബഖറ: 164)
“ബോധ്യപ്പെടുന്നവർക്ക് ഭൂമിയിൽ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളുടെ ശരീരങ്ങളിലും ഉണ്ട്; നിങ്ങൾ നോക്കിക്കാണുന്നില്ലേ?” (അദ്ദാരിയാത്ത്: 20, 21)
"അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നവൻ. എന്നിട്ട് അതുമുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകൾ പുറത്തുകൊണ്ടുവരികയും, അനന്തരം അതിൽനിന്ന് പച്ചപിടിച്ച ചെടികൾ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ആ ചെടികളിൽനിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്തുവരുത്തുന്നു. ഈന്തപ്പനയിൽനിന്ന്, അഥവാ അതിന്റെ കൂമ്പോളയിൽനിന്ന് തൂങ്ങിനിൽക്കുന്ന കുലകൾ പുറത്തുവരുന്നു. മുന്തിരിത്തോട്ടങ്ങളും, പരസ്പരം സാമ്യത തോന്നുന്നതും എന്നാൽ ഭിന്നമായതുമായ ഒലീവും മാതളവും. അവയുടെ കായ്കൾ കായ്ച്ചുവരുന്നതും മൂപ്പെത്തുന്നതും നിങ്ങൾ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്." (അൽ അൻആം: 99)
"സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങൾ നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനുവേണ്ടി. യഥാർത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. അറിവുള്ള ആളുകൾക്കുവേണ്ടി അല്ലാഹു തെളിവുകൾ വിശദീകരിക്കുന്നു." (യൂനുസ്: 5)
"രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശദായകമാക്കുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം നിങ്ങൾ തേടുന്നതിനുവേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടിയും. ഓരോ കാര്യവും നാം ഡീറ്റെയിലായി (Detail) വിശദീകരിച്ചിരിക്കുന്നു." (അൽ ഇസ്രാഅ്: 12)
ഏതു നാടനും ഏതു ഗ്രാമീണനും ഏതു പണ്ഡിതനും ഏതു ശാസ്ത്രജ്ഞനും ഏതു തത്വചിന്തകനും ഏതു നിരൂപകനും ചിന്തിക്കാൻ മാത്രമുള്ള വിഭവങ്ങളാണ് ഖുർആൻ ചുറ്റുപാടുകളിൽനിന്ന് പെറുക്കിപ്പെറുക്കി മസ്തിഷ്കത്തിലേക്ക് ഇട്ടുതരുന്നത്. ഇത്തരുണത്തിൽ ഖുർആൻ സൂചിപ്പിച്ചുതരുന്ന ഓരോ മേഖലയെക്കുറിച്ചും കാലങ്ങളെടുത്ത് പഠിക്കാൻ മാത്രമുണ്ട്. മുമ്പ് പ്രസ്താവിച്ചിരുന്നല്ലോ, മതം എന്ന് പറഞ്ഞാൽ വല്ലപ്പോഴും പാലിക്കേണ്ട ആചാരനിഷ്ഠകളുടെയോ ജീവിതത്തിൽ എപ്പോഴെങ്കിലും ചൊല്ലേണ്ടുന്ന ശ്ലോകജപങ്ങളുടെയോ വിരസമായ ഒരു കമ്പൈലേഷൻ (Compilation) അല്ല എന്ന്. മതമിവിടെ മനുഷ്യന്റെ മസ്തിഷ്കത്തിൽ സജീവമായി ഇടപെടുന്നതാണ് നാം കാണുന്നത്; കാഴ്ചകൾ കാണിച്ച്, കുറിമാനങ്ങൾ കോറിയിട്ട് മനുഷ്യന്റെ ചിന്താപ്രതലത്തെ ഇളക്കിമറിക്കുകയാണ്.
അപ്പോഴും ചിന്തിക്കാം, കണ്ടെത്താം എന്നല്ലാതെ ആരെയും അഗ്രസീവായി അനുസരിപ്പിക്കുക എന്നുള്ളത് ഇല്ലേയില്ല. മൂന്നാം ഘട്ടത്തിൽ, ചിലർ ചിന്തിക്കാനേ വരില്ല, മറ്റു ചിലർ എത്രതന്നെ ചിന്തിച്ചാലും സത്യവഴിയിൽ എത്തിച്ചേരില്ല എന്നുതന്നെ തീർത്തങ്ങു പറയുന്നു. അതൊരു മുന്നറിവോ മുൻനിശ്ചയമോ ഉള്ളതുകൊണ്ടായിരിക്കണം. പക്ഷേ അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരെയും ഒരേപോലെ വിശ്വാസികളാക്കാമായിരുന്നു. ഖുർആൻ അതിങ്ങനെയാണ് പറയുന്നത്:
"അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവൻ ഒറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ താൻ ഉദ്ദേശിക്കുന്നവരെ അവൻ ദുർമാർഗ്ഗത്തിലാക്കുകയും താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും." (അന്നഹ്ൽ: 93)
ഒരാൾ സത്യം തേടി എത്തിച്ചേരുന്ന പാത വഴികേടിലാണെങ്കിൽപ്പോലും അയാൾക്കത് ആസ്വാദ്യകരമായി തോന്നിയേക്കാം. അല്ലാഹു അദ്ദേഹത്തെ പിഴച്ച വഴിയിലാകാൻ നേരത്തെ തീരുമാനിച്ചതുകൊണ്ടായിരിക്കണം അത്. ഖുർആൻ കേൾക്കാം: "എന്നാൽ തന്റെ ദുഷ്പ്രവൃത്തികൾ അഴകാർന്നതായി തോന്നിക്കപ്പെടുകയും, അങ്ങനെ അയാളത് നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാൽ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം അങ്ങയുടെ ജീവൻ പോകാതിരിക്കട്ടെ. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു." (ഫാത്വിർ: 8)
നമ്മൾ എന്തെല്ലാം എങ്ങനെയെല്ലാം അധ്വാനിച്ചാലും മാർഗ്ഗഭ്രംശം വിധിക്കപ്പെട്ടവരെ മോചിപ്പിക്കാൻ നമുക്കാർക്കും ആകില്ല; അതിന് അഗ്രസീവായി ശ്രമിക്കുകയും വേണ്ട എന്ന സൂചനകൂടി മേൽ സൂക്തത്തിലുണ്ട്. താഴെപ്പറയുന്ന വചനത്തിൽ ആ ശ്രമങ്ങളെ കർക്കശമായി വിമർശിക്കുന്നതുകൂടി കാണുക: “താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ചു വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ താങ്കൾ അവരെ നിർബന്ധിക്കുകയോ?” (യൂനുസ്: 99)
നമ്മുടേത് ഇവിടെനിന്നും അങ്ങോട്ടേക്കുള്ള നോട്ടമാണ്; അല്ലാഹുവിൻ്റേത് അവിടെനിന്നും ഇങ്ങോട്ടേക്കുള്ള കാഴ്ചയാണ്. ഭൗതികലോകത്ത് നേരായി ജീവിച്ചാലുള്ള ഫലം പാരത്രിക മോക്ഷവും സ്വർഗ്ഗവുമാണല്ലോ. എന്നപോലെ ദുർമാർഗ്ഗത്തിന്റെ ഒടുക്കം നാശത്തിലേക്കും നരകത്തിലേക്കുമാണല്ലോ. ഈ രണ്ടിനുമായി അവൻ ആളുകളെ ആദ്യമേ പടച്ചിരിക്കുന്നു എന്നും ഖുർആൻ പറയുന്നു. അഅ്റാഫ് 179 വായിക്കാം:
"ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് മനസ്സുകളുണ്ട്; അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്കു കണ്ണുകളുണ്ട്; അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്; അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതൽ പിഴച്ചവർ. അവർ തന്നെയാണ് ശ്രദ്ധയില്ലാത്തവർ."


