സാധാരണ മനുഷ്യർക്കൊന്നും ലഭിക്കാത്ത അതീന്ദ്രിയ ജ്ഞാനം നൽകപ്പെട്ടു എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദൈവദൂതന്മാർ നമ്മെ ഒരർത്ഥത്തിൽ വല്ലാതെ കൗതുകപ്പെടുത്തുന്നുണ്ട്. എന്തെന്നാൽ, അവർ ലോകജനതയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തുന്ന പരസ്യപ്രഖ്യാപനം ഇതാണ്: "ഞങ്ങൾക്ക് ചില ദിവ്യസന്ദേശങ്ങൾ ലഭിച്ചിരിക്കുന്നു. ഞങ്ങൾ വരുന്നത് അതിമനോഹരമായ വിശ്വാസ-ആധ്യാത്മിക-കർമ്മ പദ്ധതികളുമായാണ്."
അവയുടെയെല്ലാം ആത്യന്തിക ലക്ഷ്യം എന്നു പറയുന്നത് നിങ്ങളുടെ ഇഹപര മോക്ഷമാണ്. തിന്ന് കുടിച്ച് ഉറങ്ങി വേണ്ടാതീനങ്ങളിൽ വ്യാപൃതരായി ഒടുങ്ങിപ്പോകേണ്ട ജീവിതമല്ല നമ്മുടേത്. അതിനുപിന്നിൽ അതിമഹത്തായ ചില ലക്ഷ്യങ്ങളും സാഫല്യങ്ങളുമുണ്ട്. അത് നേടാനുള്ള സമഗ്ര ജീവിത കർമ്മപദ്ധതിയുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്. അതിൽ പക്ഷേ ഒറ്റ ഒന്നുപോലും ഞങ്ങളുടെ വകയല്ല; എല്ലാം ഇലാഹിയ്യാണ്, ദൈവികമാണ്.
കൂട്ടത്തിൽ ഒരു കാര്യം ഹൈലൈറ്റ് ചെയ്തുകൊണ്ട് ഞങ്ങൾ പറയാം: ഞങ്ങൾ സത്യസന്ദേശകരാണെന്നതിന് ഞങ്ങൾക്ക് അനിതരസാധാരണമായ സാക്ഷ്യങ്ങളും നൽകപ്പെട്ടിരിക്കുന്നു. ആ സാക്ഷ്യങ്ങളെ നിങ്ങൾക്ക് പരിശോധിക്കാം. പൊതുജീവിതത്തിന്റെ സാധാരണ മാനദണ്ഡങ്ങൾ കൊണ്ട് / കാര്യകാരണ ബന്ധങ്ങൾ കൊണ്ട് വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ പറ്റാത്ത അഭൗമ സംഭവങ്ങളാണ് അവ എന്ന് മനസ്സിലാക്കാം.
ഇതതിശയകരമാണ്! ഞങ്ങൾക്ക് ചില ഉറക്കപ്രാന്തുകളുണ്ടായെന്നും, ഞങ്ങൾ പറയുന്ന പിച്ചും പേയും അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കൊള്ളണമെന്നും, അല്ലെങ്കിൽ സകലത്തിനെയും കാച്ചി ചമ്മന്തിയാക്കിക്കളയുമെന്നുമുള്ള 'അതീന്ദ്രിയ ഗുണ്ടായിസമല്ല' ഇവർ പറയുന്നത്. മറിച്ച്, ബുദ്ധിയുള്ള ഓരോ മനുഷ്യനും തന്റെ കൂർമ്മതയേറിയ ചിന്താശേഷി ഉപയോഗിച്ച് പ്രവാചക സാക്ഷ്യങ്ങളെ വിചാരണ ചെയ്യണമെന്നും, അവ ബുദ്ധിപരമായ അപഗ്രഥനത്തിന് വിധേയമാക്കണമെന്നും, വസ്തുതകൾ തന്നെത്താൻ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നുമാണ് ആജ്ഞാപിക്കുന്നത്.
ചരിത്രത്തിലൂടെ പുറകോട്ട് സഞ്ചരിക്കുമ്പോൾ ആദ്യ പ്രവാചകനായി ആദ്യ മനുഷ്യനെ നാം കണ്ടുമുട്ടുന്നത് ആദം നബിയെയാണ്. ആദം നബിയുടെ അനിതരസാധാരണമായ സവിശേഷതയായി ചരിത്രത്തിൽ കാണുന്നത് അദ്ദേഹത്തിന്റെ അതിരില്ലാത്ത അറിവാണ്. സാധാരണ ഒരു മനുഷ്യായുസ്സ് കൊണ്ട് പഠിച്ചെടുക്കാൻ പറ്റുന്ന അറിവിന് പരിധിയുണ്ട്, പരിമിതിയുണ്ട്. പക്ഷേ, ലോകത്തുള്ള സകലമാന അറിവും നൽകപ്പെട്ട ആളായിരുന്നു ആദം എന്ന് കാണാവുന്നതാണ്.
അതുവരെയും അറിവിന്റെ അപ്പോസ്തലനായി നടന്നിരുന്ന ഒരാളുണ്ടായിരുന്നു; ഇബ്ലീസ്, കക്ഷിക്ക് അറിവുണ്ട് എന്നതിനേക്കാൾ അറിവുണ്ട് എന്ന അഹങ്കാരമായിരുന്നു ഏറെയും. ആയതിനാൽ മനുഷ്യൻ എന്ന പുതിയ സൃഷ്ടി ഉണ്ടായപ്പോൾ അതിനെ വണങ്ങാൻ വേണ്ടി ദൈവികമായി ആജ്ഞ വന്നപ്പോൾ ആ ഇബിലീസിന്റെ അഹങ്കാരം ഫണമുയർത്തി. അറിവ് നടിക്കൽ എന്ന അഹങ്കാരത്തിന് ഏറ്റവും വലിയ അടി എന്ന നിലയ്ക്കാണ് ആദം നബിയുടെ അറിവ് പരസ്യമായി അവിടെ പ്രദർശിതമാവുന്നത്.
ചരിത്രത്തിൽ നാം കാണുന്ന മറ്റൊരു പ്രവാചകനാണ് നൂഹ് നബി. തന്റെ സമൂഹത്തിലേക്ക് നന്മയുടെ പാഠങ്ങളുമായി വന്നപ്പോൾ അവർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. 950-ഓളം വർഷങ്ങൾ അവരുടെ പിന്നാലെ കൂടിയെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമേ അദ്ദേഹത്തെ പിന്തുണച്ചുള്ളൂ. അപ്പോഴതാ ദൈവസന്ദേശം വരുന്നു: ഒരു കപ്പൽ നിർമ്മിക്കാൻ; അതും അസമയത്ത്. നിർമ്മാണം പൂർത്തിയായപ്പോൾ അതിൽ വിശ്വാസികളെയും ജന്തുക്കളെയും പക്ഷികളെയും കയറ്റി. അതോടെ ശക്തമായ മഴയും ഉറവപൊട്ടലും ഒന്നിച്ചുവന്നു. പ്രളയം പടർന്ന് മലകൾപോലും മുങ്ങി; അവിശ്വാസികളെല്ലാം ചത്തുമലച്ചു. കപ്പൽ ജൂദി പർവ്വതത്തിൽ സുരക്ഷിതമായി നിന്നു.
മനുഷ്യരെ നന്മയിലേക്ക് ക്ഷണിക്കാൻ വേണ്ടി എത്തിയ പ്രവാചകനാണ് സ്വാലിഹ് നബി. സമൂദ് ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകനായിരുന്നു അദ്ദേഹം. അവർ തുടർന്നുപോരുന്ന ദുർമ്മാർഗ്ഗ ജീവിതത്തിനെതിരെ ശബ്ദിക്കുകയും അവരെ നന്മയിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോൾ അവർ പരിഹാസമെന്നോണം ഒരു കാര്യം ആവശ്യപ്പെട്ടു: ആ കാണുന്ന പാറയ്ക്കുള്ളിൽനിന്നും ഒരു ഒട്ടകത്തെ കൊണ്ടുവരിക!
താൻ പറയുന്നത് തന്റെ വകയല്ല, താനൊരു ദൈവദൂതനാണെന്ന് തെളിയിക്കുമാറ് - അത്ഭുതകരമെന്ന് പറയട്ടെ - ആ പാറ മെല്ലെ മെല്ലെ ഇളകിപ്പിളരുകയും അതിൽനിന്ന് അവർ പരിഹാസേന ആവശ്യപ്പെട്ട എല്ലാ വിശേഷണങ്ങളും ഒത്തിണങ്ങിയ ഒന്നാം നമ്പർ ഒട്ടകം പുറത്തേക്ക് വരികയും ചെയ്തു. പക്ഷേ, അതിനുശേഷവും അവർ പ്രവാചകനെ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, ഒട്ടകത്തെ അറുത്തുകളയുകയും ചെയ്തു. അതിന്റെ ഫലമായി ദൈവിക ശിക്ഷയെന്നോണം, വലിയ പാറക്കല്ലുകളിൽ അലങ്കാരമുണ്ടാക്കി താമസിച്ചിരുന്ന ആ ഗ്രാമത്തെ കഠോരമായ ശബ്ദഘോഷം കൊണ്ട് നശിപ്പിച്ചു. ഇന്നും സൗദി അറേബ്യയിലെ മദാഇൻ സ്വാലിഹ് എന്ന് പറയുന്ന സ്ഥലത്ത് അതിന്റെ അവശിഷ്ടങ്ങൾ കാണാം.
മൂസാ നബിയുടെ കാര്യത്തിലാണെങ്കിൽ അത്ഭുതകരമായ ഒരു വടിയായിരുന്നു ഈ അമാനുഷിക സാക്ഷ്യം. നിലത്തിട്ടാൽ അത് പാമ്പായി മാറും; കയ്യിലെടുത്താൽ വീണ്ടും വടിയാവും. ആ ജനത മാരണ വിദ്യയിൽ അഗ്രഗണ്യന്മാരായിരുന്നു. അവരുമായി മാരണ മത്സരം നടന്നു. അവർ അവരുടെ കയറുകളും പാമ്പുകളും കൺകെട്ടുകളുമെല്ലാം വലിയൊരു മൈതാനത്ത് പ്രദർശിപ്പിച്ചു. പല രൂപത്തിലും ആകൃതിയിലുമുള്ള പാമ്പുകൾ ഇഴഞ്ഞു നടന്നു. മത്സരത്തിന്റെ ക്ലൈമാക്സിൽ മൂസാ നബി വടി നിലത്തിട്ടു. ഉടൻ അതൊരു വലിയ പാമ്പായി മാറി അവിടെ ഇഴഞ്ഞിരുന്ന സകലതിനെയും അകത്താക്കി. ഈ അമാനുഷിക സംഭവം കണ്ട ഒട്ടനവധി പേർ അപ്പോൾത്തന്നെ ആ ദൈവദൂതനിൽ വിശ്വസിച്ചു. മറ്റൊരിക്കൽ അതേ വടികൊണ്ട് കടലിൽ അടിച്ചപ്പോൾ അത് രണ്ടായി പിളർന്നു. നബിയും സഹചരരും അതിലൂടെ മറുകര കടന്നു. പിന്നാലെ വന്ന ആക്രമിക്കൂട്ടങ്ങൾ കടലിൽ ചത്തുമലച്ചു.
ഇങ്ങനെ മുൻകാല പ്രവാചകന്മാരുടെ ചരിത്രങ്ങൾ വായിക്കുമ്പോൾ അവർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള പഠനം നമ്മളിൽ കൗതുകമുണർത്തുന്നു, ശരി. പക്ഷേ, വർത്തമാനകാലത്ത് പോയകാല ചരിത്രത്തിന്റെ ഏടുകൾ വായിച്ചുകൊണ്ട് ചരിത്രവസ്തുതകളെ വസ്തുതകളായി ഉൾക്കൊള്ളാൻ ശ്രമിക്കുക എന്നല്ലാതെ, ആധുനികമായ മാനദണ്ഡങ്ങൾ വെച്ച് നമുക്ക് സ്വയം ബോധ്യപ്പെടുത്താൻ വഴികളില്ലല്ലോ? എന്ന് മാത്രമല്ല, അതാത് കാലങ്ങളിൽ വന്ന പ്രവാചകന്മാരുടെ അധ്യാപനങ്ങൾ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെങ്കിലും അതിന്റെ ശിഖരപരമായ പടർപ്പുകളിൽ വ്യത്യാസമുണ്ടല്ലോ.
അപ്പോൾ നമ്മുടെ പ്രശ്നം ഒന്നുകൂടി മുറുകി വന്നു. എന്നോ നടന്ന ഒരു ചരിത്രസംഭവത്തെ ആസ്പദമാക്കിക്കൊണ്ട് നമുക്ക് എന്ത് ചെയ്യാൻ പറ്റും? ദൈവദൂതനെന്നും പറഞ്ഞ് നമ്മിലേക്ക് കടന്നുവരുന്ന ഒരാളുടെ ആശയത്തെ മോഡേൺ ടെക്നിക്സ് വെച്ചുകൊണ്ട് നമ്മൾ എങ്ങനെ വെരിഫിക്കേഷൻ നടത്തും? അങ്ങനെയുള്ള വല്ല അമാനുഷിക സംഗതികളും ഇപ്പോൾ നിലവിലുണ്ടോ? പണ്ടുകാലത്തെ ഒരുപാട് ചരിത്രങ്ങൾ ഇപ്പോൾ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ?
നല്ല ചോദ്യങ്ങൾ. കഴമ്പുള്ള അന്വേഷണങ്ങൾ. എല്ലാമുണ്ട് സഹോദരാ. സമാധാനത്തിൽ എല്ലാം പറഞ്ഞുതരാം. ഗെറ്റ് റെഡി!


