നിങ്ങൾക്ക് ആർക്കെങ്കിലും ബാർബർ ഷോപ്പിൽ തലകുനിച്ചിരിക്കുമ്പോൾ പേടിയാകാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ ആകണം! ഏതു സമയവും സമനില തെറ്റാവുന്ന, കയ്യിൽ കത്രികയും പിച്ചാത്തിയും പിടിച്ച് തലയ്ക്കും കഴുത്തിനുമിടെ വരണ്ടിയും തോണ്ടിയും കളിക്കുന്ന ഒരു മനുഷ്യനല്ലേ മുന്നിലുള്ളത്? നിലതെറ്റിയ ഒരു വേളയിൽ ആഴത്തിൽ ഒരു വര വരച്ചാൽ കഴിഞ്ഞില്ലേ നമ്മുടെ കഥ? ഇത് ഓർത്താൽ ആർക്ക് കഴിയും സമാധാനത്തോടെ ആ കേശകലാകാരന്റെ (Tonsorial Artist) മുന്നിൽ വിധേയനായി ഇരുന്നുകൊടുക്കാൻ?
തലകലാകാരന്റെ മനസ്സ് മാത്രമല്ല, ഈ കാണുന്ന മഹാപ്രപഞ്ചത്തിലെ എല്ലാം ഒരു തൊടുപ്പുബാലൻസിൽ (Balance) അങ്ങനെ നിന്നുപോവുകയാണ്. ഏതു സമയത്തും ആ കഷ്ടിസ്ഥിതിക്ക് ഇടിവുപറ്റാം. സമനില തെറ്റി കാര്യങ്ങൾ തകരാം. ആഴത്തിൽ ആലോചിച്ചാൽ അമിത സമാധാനത്തോടെ കളിക്കാനോ / കിളയ്ക്കാനോ / നടക്കാനോ യാത്രപോകാനോ ഒന്നുറങ്ങാൻ പോലുമോ ആവുകയില്ല. ഏത് ഡ്രൈവർക്കും ഏത് ലോക്കോപൈലറ്റിനും ഏത് പൈലറ്റിനും ഏത് സമയത്തും തോന്നാം: "മതി ഇവറ്റകളെയും കൊന്ന്, ഞാനും ചത്തേക്കാമെന്ന്."
നാമോട്ടുന്ന വണ്ടി നമ്മുടെ കയ്യിലായേക്കാം. പക്ഷേ നമ്മെ ഓട്ടുന്ന മനസ്സ് നമ്മുടെ കൈപ്പിടിയിലല്ല. ഹൃദയം ഖൽബ് ആണ്; ഖൽബ് മറിമായമാണ് - ശരിയായ മലക്കംമറി! നബിവചനത്തിലില്ലേ, മരുപ്രദേശത്ത് തൂക്കിയിട്ട ഉറുമാലുപോലെയാണ് മനുഷ്യന്റെ മനസ്സ് എന്ന്. കാറ്റത്ത് അത് അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും; ഇളകിക്കളിക്കും. രാവിലെ ഒന്ന്, രാവാകും മുന്നേ മറ്റൊന്ന്, രാവായാൽ വേറൊന്ന്.
കരയും കടലും കാഴ്ചയിൽ നല്ല ലോഗ്യത്തിലാണ്. തൊട്ടും തലോടിയും കിന്നരിച്ചും മടിയിൽ തലവെച്ചുമൊക്കെ കാണപ്പെടാം. പക്ഷേ ഏതു കറുത്ത നിമിഷത്തിലാണ് ആ കടൽമാന്യന് കരയിലേക്ക് ഒരുമ്പെട്ടു കയറി കാവടിയാടാനുള്ള ഭ്രമാത്മകഭ്രമം പൊട്ടിപ്പുറപ്പെടുക എന്ന് പറയാനാകില്ല. കുന്നുകൾ നമ്മൾ എന്നും കാണുന്നതാണ്. ഏത് ആഷാഢരാവിൽ ഏത് കുന്നിനാണ് മദംപൊട്ടി ഇടിഞ്ഞുതാഴാൻ തോന്നുക എന്ന് പ്രവചിക്കാനാവില്ല. ഭൂമിക്കുമേൽ അട്ടിയട്ടിയായി നാം നിർമ്മിച്ചുവെച്ച വമ്പൻ ഗോപുരഹർമ്മ്യങ്ങളെ എപ്പോഴാണ് ഭൂമി തോളൊന്നു കുലുക്കി തരിപ്പണമാക്കുക എന്നും മുൻകൂട്ടി കാണാനാവില്ല. ഏത് രോഗാണുവാണ്, എത്ര മാരകമായാണ്, ഏതുനേരത്താണ്, എവിടെയാണ് പൊട്ടിപ്പുറപ്പെടുക എന്നാരറിഞ്ഞു?
കൊറോണ ഒരു കൊച്ചു മാത്രമായിരുന്നു; കുറച്ചേ കൊന്നുള്ളൂ. രോഗാണു വളരുന്ന ആണവയൂട്രസിൽ (Uterus) ഭീകരരായ ഭീമനോണകൾ തുടിച്ചുവരുന്നില്ലെന്ന് ആരറിഞ്ഞു? മുഖംപൊത്തിക്കും രാസ മരുന്നുകൊണ്ടുള്ള കൈക്രീഡകൾക്കും ചെറുക്കാനാകാത്ത കോടിക്കണക്കിന് അശ്രീകര രോഗാണുക്കൾ അണപൊട്ടി വന്നാൽ നാമിതേത് ഉരുക്കു മാസ്ക് കൊണ്ടാണ് മോന്ത പൊത്തുക? ഏത് ആഗ്നേയലായനിയിലാണ് കൈ കഴുകുക?
കാലങ്ങളായി നമ്മൾ കണ്ടുപരിചയിച്ച ഒരു ലോകക്രമമുണ്ട്. അത് അങ്ങനെതന്നെ എന്നും തുടരും എന്ന വിശ്വാസത്തിൽ നാം മുന്നോട്ടുപോകുന്നു. അപ്രതീക്ഷിതമായി ഏതുനേരത്തും ആ സുഖപ്പോക്കിന് ഭംഗം വരാമെന്നുള്ളത് നാം ഉന്മാദപൂർവ്വം മറക്കുന്നു. ചുറ്റും നല്ല ചൂടാണ്. ചില മാസങ്ങളിൽ ഉഷ്ണം ഇനിയും പഴുക്കും, ചുടും. പക്ഷേ ഉഷ്ണാറുതിയിൽ മാനം കനക്കും, മഴ പെയ്യും എന്നാണ് നമ്മുടെ പ്രതീക്ഷ. കഴിഞ്ഞകാലങ്ങളിൽ അങ്ങനെ ആയിരുന്നല്ലോ. അത് പ്രകൃതി നമുക്കു നൽകിയ നേരിയ ഒരു നുണപ്പിക്കൽ മാത്രമാണ്.
നമ്മൾ തീവ്രമായി മറിച്ചാലോചിക്കണം. മഴ പെയ്തില്ലെങ്കിലോ? ഒന്നല്ല, രണ്ടല്ല, മൂന്നല്ല, മാസങ്ങൾ ഒരുപാട് മഴ പെയ്തേയില്ല; പെയ്യുന്നേയില്ല. തോട് വരളുന്നു, പുഴ വറ്റുന്നു, സസ്യങ്ങൾ ഉണങ്ങുന്നു, മൃഗങ്ങൾ / മനുഷ്യർ ചത്തുനാറുന്നു. നാമാരെ വിളിച്ചുപറയും? ആർക്കെഴുത്തയക്കും?
പ്രകൃതിയിൽ വെള്ളമുള്ളതുകൊണ്ടാണ് നാം നാളുകഴിഞ്ഞു പോകുന്നത്. ആ വെള്ളംതന്നെ വറ്റിപ്പോയാലോ? ആരിറക്കിത്തരും നിങ്ങൾക്ക് നൽതണ്ണീർ? കടുപ്പപ്പെട്ട ആ ചോദ്യം കുന്തമുനയായി നമ്മുടെ തലച്ചോറിലേക്ക് ഖുർആൻ കുത്തിയിറക്കുന്നുണ്ട്. അതൊരു സൂചനാചോദ്യമാണ്. ഖുർആൻ ഒരു സൂചനാസാഹിത്യമാണ്; സൂചനകളെ സൂക്തങ്ങളാക്കി വികസിപ്പിക്കുന്നവനാണ് മനുഷ്യൻ. ബുദ്ധിമാനാണ് അവൻ. കൊച്ചു കൊച്ചു വരൾച്ചകൾ നമ്മൾ രുചിച്ചിരിക്കാം. പക്ഷേ ഖുർആൻ പറയും പോലുള്ള ഒരു രൂക്ഷവരൾച്ച നാം മനസ്സിൽ കാണേണ്ടതുതന്നെയാണ്.
ഇതിനൊരു എതിർവശവുമുണ്ട്. അഥവാ വെള്ളത്തിന്റെ അനിയന്ത്രിതമായ പൊട്ടിയൊഴുക്ക് - പേമാരി! പ്രളയം!! പ്രളയത്തിൽ മുങ്ങിനിൽക്കുന്ന നമ്മുടെ നാടിനെ സങ്കല്പിക്കുക. എന്നിട്ട് നാലാഴ്ച കൂടി പെരുമഴ തുടരുന്നതായി കരുതുക. ആരുണ്ടാകും ബാക്കി? പെരുമഴയുടെ മെയിൻ സ്വിച്ച് ഓഫ് ആക്കാൻ ഏത് സയന്റിസ്റ്റാണ് വളർന്നത്? എല്ലാമായി / എല്ലാം കൈപ്പിടിയിലാണ് എന്ന് അഹങ്കരിക്കുന്ന നമുക്കുമേൽ ഇനിയും ലക്കിളകിയ ഒരു തോരാമഴ പെയ്തിറങ്ങിയാൽ ചവിട്ടിനിർത്താനുള്ള സഡൻ ബ്രേക്ക് ആരുടെ കാൽചുവട്ടിലാണുള്ളത്?
ഭൂമിയിലാകെ നമ്മൾ വിത്തുവിതയ്ക്കുന്നു. ആ വിത്തുകളെല്ലാം മുറപോലെ മുളച്ച് കായ്കനികൾ ചുരത്തുന്നു. അതൊരു നിലനിൽക്കുന്ന സിസ്റ്റമാണ്. ആ സിസ്റ്റം അങ്ങനെതന്നെ തുടരും എന്ന് നമുക്ക് ആരും എഴുതി ഒപ്പിട്ടു തന്നിട്ടില്ല. വിത്തുകൾ മുളയ്ക്കാതിരുന്നാൽ, സസ്യങ്ങൾ കായ്കനികൾ തരുന്നില്ലെന്ന് ശഠിച്ചാൽ നാം പരാതിക്കത്ത് ഏത് പെട്ടിയിൽ കൊണ്ടിടും?
രാത്രി കിടന്ന് ഏറെ നേരമായാൽ അതാ പകൽ വന്ന് നമ്മെ തൊടുന്നു. പകലിൽ പണിയെടുത്ത് വാടിയാൽ പുതച്ചു കിടക്കാനായി അതാ രാവ് വന്ന് നമ്മെ കൂടുന്നു. ഇതൊക്കെ നമുക്ക് നിത്യേനയുള്ള അനുഭവങ്ങൾ മാത്രമാണ്. ഞങ്ങളന്യോന്യം ഇങ്ങനെ അൾട്ടർനേറ്റീവ് ഷിഫ്റ്റ് ഡ്യൂട്ടി എടുത്ത് നിങ്ങളെ മാറിമാറി സമീപിച്ചുകൊള്ളാം എന്ന് രാപ്പകലുകൾ നമുക്ക് എഴുതിത്തന്നിട്ടൊന്നുമില്ല. പകൽ തുടങ്ങി, പക്ഷേ തീരുന്നേയില്ല; തുടരുകയാണ്. രാത്രി വരുന്നേയില്ല - ആലോചിച്ചു നോക്കിയേ അങ്ങനെ ഒരു അവസ്ഥ! തിരിച്ചും; രാവുതന്നെ കൊടുംരാവ്, കൂറ്റാക്കൂരിരുട്ട്. ഒരിറ്റ് വെളിച്ചം പൊട്ടിവിടരുന്നേയില്ല. നമ്മൾ ഏത് പഞ്ചായത്ത് ഓഫീസിൽ പോയാണ് പരാതി പറയുക? ഏത് വാർഡ് മെമ്പറുടെ കോലായിൽ ചെന്നാണ് ക്യൂ നിൽക്കുക?
ഖുർആന്റെ അലറുന്ന ചോദ്യം അൽഖസസ് അറുപത്തിയൊന്ന്, അറുപത്തിയഞ്ച് സൂക്തങ്ങളിലുണ്ട് (സന്ദർഭം അനുസരിച്ച് 71, 72). ഇങ്ങനെ വായിക്കാമത്: അങ്ങ് പറഞ്ഞുകൊടുക്കൂ; "അന്ത്യനാൾ വരേക്കും അല്ലാഹു നിങ്ങൾക്ക് രാത്രിയെ നിത്യമാക്കിത്തീർത്തിരുന്നെങ്കിൽ - നിങ്ങളൊന്നാലോചിച്ചാട്ടെ - അല്ലാഹുവല്ലാത്ത ഏതൊരാരാധ്യനാണ് നിങ്ങൾക്ക് വെളിച്ചമെത്തിച്ചുതരിക? കേട്ടൂടേ!" പറഞ്ഞുകൊടുക്കൂ: "പകലിനെ നിങ്ങൾക്ക് ഒടുക്കനാളോളം സ്ഥിരമാക്കിത്തീർത്തിരുന്നെങ്കിൽ - ഒന്നാലോചിച്ചു നോക്കിയേ - അല്ലാഹുവല്ലാത്ത ഏതൊരുടയവനാണ് നിങ്ങൾക്ക് വിശ്രമിക്കാനുള്ള രാത്രി തരിക? കണ്ടൂടേ!"
നമ്മളിലെത്ര പേർ മുമ്പിത് ഗൗരവത്തിൽ ആലോചിച്ചിട്ടുണ്ട്? അരമണിക്കൂറിലേറെ കറന്റ് കട്ടാകുമ്പോഴേക്കും കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് കശപിശ കൂടുന്നവരാണ് നമ്മൾ. നേരമായിട്ടും വെളിച്ചപ്പകലിന്റെ ട്യൂബ്ലൈറ്റ് കത്താതിരുന്നാൽ ഏത് കെ.എസ്.ഇ.ബി ഓഫീസിലെ ഏത് ഉദ്യോഗസ്ഥനെ വിളിച്ചാണ് നാം പഴി പറയുക? നീണ്ട ക്ഷീണപ്പകൽ മടുത്തു മുടിഞ്ഞിട്ടും റൊമാന്റിക് രാവിന്റെ ഇരുൾസൂര്യൻ ഉദിക്കാതിരുന്നാൽ ഏത് കളക്ടറേറ്റിന്റെ മുമ്പിൽ ചെന്നാണ് നാം പിക്കറ്റിംഗ് നടത്തുക? ഏതു മന്ത്രിക്കാണ് നാം കരിങ്കൊടി കാട്ടുക?
അല്ലെങ്കിലും നമ്മൾ എന്തു പോയത്തക്കാർ! നമ്മൾ എന്തിനാണ് എവിടെയോ കിടക്കുന്ന ഗോളങ്ങളെയും മഴയെയും കാറ്റിനെയും സൂര്യനെയും പറ്റി വേദാന്തം പറഞ്ഞ് പരിക്ഷീണിതരാവുന്നത്? നമ്മൾതന്നെ ഒരു പ്രപഞ്ചമല്ലേ? ചോരയുടെ ആയിരക്കണക്കിന് ചെറുചെമ്പുഴകൾ ശരീരത്തിലാകമാനം കുതിച്ചാർത്തൊഴുകുന്നതുകൊണ്ടല്ലേ നാം നിൽക്കുന്നത്, നടക്കുന്നത്, കിടക്കുന്നത്, ഉറങ്ങുന്നത്? അതെപ്പോഴും ഇടതടവില്ലാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കണം എന്നില്ലല്ലോ. ആ ചോരച്ചാൽ കരകവിഞ്ഞാലോ ഓട്ടംനിർത്തി മടിഞ്ഞിരുന്നാലോ നമ്മൾ നിശ്ചലരായില്ലേ?
ബാർബർ ഷോപ്പിൽ വെച്ച് മുടിവെട്ടുകാരൻ തലതെറ്റി നമ്മുടെ കഴുത്തുഞരമ്പിന് ബ്ലേഡ് വെച്ചാൽ കേസുകൊടുക്കാൻ പോലീസില്ലേ? എന്നാൽ എന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ - തീർത്തും എന്റേതല്ലാത്ത കാരണത്താൽ - എന്റെ തലച്ചോറിലൂടെ / എന്റെ ഹൃദയത്തുളകളിലൂടെ കാലങ്ങളായി ഓടിക്കൊണ്ടിരുന്ന ചോരപ്പാച്ചിൽ ഇതാ നിന്നു എന്നു പറഞ്ഞ് സർക്കാരിന്റെ ഏത് ബ്രാഞ്ച് ഓഫീസിലാണ് നാം പരാതി കൊടുക്കുക? ഏതു പോലീസ് സ്റ്റേഷനിലാണ് ചെന്ന് പെറ്റീഷൻ കൊടുക്കുക? സാറ്റലൈറ്റും റഡാറും റോവറും ജി.പി.എസ്സുമൊക്കെയുള്ള ഉഗ്രബലിഷ്ഠരായ നമ്മൾ ഓർത്താൽ എത്ര നിസ്സാരരാണല്ലേ! "മനുഷ്യൻ ബലഹീനനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു" എന്ന് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് നമുക്ക് വെളിവാക്കിപ്പറയാം. നമ്മിലള്ളിപ്പിടിച്ച അബലഗർവ്വിന്റെ അണുബാധയെ യുക്തിബോധത്തിന്റെ ഉലയിലുരുക്കി നമുക്ക് ബലിഷ്ഠരാകാം. കനം കുറച്ചെങ്കിലേ ചിറകുവിടർത്തി പറക്കാനാകൂ. അറിവ് കുറവാണെന്ന വിനയം ഉണ്ടെങ്കിലേ നമുക്ക് അറിവിന്റെ ആകാശത്തിലേക്ക് ഇനിയും തുഴയാനാകൂ. അറിഞ്ഞതിലേറെ എത്ര ഇനി അറിയാനുണ്ട്?


