ചിലർ ചോദ്യങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും; ഉത്തരങ്ങൾക്ക് ചെവികൊടുക്കുകയേ ഇല്ല. അവർ തോറ്റമ്പികളായ വിദ്യാർത്ഥികളെപ്പോലെയാണ്. അവർ ചോദ്യങ്ങൾ മാത്രം വായിക്കുന്നു; പക്ഷേ ഉത്തരങ്ങളിലേക്ക് പോകുന്നില്ല, പഠിക്കുന്നില്ല, പരീക്ഷയ്ക്ക് എഴുതുന്നുമില്ല. പുറം അടരുകളിലൂടെ ചുറ്റിവരിഞ്ഞുകളിക്കുന്ന ഏതാനും ചോദ്യങ്ങൾ മാത്രമാണ് അവരുടെ ആകെയുള്ള മൂലധനം. ആ ചോദ്യമൂടികളെ അവർ അവരുടെ ഹൃദയപാത്രത്തിന്റെ മുകളിൽ അടച്ചുവെച്ചിരിക്കുന്നതിനാൽ ഉള്ളിലേക്കൊന്നും പോകുകയില്ല. അവർ കാലാകാലം ഉള്ളില്ലാച്ചെമ്പുകളായി ജീവിച്ച് ഒടുവിൽ ഒടുങ്ങിപ്പോകും. നമ്മൾ അങ്ങനെയാകരുത്. ഉശിരൻ ചോദ്യങ്ങൾ ചോദിക്കണം; ഉത്തമമായ ഉത്തരങ്ങൾ കണ്ടെത്തുകയും ഉൾക്കൊള്ളുകയും വേണം. എന്തുകൊണ്ടാണ് പടച്ചവൻ തനിക്കിഷ്ടപ്പെട്ടതുപോലെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നത് ചോദ്യത്തിന്റെ ഐസ്ബെർഗ് മാത്രമാണ്. അതിന്റെ എത്രയോ ഇരട്ടി യാഥാർത്ഥ്യങ്ങൾ അടിയിൽ പറ്റിക്കിടപ്പുണ്ട്.
അല്ലാഹു എന്താ യഥേഷ്ടം കാര്യങ്ങൾ വിധിക്കുന്നത് എന്നതിന് ഏറ്റവും ലളിതമായ ഉത്തരം "അവൻ എല്ലാം സൃഷ്ടിക്കുന്നത് കൊണ്ടുതന്നെ" എന്ന് തന്നെയാണ്. ഈ 'സൃഷ്ടിക്കുക' എന്ന് പറഞ്ഞതിനർത്ഥം എന്താണെന്ന് സാറിന് ശരിക്കും മനസ്സിലായിട്ടുണ്ടോ? മാഷേ, സൃഷ്ടിക്കുക എന്നാൽ എക്സും (X) വൈയും (Y) പെറുക്കിയെടുത്ത് കെണിച്ചുവെച്ച് സെഡ് (Z) ഉണ്ടാക്കലല്ല; അത് അസംബ്ലിംഗ് ആണ്. അത് ഒരുവിധം ആർക്കുമാകും. നിങ്ങൾ ഇലകൾ പറിച്ച് കമ്പുകൊണ്ട് തുന്നി പുടവ ഉണ്ടാക്കി, പണ്ടുകാലത്ത്; ഇരുമ്പെടുത്ത് തച്ചുപരത്തി അരികുരച്ച് കത്തിയും കൈക്കോട്ടും ഉണ്ടാക്കി, പിന്നെയുള്ള കാലത്ത്; ഇപ്പോൾ ലോഹങ്ങൾ ചേർത്തുെവച്ച് റോക്കറ്റ് ഉണ്ടാക്കി പറപറത്തി. ഫൂ!! ഇതാണോ സൃഷ്ടി??
സൃഷ്ടിക്കണം; പക്ഷേ ഭൂമിയിൽനിന്ന് ഒരു സാധനവും തൊട്ടുപോകരുത് സർ - ഒരു തരി മണ്ണ് പോലും! സ്വന്തമായി / തനിശൂന്യതയിൽനിന്ന് രൂപംകൊടുത്ത്, പദാർത്ഥം നൽകി, സ്പേസ് ഉണ്ടാക്കി പുറത്തേക്ക് കൊണ്ടുവരൂ! അല്ലാതെ ആരാന്റെ സാധനം ഇസ്ക്കിയെടുത്ത് കൊളുത്തിവെച്ചിട്ട് "ഞാനിതാ സൃഷ്ടികർമ്മം നടത്തിയേ, ലോകത്തെ കീഴടക്കിയേ, ഇനി എന്നേക്കാൾ വലിയ ആരുമില്ലേ" എന്നൊക്കെ പറയുന്നത് ആഴത്തിലാലോചിച്ചാൽ അന്തംകമ്മിത്തരമല്ലേ.
സുഹൃത്തേ അറിയണം, ഒരു സാധനം ഉണ്ടാക്കണമെങ്കിൽ ആവശ്യമായ രണ്ടു കാര്യങ്ങൾ വേണം. ഒന്ന്, നാം എന്താണോ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് അതിനുപറ്റിയ ഗുണഗണങ്ങൾ അടങ്ങിയ പദാർത്ഥങ്ങൾ / ഉരുപ്പടികൾ വേണം. രണ്ടാമത്തേത്, ഇന്ന പദാർത്ഥത്തിന് ഇന്ന ഗുണമുണ്ടെന്നും അതുകൊണ്ട് ഇങ്ങനെ ചെയ്യാം എന്നുമുള്ള ഇൻസൈറ്റും വേണം. എന്നുപറഞ്ഞാൽ എന്തൊക്കെയോ പ്രോപ്പർട്ടീസ് അടങ്ങിയ മെറ്റീരിയലുകൾ ഇവിടെ അടിഞ്ഞുകിടപ്പുണ്ട്, പക്ഷേ അതിന്റെ ഗുണമേന്മ അറിയാത്ത കുറേ ആളുകളും ചുറ്റിലുണ്ട് - അതുകൊണ്ട് കാര്യമില്ല. അല്ലെങ്കിൽ എന്തൊക്കെയോ ഉണ്ടാക്കണമെന്ന് അതിയായി ആഗ്രഹമുള്ള കുറേ ആളുകളുണ്ട് - പക്ഷേ അതിനുപറ്റിയ ഗുണമുള്ള പദാർത്ഥങ്ങൾ അവർക്ക് കിട്ടുന്നേയില്ല. ഖുർആൻ ഇക്കാര്യം ചേർത്തുപറയുന്നുണ്ട്:
- സൃഷ്ടിച്ചുവെച്ചു - 'ഖലഖ'
- അതിലേക്ക് ദിശ കാണിച്ചുകൊടുത്തു - 'ഹദാ'
ഉദാഹരണമായി നോക്കാം; നമ്മുടെയെല്ലാം ജീവിതത്തെ അടിമുടി മാറ്റിമറിച്ച കണ്ടുപിടുത്തമായിരുന്നു വൈദ്യുതിയുടേത്. മൈക്കൽ ഫാരഡെ തന്റെ ലാബിൽ പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്നത് ചുള്ളിക്കമ്പും മുരിക്കിന്റെ മുള്ളും കൊണ്ടായിരുന്നെങ്കിൽ ഒരു കാലത്തും കറന്റ് പുറത്തുവരുമായിരുന്നില്ല. ഇനി കമ്പിയും കാന്തവും നിരന്തരം വാങ്ങുകയും വിൽക്കുകയും ചെയ്ത ഒരു കച്ചവടക്കാരന്റെ തല ഒരുകാലത്തും അവയ്ക്കുള്ളിൽ ഉറങ്ങിയ കറന്റിലേക്ക് തുളഞ്ഞുചെല്ലുകയുമില്ല. അയാളുടെ പണി അതിന്റെ ഉള്ളിലുള്ളത് കണ്ടെത്തലല്ലല്ലോ; അത് വിറ്റൊഴിവാക്കി കാശുവാരലാണല്ലോ. മനസ്സിലാവുന്നുണ്ടോ പറയുന്നത്?
പലതരം ഗുണഗണങ്ങൾ അടങ്ങിയ പലമാതിരി പദാർത്ഥങ്ങൾ ഈ ഭൂമുഖത്ത് അല്ലാഹു പടച്ചുവെച്ചിട്ടുണ്ട്. ഓരോന്നിന്റെയും ഗുണവും ഉപയുക്തതയും മനസ്സിലാക്കിയെടുക്കാൻ പാകത്തിലുള്ള മസ്തിഷ്കവും അല്ലാഹു പടച്ചു. എന്നിട്ട് സമയാസമയങ്ങളിൽ അല്ലാഹു അവ തമ്മിൽ കൂട്ടിയോജിപ്പിച്ചു. ചിലപ്പോൾ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടായിരിക്കും കണ്ടെത്തുന്നത്; അല്ലെങ്കിൽ ആകസ്മികമായ സംഭവങ്ങളിലൂടെയുള്ള ഇൻസൈറ്റുകളിലൂടെ ആയിരിക്കും. ഫാരഡെ മറ്റെന്തോ പരീക്ഷണം നടത്തുന്നതിനിടെ പെട്ടെന്ന് ഒരു കോമ്പസ് അനങ്ങിയതായിരുന്നു കറന്റ് കണ്ടെത്താൻ കാരണമായത്. അലക്സാണ്ടർ ഫ്ലെമിങ് Staphylococcus bacteria-യിൽ പരീക്ഷണം നടത്തുന്നതിനിടെ ആകസ്മികാനുഭവത്തിലൂടെയാണ് പെനിസിലിൻ കണ്ടെത്തിയത്. പേഴ്സി സ്പെൻസർ ഒരു പരീക്ഷണം നടത്തുന്നതിനിടെ തന്റെ പോക്കറ്റിലുണ്ടായിരുന്ന ചോക്ലേറ്റ് ഉരുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൈക്രോവേവ് കണ്ടെത്തുന്നത്.
അഥവാ, നിലവിലുള്ള പദാർത്ഥങ്ങളുടെ അടിസ്ഥാന ഗുണങ്ങളെ കണ്ടെത്തി നാം ഉപയോഗപ്പെടുത്തുകയാണ്. അല്ലാതെ നമുക്ക് ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് ആ സ്വഭാവഗുണങ്ങളുള്ള അടിസ്ഥാന പദാർത്ഥങ്ങൾ ഉണ്ടാക്കാൻ നമുക്കാവുന്നില്ല. കറന്റ് ഉണ്ടാക്കണമെങ്കിൽ വേണ്ട ഒരു അടിസ്ഥാന സാധനമാണ് 'കാന്തം' എന്നത്. കാന്തം എന്ന ആശയം നമ്മൾ കണ്ടെത്തിയതല്ല; അത് നിലവിലുള്ള പദാർത്ഥത്തെ നമ്മൾ പിന്നീട് പരിചയപ്പെട്ടതാണ്. പിന്നീടാണ് കൃത്രിമ കാന്തം ഉണ്ടാക്കിയത്. കാന്തവും കമ്പിയും ചേരുമ്പോഴാണ് കറന്റ് ഉണ്ടാവുന്നത്. അതും എല്ലാ കമ്പികളിലൂടെയും കറന്റ് പാസ് ചെയ്യുകയില്ല. അപ്പോൾ പാസ് ചെയ്യുന്നത് ഏവ, പാസ് ചെയ്യാത്തത് ഏവ എന്ന് നാം തിരിച്ചറിയുന്നു. എന്നുവെച്ചാൽ രണ്ടിനും പറ്റുന്ന രൂപത്തിലുള്ള പദാർത്ഥങ്ങൾ നേരത്തെ പടച്ചുവെച്ചു എന്നാണ്.
ആലോചിച്ചുനോക്കുക, ഒരു പോത്തും ഒരു കഴുതയുമാണ് കാലങ്ങളോളം കമ്പിയും കാന്തവുമായി കളിക്കുന്നതെങ്കിൽ ഒരുകാലത്തും കറന്റ് ജനിക്കുമായിരുന്നില്ല. പോത്തിന്റെയും കഴുതയുടെയും തലയോട്ടിക്കുള്ളിൽ തലച്ചോറില്ലാഞ്ഞിട്ടല്ല; പക്ഷേ കണ്ടുപിടുത്തത്തിലേക്ക് വികസിപ്പിക്കാൻ പറ്റുന്ന പൊട്ടൻഷ്യൽ ആ 'ചോറുകൾക്കില്ല'. നമ്മൾ പല രാസപദാർത്ഥങ്ങളും ഉണ്ടാക്കുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത്? അതിന്റെ അടിസ്ഥാന ഗുണമുള്ള പദാർത്ഥങ്ങൾ ഇവിടെയുള്ളതുകൊണ്ട് മാത്രമല്ലേ? ഇനിയും നമ്മൾ കണ്ടെത്തിയിട്ടില്ലാത്ത പദാർത്ഥങ്ങളുടെ ഗുണങ്ങൾ എത്രയോ ഉണ്ട്. സമയമാകുമ്പോൾ അതിലേക്കെല്ലാമുള്ള വഴി കാണിക്കൽ (ഹിദായത്ത്) സംഭവിക്കുമായിരിക്കും.
വസ്തുക്കളും വസ്തുതകളും തമ്മിലുള്ള ഈ പരസ്പരാശ്രിത-പരസ്പരാകർഷണ സംവിധാനമുള്ളതുകൊണ്ടാണ് ഈ നിലയ്ക്ക് പ്രപഞ്ചം മുന്നോട്ടുപോകുന്നത്. അതില്ലായെങ്കിൽ ഇവിടമാകെ ജഡികവിരസമായിരിക്കും. ഒരു ഉദാഹരണം പറയാം: കമ്പിക്കും കാന്തത്തിനും ആകർഷണം കൊടുത്തതുപോലെ മനുഷ്യർക്കിടയിൽ അല്ലാഹു 'കാമത്തിന്റെ കാന്തം' പിടിപ്പിച്ചിട്ടുണ്ട്. അവിടെയും മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ബാധകമാണ്. അഥവാ ഒരു സുന്ദരിയായ സ്ത്രീ / സുന്ദരനായ പുരുഷൻ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ സ്ത്രീയെ നമ്മൾ പ്രദർശിപ്പിക്കുന്നു; വേണമെങ്കിൽ കാമാസക്തിയെ ആളിക്കത്തിക്കുംവിധം അർദ്ധനഗ്നയായി - ആരുടെ മുമ്പിൽ? മൂരിയുടെ മുമ്പിൽ! അത് അടുത്തുവന്ന് സ്നിഫ് ചെയ്ത് തനിക്ക് വേണ്ട ഒരു പുല്ലും ഇതിലില്ല എന്ന് മനസ്സിലാക്കി തിരിച്ചുപോകും. പിന്നെ നമ്മൾ ആനയെ അയക്കുന്നു, കുതിരയെ അയക്കുന്നു, കാട്ടുപോത്തിനെയും കണ്ടാമൃഗത്തെയും ഹിപ്പോപ്പൊട്ടാമസിനെയും അയക്കുന്നു.
ആരിലും കാമാഗ്നി കത്തിവരുന്നില്ല. ഒടുവിൽ നാം ഒരു പുരുഷനെ അയക്കുന്നു. അയാൾക്ക് സെക്സോളജിയിൽ പി.ജിയോ പി.എച്ച്.ഡിയോ ഒന്നുമില്ല. 'കാമം' എന്ന വാക്ക് കേട്ടിട്ടേയില്ല; 'സെക്സ്' പോയിട്ട് 'എസ്' പോലും അറിയില്ല. ഒരു സ്ത്രീയെ നാളിന്നുവരെ കണ്ടിട്ടില്ല. പക്ഷേ നിങ്ങൾ മാറിനിൽക്കുക; അഞ്ചുമിനിറ്റ് അവർ തട്ടിമുട്ടി നിൽക്കട്ടെ. കാമസ്ഫോടനം അവരിൽ പൊട്ടിപ്പുറപ്പെടുന്നതിന്റെ ലക്ഷണങ്ങൾ നിങ്ങൾക്ക് കാണാം. ഇനി മനുഷ്യരിൽതന്നെ സെക്ഷ്വൽ ഇംപൊട്ടന്റ് (Sexually impotent) ആയ ആളുകളുണ്ട്. കാഴ്ചയിൽ അയാൾ പുരുഷനാണ്, അവയവങ്ങളെല്ലാമുണ്ട്. പക്ഷേ ഉള്ളിൽ ലൈംഗികതയുടെ തീ കെട്ടുപോയിരിക്കുന്നു. അയാളെയാണ് നമ്മൾ പറഞ്ഞുവിടുന്നത്. കാട്ടുപോത്തും കണ്ടാമൃഗവും വന്നതുപോലെ അയാൾ തിരിച്ചുപോരും. ഇപ്പോൾ എന്തെല്ലാം മനസ്സിലായി? വളരെ വളരെ എളുപ്പമുള്ള കാര്യമാണ് സൃഷ്ടികർമ്മം, അല്ലേ?
ഇനി നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. നിങ്ങൾക്കതിന് ശരിക്കും സാധിക്കുമോ എന്നറിയില്ല. നിങ്ങൾ ഒരു കാര്യം സങ്കൽപ്പിക്കണം. സങ്കൽപ്പിച്ചേ മതിയാവൂ! ഒന്നുമില്ലാത്ത അവസ്ഥ; ഒന്നുമില്ലാത്ത കാലം! അതെ, ഒന്നും. ഭൂമിയില്ല, ആകാശമില്ല, വായുവില്ല, വാതകമില്ല, മഴയില്ല, വെയിലില്ല, മണ്ണില്ല, കല്ലില്ല, കമ്പിയില്ല, കയറില്ല - ഒന്നുമില്ല. അത്ര എളുപ്പമല്ല അതങ്ങ് സങ്കൽപ്പിക്കൽ.
ആ ഒന്നുമില്ലാ സന്ദർഭത്തിലേക്ക് പതിയെ സൂക്ഷ്മമായ ഒരു കുത്ത് / പുള്ളി ഉണ്ടാവുന്നു. ഉണ്ടായോ? ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന ചിത്രം ഒരു ബ്ലാക്ക് ബോർഡിൽ / അല്ലെങ്കിൽ അനന്തമായ ഒരു പ്രതലത്തിൽ ഒരു പുള്ളി വന്നതായിട്ടല്ലേ! നിങ്ങൾക്കു തെറ്റി! സങ്കൽപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് കൊള്ളില്ല. കാരണം നിങ്ങൾ ആദ്യമേ 'ഒന്നുമില്ലാത്ത വലിയ ഒരു സ്പേയ്സ്' ഉള്ളതായി തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നു. ആ പ്രതലത്തിലേക്കാണ് പുള്ളി / കുത്ത് രൂപപ്പെട്ടത്. ഈ സ്പേയ്സ് ആരുണ്ടാക്കിവെച്ചു? മനുഷ്യന്റെ ബുദ്ധി പരിമിതമാണ്. ചങ്ങലയ്ക്കിട്ട ആനയ്ക്ക് നിന്ന് തിരിഞ്ഞുകളിക്കാനല്ലാതെ ഇഷ്ടമുള്ളിടത്തേക്ക് ഓടിപ്പോകാനാകില്ല. എന്നപോലെയാണ് മനുഷ്യബുദ്ധിയും; പരിമിതികളുടെ കയറുകൊണ്ട് തളച്ചിരിക്കുകയാണ്.
നമുക്ക് നിർമ്മിക്കാൻ / ഉത്പാദിപ്പിക്കാൻ അസംസ്കൃത പദാർത്ഥങ്ങൾ കൂടിയേ തീരൂ. ഉച്ചയ്ക്ക് ഊണും കറിയും ഉണ്ടാക്കണമെങ്കിൽ അരി വേണം, കടുക് വേണം, ഉപ്പു വേണം, കറിവേപ്പില വേണം, മുളക് വേണം, മത്തി വേണം, പപ്പടം വേണം... ഇതൊന്നും നമ്മൾ ഉണ്ടാക്കുന്നതല്ല. ഉളുപ്പില്ലാതെ പോയി പറിച്ചും പിടിച്ചും കൊണ്ടുവരുന്നതാണ്. നമ്മളിപ്പോൾ ചുറ്റും കാണുന്നതെന്താണ്? അവർണ്ണനീയമായ, അതിശയകരമായ സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങൾ. അതെങ്ങനെ ഉണ്ടായി? ആരുണ്ടാക്കി? ഇത് ചോദിക്കുമ്പോൾ പലരും കഥ പറയുകയാണ് ചെയ്യുക. നേരത്തെ ചിന്തിച്ചുവെച്ച തിരക്കഥ വായിക്കുകയാണ് ചെയ്യുക. പക്ഷേ, ഒരടി മുന്നോട്ടുവെക്കാൻ അനുവദിക്കില്ല. പറയൂ പറയൂ പറയൂ... ഇതെങ്ങനെ ഉണ്ടായി? എപ്പോൾ ഉണ്ടായി? എന്തുകൊണ്ട് ഉണ്ടായി? എന്തിനുവേണ്ടി ഉണ്ടായി?


