ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, നാം ചർച്ച ചെയ്തുവരുന്ന വിശ്വാസപരമായ പ്രമേയം എന്നു പറയുന്നത് വണ്ടി മറിഞ്ഞതോ, ആളു മരിച്ചതോ, പുലി വരുന്നതോ ആയ കാര്യങ്ങളൊന്നുമല്ല. മറിച്ച്, ഈ പ്രപഞ്ചം പോയിട്ട് അതിലെ ഒരു കടുകുമണിയിലെ പതിനായിരം കോടിയിലെ ഒരംശമായ പൊടിപോലും തനി ഇല്ലായ്മയിൽനിന്ന് ഉണ്ടാവുകയില്ലെന്നും, ആയതിനാൽ മനുഷ്യസങ്കൽപ്പത്തിനതീതമായ - ഇല്ലായ്മ എന്ന അവസ്ഥ മുമ്പുണ്ടായിട്ടില്ലാത്ത - ഒരു സ്രഷ്ടാവാണ് ലോകത്തെ പടച്ചതെന്നുമാണ്. ആ വിശ്വാസത്തിലേക്ക് നമ്മൾ എങ്ങനെ എത്തും? ആര് പറഞ്ഞുകേട്ടാണ് നമ്മൾ വിശ്വസിക്കുക? ഇത് മാഷ് 'A' പഠിപ്പിക്കുംപോലെ, ടീച്ചർ 'അ, ആ' പഠിപ്പിക്കുംപോലെ, കാണാതെ കേൾക്കാതെ വാഷിംഗ്ടൺ ഡി.സി. എന്ന പട്ടണം ഉണ്ടെന്നും ജോർജ്ജ് വാഷിംഗ്ടൺ എന്ന ഒരാൾ ജീവിച്ചിരുന്നെന്നും ഇലയ്ക്കുമേൽ രണ്ട് കല്ല് കാണുമ്പോൾ രണ്ടാൾ കഞ്ഞി കുടിച്ചു പോയെന്നും വിശ്വസിക്കുംപോലെ നിസ്സാരമല്ല. അപ്പോൾ എന്നാ ചെയ്യാനാ?
ആദ്യമായി മസിലുപിടി വിട്. ഒരു പെണ്ണുകാണൽ കാര്യം പറയാം. സുമുഖനും സുന്ദരനുമായ ഒരു യുവാവ്; അവൻ വളർന്ന് പെണ്ണുകെട്ടാൻ പാകമായിരിക്കുന്നു. അവനെ പെണ്ണുകെട്ടിക്കാൻ നമ്മൾ തീരുമാനിച്ചു. കുളിപ്പിച്ച് പുതുവസ്ത്രങ്ങളും പുത്തൻ ചെരിപ്പും മുന്തിയ വാച്ചും ധരിപ്പിച്ചു. ഇതാ പുറപ്പെടാൻ നിൽക്കുകയാണ്. എങ്ങോട്ട്? ഇത്രയും കാര്യത്തിൽ നമുക്ക് ഒരു സംശയവുമില്ല. പിന്നെ എവിടെയാണ് സംശയം? ഇവനെയും കൂട്ടി നമ്മൾ പുറപ്പെട്ടു കഴിഞ്ഞാൽ ഇവനൊത്ത പെണ്ണ് എവിടെയെങ്കിലും ഉണ്ടാവുമോ? ആരായിരിക്കും? എങ്ങനെയായിരിക്കും? അതിനെന്താണ് ഇത്ര ഉറപ്പ്?
ഇതാണ് സുഹൃത്തേ, നമ്മുടെ ബുദ്ധിയുടെ അവസ്ഥ! പ്രപഞ്ചത്തെപ്പറ്റി, പ്രകൃതിയെപ്പറ്റി നമ്മൾ തലങ്ങും വിലങ്ങും കുത്തിമറിഞ്ഞ് ആലോചിച്ചിട്ടും ഒരുനിലയ്ക്കും അത് തനിശൂന്യതയിൽനിന്ന് “ഇന്നാ പിടിച്ചോ...” എന്നും പറഞ്ഞ് ലോങ്ങ് ജമ്പ് അടിച്ചു വരുന്നത് ഉൾക്കൊള്ളാനേ കഴിയുന്നില്ല. പകരം സൃഷ്ടിലോകത്തിലെ വൈവിധ്യങ്ങളിലൂടെയും വൈപുല്യങ്ങളിലൂടെയും ധൈഷണികമായി പരതി നടന്നപ്പോൾ, ഈ സൃഷ്ടിക്ക് സൃഷ്ടിയല്ലാത്ത ഒരു സ്രഷ്ടാവ് വേണം എന്നതിൽ നമ്മൾ കട്ടായമായും എത്തിച്ചേർന്നു. ആ എത്തിച്ചേരലാണ് ഈ കണ്ട പുതിയാപ്പിള ഇറക്കം. പക്ഷേ, എങ്ങോട്ടാണ് പോകുക? ഏതു വഴി പോകും? എവിടെയാണ് എത്തുക? എങ്ങനെയുള്ള ആളാണ്? തുടങ്ങിയ സംശയങ്ങളിൽ കുഴങ്ങി നമ്മളെല്ലാം സ്തംഭിച്ചു നിൽക്കുമ്പോൾ അതാ വരുന്നു വരനെയും തേടി ഒരാൾ! പറയുന്നു: "വരൂ, ഞാൻ നിങ്ങളെ തേടി വന്നതാണ്. വഴി കാണിച്ചുതരാം."
ഉറപ്പാണ്, അങ്ങനെയുള്ള ഒരാൾ പറഞ്ഞുതന്നല്ലാതെ നമ്മുടെ കേവലബുദ്ധി കൊണ്ട് പ്രപഞ്ചസ്രഷ്ടാവ് ആരാണ്, എന്താണ്, വിശേഷണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊന്നും വിശദമായി മനസ്സിലാക്കാൻ തലച്ചോറിനെ എങ്ങനെ പിടിച്ചുപിഴിഞ്ഞാലും സാധ്യമല്ല. അവിടെയാണ് മൂത്തുപാകമായി നിൽക്കുന്ന ബുദ്ധിയെ വഴികാട്ടാൻ ഒരാഗതൻ വന്നിരിക്കുന്നത്. അതാണ് പ്രവാചകൻ!
പ്രപഞ്ചനാഥനെക്കുറിച്ചുള്ള നമ്മുടെ എല്ലാ ആധികളും ആകുലതകളും തകർത്ത് വിഷയങ്ങളെല്ലാം വിശദമായി പറഞ്ഞുതരുന്ന ദൈവദൂതൻ! സാധാരണ മനുഷ്യർക്കില്ലാത്ത അതീന്ദ്രിയ ജ്ഞാനമുള്ള പ്രവാചകൻ! ഈ രണ്ടും കൂടി അങ്ങ് ചേർന്നു നിൽക്കുമ്പോൾ പിന്നെ സംശയങ്ങൾക്കും സന്ദേഹങ്ങൾക്കും ഒന്നും ഒരു നിലനിൽപ്പില്ലാത്തവിധം നമുക്ക് ഉള്ളുറപ്പ് കിട്ടുന്നു.
അപ്പോൾ പിന്നെ പുതിയൊരു ആകുലത ഉയരുന്നു. ഈ വന്ന ദൈവദൂതൻ എന്ന് പറയുന്ന പ്രവാചകനായ മാന്യദേഹത്തിന് എവിടെനിന്ന് കിട്ടി ഈ വിവരം? എന്നപോലെ, ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ ആളുകൾ വിശ്വസിക്കുമോ, വിശ്വസിക്കണമോ?
ആദ്യമായി നമുക്ക് ബോധ്യപ്പെടേണ്ടത്, സാധാരണ മനുഷ്യർക്ക് ലഭിക്കാത്ത അതീന്ദ്രിയജ്ഞാനം ലഭിക്കുന്ന ചിലർ ഉണ്ടാവുക എന്നത് യുക്തിപരമാണോ എന്നതാണ്. നമുക്കറിയാം മനുഷ്യന് അറിവിന്റെ ഉപാധികൾ അഞ്ചാണ്. എന്നാൽ മനുഷ്യരുടെ കൂട്ടത്തിൽത്തന്നെ നാല് ഇന്ദ്രിയങ്ങളോ മൂന്ന് ഇന്ദ്രിയങ്ങളോ മാത്രം പ്രവർത്തിക്കുന്നവരും അപൂർവ്വമായുണ്ട്.
കാതില്ലാത്ത ഒരാൾക്ക് ഒരു ശബ്ദവും വേർതിരിച്ചറിയാൻ കഴിയില്ല. ഒരു സംഗീതവും ആസ്വദിക്കാനാവില്ല. എന്നല്ല, ശബ്ദങ്ങൾ കേട്ടു പരിചയമില്ലാത്തതിനാൽ ബധിരന്മാർക്കൊന്നും സംസാരിക്കാനുമാവില്ല. ഇങ്ങനെയുള്ള ഒരാൾ കുയിലുകൾ കൂകുന്നില്ലെന്നും കോഴികൾ കൊക്കുന്നില്ലെന്നും ബീഥോവൻ പാടുന്നില്ലെന്നും വാദിച്ചാൽ നമ്മൾ ചിരിച്ചുപോകും. ഇതൊക്കെ നടക്കുന്നുണ്ട് എന്നറിയാൻ കാതുള്ള ഒരാളെ ആശ്രയിക്കൽ മാത്രമേ ഇവിടെ നിർവ്വാഹമുള്ളൂ. എന്നപോലെ, കണ്ണുകാണാത്ത ഒരാൾക്ക് തന്റെ കൈപ്പത്തിയുടെ നിറമെങ്ങനെയെന്നറിയില്ല. വെള്ളത്തിന്റെ നിറമറിയില്ല. പച്ച, നീല, വെളുപ്പ്, വയലറ്റ്, മെറൂൺ എന്നൊക്കെ പറയുമ്പോൾ എന്തൊക്കെയോ അർത്ഥക്കേടുകളായിരിക്കും അയാൾക്ക് തോന്നുക. ഇവിടെ ഇന്ന സാധനം ഇന്ന നിറത്തിലാണെന്ന് ബുദ്ധിശക്തി എത്രതന്നെ ഉപയോഗിച്ചാലും അവർക്ക് മനസ്സിലാവില്ല. ഇവിടെയും കാഴ്ചശക്തിയുള്ള ഒരാൾ പറയുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുക മാത്രമേ നിർവ്വാഹമുള്ളൂ. എന്നപോലെ, നമുക്ക് അഞ്ച് ഇന്ദ്രിയങ്ങൾ മാത്രമേയുള്ളൂ എന്ന് കരുതി, അറിവിന്റെ ആറാമതോ ഏഴാമതോ ഇന്ദ്രിയങ്ങളോ അവകളിലൂടെ അനാവൃതമാവാനിടയുള്ള ലോകങ്ങളോ ഇല്ലെന്നു പറയുന്നത് മഠയത്തരമല്ലേ?
ഉദാഹരണം പറഞ്ഞാൽ, റേഡിയോ തരംഗങ്ങളെ പിടിച്ചെടുക്കാൻ പറ്റുന്ന ഒരിന്ദ്രിയം നമ്മളിലില്ല. നമ്മുടെ കാതുകൾക്ക് ശബ്ദതരംഗങ്ങൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ. പക്ഷേ, റേഡിയോ തരംഗങ്ങൾ ഇല്ലെന്ന് നമ്മൾ പറയില്ല. കാരണം നമ്മൾതന്നെ നിർമ്മിച്ച റേഡിയോ എന്ന ഉപകരണം, നമ്മുടെ കാതുകളിൽ തട്ടിമുട്ടിയൊഴുകി നടക്കുന്ന തരംഗങ്ങളെ പിടിച്ചെടുത്ത് ശബ്ദതരംഗങ്ങളാക്കി നമുക്ക് തരുമ്പോൾ നമ്മൾ കേൾക്കുന്നു. നമ്മുടെ ചെവിക്കുടകളെ തഴുകി കാതുകളെ പരിഹസിക്കുന്ന ടെലിഫോൺ സന്ദേശങ്ങളെ അകത്താക്കാൻ കാതുകൾക്കാവുന്നില്ല. പക്ഷേ, മൊബൈൽ ഫോൺ ഓൺ ചെയ്താൽ അതു കഴിയുന്നു. ഇവിടെ, ജന്മനാ നമ്മുടെ ശരീരത്തിൽ റേഡിയോ തരംഗങ്ങളെയും ടെലിഫോൺ സന്ദേശങ്ങളെയും നേരിട്ട് പിടിച്ചെടുക്കാൻ പറ്റുന്ന രണ്ട് മുഴകൾ കൂടി നമുക്കുണ്ടായിരുന്നെങ്കിൽ ഉപകരണ സഹായമില്ലാതെ നമുക്കും അവ കേൾക്കാമായിരുന്നില്ലേ? ഇനി അത്തരം അവയവങ്ങളുമില്ല, ഉപകരണങ്ങൾ കണ്ടെത്തിയിട്ടുമില്ല എന്നത് കൊണ്ട് മാത്രം അവ നിഷേധിക്കുന്നത് ബുദ്ധിപരമാണോ? ഇനി ചിന്തിക്കേണ്ടത് അങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നാണ്. ഉണ്ട്, പറയാം.


