ഒരു കാര്യം ഇനി പറയാനുള്ളത്, ഇരുപത് വർഷം ചരിത്രവും, ഇരുപത് വർഷം ശാസ്ത്രവും, പിന്നെ ഒരിരുപത് വർഷം ഭാവിശാസ്ത്രവും കുത്തിയിരുന്ന് പഠിച്ച ഒരു ഗവേഷകനല്ല മുഹമ്മദ് നബി എന്നതാണ്. ടെസ്റ്റ് ട്യൂബോ, സൂക്ഷ്മദർശിനിയോ, ദൂരദർശിനിയോ എന്തെന്നുപോലുമറിയാത്ത, ഖദീജ ബീവിയുടെ ഒട്ടകങ്ങളെയും ഹലീമ ബീവിയുടെ ആടുകളെയും മക്കയിലെ ചന്തകളെയുമൊക്കെ മാത്രം പരിചയമുള്ള യുവാവാണ് മുഹമ്മദ് നബി.
പലപ്പോഴും പൊതുജീവിതം അസഹനീയമാംവിധം മലീമസമായപ്പോൾ വിജനമായ മലമുകളിൽ ചെന്നിരുന്ന് ഏകാന്തനായി മണിക്കൂറുകളോളം ചെലവഴിക്കുകയായിരുന്നു ആ യുവാവ്. അങ്ങനെ നാൽപ്പത് വയസ്സ് പൂർത്തിയാവുന്നതോടെ പെട്ടെന്നൊരുനാൾ 'വായിക്കുക' എന്ന് തുടങ്ങുന്ന വചനങ്ങളോടെ ഒരു പുതിയ സാഹിത്യ ഉറവ പൊട്ടിയൊഴുകാൻ തുടങ്ങുന്നു. സാഹിത്യത്തിലെ അതികായന്മാരായിരുന്ന അന്നാട്ടിലെ അറബികൾ ശരിക്കും സ്തംഭിച്ചുപോയി. ഇതുവരെ ഒരു കവിത പോലും ചൊല്ലാത്ത മുഹമ്മദ് നബി തങ്ങളുടെയെല്ലാം സാഹിതീയ നിർമ്മിതികളെ അതിജയിക്കുന്ന, ശ്രവണമധുരവും ദിവ്യമാസ്മരികവുമായ ഒരു സാഹിത്യവുമായി ജനസമക്ഷത്തിലേക്കിറങ്ങിയിരിക്കുന്നു. കേൾക്കുന്നവർ കേൾക്കുന്നവർ അതിൽ ആകൃഷ്ടരാവുന്നു; അലിഞ്ഞു ചേരുന്നു.
ഖുർആനിന്റെ അമാനുഷികത അതിന്റെ കണ്ടന്റുകളിൽ എന്നതുപോലെതന്നെ അല്ലെങ്കിൽ അതിനേക്കാളേറെ അതിന്റെ ഭാഷാസൗന്ദര്യത്തിലും അത് വരികളിൽ ഒളിപ്പിച്ചുവെച്ച അർത്ഥസാഗരങ്ങളിലുമാണ്. നേരത്തെ നാം സൂചിപ്പിച്ച ചരിത്രം, ശാസ്ത്രം, പ്രവചനം എന്നതൊക്കെ ചില പ്രത്യേകമായ വചനങ്ങളിൽ മാത്രം വിഷയീഭവിക്കുന്നതാണ്. അതേസമയം അവകളിലും അല്ലാത്ത മറ്റു വചനങ്ങളിലെല്ലാം പരന്നുകിടക്കുന്നതാണ് ഖുർആന്റെ അദ്വിതീയമായ സാഹിത്യസൗന്ദര്യം. ലോകത്ത് പലർക്കും അത് ആസ്വദിക്കാൻ പറ്റിയിട്ടില്ല. കാരണം അവർ ഖുർആനിനെ സമീപിച്ചത് അറബിഭാഷ മൗലികമായി പഠിച്ചിട്ടല്ല, പകരം പരിഭാഷകളിലൂടെയാണ്. വെളുത്ത കടലാസിൽ കറുത്ത പേന കൊണ്ട് വരച്ച ചത്ത പൂന്തോപ്പും, പ്രകൃതിയിലെ നിറവും മണവുമുള്ള പുഞ്ചിരിക്കുന്ന പൂന്തോപ്പും എവിടെ കിടക്കുന്നു, ഹേ? ഭാഷാസൗന്ദര്യത്തിൽ എന്നപോലെ തന്നെ ഘടനാസൗന്ദര്യത്തിലും അത്യത്ഭുതകരമാണ് ഖുർആൻ. ഖുർആൻ ഗവേഷകർ പലപ്പോഴും കണ്ണുതള്ളി നിന്നുപോകുംവിധം നിഗൂഢ സൗന്ദര്യം ചേർന്നതാണ് ഖുർആന്റെ ഘടനാ വിന്യാസം.
പിന്നെ അത് വെല്ലുവിളിക്കാൻ തുടങ്ങി. ആരെ? സാഹിത്യത്തിന്റെ ആകാശസീമകളെ കാൽച്ചുവട്ടിലാക്കിയ കാവ്യ ചക്രവർത്തിമാരെ! പലരും ശ്രമിച്ചു, ഒന്നും എവിടെയും എത്തിയില്ല. ആ വെല്ലുവിളി ഇന്നും തുടരുന്നു. ആരോട്? ഈ നമ്മളോടെല്ലാം. സുഹൃത്തേ, ഈ നിങ്ങളോടും! സാഹിത്യ മഹിമയിൽ മാത്രമല്ല ആ വെല്ലുവിളി, അത് അനാവരണം ചെയ്യുന്ന നിരവധി വസ്തുതകളും വിവരങ്ങളും യാഥാർത്ഥ്യങ്ങളുമുണ്ടല്ലോ, അതിനെല്ലാം എതിരെ എന്തെങ്കിലുമൊരു തിരുത്ത് കൊണ്ടുവരാൻ കഴിയുമോ എന്ന്? ലോകജനതയിലെ മുഴുവൻ സാഹിത്യകാരന്മാരും ഒന്നിച്ചിരുന്ന്, അതിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ കഴിയുമോ എന്ന്!!
ഏത് സമൂഹത്തിനും പ്രായോഗികവൽക്കരിക്കാൻ പറ്റുന്ന അതിസുന്ദരങ്ങളായ മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമേ ഇതിൽ പറയുന്നുള്ളൂ. വലിയവരെ ബഹുമാനിക്കണം, ചെറിയവരെ സ്നേഹിക്കണം, മാതാപിതാക്കളെ ആദരിക്കണം, സംരക്ഷിക്കണം, കുട്ടികളെ സ്നേഹത്തോടെ പോറ്റിവളർത്തണം, പാവപ്പെട്ടവരെ സഹായിക്കണം, അനാഥമക്കളെ സംരക്ഷിക്കണം, ഭാര്യാഭർത്താക്കന്മാർ സ്നേഹത്തിൽ ഇടപഴകണം, അയൽവാസിയെ ആദരിക്കണം, അതിഥികളെ സൽക്കരിക്കണം, സത്യം പറയണം, വിനയം വേണം, വായിക്കണം, എഴുതണം, പഠിക്കണം, ഗവേഷണം ചെയ്യണം, പ്രകൃതി പ്രതിഭാസങ്ങളിൽ ചിന്തിക്കണം, ചരിത്രാവശിഷ്ടങ്ങൾ തേടി യാത്ര ചെയ്യണം—എന്നു തുടങ്ങി സംസ്കാരബോധവും സദാചാരനിഷ്ഠയുമുള്ള ഏതൊരു മാന്യമനുഷ്യനും അംഗീകരിക്കുന്ന കാര്യങ്ങൾ മാത്രമേ ഇതിൽ പറയുന്നുള്ളൂ.
സുഹൃത്തേ, നിങ്ങൾക്ക് സത്യത്തോട് താല്പര്യമുണ്ടെങ്കിൽ, നിങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ നിഷ്പക്ഷമായി പറയുക; ഖുർആൻ പ്രോത്സാഹിപ്പിച്ച മേല്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തെറ്റാണെന്ന് അഭിപ്രായമുണ്ടോ? എന്നപോലെ, ഖുർആൻ ചില കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. വ്യഭിചരിക്കരുത്, കള്ള് കുടിക്കരുത്, കള്ളം പറയരുത്, പരദൂഷണം പറയരുത്, ഏഷണി കൂട്ടരുത്, പരിഹസിക്കരുത്, നിന്ദിക്കരുത്, വേദനിപ്പിക്കരുത്, അക്രമിക്കരുത്, അന്യായമായി കൊല്ലരുത്, രഹസ്യങ്ങൾ ചൂഴ്ന്നന്വേഷിക്കരുത്, ചീത്ത വിചാരം വെച്ചുപുലർത്തരുത്, കള്ളസാക്ഷ്യം നിൽക്കരുത്, ചൂതുകളിക്കരുത്, പലിശ വാങ്ങരുത്, കൊടുക്കരുത്, കച്ചവടത്തിൽ കൃത്രിമമരുത്, തെളിവില്ലാതെ വ്യഭിചാരാരോപണം നടത്തരുത്, ചതിക്കരുത്, വഞ്ചിക്കരുത്—തുടങ്ങി സാംസ്കാരിക സമൂഹം ഒറ്റശബ്ദത്തിൽ അംഗീകരിക്കുന്ന കാര്യങ്ങളാണ് ഖുർആൻ വിലക്കിയിട്ടുള്ളത്. മേല്പറഞ്ഞതിൽ ഏതെങ്കിലുമൊന്നിനെപ്പറ്റി വിരുദ്ധാഭിപ്രായം, സത്യസന്ധനായ സ്നേഹിതാ, നിങ്ങൾക്കുണ്ടോ?
ഭാഷയിലും ആശയത്തിലും ഇത്രയധികം മികവുള്ള ഒരു ഗ്രന്ഥം ജനങ്ങൾക്ക് സമർപ്പിക്കുമ്പോൾ മുഹമ്മദ് നബിക്ക് പറയാനുള്ളത്, "ഇത് ഞാൻ രചിച്ച ഗ്രന്ഥമല്ല, ഞാൻ വായിക്കാൻ പഠിച്ചിട്ടില്ല, എഴുതാൻ പഠിച്ചിട്ടില്ല—മറിച്ച് സർവ്വലോകങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ചനാഥനിൽ നിന്ന് ദിവ്യബോധനം വഴി എന്നിലേക്കവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളാണ്" എന്നത്രേ. ഇത് കുറേ കഥകളും നർമ്മങ്ങളുമൊന്നുമല്ല; ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളാണ്. ബുദ്ധിയുള്ള ഏതൊരു മനുഷ്യനും മനസ്സ് തുറന്ന് മനനം നടത്താനും സത്യാസത്യങ്ങൾ വേർതിരിക്കാനും പറ്റുന്ന സംഗതികൾ മാത്രമേ ഇതിലുള്ളൂ.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ഇതിൽ പരാമർശിക്കാത്ത ഒരു വിഷയവുമില്ല. സാമൂഹ്യജീവിതം, സാമ്പത്തികശാസ്ത്രം, രാഷ്ട്രഭരണം, വിവാഹം, കുടുംബജീവിതം, വിവാഹമോചനം, യുദ്ധം, സമാധാനം, സ്നേഹം, കടമകൾ, ബാധ്യതകൾ, അവകാശങ്ങൾ, സന്താനപരിപാലനം, കുടുംബാസൂത്രണം, ഭ്രൂണം, പരാഗണം, ഗർഭം, പ്രസവം, മുലയൂട്ടൽ, പർവ്വതങ്ങൾ, നക്ഷത്രങ്ങൾ, സൂര്യന്റെ കറക്കം, അന്തരീക്ഷപാളികൾ, ഓസോൺ കവചം, പ്രകൃതിയിലെ ഇണ വ്യവസ്ഥ, പശു, ഉറുമ്പ്, കുതിര, ഒട്ടകം, കഴുത, തേനീച്ച, ചിലന്തി, മരംകൊത്തി, ഉറുമാൻ പഴം, മുന്തിരി, ഒലീവ്, ഋതുഭേദങ്ങൾ, കച്ചവടം, കരാർ, ധിക്കാരം, അസൂയ, പരദൂഷണം, പരിഹാസം, അഹങ്കാരം, പേന, എഴുത്ത്, പുസ്തകം, വായന, ചരിത്രാന്വേഷണം, ഗവേഷണം, നക്ഷത്രാലംകൃത ആകാശം, ഗ്രഹങ്ങളുടെ ഒഴുകിനടത്തം, ആത്മാവ്, മരണം, മരണാനന്തര ജന്മം, അന്ത്യനാൾ, മഴ, ഇടി, മിന്നൽ, ഗ്രഹണം, ഉൽക്കകൾ, മോഷണം, അസഭ്യം പറയൽ, വിനയം, ആദരം, വ്യഭിചാരം, ചാരിത്ര്യം, ഖബർ ജീവിതം, പരലോകം, രക്ഷാശിക്ഷകൾ, സ്വർഗ്ഗീയാനന്ദം, നരകയാതനകൾ, ഭൂകമ്പം, പ്രളയം, കൊടുങ്കാറ്റ്, അനാഥസംരക്ഷണം, വിധവാ സഹായം, കളി, വിനോദം, സമുദ്രം, നദികൾ, ഉപ്പുവെള്ളത്തിനിടയിലെ ശുദ്ധജലം, സ്വർണ്ണം, വെള്ളി, സാമ്പത്തിക സന്തുലനം, വിഗ്രഹാരാധന, ഏകദൈവത്വം... തുടങ്ങി അത്ഭുതകരമായ വിഷയവൈവിധ്യങ്ങളാൽ സമ്പന്നമാണാ ഗ്രന്ഥം.
അന്നത്തെ അറേബ്യൻ സാഹചര്യത്തിൽ അത്യുന്നത വിദ്യാഭ്യാസം നേടിയ, സാഹിത്യാസ്വാദന ശേഷിയുള്ള ഒരാൾക്ക് പോലും എഴുതാൻ കഴിയാത്ത കാര്യങ്ങളാണ് ഔപചാരികമായി അക്ഷരാഭ്യാസം നേടാത്ത, നാൽപ്പത് വയസ്സുവരെ സാഹിത്യവാസന ഒട്ടുമില്ലാത്ത ഒരാൾ ഒരു സുപ്രഭാതത്തിൽ പറഞ്ഞു തുടങ്ങുന്നത്. ഇവിടെ മുഹമ്മദ് നബി പരിചയപ്പെടുത്തുന്ന ഖുർആനിൽ പരാമർശിക്കുന്ന വിഷയങ്ങളെല്ലാം തന്നെ ഓരോന്നോരോന്നായി ഇഴകീറി പരിശോധിക്കാവുന്നതാണ്.
അധർമ്മങ്ങൾ കൊടികുത്തി വാഴുന്ന ഒരു മലിന സമൂഹത്തിൽ നാൽപ്പത് വയസ്സുവരെ ഒരു തുള്ളി മദ്യം രുചിക്കാതെ, ഒരന്യ പെണ്ണിനെ എടങ്കണ്ണിട്ട് നോക്കാതെ, ഒരു ഉറുമ്പിനെപ്പോലും അക്രമിക്കാതെ, തമാശക്കുപോലും കളവ് പറയാതെ ജീവിച്ച 'അൽ അമീൻ' പെട്ടെന്നൊരു നാൾ ദൈവത്തിന്റെ പേരിൽ കളവ് പറയാൻ തുടങ്ങി എന്നത് വിശ്വസനീയമല്ല. ഉണർന്ന് പ്രവർത്തിക്കുന്ന ഏതൊരു മസ്തിഷ്കത്തെയും ആകർഷിക്കുമാറ്, നിരൂപണത്തിലേക്കും സൂക്ഷ്മ പരിശോധനയിലേക്കും ക്ഷണിക്കുകയാണ് ചെയ്തത്.
23 വർഷക്കാലം കൊണ്ട് പൂർത്തീകരിക്കപ്പെട്ട ഈ ഗ്രന്ഥം ആദ്യന്തം അരിച്ചു പരിശോധിച്ചിട്ട് എന്തെങ്കിലും ഒരു വൈരുദ്ധ്യം കണ്ടെത്താൻ ആർക്കെങ്കിലും കഴിയുമോ? വസ്തുതാവിരുദ്ധമായ എന്തെങ്കിലും ഒരു പരാമർശം—ചരിത്രസംബന്ധിയായോ ശാസ്ത്രസംബന്ധിയായോ നിയമസംബന്ധിയായോ കൊണ്ടുവരാൻ ഏതെങ്കിലും ബുദ്ധിമതിക്ക് കഴിയുമോ? ഈ ഗ്രന്ഥം ഒരു മനുഷ്യന് കുത്തിക്കുറിച്ചുണ്ടാക്കാൻ കഴിയുന്നതാണ് എന്ന് ആർക്കെങ്കിലും അവകാശവാദമുണ്ടെങ്കിൽ അതിനോട് സമാനമായ ഒരു ഗ്രന്ഥം കൊണ്ടുവരൂ; പോട്ടെ, ഒരു അധ്യായമെങ്കിലും കൊണ്ടുവരൂ. ഇതിനൊന്നും കഴിയാത്തപക്ഷം, ഈ ഗ്രന്ഥത്തിൽ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും അതുവഴി ആത്യന്തിക വിജയം നേടാനും ശ്രമിക്കൂ…


