നിങ്ങൾ ഒരു കമ്പനി ഉടമയാണെന്ന് വിചാരിക്കൂ. മാനേജറായി ഒരാളെ വേണം; ഇന്റർവ്യൂ വച്ചു. രണ്ടുപേർ വന്നു. ഒരേ സ്ഥാപനത്തിൽ പഠിച്ച, ഒരേ ഡിഗ്രിയുള്ള, ഏറെക്കുറെ ഒരേ പ്രാപ്തിയുള്ള കട്ടച്ചങ്കുകൾ. ഇന്റർവ്യൂവിന് ശേഷം ഒരാളെ നിങ്ങൾ അപ്പോയിന്റ് ചെയ്തു. അപ്പോഴുണ്ട് മറ്റേയാൾക്ക് പൊരിഞ്ഞ ചൂടിളകുന്നു. ഷൗട്ട് ചെയ്യുന്നു. നിങ്ങളെ ചീത്തവിളിക്കുന്നു, സ്ഥാപനം തല്ലിപ്പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പാർട്ടിക്കാരെയും കൂട്ടിവന്ന് മുട്ടുങ്കാലടിച്ചു പൊട്ടിക്കുമെന്ന് അലറിവിളിക്കുന്നു.
ഇയാൾക്കെന്തിന്റെ കേടാ? നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം; അത് മുതലിറക്കി, ലൈസൻസ് വാങ്ങി, കാലങ്ങളായി നിങ്ങൾ നടത്തിപ്പോരുന്ന സ്ഥാപനം. നിങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ട ഒരാളെ നിയമിക്കുന്നു. അതിന് മറ്റൊരാൾക്കെന്തിനാ രക്തം തിളയ്ക്കുന്നത്? അയാൾക്കെന്തവകാശം നിങ്ങളെ ചോദ്യം ചെയ്യാൻ? ഇനി നിങ്ങൾ ആ രണ്ടുപേരെയും എടുത്തില്ല എന്ന് കരുതുക; അവർക്കെന്തെങ്കിലും ചെയ്യാനാകുമോ? പോ പുല്ല്!!
പിടുത്തം കിട്ടുന്നുണ്ടോ ഉത്തരത്തിലേക്കുള്ള ഉത്തോലകം? ആയിട്ടില്ല; അങ്ങനെ അന്ന് വൈകുന്നേരം ഇച്ചിരി ക്ഷീണിതനായി നിങ്ങൾ വീട്ടിൽ ചെല്ലുന്നു. ഓഫീസിലുണ്ടായ കശപിശകളുടെ ടെൻഷൻ മാറ്റാൻ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിക്കുന്നു. എന്താ സ്പെഷ്യൽ? നെയ്പത്തലും പൂവങ്കോഴി നിർത്തിപ്പൊരിച്ചതും! ഹ! അദ്ദേഹം നേരെ കോഴിക്കൂട്ടിലേക്ക്. രണ്ട് പൂവന്മാരുണ്ട്. കൂട്ടിൽ വിലസുകയാണ്; തടിച്ച് ചണ്ണചീർത്ത് ജാട്ട് ജാട്ടായിട്ടുണ്ട്.
നിങ്ങൾ വാതിൽ തുറന്ന് ഒരുത്തനെയങ്ങ് പിടിക്കുന്നു. അപ്പോഴുണ്ട് അവൻ ഇടഞ്ഞുനിൽക്കുന്നു. നിങ്ങളോട് അസഭ്യവർഷം ചൊരിയുന്നു. "എന്തിന് എന്നെ പിടിച്ചു? അവനെ പിടിച്ചുകൂടായിരുന്നോ? എന്നെ കശാപ്പാക്കി തറിച്ചു തട്ടാനല്ലേ" എന്നും പറഞ്ഞു ആഞ്ഞു കൊത്തുന്നു - കഴുത്തിലും കണ്ണിലും കഴനെറ്റിയിലും. അപ്പോൾ മറ്റേവനും അതിൽ പങ്കുകൊള്ളുന്നു; "എന്റെ നേർക്കും വരാൻ നിൽക്കണ്ട" എന്ന മട്ടിൽ നെഞ്ചിനും മൂക്കിനും തലയ്ക്കും തുള്ളിക്കൊത്തുന്നു. ഇതെന്തദൃപ്പം?
ഇപ്പോൾ കുറച്ചുകൂടി കാര്യങ്ങൾ തെളിഞ്ഞുവന്നു എന്ന് വിശ്വസിക്കുന്നു. സുഹൃത്തേ, ഒറ്റവാക്കിൽ ചോദിക്കട്ടെ: നിങ്ങൾ ആരുടേതാ? നിങ്ങൾ നിങ്ങളായത് എങ്ങനെയാണ്? നിങ്ങൾ ഇവിടെ എത്തിയത് എങ്ങനെയാണ്? നിങ്ങളുടെ പോക്കറ്റിലുള്ള പൈസ നിങ്ങൾ അധ്വാനിച്ച് നേടിയതാകാം. നിങ്ങൾ ധരിച്ച ഷർട്ട് നിങ്ങൾ അളവ് കൊടുത്തു തയ്പ്പിച്ചതാവാം. നിങ്ങളുടെ കയ്യിലെ വാച്ച് ഓൺലൈനിൽ ഓർഡർ കൊടുത്തു വാങ്ങിയതാവാം. നിങ്ങളുടെ കാർ ഷോറൂമിൽനിന്ന് നേരിട്ടിറക്കിയതാവാം.
പക്ഷേ, നിങ്ങൾ ഒന്ന് കണ്ണാടി നോക്കൂ. പല്ലിളിക്കൂ! ആ ദന്തനിരകളുടെ ഡിസൈൻ നോക്കൂ! നിങ്ങൾ ആവശ്യപ്പെട്ട പ്രകാരംതന്നെയാണോ അത്? മൂക്കിന്റെ നീളം? കണ്ണിന്റെ വട്ടം? നെറ്റിയുടെ വീതി? മുടിയുടെ തിക്ക്? നെഞ്ചിന്റെ വ്യാപ്തി? മസിലുകളുടെ ഉശിര്?
നമ്മുടെ എല്ലാം നമ്മൾ തീരുമാനിക്കുന്നു - വീടും വണ്ടിയും ഉടുപ്പും മുണ്ടും ഫോണും വാച്ചും തീറ്റയും കുടിയും. പക്ഷേ, നമ്മളെ തീരുമാനിക്കാൻ നമുക്കായിട്ടില്ല. എപ്പോൾ ജനിക്കണമെന്ന്, ഏത് ദേശത്തായിരിക്കണമെന്ന്, ഏത് കാലത്തായിരിക്കണമെന്ന്, ഏത് അച്ഛനമ്മമാർക്കായിരിക്കണമെന്ന്? നമ്മളറിയാതെ, നമ്മളോട് സമ്മതം ചോദിക്കാതെ, നമ്മളോട് ഒരു ഫോം പൂരിപ്പിക്കാൻ പോലും പറയാതെ, ഒരൊപ്പുമിടീക്കാതെ ആർക്കോ എപ്പോഴോ എങ്ങനെയോ തോന്നിയപോലെ ഈ മണ്ണിലേക്ക് പടച്ചുതള്ളുന്നു. എന്നിട്ട് നമ്മളാ സാഹചര്യത്തിൽ വളരുന്നു, വയസ്സാകുന്നു, വാടുന്നു, ഒടുക്കം വീണ് പൊടിയുന്നു. നമുക്ക് നമ്മിലെന്തധികാരം?
അവിടെയാണ് പടച്ചോൻ സജീവമാകുന്നത്. പിന്നിലെ കലാകാരനെ കാണാതെ കല കണ്ട് അന്തിച്ചിരിക്കുന്ന നേരം, എല്ലാത്തിന്റെയും ഉടമസ്ഥാവകാശം ഏറ്റെടുത്തുകൊണ്ട് അല്ലാഹു പറയുന്നു: "ഞാനാണ് നിന്നെ പടച്ചവൻ. നിനക്ക് കൈകാലുകളും കണ്ണും മൂക്കും പല്ലും നാക്കും തന്നത്. ഞാൻ വിന്യസിച്ച വായുവാണ് ഓരോ സെക്കൻഡിലും നീ വലിച്ചുകയറ്റുന്നത്. ഞാൻ നിറച്ച വെള്ളമാണ് നീ മോന്തുന്നത്. ഞാൻ വിതച്ച കായ്കനികളാണ് നീ ഞണ്ണുന്നത്. ഞാനിറക്കിയ വസ്ത്രം കൊണ്ടാണ് നീ നാണം മറക്കുന്നത്."
ആഴത്തിൽ ആലോചിച്ചാൽ നമ്മൾ നമ്മുടേതാണോ? അല്ലെങ്കിൽ പിന്നെ മറ്റൊരാളുടെ മുതലിൽ കയറി വാക്കു പറയാൻ നമുക്കെന്തവകാശം? ജോലി കിട്ടാത്തവൻ സഭ മറന്ന് ചൂടായപ്പോൾ നിങ്ങൾക്ക് ചൂടായില്ലേ? പോട്ടെ, അവൻ മറ്റൊരാളാണ്; നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ മുട്ട വിരിയിച്ച്, തീറ്റ കൊടുത്തു വളർത്തിയ നിങ്ങളുടെ സ്വന്തം കോഴി അവകാശം പറഞ്ഞ് കണ്ണിൽ കൊത്തിയില്ലേ? ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റവനും കൂടെക്കൊത്തിയില്ലേ? നിങ്ങളുടെ സാധനം നിങ്ങൾക്ക് എന്തും ചെയ്തുകൂടേ?
ഇവിടെയും നമ്മൾ ശ്രദ്ധിക്കണം കേട്ടോ. നമ്മളും നമ്മളുടെ തൊഴിലാളിയും തമ്മിൽ ഉള്ളിത്തോൽപോൽ നേർത്ത ബന്ധമേയുള്ളൂ. അവൻ പൂർണ്ണ സ്വതന്ത്രനായ വേറെ ഒരാളാണ്. അയാളുടെ സേവനത്തിലേക്ക് നമുക്ക് ആശ്രയമുള്ളതുകൊണ്ടാണ് നാം പണം മുടക്കി അത് സാധിക്കുന്നത്. തൊഴിലാളി എന്ന് കരുതി കുതിര കയറാനും മേക്കിട്ട് ചാടാനും പാടില്ല. ചെയ്താൽ വിവരമറിയും; പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്.
എന്നാൽ കോഴിയോ? അത് നമ്മുടെ മുതലാണ്, പ്രോപ്പർട്ടിയാണ്. പക്ഷേ, നമ്മുടേതാണെങ്കിലും നമ്മൾ മുട്ട വിരിയിച്ച് പുറത്തെത്തിച്ചതാണെങ്കിലും യഥാർത്ഥത്തിൽ കോഴിയെ ഉണ്ടാക്കിയത് നമ്മളല്ല. മുട്ട അടയിൽ വെച്ചാൽ കുഞ്ഞായി വിരിയുമെന്ന് ആരോ ഉണ്ടാക്കി വെച്ച മെക്കാനിസം പ്രവർത്തിച്ചപ്പോൾ അങ്ങ് ആയതാണ്. മിതമായ ചൂടിൽ എത്ര ദിവസം എന്നൊക്കെ കണക്കുണ്ട്; ആരോ ഉണ്ടാക്കി വെച്ചത്. വേഗം ആവാൻ വേണ്ടി ചൂട് ഇരട്ടിപ്പിച്ചാൽ പകുതി ദിവസങ്ങൾ കൊണ്ടൊന്നും കുഞ്ഞങ്ങ് വിരിഞ്ഞു വരില്ല; വേണേൽ കരിഞ്ഞു പോയേക്കാം.
നമ്മളെയും നമ്മൾ ഉണ്ടാക്കുന്ന കോഴിയെയും ഉണ്ടാക്കിയ പടച്ചവന്റേതാണീ ലോകം ഒന്നടങ്കം. അങ്ങനെയുള്ള ഒരാൾ എന്തുതന്നെ തീരുമാനിച്ചാലും ആർക്ക് എന്ത് കുന്തം ചെയ്യാനാവും? ഭൂമി കുലുങ്ങുന്നു, പേമാരി പെയ്യുന്നു, ഉരുൾപൊട്ടുന്നു, സുനാമി വരുന്നു, കത്രീന കശക്കുന്നു, കോവിഡ് പരക്കുന്നു, പ്രളയം പുളയ്ക്കുന്നു; ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു. ഏത് പോലീസ് സ്റ്റേഷനിലാണ് പെറ്റീഷൻ കൊടുക്കുക! ഏത് കോടതിയിലാണ് കേസ് കൊടുക്കുക? ഏത് മന്ത്രാലയത്തിലേക്കാണ് പിക്കറ്റിംഗ് നടത്തുക? നിങ്ങളുടെ നാട്ടിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ അശ്രദ്ധ കൊണ്ടാണ് ഈ രോഗികൾ മരിച്ചതെങ്കിലോ? ഡ്രൈവരുടെ അനാസ്ഥ കൊണ്ടാണ് അപകടത്തിൽപ്പെട്ടതെങ്കിലോ?
പടച്ചോൻ പരമാധികാരിയാണ്. അവന് എന്തും ചെയ്യാം, എങ്ങനെയും ആവാം. ചോദ്യം ചെയ്യാൻ ഒരാൾക്കുമാകില്ല. നോക്കൂ, നിങ്ങളെ അവൻ മനുഷ്യനാക്കിയല്ലേ പടച്ചത്. നിങ്ങളെക്കാൾ സമ്പന്നനായ, സുന്ദരനായ, പ്രതാപിയായ, കുലീനനായ, ശക്തനായ എത്രയോ പേർ നിങ്ങൾക്ക് ചുറ്റുമില്ലേ? എന്തേ നിങ്ങളെ അവൻ അവരെപ്പോലെ ആക്കിയില്ല? പോയി ചോദ്യം ചെയ്യ്! നിങ്ങളുടെ ചുറ്റിലും അന്ധന്മാരില്ലേ? ബധിരന്മാരില്ലേ? മൂകന്മാരില്ലേ? കൈ ഇല്ലാത്തവരും കാലൊടിഞ്ഞവരുമില്ലേ? രോഗത്തിൽ വീണവരില്ലേ? ദാരിദ്ര്യത്തിൽ നരകിക്കുന്നവരില്ലേ? വേണ്ട കേട്ടോ, എന്തുകൊണ്ട് എന്നെ അവരെപ്പോലെ ആക്കിയില്ല എന്ന് അവനെ ചോദ്യം ചെയ്യേണ്ട! അവൻ കാരുണ്യവാനാണ്; അവന്റെ ചെയ്തികളിലെ രഹസ്യങ്ങൾ പൂർണ്ണമായി നമുക്കറിയില്ല. "മനുഷ്യന് അറിവ് അല്പമേ നൽകിയിട്ടുള്ളൂ" - ഖുർആൻ. "എല്ലാ അറിവാളന്മാർക്കുമപ്പുറം അറിവുള്ളവൻ കിടപ്പുണ്ട്" - ഖുർആൻ.


