അപ്പോൾ ലോകത്തുള്ള ഭൂരിഭാഗം ആളുകൾക്കും സ്വയം ചിന്തിച്ച് ആത്യന്തിക ശരിയിലേക്ക് എത്താൻ കഴിയാതെ പോകുന്നു എന്നുള്ളത് അസുഖകരമായ ഒരു അറിവല്ലേ? ലോകത്തുള്ള മഹാഭൂരിപക്ഷം ആളുകൾ നേർവഴിയുടെ മറുവശത്ത് കെട്ടിക്കിടക്കുക എന്നുള്ളത് അസ്വസ്ഥാ ജനകമല്ലേ?
ശരിയായ മതവിശ്വാസത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ; ബാക്കിയുള്ള എല്ലാ കാര്യങ്ങളും എല്ലാവർക്കും കിട്ടുന്നുണ്ടോ? ആകേണ്ടതെല്ലാം ആയിത്തീരുന്നുണ്ടോ? ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്നെല്ലാം മുക്തരാകുന്നുണ്ടോ? ഈ ലോകത്ത് എല്ലാവർക്കും എല്ലാം കിട്ടിക്കൊള്ളണമെന്നില്ല. നാം നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു നോക്കൂ!
ശതകോടീശ്വരന്മാരായ എത്ര പേരാണ് ലോകത്തുള്ളത്? വളരെ വളരെ വിരളം. അങ്ങനെയാകാൻ ആഗ്രഹമുള്ളവരോ? ഭൂരിഭാഗം. എന്നിട്ടെന്താ എല്ലാവർക്കും അങ്ങനെയാവാൻ പറ്റാത്തത്? കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തവിധം സുന്ദരി-സുന്ദരന്മാർ എത്രപേരുണ്ട് ലോകത്ത്? നന്നേക്കുറവ്. എന്നാൽ കാണാൻ നല്ല ചേല് വേണമെന്ന് അവരവരെപ്പറ്റി കൊതിക്കുന്നവർ എത്രപേരുണ്ട്? ഏതാണ്ടെല്ലാവരും. അധികാരക്കസേരകളിൽ വാഴുന്നവർ എത്രയുണ്ട്? ചുരുക്കം. അങ്ങനെയാവാൻ താല്പര്യമുള്ളവരോ? എമ്പാടും. എന്നിട്ടെന്തേ അങ്ങനെയാകാത്തത്?
“ശത” പോകട്ടെ, “കോടീശ്വരനും” അവിടെ നിൽക്കട്ടെ; തനിക്കും തന്റെ കുടുംബത്തിനും കയറിക്കിടക്കാൻ സ്വന്തമായൊരു വീടും പുരയിടവും വേണമെന്ന് കൊതിക്കുന്നവരല്ലേ എല്ലാവരും? അതുപോലുമില്ലാതെ കഴിയുന്ന എത്രായിരം ആളുകൾ ലോകത്തുണ്ട്! അവസാനശ്വാസം വരെ ആരോഗ്യദൃഢഗാത്രരായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരല്ലേ എല്ലാവരും? എന്നിട്ട് അനുദിനം മുക്കിനും മൂലയ്ക്കും ആശുപത്രികൾ മുളയ്ക്കുകയല്ലേ? അവിടെയെല്ലാം രോഗികൾ കുമിയുകയല്ലേ?
അതെ, അത് അങ്ങനെയാണ്. ലോകത്തിന്റെ ക്രമംതന്നെ അങ്ങനെയാണ്. ജീവിവർഗ്ഗങ്ങളെ ശ്രദ്ധിച്ചു നോക്കൂ. ചിലത് സസ്യഭുക്കുകളാണ്; ചിലത് മാംസഭുക്കുകളും. ചിലത് നാട്ടിലും ചിലത് കാട്ടിലും. മറ്റു ചിലത് കടലിലും ചിലത് കരയിലും വസിക്കുന്നു. ചില മനുഷ്യർ കറുത്തിരുണ്ടവരും ചിലർ വെളുത്തുമിരിക്കുന്നു. പോകട്ടെ, മനുഷ്യരെല്ലാവരും ഒരേ ഭാഷ സംസാരിക്കാത്തതെന്ത് കൊണ്ട്? വൈവിധ്യമാണ് ലോകത്തിന്റെ നിലനിൽപ്പും സൗന്ദര്യവും.
ഒരു കാര്യം കേൾക്കണോ നിങ്ങൾക്ക്? ഈ ലോകത്തിന്റെ അവസ്ഥ അങ്ങനെയാണ്! നിങ്ങളെന്ത് പേഴ്സണാലിറ്റി തിയറി പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റിച്ചാലും, വിജയം ഉറപ്പുകൊടുത്ത് മോട്ടിവേഷൻ ക്ലാസെടുത്തു ആളുകളുടെ പണം പിടുങ്ങിയാലും എല്ലാവർക്കും എല്ലാം ആകാൻ കഴിയില്ല. ഒറ്റയ്ക്കിരുന്ന് ഗാഢമായി ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും അതിന്റെയെല്ലാം പിന്നിൽ കൃത്യമായ ചില നിമിത്തനിയോഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന്. മനുഷ്യബുദ്ധിക്കുള്ളിലെ കാര്യകാരണ നെട്ടും ബോൾട്ടും വെച്ച് വിശദീകരിക്കാൻ കഴിയാത്ത ഗൂഢകാര്യങ്ങൾ. എല്ലാം അറിഞ്ഞുകഴിഞ്ഞു എന്ന് വിചാരിക്കലല്ല അറിവ്; അറിഞ്ഞതിലേറെ അറിയാനുണ്ട് എന്ന തിരിച്ചറിവാണ് യഥാർത്ഥ അറിവ്.
നമ്മുടെയെല്ലാം മനസ്സിനെ കുഴക്കുന്ന ഇത്തരം ഉത്തരം കിട്ടാ സമസ്യകളുമായി നാം ഖുർആൻ വായിക്കാനിരുന്നാൽ, പലയിടങ്ങളിലായി അസർട്ടീവ് (Assertive) സ്വരത്തിൽ അക്കാര്യം പ്രസ്താവിക്കുന്നതായി കാണാം. ലോകം പടച്ചവൻ / ലോകരെ പടച്ചവൻ എല്ലാവരെയും സത്യവിശ്വാസത്തിന്റെ സൽസരണിയിൽ വഴിനടത്താൻ തീരുമാനിച്ചിട്ടില്ല.
നിങ്ങളെന്തുതന്നെ ബോധനാഭ്യാസം കാണിച്ചാലും വഴിതെറ്റിയവരെ നേർവഴിക്കാക്കാൻ കഴിയില്ല. ജീവിതത്തിന്റെ മറ്റെല്ലാ കാര്യങ്ങളിലും അതൊരു യാഥാർത്ഥ്യമായതുപോലെ വിശ്വാസത്തിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. അത് ഉൾക്കൊണ്ടേ പറ്റൂ.


