വെറുതെ കിട്ടുകയും സ്ഥിരമായി അനുഭവിച്ചു പോരുകയും ചെയ്യുന്ന അനുഗ്രഹങ്ങളെ വിലമതിക്കാതിരിക്കുക എന്നുള്ളത് മനുഷ്യന്റെ പൊതുസ്വഭാവമാണ്; ഒരു ദുസ്വഭാവമാണ് എന്നാണ് ശരിക്കു പറയേണ്ടത്. നമ്മുടെ കയ്യിൽനിന്ന് ഒരു പേനയോ ഒരു പേപ്പർ തുണ്ടോ വീണുപോയി. ജെന്റിൽമാനായ ഒരാൾ അത് പെട്ടെന്ന് കുനിഞ്ഞെടുത്തു തന്നു; നമ്മൾ നമ്മുടെ കൈ നെഞ്ചത്തു ചേർത്തു വെച്ച് വളരെ വിനയവിധേയനായി അയാളോട് താങ്ക്യൂ സർ പറയുന്നു. പക്ഷേ, നമ്മുടെ മാതാപിതാക്കൾ ചെറുപ്പം മുതലേ നമുക്ക് വേണ്ടി എന്തെല്ലാം സേവനങ്ങളും സൗകര്യങ്ങളും ഒരുക്കിത്തരുന്നു; നമ്മൾ ഉണ്ടോ അതിനെല്ലാം ഇടയ്ക്കിടെ താങ്ക്യൂ പറയുന്നു? അവർ നമുക്കുവേണ്ടി എന്തെല്ലാം ത്യാഗങ്ങളും സഹനങ്ങളും കഷ്ടപ്പാടുകളുമാണ് സഹിക്കുന്നത്; നമ്മളുണ്ടോ നിത്യേന അതിനെല്ലാം അവർക്ക് കണ്ടമാനം താങ്ക്യൂ അടിക്കുന്നത്?
അതുകൊണ്ടുതന്നെ, അനുഭവിക്കുന്ന വിഭവങ്ങളും സൗകര്യങ്ങളും എവിടെനിന്നു വരുന്നു? അവയുടെ യഥാർത്ഥ സ്രോതസ്സ് എന്താണ്? ഏതാണ്? എന്നതിലേക്കൊക്കെ മനുഷ്യചിന്തയെ തിരിച്ചുവിടുക എന്ന അർത്ഥത്തിൽ വിശുദ്ധ ഖുർആനിൽ അല്ലാഹു മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങളെപ്പറ്റി സൂചനാരൂപത്തിലും വിശദമായും പലയിടങ്ങളിലായി പറയുന്നുണ്ട്.
അനുഗ്രഹങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളെ നമുക്ക് 5 പ്രധാന വിഭാഗങ്ങളായി വർഗ്ഗീകരിക്കാം:
- ഉപജീവനത്തിനുള്ള വിഭവങ്ങൾ: പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവ പോലുള്ള ഭക്ഷണ സ്രോതസ്സുകൾ വിപുലമായി പരാമർശിച്ചിരിക്കുന്നു.
- ജലം: ജീവന്റെ ആധാരമായ ജലത്തെ അതിജീവനവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നു.
- ഭൂമിയും അതിലെ വിഭവങ്ങളും: ഫലഭൂയിഷ്ഠമായ ഭൂമി, ധാതുക്കളാൽ സമ്പന്നമായ പർവ്വതങ്ങൾ, വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ എന്നിവയെല്ലാം അല്ലാഹുവിന്റെ ഔദാര്യത്തിന്റെ അടയാളങ്ങളാണ്.
- കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും: സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, പ്രകൃതിയുടെ വശ്യമനോഹരമായ സന്തുലിതാവസ്ഥ എന്നിവ മനുഷ്യന് വേണ്ടിയുള്ള അല്ലാഹുവിന്റെ അറേഞ്ച്മെന്റിനെ കുറിക്കുന്നു.
- മനുഷ്യ ശരീരവും ഇന്ദ്രിയങ്ങളും: നമ്മുടെ സങ്കീർണ്ണമായ ശാരീരിക രൂപം; കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും സ്പർശിക്കാനുമുള്ള കഴിവ് എല്ലാം അവൻ നൽകിയ സമ്മാനങ്ങളാണ്.
നമുക്ക് ഖുർആൻ വരികളിലൂടെ വെറുതെ അങ്ങനെയൊരു വായനാസഞ്ചാരമാകാം:
"കാലികളെയും അവൻ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾക്ക് അവയിൽ തണുപ്പകറ്റാനുള്ളതും (രോമവസ്ത്രങ്ങൾ തുടങ്ങിയവ) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയിൽനിന്നുതന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു." (അന്നഹ്ൽ: 5)
"അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതിൽനിന്നാണ് നിങ്ങളുടെ കുടിനീര്. അതിൽനിന്നുതന്നെയാണ് നിങ്ങൾ (കാലികളെ) മേയ്ക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്." (അന്നഹ്ൽ: 10)
"അത് (ജലം) കൊണ്ട് ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങൾക്ക് മുളപ്പിച്ചു തരുന്നു; (എന്നപോലെ മറ്റു) എല്ലാതരം ഫലവർഗ്ഗങ്ങളും. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്. രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവൻ നിങ്ങൾക്ക് കീഴൊതുക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കൽപ്പനയാൽ വിധേയമാക്കപ്പെട്ടതുതന്നെ. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്." (അന്നഹ്ൽ: 11, 12)
"നിങ്ങൾക്ക് ഫ്രഷ് മാംസം എടുത്ത് തിന്നുവാനും നിങ്ങൾക്ക് അണിയാനുള്ള ആഭരണങ്ങൾ പുറത്തെടുക്കാനും പാകത്തിൽ കടലിനെ കീഴൊതുക്കിത്തന്നവനും അവൻതന്നെ. കപ്പലുകൾ അതിലൂടെ വെള്ളം മുറിച്ചുമാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹങ്ങളെ എക്സ്പ്ലോർ (Explore) ചെയ്യാനും നിങ്ങൾ അവന് നന്ദി കാണിക്കാനും വേണ്ടിയാണത്." (അന്നഹ്ൽ: 14)
"അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും അല്ലാഹു നന്നായി പൊറുക്കുന്നവനും കരുണാനിധിയുമാണ്." (അന്നഹ്ൽ: 18)
"അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അതുമൂലം - നിർജ്ജീവാവസ്ഥയിലായിരുന്ന ഭൂമിയെ - അവൻ ജീവസ്സുറ്റതാക്കുകയും ചെയ്തു. കേട്ടു മനസ്സിലാക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്." (അന്നഹ്ൽ: 65)
"കാലികളിൽ നിങ്ങൾക്ക് പാഠമുൾക്കൊള്ളാനുണ്ട്. അവയുടെ ഉദരങ്ങളിൽനിന്ന് - കാഷ്ഠത്തിനും രക്തത്തിനും മധ്യേ - കുടിക്കുന്നവർക്ക് ആസ്വാദ്യകരമായ പരിശുദ്ധമായ പാൽ നിങ്ങളെ കുടിപ്പിക്കുന്നു. ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽനിന്നും (നിങ്ങൾക്ക് നാം പാനീയം നൽകുന്നു). അതിൽനിന്ന് ലഹരിപദാർത്ഥവും മേത്തരം ആഹാരവും നിങ്ങൾ ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്." (അന്നഹ്ൽ: 66, 67)
"നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ കൂടുകളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളിൽനിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി സംവിധാനിച്ചുതന്നിട്ടുള്ള പാതകളിൽ നീ പോയ്ക്കൊള്ളുക. അവയുടെ ഉദരങ്ങളിൽനിന്ന് വ്യത്യസ്ത നിറങ്ങളുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്." (അന്നഹ്ൽ: 68, 69)
"അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്; പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളിൽ ചിലർ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (കാര്യങ്ങളെല്ലാം) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയിൽ ആയിപ്പോകുംവിധം. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിപ്പുമുള്ളവനുമാകുന്നു." (അന്നഹ്ൽ: 70)
"അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് മക്കളെയും മക്കളുടെ മക്കളെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽനിന്നും അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?" (അന്നഹ്ൽ: 72)
"അവൻ തന്നെയാകുന്നു ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. രാപകലുകളുടെ വ്യത്യാസവും അവന്റെ നിയന്ത്രണത്തിൽതന്നെയാകുന്നു. അതിനാൽ നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?" (അൽ മുഅ്മിനൂൻ: 80)
"അവനാണ് നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവൻ. തുച്ഛമായി മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ." (അൽ മുഅ്മിനൂൻ: 78)
"ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു; അവനെതിരായി (എവിടെനിന്നും) അഭയം ലഭിക്കുകയുമില്ല. അങ്ങനെയുള്ളവൻ ആരാണ്, നിങ്ങൾക്കറിയാമെങ്കിൽ പറയൂ. അവർ പറയും: അല്ലാഹുവിനുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങൾ മായാവലയത്തിൽ പെട്ടുപോകുന്നത്?" (അൽ മുഅ്മിനൂൻ: 88, 89)
"അവൻ വെള്ളത്തിൽനിന്ന് (സകല ജീവികളെയും) സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഉദരത്തിന്മേൽ ഇഴഞ്ഞുനടക്കുന്നവരുണ്ട്. രണ്ടു കാലിൽ നടക്കുന്നവരും അവരിലുണ്ട്. നാലുകാലിൽ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു." (അന്നൂർ: 45)
"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങൾ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് മാക്സിമൈസ് (Maximize) ചെയ്തു തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാർഗ്ഗദർശനമോ വെളിച്ചം നൽകുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചുകൊണ്ടിരിക്കുന്ന ചിലർ മനുഷ്യരിലുണ്ട്." (ലുഖ്മാൻ: 20)
"അവൻതന്നെയാകുന്നു മനുഷ്യർ നിരാശരായിപ്പോയശേഷം മഴ വർഷിപ്പിക്കുകയും തന്റെ കാരുണ്യം വിന്യസിക്കുകയും ചെയ്യുന്നവൻ. അവൻതന്നെയാകുന്നു സ്തുത്യർഹനായ രക്ഷാധികാരി." (അശ്ശൂറാ: 28)
"ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും എന്നിട്ട് അതുവഴി പല തരത്തിലുള്ള ഉദ്യാനങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. ദാസന്മാർക്ക് ഉപജീവനമായിട്ടുള്ളതത്രേ അവ. നിർജ്ജീവമായ നാടിനെ അതുമൂലം ജീവസ്സുറ്റതാക്കുകയും ചെയ്തു. അപ്രകാരംതന്നെയാകുന്നു (മരണാനന്തരമുള്ള) പുറപ്പാട്." (ഖാഫ്: 9-11)
"നിസ്സാരമായ ഒരു ദ്രവത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തിൽ നിക്ഷേപിച്ചു. നിർണിതമായ ഒരു അവധിവരെ. അങ്ങനെ നാം പ്ലാൻ ചെയ്തു. അപ്പോൾ നാം എത്ര നല്ല ഡിസൈനർ (Designer)! നിഷേധിച്ചു തള്ളിയവർക്കാകുന്നു അന്നേ ദിവസം നാശം." (അൽ മുർസലാത്ത്: 20-24)
"ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പർവ്വതങ്ങളെ ആണികളും? നാം നിങ്ങളെ ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും പകലിനെ നാം ജീവസന്ധാരണത്തിനുള്ള സന്ദർഭമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് മീതെ ബലിഷ്ഠമായ ഏഴ് ആകാശങ്ങൾ നാം നിർമ്മിക്കുകയും കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. കാർമേഘങ്ങളിൽനിന്ന് കുത്തിയൊഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. അതുമുഖേന ധാന്യവും സസ്യവും നാം പുറത്തുകൊണ്ടുവരാൻ വേണ്ടി; നിബിഢമായ തോട്ടങ്ങളും." (അന്നബഅ്: 6-16)
"എന്നാൽ മനുഷ്യൻ തന്റെ ആഹാരത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കട്ടെ. നാം നന്നായി മഴവെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരുതരത്തിൽ പിളർത്തി; എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും, ഒലീവും ഈന്തപ്പനയും, ഇടതൂർന്നു നിൽക്കുന്ന ഉദ്യാനങ്ങളും, പഴവർഗ്ഗവും പുല്ലും. നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്." (അബസ: 24-32)
"അവന് നാം രണ്ട് കണ്ണുകൾ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ട് ചുണ്ടുകളും. സുതാര്യമായ രണ്ട് പാതകൾ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു." (അൽ ബലദ്: 8-10)
ബുദ്ധിയോടാണ് ഖുർആന്റെ അഭിസംബോധന. ആരെയും അഗ്രസീവായി ഒന്നും ചെയ്യിക്കുന്നില്ല. ആരുടെയും തല വിശ്വാസത്തിലേക്ക് ദുശ്ശാഠ്യപൂർവ്വം വലിച്ചുമുട്ടിക്കുന്നില്ല. ഇതാ കാഴ്ചകളും ദൃശ്യങ്ങളും മലർക്കെ; കണ്ടോളൂ. ഉള്ളിലുറങ്ങുന്ന യുക്തിബോധത്തെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ട് കാര്യങ്ങൾ കണ്ടു മനസ്സിലാക്കിക്കൊള്ളൂ. മതമാണ് വിശ്വാസമാണ് എന്നൊന്നും കരുതി മറുത്തൊന്നും ചോദിക്കാതെ, യുക്തി ഉപയോഗിക്കാതെ അങ്ങോട്ട് പറയുന്ന കാര്യങ്ങൾ കേട്ടാൽ മതി, നിർദ്ദേശിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ എതിർവാക്കില്ലാതെ പിന്തുടർന്നാൽ മതി എന്നതല്ല ഖുർആൻ നിലപാട്.
Two roads diverge here... രണ്ടു വഴികളിതാ മുമ്പിൽ മലർക്കെ കിടക്കുന്നു. വണ്ടിയോടിച്ചു പോകുന്ന ആൾക്ക് വലത്തോട്ടും ഇടത്തോട്ടും യഥേഷ്ടം തിരിക്കാം എന്നതുപോലെ, നിങ്ങൾക്ക് രണ്ടും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണമായ സ്വാതന്ത്ര്യവും ചോയ്സും (Choice) തന്നിരിക്കുന്നു. വലത്തോട്ട് തിരിച്ചാൽ മലകയറി വിജയത്തിലേക്ക് എത്താം; ഇടത്തോട്ട് തിരിച്ചാൽ കൊക്കയിലേക്ക് പതിച്ച് തെറിച്ചു ചിതറാം. ഒരു വിദ്യാർത്ഥിക്കെന്നപോലെ പഠിച്ച് പരീക്ഷയെഴുതി വിജയിക്കാം എന്നത് ഒരു വഴി; ഉറങ്ങി ഉഴപ്പി തോറ്റമ്പിയാവാം മറ്റൊരു വഴി. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. എന്തു മനോഹരം, എത്ര മനുഷ്യത്വപരം!


