പറയൂ, അപ്പോൾ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിനെ എങ്ങനെ അറിയും? മനസ്സിലാക്കും? പഠിക്കും? ചിന്തയ്ക്ക് പരിധികൾ ഉണ്ടെന്ന് നിങ്ങൾതന്നെ പറയുന്നു. പിന്നെങ്ങനെ ബുദ്ധികൊണ്ട് മാത്രം അല്ലാഹുവിലേക്ക് എത്തും?
നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യം, ഓരോന്നിനെ അറിയാനും മനസ്സിലാക്കാനും അതിന്റേതായ വഴികളും മാപിനികളും ഉണ്ട് എന്നതാണ്. എന്നുവച്ചാൽ ആ വഴികളിലൂടെ പോയെങ്കിൽ മാത്രമേ ആ കാര്യത്തിലേക്ക് എത്തിച്ചേരാൻ പറ്റൂ. വഴി മാറ്റിപ്പിടിച്ചാൽ വസ്തു / അസ്തിത്വം അവിടെയുണ്ടാവും; പക്ഷേ നാം അവിടെ എത്തില്ല.
കാമുകി ഒരു പ്രണയലേഖനം തന്നു. കണ്ണടച്ച് ചെവിക്കുനേരെ ആ കത്ത് എങ്ങനെ വിടർത്തിപ്പിടിച്ചാലും അതിലുള്ളത് നാം കേൾക്കുകയില്ല; കണ്ണുതുറന്നു വായിക്കുകതന്നെ വേണം. ഒരു പാട്ട് ഓണാക്കിയിട്ട് ചെവിക്കുഴികളിൽ പഞ്ഞി വെച്ച് ഭദ്രമായി അടച്ചിട്ട് "ഞാനീ പാട്ട് കണ്ടുകേൾക്കട്ടെ" എന്ന് വെച്ചാൽ നടക്കില്ല കുഞ്ഞേ...
ഇവിടെ നമുക്ക് ശാന്തമായി ഗാലറിയിൽ കയറിയിരുന്ന് ചിന്തിക്കാവുന്ന ഒരു രസമുണ്ട്. കാണുന്നില്ല, കേൾക്കുന്നില്ല, തൊടാൻ കഴിയുന്നില്ല എന്നതുകൊണ്ട് നമ്മൾ ഒന്നിനെ നിഷേധിക്കുകയാണെന്ന് വെക്കുക. എന്നാൽ നമ്മളെല്ലാം കണ്ണുകൊണ്ട് കാണാവുന്നത് കാണുന്നുണ്ടല്ലോ - നമ്മൾ ഇപ്പോൾ കാണുന്നത് ഒരു അന്ധനെയാണ്. അയാൾ ഒരു പൂന്തോട്ടത്തിലേക്ക് കടന്നുവരുന്നു. ഓരോന്ന് തൊടുമ്പോൾ നമ്മൾ ഇങ്ങനെ പറയുന്നു: "അത് ചുവന്ന നിറമാണ്, അത് പച്ചയാണ്, ഇത് വയലറ്റ് ആണ്, അത് മഞ്ഞയാണ്" എന്നിങ്ങനെ. പക്ഷേ, ബഹുമാനപ്പെട്ട നമ്മുടെ ആ അന്ധശിരോമണി 'അഖിലലോക നിഷേധ സഹകരണ സംഘത്തിന്റെ' അന്തർദ്ദേശീയ വൈസ് പ്രസിഡന്റാണ്. ആൾക്കാർ പറഞ്ഞതൊന്നും വിശ്വസിക്കുകയില്ല. നേരിട്ട് കണ്ണുകൊണ്ട് കണ്ടത് മാത്രമേ ഉണ്ടെന്ന് ഉറപ്പിക്കുകയുള്ളൂ; കാണാനാണെങ്കിൽ കക്ഷിക്ക് കണ്ണില്ലതാനും! യാതൊരു ഉളുപ്പുമില്ലാതെ അദ്ദേഹം പറയുന്നു: "നിങ്ങൾ പറയുംപോലെ പച്ച, ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നിങ്ങനെയൊന്നുമില്ല. അതൊക്കെ നിങ്ങൾക്ക് തോന്നുന്ന ചില മാനസിക വൈകൃതങ്ങളാണ്." യാ ഖുദാ...!
നമ്മൾ ഒരുവിധം അദ്ദേഹത്തെ അവിടെനിന്നും മാന്യമായി ആട്ടിയോടിച്ചു. അപ്പോഴതാ കളിക്കളത്തിൽ പ്രത്യക്ഷപ്പെടുന്നു മറ്റൊരു ബധിരമൂകൻ. അപ്പോൾ അടുത്തുള്ള പൂങ്കാവനത്തിൽനിന്നും അതാ വരുന്നു പൂങ്കുയിലിന്റെ കർണ്ണാനന്ദകരമായ ഗാനം. നമ്മൾ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് അതാ പൂങ്കുയിൽ പാടുകയാണെന്ന്. പക്ഷേ കക്ഷി അംഗീകരിക്കുന്നില്ല. നമ്മൾ മൊബൈൽ ഫോൺ എടുത്ത് മനോഹരങ്ങളായ ഗാനങ്ങളും സംഗീതവുമൊക്കെ വെച്ചുകൊടുത്തു. ആദരവായ ആ മൊശടൻ അതെല്ലാം പാടേ നിഷേധിക്കുകയാണ്; അങ്ങനെയൊന്നുമില്ലേയില്ല എന്ന് ഉറപ്പിച്ച് ആംഗ്യം കാണിക്കുകയാണ്. ഇനി കളത്തിലേക്ക് വരുന്നത് സാക്ഷാൽ നിങ്ങളാണ്. നോക്കുമ്പോൾ നിങ്ങളും ഒന്നാം നമ്പർ നിഷേധമൊശടനായി മാറുന്നു. അൾട്രാവയലറ്റ് / ഇൻഫ്രാറെഡ് ഇതൊന്നും ഇല്ലേയില്ല എന്നങ്ങ് തുടങ്ങി കാണാനാകാത്തതും കേൾക്കാനാകാത്തതും സകലമങ്ങ് നിഷേധിക്കാൻ തുടങ്ങി. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തുള്ളതൊന്നും അനുഭവവേദ്യമല്ലാത്തതുകൊണ്ട് നിഷേധിക്കുന്ന ഒരു തനിമൊയന്തായി നിങ്ങൾ പരിണമിച്ചു എന്ന് വിചാരിക്കുക. ഗാലറിയിലിരിക്കുന്ന നിരീക്ഷകൻ എന്തായിരിക്കും നിങ്ങളെപ്പറ്റി പറയുക?
അപ്പോൾ പറഞ്ഞു വന്നത് ഓരോന്നിനും അതിന്റേതായ വഴികളുണ്ട്, മാർഗ്ഗങ്ങളുണ്ട്. അത് ഉപയോഗിച്ചെങ്കിൽ മാത്രമേ കാര്യങ്ങൾ നടക്കൂ. ഇത് ബോധ്യപ്പെടുന്ന അനവധി നിരവധി അനുഭവങ്ങൾ നമ്മുടെ നിത്യജീവിതത്തിലുണ്ട്. അങ്ങകലങ്ങളിലെ ആകാശഗംഗയെ വലുപ്പത്തിൽ അടുത്തായി കാണിക്കുന്ന ഉപകരണമാണ് ടെലസ്കോപ്പ്. പക്ഷേ, നന്നായി പനിച്ച് മുന്നിലെത്തിയ രോഗിയെ ഒരു ഡോക്ടർ ആ ‘കോപ്പ്‘ ഉപയോഗിച്ചു നോക്കിയിട്ട് ഒരു കാര്യവുമില്ല; അതിന് സ്റ്റെതസ്കോപ്പ് വെച്ചുതന്നെ വേണം പരിശോധിക്കാൻ.
അങ്ങാടിയിൽ പോയി വെളിച്ചെണ്ണ വാങ്ങി വരാൻ പറഞ്ഞു അമ്മ. പീടികക്കാരനോട് "ഒരു മൂന്നു മീറ്റർ വെളിച്ചെണ്ണ തരൂ" എന്ന് പറഞ്ഞാൽ അദ്ദേഹം പെട്ടുപോകും. തുണിക്കടയിൽ ചെന്ന് "ഒരു നാല് ലിറ്റർ കുപ്പായം വേണം" എന്ന് പറഞ്ഞാലും അങ്ങനെതന്നെ. ചൈനീസ് അക്ഷരമാല വൃത്തിയിൽ പഠിച്ചിട്ട് അതുവെച്ച് സിംഹള ഭാഷ വായിക്കാമെന്ന് വിചാരിച്ചാൽ നടക്കുകയില്ല. അപ്പോൾ അറിയാനുള്ള മാർഗ്ഗം / അളക്കാനുള്ള മാപിനി എല്ലാം കൃത്യമായിരിക്കണം.
അല്ലാഹു പ്രപഞ്ചബാഹ്യനാണ്. പ്രപഞ്ചത്തിലുള്ള ഒരു വസ്തുവിനെപ്പോലെയുമല്ല. അതുകൊണ്ടുതന്നെ പ്രപഞ്ച വസ്തുക്കളെ അറിയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും അളവുകോലുകളും വെച്ചുകൊണ്ട് അല്ലാഹുവിനെ അളന്നു മുറിച്ചെടുക്കാം എന്ന് ആരും വിചാരിക്കണ്ട. "ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും നേരിട്ട് പച്ചയ്ക്ക് മലർക്കെ കാണുന്നതുപോലെ അല്ലാഹുവിനെ കണ്ണുകൊണ്ട് കണ്ടാൽ മാത്രമേ ഞാൻ വിശ്വസിക്കൂ" എന്ന് പറഞ്ഞാലും കാര്യം നടക്കില്ല. അല്ലാഹുവിനെ പരസ്യമായി കണ്ടാൽ മാത്രമേ വിശ്വസിക്കൂ എന്ന് പറഞ്ഞ പൂർവ്വസമൂഹം ഉണ്ട്; ഇതൊന്നും ഒരു പുത്തരിയല്ല എന്ന് ചുരുക്കം.
ഫാൻ കറങ്ങുന്നു, ബൾബ് കത്തുന്നു, എ.സി. തണുപ്പ് തുപ്പുന്നു. അപ്പോൾ ഹാളിലേക്ക് ഒരാൾ കയറിവന്നു. "ഇവിടെ കരണ്ടില്ലേ?" എന്ന് ചോദിച്ചു. "ഉണ്ടല്ലോ, ഇതൊന്നും നീ കാണുന്നില്ലേ?" എന്ന് തിരിച്ചു ചോദിക്കുകയും ചെയ്തു. അയാൾ "ഇല്ല" എന്ന് പറഞ്ഞ് തർക്കിക്കാൻ തുടങ്ങി. "ഇതാ ബൾബും ഫാനും ഒക്കെ നീ കാണുന്നില്ലേ?" "എനിക്ക് അതൊന്നും പോരാ, കരണ്ടുണ്ടെന്ന് ബോധ്യപ്പെടണം, കാണണം, അനുഭവവേദ്യമാകണം." "എന്നാൽ നീ ഒരു കാര്യം ചെയ്യ്. അവിടെ അതാ ഇലക്ട്രിക് വയർ. അത് പ്ലഗ്ഗിലേക്ക് കയറ്റി വെക്ക്. അതിന്റെ മറ്റേ അറ്റം കയ്യിൽ പിടിക്ക്. സ്വിച്ച് ഓൺ ചെയ്യ്! കരണ്ടിനെ നേരിട്ട് അറിയാം. കരണ്ടിനെ മാത്രമല്ല മറ്റു പലതും അറിയാം. ഇനി ഒന്നും മേലാൽ അറിയേണ്ടി വരികയുമില്ല, ഹി ഹി!!"
പ്രപഞ്ചം ഉണ്ടെന്നും അത് അനുനിമിഷം ചലിച്ചുകൊണ്ടും പരിണമിച്ചുകൊണ്ടും സഞ്ചരിച്ചുകൊണ്ടും മുന്നോട്ടുപോവുകയാണെന്നും നമ്മൾ കാണുന്നു. ഈ സൃഷ്ടിപെരുമതന്നെയാണ് സ്രഷ്ടാവുണ്ട് എന്നതിന്റെ അടയാളം. സ്രഷ്ടാവില്ലാതെ ഒരു സൃഷ്ടിയും ഉണ്ടാവുകയില്ല. പിന്നെ അതെങ്ങനെ ബോധ്യപ്പെടും എന്നതാണ് ചോദ്യം. പറഞ്ഞല്ലോ, ഓരോന്നിനും ഓരോ വഴികളാണ്; എല്ലാം കാണണമെന്നില്ല. പാരിസ് നഗരം ഇല്ലേ? ഫിലാഡൽഫിയ ഇല്ലേ? നിങ്ങൾ കണ്ടിട്ടുണ്ടോ, പോയിട്ടുണ്ടോ? ഇപ്പോൾ പിന്നെ ദൃശ്യമാധ്യമങ്ങളുടെ പ്രളയത്തിൽ എല്ലാം കാണാനാകും എന്ന് വിചാരിക്കാം. എന്നാൽ അതിനുമുമ്പും ആളുകൾ കാണാതെയും കേൾക്കാതെയും വിശ്വസിച്ചിരുന്നല്ലോ. ആ വിശ്വാസത്തിന് ഉരുക്കിന്റെ ഒരു ഉറപ്പുണ്ടായിരുന്നില്ലേ.
ബോധംവച്ച് തുടങ്ങുമ്പോൾ അമ്മ ഒരു പുരുഷനെ ചൂണ്ടിക്കാട്ടിയിട്ട് പറയുന്നു: "മോനേ, അതാണ് നിന്റെ അച്ഛൻ" എന്ന്. നമ്മുടെ കൂട്ടത്തിൽ എത്ര പേരാണ് ഡി.എൻ.എ. ടെസ്റ്റ് നടത്തി തെളിയിച്ചതിനുശേഷം മാത്രം അച്ഛനെ അംഗീകരിച്ചവർ? ഇനി, ഈ മാറോട് ചേർത്തുപിടിച്ച് അമ്മിഞ്ഞ ചുരത്തി ചുടുമുത്തം തന്നുകൊണ്ടേയിരിക്കുന്ന സ്ത്രീ പെറ്റമ്മയാണെന്നതിന് എന്താണ് ഉറപ്പ്? ദത്തെടുത്തതാണെങ്കിലോ? ആശുപത്രി വാർഡിൽനിന്ന് അറിയാതെ മാറിയതാണെങ്കിലോ?
ചില കേസുകൾ അങ്ങനെയാണ്; ആളുകൾ പറയുന്നത് കേൾക്കും, വിശ്വസിക്കും. അല്ലാതെ ടെസ്റ്റ് ചെയ്ത് ഉറപ്പിക്കാൻ നിൽക്കാറൊന്നുമില്ല. ഇച്ചിരി വലുതായാൽ നമ്മുടെ അമ്മമാർ സ്കൂളിൽ കൊണ്ടുപോയി ചേർക്കുന്നു. കയ്യിൽ പെൻസിൽ പിടിപ്പിച്ച് ടീച്ചർ “അ” എന്നും മാസ്റ്റർ “A” എന്നും എഴുതിത്തരുമ്പോൾ ചുമ്മാ നമ്മളതങ്ങ് വിശ്വസിക്കുന്നു. അതങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഉറപ്പിക്കുന്നു. അത് അങ്ങനെയാണെന്നതിന് എന്താ തെളിവ് എന്ന മറുചോദ്യം ചോദിച്ച് സ്വയം ബോധ്യപ്പെടുത്തുന്നില്ല.
വാഷിംഗ്ടൺ ഡി.സി.യിലേക്ക് ടിക്കറ്റ് എടുത്ത് ഫ്ലൈറ്റിൽ കയറി ഇരുന്നതാണ്. പൊങ്ങി അല്പം കഴിഞ്ഞപ്പോൾ ഒന്നും ദൃശ്യമല്ല; അവൻ അങ്ങനെ പറക്കുന്നുണ്ട്. ഈ പോക്ക് കൃത്യമായി വാഷിംഗ്ടൺ ഡി.സി.യിലേക്കാണെന്ന് ആരു പറഞ്ഞു? നാനൂറോളം പാസഞ്ചേഴ്സ് വളരെ അച്ചടക്കത്തോടെ, തികഞ്ഞ വിശ്വാസത്തോടുകൂടി അങ്ങനെ ഇരിക്കുന്നു. എന്താ നമുക്ക് ഇത്ര ഉറപ്പ് അത് അങ്ങനെതന്നെയാണെന്ന്? അയാൾ നിങ്ങളെയും കൊണ്ട് പറക്കുന്നത് കാബൂളിലേക്കാണെങ്കിലോ? കൊളംബോയിലേക്കാണെങ്കിലോ? ഓരോയിടത്തും വിശ്വാസത്തിന് ഓരോ രീതികളാണ്, ഓരോ മാതിരികളാണ്. അവിടെ കോക്പിറ്റിൽ ഇടിച്ചുകയറി "ആ കോമ്പസ് ഒന്ന് കാണിച്ചാട്ടേ, ഡി.സി.യിലേക്ക് തന്നെയാണോ എന്ന് ഞാനൊന്ന് ഉറപ്പുവരുത്തട്ടെ" എന്ന് പറയുന്നവനാണ് ശരിക്ക് പെടലിക്ക് പൊട്ടിക്കേണ്ടത്.
ഇപ്പോൾ നമ്മൾ വിഷയത്തിലേക്ക് ഏതാണ്ട് എത്തി. നമ്മൾ അല്ലാഹുവിനെ കാണുകയോ തൊടുകയോ അല്ല ചെയ്യുന്നത്, മറിച്ച് വിശ്വസിക്കുകയാണ്. ഒരു കാര്യത്തെ കണ്ടറിയലും കാണാതെ വിശ്വസിച്ചുറപ്പിക്കലും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. അതുകൂടി മനസ്സിലായാൽ കാര്യം ക്ലിയർ ആയി.


