ഒരു കഥ പറയാം. കഥയല്ല, മൂന്ന് കുട്ടികളുടെ സ്കൂൾ പഠനകാലത്തുള്ള അനുഭവമാണ്. ഉച്ചക്കഞ്ഞി കുടിക്കാൻ അവർ വീട്ടിലേക്ക് പോകുമായിരുന്നു. പലപ്പോഴും തിരിച്ചുവരുമ്പോൾ അവർ പരസ്പരം വഴിയിൽ കാത്തുനിന്ന് സ്കൂളിലെത്താൻ വൈകും. വൈകിയാൽ ടീച്ചറുടെ അടികിട്ടും.
അങ്ങനെയിരിക്കവെ, അവർ ഒരു കാര്യം തീരുമാനിച്ചു: ആദ്യം കഞ്ഞികുടിച്ചു വരുന്നവർ വഴിയോരത്തെ നാല് കൂട്ടു മുക്കിൽ ഒരു കമ്മ്യൂണിസ്റ്റപ്പയുടെ ഇല പറിച്ച് അതിന്മേൽ ഒരു കല്ല് വെച്ചു പോകണം. രണ്ടാമത്തെ ഒരാൾ വന്നാൽ അതിൽ ഒരു കല്ലുകൂടി വെക്കണം. അപ്പോൾ എന്താണ് അതിന്റെ വിവക്ഷ? ഒരുത്തൻ കഞ്ഞികുടിച്ചു വരുന്നു, വഴിയിൽ ഇലയോ കല്ലോ ഇല്ല; അപ്പോൾ മറ്റു രണ്ടുപേരും കഞ്ഞി കുടിച്ചു വന്നിട്ടില്ല. ഇനി ഒരു കല്ലു കണ്ടാലോ - ഒരാൾ പോയി, ഒരാൾ വരാനുണ്ട്. ഇലയും രണ്ട് കല്ലും കാണുന്നുണ്ടെങ്കിലോ? മറ്റു രണ്ടുപേരും സ്ഥലം വിട്ടിരിക്കുന്നു; അതിവേഗം ഓടിക്കോളൂ എന്നാണ്.
അന്നത്തെ ആ സാഹചര്യത്തിൽ വിശ്വസിക്കാൻ അതു മതിയായിരുന്നു, പര്യാപ്തമായിരുന്നു, ഉറപ്പായിരുന്നു. നാലഞ്ചു കൊല്ലം അവർ അവരുടെ ജീവിതത്തിൽ പരീക്ഷിച്ച് വിജയിച്ചു തെളിഞ്ഞ കാര്യമാണത്. പക്ഷേ, ഇവിടെ ആ കുട്ടികളെ ഉപദേശിക്കാൻ ചിലർ വന്നിരിക്കുന്നു: "നിങ്ങൾ ചെയ്തത് മഹാ മണ്ടത്തരമാണ്. സയന്റിഫിക് ആൻഡ് എംപിരിക്കൽ വെരിഫിക്കേഷൻ (Scientific and Empirical Verification) ഇല്ലാത്ത ഏർപ്പാടാണ്. ആ കല്ലെടുത്ത് നാസയുടെ കീഴിലുള്ള കല്ലുഗവേഷണ കേന്ദ്രത്തിലേക്കും ആ ഇലയെടുത്ത് നാഷണൽ ലബോറട്ടറി ഫോർ വെരിഫയിംഗ് ഫോളിയേജ് ആൻഡ് നാടൻ ഇലാസിലും കൊണ്ടുപോയി ഉടനടി പരിശോധന നടത്തിയാട്ടെ, പ്ഫൂ!!!"
വിശ്വാസം എന്നതിനെക്കുറിച്ച് ആലോചിക്കണം. ജീവിതസന്ദർഭങ്ങളിൽ അതിന്റെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. "ഞാൻ നീ പറഞ്ഞത് വിശ്വസിക്കുന്നു" എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം? നിങ്ങൾ ഓഫീസിൽ ഇരിക്കുമ്പോൾ ഒരാൾ ഓടിവന്നു പറയുന്നു, അപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചെന്ന്. നിങ്ങൾ അത് വിശ്വസിച്ചോ? നിങ്ങൾ കേട്ട ഉടനെ ആ ഭാഗത്തേക്ക് ഓടി, കണ്ടു. കണ്ടപ്പോൾ വിശ്വസിച്ചു. അതിൽ ഒരു സുഖക്കുറവ് തോന്നുന്നില്ലേ?
നമ്മൾ ആരെങ്കിലും നേരിട്ട് കാണുന്ന കാര്യത്തെപ്പറ്റി / കണ്ട സംഭവത്തെപ്പറ്റി "വിശ്വസിച്ചു" എന്ന് പറയുമോ? അതിന്റെ ആവശ്യമുണ്ടോ? "ഞാനിതാ താജ്മഹൽ കണ്ടു വിശ്വസിക്കുന്നു", "ഞാനിതാ അപകടം നടന്ന സ്ഥലത്താണ് ഉള്ളത്, മൂന്നുപേർ മരിച്ചിരിക്കുന്നു, നാലുപേർക്ക് പരിക്കേറ്റിരിക്കുന്നു, ഞാനിതാ കണ്ടു വിശ്വസിച്ചിരിക്കുന്നു" - അങ്ങനെയല്ലല്ലോ അതിന്റെ ഒരു ഇത്.
വീട്ടിൽ കയറിച്ചെന്നപ്പോൾ ഉമ്മ പറയുന്നു: "മോനേ, നീയറിഞ്ഞില്ലേ ഇന്നയാൾ മരിച്ചിരിക്കുന്നു." ഉടൻ സങ്കടപ്പെട്ട് നാം നെഞ്ചത്ത് കൈ തടവുന്നു. "ഉമ്മാ, അഞ്ചു മിനിറ്റ് കഴിയട്ടെ. ഞാനൊന്നു പോയി നോക്കി വരട്ടെ, എന്നിട്ട് സങ്കടപ്പെടാം. എന്നിട്ട് നെഞ്ചത്ത് കൈവെച്ച് തടവാം, പ്ലീസ് ഉമ്മാ" എന്നല്ലല്ലോ. കാരണം, ആ വിവരം പറഞ്ഞത് ഉമ്മയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉമ്മയെ നന്നായി അറിയാം. ജീവിതത്തിൽ ഉമ്മ കള്ളം പറഞ്ഞതായി അറിവില്ല എന്ന് മാത്രമല്ല, ഒരാളും ഉമ്മയെപ്പറ്റി അങ്ങനെയൊരു അനുഭവം ഉള്ളതായി ഒരിക്കൽപോലും പറഞ്ഞിട്ടില്ല.
മാത്രവുമല്ല, പറഞ്ഞിട്ടുള്ള കാര്യം മരണമായതുകൊണ്ട് എന്തായാലും സംശയിക്കാനേ ഇല്ല. ആയതിനാൽ തന്നെ കേൾക്കേണ്ട താമസം ഉടൻ വിശ്വസിച്ചുകഴിഞ്ഞു. അതാണ് വിശ്വാസം മോനേ! അങ്ങനെയാണ് വിശ്വാസം മോളേ!! അല്ലാതെ നേരിട്ട് പോയി മലർക്കെ കണ്ടിട്ട് വിശ്വസിച്ചു എന്ന് ഇളക്കലല്ല. ഒരാൾ വന്ന് ഒരു കാര്യം സീരിയസ് ആയി പറയുമ്പോൾ "നീ പറഞ്ഞ കാര്യം ഞാനൊന്ന് പോയി കണ്ടു വന്നിട്ട് വിശ്വസിക്കാം" എന്ന് പറയുന്നത് അയാളെ ഒരുമാതിരി ആക്കലാണ് സർ!
പക്ഷേ, ഇവിടെ ഒരു കാര്യം ശരിയാണ് കേട്ടോ. പറയപ്പെടുന്ന കാര്യം വിശ്വസിക്കണമെങ്കിൽ പറയുന്ന ആളിന്റെ അവസ്ഥ പ്രധാനമാണ്. “പുലി വരുന്നേ പുലി” എന്ന് പറഞ്ഞ് ഗ്രാമവാസികളെ പറ്റിച്ച പോക്കിരിപ്പയ്യനെ (അല്ലെങ്കിൽ പെൺകുട്ടിയെ) മൂന്നാമത്തെ തവണ അവർ വിശ്വസിച്ചില്ല. കാരണം, അവൻ/അവൾ രണ്ടുതവണ അവരെ കള്ളം പറഞ്ഞ് കളിയാക്കുകയായിരുന്നു.
നമ്മുടെ കൂട്ടത്തിലും ഇങ്ങനെ വാക്കിന് വിലയില്ലാത്ത മനുഷ്യരുണ്ട്. അവർ പറഞ്ഞതെല്ലാം നമ്മൾ അങ്ങ് വിശ്വസിക്കുകയില്ല; വിശ്വസിക്കണമെന്ന് ആരുമൊട്ട് പറയുന്നുമില്ല. വിശ്വസിക്കാൻ പാടുമില്ല. അപ്പോൾ പിന്നെ നിങ്ങൾ എന്താണ് പറയുന്നത്? ആരെ വിശ്വസിക്കണം എന്നാണ്? എന്ത് വിശ്വസിക്കണം എന്നാണ്?


