ഒരു ദുരിത ഗ്രാമത്തിന്റെ കഥ പറയാം. ഒരു ദ്വീപാണ്; കൊടുംകാടാണ്. പുലികൾ, കടുവകൾ, സിംഹങ്ങൾ തുടങ്ങിയ ഹിംസ്രജന്തുക്കൾ ധാരാളമുണ്ട്. അവിടുത്തെ ഒരു സിസ്റ്റം എന്ന് പറഞ്ഞാൽ, പ്രസവിച്ചാൽ അമ്മമാരുടെ മുലകളിൽ ചോര നിറയും; കഠോരമായ വിഷമായി അത് പരിണമിക്കും. അത് കുടിച്ചാൽ മക്കൾ ചത്തുപോകും. അതേസമയം, മറ്റെന്തെങ്കിലും ഒരു പാൽ ഒരു നാലു തുള്ളി കൊടുത്താൽ അതുമതി പിന്നെ ജീവിതകാലം. പൊതുവേ പുലിപ്പാലാണ് ആ നാട്ടുകാർ കൊടുക്കാറ്. പ്രസവിച്ചു കിടക്കുന്ന ഏതെങ്കിലും പുലിയെ നാട്ടുകാർ വട്ടം ചേർന്ന് വേട്ടയാടും. എന്നിട്ട് അതിന്റെ പാൽ കറന്നെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കും; അപ്പോൾ അന്നാട്ടിൽ പ്രസവിച്ചു കിടക്കുന്ന കുട്ടികൾക്കെല്ലാം അതെത്തിക്കും.
പുലിയെ കറന്നെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പെറ്റ പുലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ ചിലപ്പോൾ പുലിപ്പട പുറത്തിറങ്ങും; അവ ക്രൂരമായി കൂട്ടമായി ആക്രമിക്കും. അങ്ങനെ മാത്രം ആയിരത്തിലേറെ ആളുകൾ ആ കൊച്ചു ദ്വീപിൽ മരണമടഞ്ഞിട്ടുണ്ട്. ആടുകളും പശുക്കളും എമ്പാടുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, ഒരു ഉപകാരവുമില്ല. ആട്ടിൻ പാൽ കുടിച്ച് അരമണിക്കൂർ കഴിയുമ്പോഴേക്കും ശരീരമാസകലം ഒരു ചൊറിച്ചിൽ വരും. പിന്നീട് എന്ത് മരുന്ന് കഴിച്ചാലും ആ ചൊറിച്ചിൽ മാറുകയേ ഇല്ല. എത്രയോ പേർ അറിയാതെ ആട്ടിൻപാൽ കുടിച്ച് ചൊറിയും ചുണങ്ങും പഴുത്ത് ചലം നിറഞ്ഞ് ദാരുണമായി മരിച്ചിട്ടുണ്ട്. പശുവിൻ പാലിന് പിന്നെ പാർശ്വഫലങ്ങൾ ഒന്നുമില്ല; പക്ഷേ കാരസ്കര സത്തിനേക്കാൾ കയ്പ്പാണ്. എല്ലാംകൊണ്ടും മെച്ചപ്പെട്ടത് എരുമപ്പാൽ ആണ്. പക്ഷേ ജീവൻ ബലി കൊടുത്ത് വേണം കറന്നെടുക്കാൻ. അതിന്റെ ആണിണ പോത്തവർകൾ എപ്പോഴും കൂടെത്തന്നെ കാണും. കറക്കാനായി അകിടിന് ചുവടെ ചെന്നിരിക്കുകയേ വേണ്ടൂ; നിങ്ങളെ കുത്തി പിളർത്തിക്കളയും.
ഓർത്തുനോക്കിയേ ഒരു ഗ്രാമവാസികളുടെ ദുര്യോഗം! കേട്ടിട്ട് സങ്കടം തോന്നുന്നില്ലേ? എന്നാൽ തീർന്നിട്ടില്ല, കേട്ടോളൂ! ദ്വീപാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവർക്ക് കുടിക്കാൻ വെള്ളമില്ല. അവരുടെ ആഹാരങ്ങളെല്ലാം ഉപ്പുമയമാണ്. ദാഹിച്ചാൽ സഹിക്കുകയല്ലാതെ നിവൃത്തിയില്ല. തൊണ്ട പൊട്ടി മരിക്കുമെന്നാകുമ്പോൾ അവർ ഒരു കുമ്പിൾ ഉപ്പുവെള്ളം കടലിൽനിന്ന് കോരിക്കുടിക്കും.
ഒരിക്കൽ അവിടെ ഒരു ഉരുവെത്തി. ഒരാൾ ഇറങ്ങി വന്നു; ഏതോ ദേശക്കാരനാണ്. നാട്ടുകാർ സങ്കടം പറഞ്ഞു. അയാൾ തന്റെ ഉപകരണം വെച്ച് ടെസ്റ്റ് ചെയ്തു; അടിയിൽ വെള്ളമുണ്ട്. നൂലുകൊണ്ടുവരാൻ പറഞ്ഞു. അത്രയും കുഴിയെടുത്താൽ ശുദ്ധജലം കിട്ടുമെന്ന് ഉറപ്പുപറഞ്ഞു; അളവും കൊടുത്തു. നോക്കുമ്പോൾ 14,698.2 അടി കുഴിക്കണം! അതായത് 4.48 കിലോമീറ്റർ. ഓ മൈ ഗോഡ്! കാലങ്ങളായി അവർ കുഴിക്കാൻ തുടങ്ങിയിട്ട്. പലതവണ ഇടിഞ്ഞുകുത്തി മൂടിപ്പോയി. വീണ്ടും മണ്ണുകോരി കുഴി തുടങ്ങി; പിന്നെയും അതുതന്നെ അവസ്ഥ. ഈ ജന്മത്തിൽ വെള്ളം കിട്ടുമെന്ന് തോന്നുന്നില്ല.
ഇനി ഒരു ദുര്യോഗം കൂടി കേട്ടോളൂ. തേങ്ങയാണ് അവരുടെ മെയിൻ വരുമാനം. ദ്വീപിന്റെ ഒരു ഭാഗം നിറയെ തെങ്ങുകളാണ്. പക്ഷേ, പ്രശ്നം എന്താണെന്നുവെച്ചാൽ പെട്ടെന്നൊന്നും കായ്ക്കുകയില്ല. മുളപ്പിച്ച് നാല്പത് വർഷം കഴിഞ്ഞാലേ കുലയ്ക്കൂ, കായ്ക്കൂ. അസാധ്യ വളർച്ചയുമാണ് അവറ്റയ്ക്ക്. അപ്പോഴേക്കും ഒരു മൂന്ന്-മൂന്നര കിലോമീറ്റർ വളർന്നിരിക്കും. മാത്രവുമല്ല, തേങ്ങ പൂവിടുന്ന കാലമാകുമ്പോഴേക്കും കടന്നലിന്റെ പത്തിരട്ടി അഗ്രസീവായ ഒരുതരം വിഷഈച്ചകൾ അവിടെ താവളമാക്കും. അവ തേങ്ങകൾ ബന്നങ്ങകൾ ആകുന്ന കാലം തൊട്ടേ തുരന്നു തിന്നാൻ തുടങ്ങും. അത്രയും ഉയരെ തളവെച്ചു കയറിയാലും ആ ഈച്ചകളോട് മല്ലിട്ടു വേണം ഒരു തേങ്ങ കിട്ടാൻ. തേങ്ങ പറിക്കുന്നതിനിടെ ഈച്ചയുടെ കുത്തേറ്റ് എത്രയോ പേർ ബോധംകെട്ടു വീണിട്ടുണ്ട്; ചിതറിത്തെറിച്ചു മരിച്ചിട്ടുണ്ട്.
ഹൂ, എന്തൊരു സങ്കടകരമാണ് പ്രിയരേ ഈ നാട്ടുകാരുടെ ഒരവസ്ഥ! ചോദിക്കട്ടെ, നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ? തെങ്ങിലെ തേങ്ങ മൂന്നര കിലോമീറ്റർ അകലെ; പുറമേ കടന്നൽ ഫ്രീ! ഭൂമിക്കടിയിൽ വെള്ളം നാലര കിലോമീറ്റർ; കുട്ടികൾക്കുള്ള മുലപ്പാൽ പുലിമുലയ്ക്കകത്ത്; നെല്ല് കൊയ്യാൻ നേരം വയൽ നിറയെ മൂർഖൻ പാമ്പ്; ചേനയും ചേമ്പും കിട്ടാൻ രണ്ട്-രണ്ടര കിലോമീറ്റർ; കടലിലെ മീനുകൾ നാലായിരം നോട്ടിക്കൽ മൈൽ അപ്പുറത്ത്.
ഇങ്ങനെ... പറയുമ്പോൾ എല്ലാമുണ്ട്; പക്ഷേ കാര്യത്തിലേക്ക് വരുമ്പോൾ ഒന്നും എത്തിപ്പിടിക്കാൻ പറ്റുന്നില്ല. ഇങ്ങനെയാണെങ്കിലോ? നാം നമ്മൾ അനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ മസ്തിയിൽ മയങ്ങിപ്പോയിരിക്കുന്നു. അവയെക്കുറിച്ചൊന്നും മറിച്ച് ചിന്തിക്കാത്തതുകൊണ്ട് അവയ്ക്കൊന്നും വില കൽപ്പിക്കാതെ വിട്ടിരിക്കുന്നു.
അല്ലാഹു അവന്റെ അതിഥിയായി ക്ഷണിച്ചുകൊണ്ടുവന്ന മനുഷ്യനെ ഏതെല്ലാം നിലയ്ക്കാണ് വിഭവങ്ങളാൽ സൽക്കരിക്കുന്നത്, അവ എത്ര പ്രാപ്യമായ നിലയ്ക്കാണ് സംവിധാനിച്ചിരിക്കുന്നത് എന്ന് ആലോചിച്ചുനോക്കൂ. പപ്പായയും സപ്പോട്ടയും കൈകൊണ്ട് പറിച്ചാൽ പോരേ? ചാമ്പയ്ക്കയും മൽഗോവയും പഴുത്ത് കളറായി നിന്ന് നമ്മെ വാ വാ എന്ന് വിളിക്കുകയല്ലേ? പഴുത്ത പൈനാപ്പിളും മൂത്ത പേരയ്ക്കയും നമ്മെ കൊതിപ്പിക്കുകയല്ലേ?
കുനിഞ്ഞിരുന്ന് കൊയ്താൽ പോരേ നെല്ലും ഗോതമ്പും? മീനൊക്കെ തോട്ടിലും കുളത്തിലും കടലിലും നമ്മെ മാടിവിളിക്കുംപോലെ മിന്നിപ്പുളയുകയല്ലേ? ഇറച്ചി വേണമെങ്കിൽ ആടും പോത്തും മൂരിയും ഇഷ്ടംപോലെ. ഇനി പക്ഷിയിറച്ചി വേണമെങ്കിൽ കോഴിയും കാടയും താറാവും യഥേഷ്ടം. ഭൂമിയിൽ നാലു കൊത്തിന്, അഞ്ചോ പത്തോ അടി താഴെ വെള്ളമല്ലേ പലയിടത്തും. തേങ്ങയൊക്കെ നിലത്തുനിന്നും ഒരു മുളവടി കൊണ്ട് കണ്ടമാനം തള്ളിയിടാം. ജനിച്ചുവീണ ഉടനെ അമ്മമാരുടെ മാറിടത്തിൽ പാൽമുലകൾ വീർത്തിരിക്കുകയല്ലേ? ഒന്നുമറിയാത്ത, ഇപ്പോഴിങ്ങ് പെറ്റുവീണ മാംസപ്പൈതൽ ചുണ്ടുവെച്ചു കൊടുത്താൽ ചടുലമായി ചപ്പിക്കുടിക്കുകയല്ലേ - സംസ്ഥാനതല മുലകുടി മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ ആളെപ്പോലെ! മാസങ്ങൾ കുറച്ചു കഴിയുമ്പോഴേക്കും ഒറ്റയൊറ്റയായി അരിപ്പല്ലുകൾ മുളച്ചുവരികയല്ലേ? അതും പരിധി എത്തുമ്പോൾ വളർച്ച നിൽക്കുകയല്ലേ? മേൽപ്പല്ലുകളുണ്ടോ വളർന്നു താഴ്ന്ന് ചുണ്ടുകളിലേക്ക് ആഴ്ന്നുപോകുന്നു? കീഴ്പല്ലുകളുണ്ടോ അമിതമായി വളർന്ന് മേൽചുണ്ടിനെ തുന്നിക്കീറി മൂക്കിലേക്ക് കയറുന്നു? കാണാൻ പറ്റാത്തവിധം പല്ലുകൾ പരസ്പരം കോർത്ത് കോലക്കേടാവുന്നുണ്ടോ? താടി നന്നായി വളരുന്നു; മീശ അതിലും കുറവായി വളരുന്നു. പീലികളും പുരികങ്ങളും പ്രത്യേക ഘട്ടം എത്തുമ്പോൾ വളർച്ച പൂർത്തിയായി സ്റ്റൈലായി നിൽക്കുന്നു. ആരാണിവർക്കൊക്കെ കൃത്യമായി ക്ലാസ് എടുക്കുന്നത്?
എല്ലാം കിറുകൃത്യമായി പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്. ഓരോന്നും വേണ്ട സമയത്ത് വേണ്ട സ്ഥലത്ത് കൃത്യമായി സംവിധാനിച്ചിരിക്കുന്നു. നമ്മൾ ഉണരുമ്പോൾ കിഴക്ക് സൂര്യൻ പൊൻപുഞ്ചിരിയിൽ കുളിച്ചു നിൽക്കുന്നുണ്ടാവും. നല്ല സുഖമാണ് പ്രഭാതവെയിൽ കൊള്ളാൻ. ആ സുഖം കിട്ടുന്നത് ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അത്രയ്ക്ക് കറക്റ്റ് ആയതുകൊണ്ടാണ്. നമ്മൾ കൊടും ശൈത്യകാലത്ത് പണ്ട് തീ കായലുണ്ടായിരുന്നില്ലേ? ഉണങ്ങിയ ചപ്പും ചവറും അടിച്ചുകൂട്ടി പുലരാൻ കാലത്ത് തീ കൊടുക്കും. തീയിൽനിന്ന് നാം നിശ്ചിത അകലം വിട്ടാണ് നിൽക്കുക; അടുക്കുംതോറും ചൂടിന്റെ കാഠിന്യം കൂടും. എന്നപോലെ ഭൂമിയിൽനിന്നും കൃത്യമായ അകലത്തിലാണ് സൂര്യന്റെ കറക്കം. അവനെങ്ങാനും ഭൂമിയോട് വല്ലാതെ അടുത്താൽ നമ്മളൊക്കെ കരിക്കട്ടകളായിപ്പോകും. വല്ലാതെ അകന്നാലോ, തണുത്ത് കോച്ചി ചത്തുപോകും.
ചന്ദ്രനും കടലും തമ്മിലും കൃത്യമായ ഡിസ്റ്റൻസ് അറേഞ്ച്മെന്റ് (Distance Arrangement) ഉണ്ട്. അവർ കമിതാക്കളാണ്; അടുപ്പം കൂടിയാൽ പല അപകടങ്ങളും വരും. സൂര്യന്റെയും ഭൂമിയുടെയും കറക്കത്തിനനുസരിച്ച് ഋതുഭേദങ്ങൾ മാറിമാറി വരും. അതിന്റെ പിന്നിലും കൃത്യമായ അറേഞ്ച്മെന്റ് ഉണ്ട്. ഇങ്ങനെ എല്ലാം കൃത്യമായി നടക്കുന്നതിന് പിന്നിൽ കടുപ്പപ്പെട്ട ഒരു ശാസ്ത്ര നിയമമുണ്ട്. നിഷേധമതത്തിൽ ആ നിയമത്തിന്റെ പേരാണ് യാദൃച്ഛികത, അല്ലെങ്കിൽ ആകസ്മികത, പരിണാമം, തേങ്ങാക്കുല!
ബഹുമാന്യനായ നിഷേധി അവർകളുടെ വീട്ടിൽ ഒരു കല്യാണം നടക്കുന്നു എന്ന് വിചാരിക്കുക. ആളുകൾക്കനുസരിച്ച് തന്നെ കൃത്യമായി ഭക്ഷണം. വന്നവർക്കിരിക്കാൻ പാകത്തിന് കസേരകൾ. വധുവീട്ടിലേക്ക് പോകാൻ കൃത്യമായ ആളുകൾ, അവർക്ക് കണക്കായ വാഹനങ്ങൾ. ഉച്ചതിരിഞ്ഞ് പെട്ടെന്നൊരു മഴ പെയ്തു; പക്ഷേ പ്രശ്നമില്ല, പന്തൽ ഇട്ടിരുന്നു.
എങ്ങനെയാണ് ഇതെല്ലാം ഇങ്ങനെ കൃത്യമായി നടന്നതെന്ന് നിഷേധിയോട് ചോദിച്ചുനോക്കൂ. അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വെറുതെ തേരാപാരാ നടക്കുകയായിരുന്നു; അറേഞ്ച്മെന്റുകൾ എല്ലാം ആകസ്മികമായി, യാദൃച്ഛികമായി, പരിണാമപരമായി അങ്ങനെ ഉണ്ടായതാണ്! നിഷേധി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇത് കേട്ടാൽ അയാൾ നിങ്ങളെ തല്ലിയോടിക്കും. കാരണം അയാൾക്ക് മാത്രമേ അറിയൂ എന്തുമാത്രം അദ്ദേഹം തല കൊടുത്തിട്ടുണ്ട് ഇതിങ്ങനെ ആയിത്തീരാൻ, എത്രയാളുടെ കാലു പിടിച്ചിട്ടുണ്ടെന്ന്.
യുക്തിമാനായ സുഹൃത്തേ, ഒരു കാര്യം സ്വകാര്യമായി പറയട്ടെ; നിഷേധിക്കാൻ എളുപ്പമാണ്. ആർക്കാണ്, എപ്പോഴാണ്, എന്താണ് നിഷേധിച്ചുകൂടാത്തത്? പക്ഷേ ചിന്തിച്ചു കണ്ടെത്താൻ ഒട്ടു പരിശ്രമം ആവശ്യമാണ്. പഠിക്കാനും പരീക്ഷകൾ പാസാകാനും ഉന്നത സ്ഥാനങ്ങൾ കൈയ്യടക്കാനുമൊക്കെ പരിശ്രമം വേണമല്ലോ. നിഷേധം നശീകരണമാണ്; അത് ആർക്കുമാകും, എപ്പോഴും ആകും, എങ്ങനെയും ആകും. "ഞാൻ കണ്ടില്ല, കേട്ടില്ല, അനുഭവിച്ചില്ല" എന്നുള്ളതിന്റെ പേരിൽ ആർക്കെല്ലാം എന്തെല്ലാം നിഷേധിക്കാം. നിഷേധിയായ ഒരു മനുഷ്യനെ സങ്കൽപ്പിക്കുക. ഒരാഴ്ച നീണ്ട ഫ്രീക്കൻ ക്യാമ്പ് കഴിഞ്ഞു വന്നശേഷം അയാളുടെ മകൻ പറയുന്നു: "നിങ്ങൾ രണ്ടുപേരും എന്റെ അച്ഛനമ്മമാരല്ല. അതിനൊരു തെളിവുമില്ല. ഡി.എൻ.എ ടെസ്റ്റ് ഒന്നും എനിക്ക് വിശ്വാസമില്ല. ഞാനിതാ എന്റെ വഴിക്ക് പോകുന്നു, ലാൽ സലാം!" യുക്തിഭദ്രമായ ചിന്തയിലൂടെ മാത്രമേ നാം സത്യത്തിലേക്കും ജീവിതസാഫല്യത്തിലേക്കും എത്തിച്ചേരുകയുള്ളൂ.


